This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡയണീഷ്യസ് ഒന്നാമന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

04:54, 10 ഡിസംബര്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഡയണീഷ്യസ് ഒന്നാമന്‍(ബി. സി. സു. 430 - 367)

Dionysius

സിസിലിയിലെ ഒരു ഗ്രീക്കു നഗരമായിരുന്ന സിറാക്യൂസിലെ സ്വേച്ഛാധിപതി. ഒരു എളിയ കുടുംബത്തിലായിരുന്നു ജനനം. ഗവണ്‍മെന്റ് സര്‍വീസില്‍ കേവലമൊരു ക്ലാര്‍ക്കായി ജീവനമാരംഭിച്ച ഡയണീഷ്യസ് വ്യക്തിപ്രഭാവം കൊണ്ടും കര്‍മകുശലത കൊണ്ടും ജനറല്‍ എന്ന ഉന്നത പദവിവരെയെത്തിച്ചേര്‍ന്നു. അക്കാലത്ത് ശക്തിപ്രാപിച്ചിരുന്ന കാര്‍ത്തജീനിയന്മാരുടെ ആക്രമണം തടയുന്നതില്‍ സിറാക്യൂസിലെ ഭരണാധികാരികള്‍ പരാജയപ്പെട്ടതോടെയാണ് ഡയനീഷ്യസിന് ഭരണ നേത്യത്വത്തില്‍ എത്താന്‍ അവസരമുണ്ടായത്. ബി.സി. 405-ല്‍ ഇദ്ദേഹം ഭരണ നിര്‍വഹണത്തിനുള്ള ജനറല്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു. രാജ്യത്തു നിലനിന്നിരുന്ന കാര്‍ത്തജീനിയന്മാരുടെ ഭീഷണി മുതലെടുത്തുകൊണ്ട് ഇദ്ദേഹം പ്രജകളുടെ വിധേയത്വം നേടിയെടുത്തു. കാര്‍ത്തേജുമായുള്ള യുദ്ധത്തിലും തെക്കന്‍ ഇറ്റലിയിലും സിസിലിയിലും സിറാക്യൂസിന്റെ സ്വാധീനം വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങളിലുമായിരുന്നു ഭരണകാലത്ത് ഇദ്ദേഹം ഏറെ ശ്രദ്ധ ചെലുത്തിയിരുന്നത്. ഇതിനായി സൈനികശേഷി വര്‍ധിപ്പിച്ചു. സു. 397-ലും 392-ലും പില്ക്കാലങ്ങളിലും ഇദ്ദേഹം കാര്‍ത്തേജുമായി യുദ്ധം ചെയ്തു. ഏങ്കിലും ഇദ്ദേഹത്തിന് പൂര്‍ണ വിജയം നേടാന്‍ കഴിഞ്ഞില്ല. തെക്കന്‍ ഇറ്റലിയില്‍ ചില നഗരങ്ങള്‍ ഇദ്ദേഹം പിടിച്ചടക്കിയിരുന്നു. റെജിയം (Rhegium) കീഴടക്കിയതോടെ (386) ഒരു പ്രമുഖശക്തിയെന്ന അംഗീകാരം നേടിയെടുക്കുവാന്‍ സാധിച്ചു. ഇദ്ദേഹം ഏഥന്‍സുമായും സ്പാര്‍ട്ടയുമായും സൗഹൃദം സ്ഥാപിക്കുകയും ചെയ്തിരുന്നു. കഠിനമായ സാമ്പത്തിക ഭാരം അടിച്ചേല്പിച്ചതു മൂലം പ്രജകളെ തന്റെ കീഴില്‍ ഒരുമിച്ചു നിര്‍ത്താന്‍ ഇദ്ദേഹത്തിന് പ്രയാസം നേരിട്ടു. എങ്കിലും ഇദ്ദേഹത്തിന്റെ ഭരണകാലത്ത് സിറാക്യൂസ് പുരോഗതി പ്രാപിച്ചിരുന്നു. ശക്തമായ ഒരു നാവികസേനയ്ക്കും ഇദ്ദേഹം രൂപം നല്‍കിയിരുന്നു. കലകളുടെ ഉപാസകനായിരുന്ന ഡയണീഷ്യസ് നാടകങ്ങള്‍ എഴുതിയിരുന്നതായും, ഏഥന്‍സില്‍വച്ചു നടന്ന ഒരുത്സവത്തില്‍ ഇതിലൊന്നിന് ഒന്നാം സമ്മാനം ലഭിച്ചിരുന്നതായും രേഖപ്പെടുത്തിക്കാണുന്നു. ബി. സി. സു 367-ല്‍ മരണമടയുന്നതുവരെ ഇദ്ദേഹം അധികാരത്തില്‍ത്തുടര്‍ന്നു. പിന്നീട് പുത്രന്‍ ഡയണീഷ്യസ് രണ്ടാമന്‍ ഭരണാധിപത്യം സ്വീകരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍