This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അക്വിഡക്റ്റുകള്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
അക്വിഡക്റ്റുകള്‍
അൂൌലറൌര
വെള്ളം ഒഴുക്കിക്കൊണ്ടുപോകാന്‍ നിര്‍മിക്കുന്ന ചാലുകളും കുഴലുകളും. ജലസേചനത്തിനും വന്‍നഗരങ്ങളിലെ ഗാര്‍ഹികോപയോഗങ്ങള്‍ക്കും വ്യാവസായികാവശ്യങ്ങള്‍ക്കും വെള്ളം ആവശ്യമാണ്; പക്ഷേ അത് വേണ്ടസ്ഥാനത്ത് ഉണ്ടായിരിക്കണമെന്നില്ല. മിക്കപ്പോഴും അത് അകലെയുള്ള നദികളില്‍നിന്നോ മറ്റു ജലാശയങ്ങളില്‍നിന്നോ കൊണ്ടുവരേണ്ടതായിവരാം. നദീതടങ്ങളില്‍ അണക്കെട്ടുകള്‍ പണിഞ്ഞ് ജലസംഭരണം നടത്തിയാണ് പലപ്പോഴും ഈ ആവശ്യം നിര്‍വഹിക്കുന്നത്. ഇവിടെനിന്നെല്ലാം ആവശ്യമുള്ള സ്ഥലങ്ങളിലേക്ക് വെള്ളംകൊണ്ടുപോകുന്നത് ഇരുമ്പോ കല്ക്കെട്ടോകൊണ്ടുള്ള കുഴലുകള്‍, ചാലുകള്‍, തുരങ്കങ്ങള്‍ എന്നിവയിലൂടെയാണ്. ഈ ജലവാഹിമാര്‍ഗങ്ങള്‍ നിമ്നോന്നതങ്ങളായ ഭൂതലത്തിലൂടെവേണം കടന്നുപോകുവാന്‍. മലകള്‍, മലയിടുക്കുകള്‍, നദികള്‍ മുതലായവ മാര്‍ഗമധ്യത്തില്‍ ഉണ്ടായേക്കാം; അതുകൊണ്ട് ഉയര്‍ന്ന നിരപ്പില്ക്കൂടി വേണം വെള്ളം നിര്‍ദിഷ്ട സ്ഥാനങ്ങളിലേക്ക് കൊണ്ടുപോകാന്‍. സ്വാഭാവികമായി ജലം ഒഴുകിപ്പോകാവുന്നതരത്തില്‍ ജലനിര്‍ഗമന മാര്‍ഗങ്ങള്‍ ഉണ്ടാക്കുകയാണ് നല്ലത്. പലപ്പോഴും അതിന് കഴിയാതെവരും. ചിലപ്പോള്‍ അടച്ചുറപ്പാക്കിയ തുരങ്കങ്ങളില്‍ക്കൂടിയും വെള്ളം കൊണ്ടുപോകേണ്ട ആവശ്യമുണ്ടാകാം. മലയിടുക്കുകളോ നദികളോ കടന്ന് അവയുടെ മുകളില്‍ക്കൂടിയും ജലംകൊണ്ടുപോകേണ്ടതായിവരാം. ഇത്തരം അവസരങ്ങളില്‍ അതിനുവേണ്ടി പ്രത്യേകം ചാലുകള്‍ ഒരു പാലംപോലെ കെട്ടിപ്പടുക്കേണ്ടതുണ്ട്. ഇങ്ങനെ സ്വാഭാവികമായി ഒഴുകുന്ന ജലമാര്‍ഗങ്ങളെ തുരങ്കങ്ങളിലോ പാലങ്ങളിലോ കുഴലുകളിലോ കൂടി കൃത്രിമമായി കടത്തിവിടുന്നതിനുള്ള സജ്ജീകരണങ്ങളെയാണ് സാധാരണയായി അക്വിഡക്റ്റ് എന്നു പറയുന്നത്.
ജലസേചന ശാസ്ത്രത്തില്‍ ഈ പദം ചില പരിമിതികളോടുകൂടിയേ ഉപയോഗിക്കാറുള്ളൂ. നദിക്കോ മലയിടുക്കിനോ മറ്റു താഴ്ന്ന നിരപ്പുകള്‍ക്കോ വിലങ്ങനെ അവയ്ക്കു മുകളില്‍ക്കൂടി ജലം ഒഴുക്കിക്കൊണ്ടുപോകുന്ന പാലംപോലെയുള്ള തുറന്ന ചാലുകള്‍, പ്രഷര്‍ പൈപ്പുകള്‍ മുതലായവയെ ആണ് സാങ്കേതികാര്‍ഥത്തില്‍ അക്വിഡക്റ്റ് എന്നു പറയുന്നത്. വയനാട് ജില്ലയിലെ തിരുനെല്ലി ക്ഷേത്രത്തിലേക്ക് സമീപസ്ഥമായ ബ്രഹ്മഗിരി കുന്നുകളില്‍ നിന്നും ശുദ്ധജലം കൊണ്ടുവരുന്നതിനായി കരിങ്കല്‍ തൂണുകളില്‍ ഉറപ്പിച്ച കരിങ്കല്‍ പാത്തികള്‍ ചേര്‍ത്തു വച്ചിട്ടുള്ള സംവിധാനം അക്വിഡക്റ്റുകളുടെ ആദിമരൂപമായി കണക്കാക്കാവുന്നതാണ്. കന്യാകുമാരി ജില്ലയിലുള്ള പേച്ചിപ്പാറ അണക്കെട്ടില്‍നിന്നും പുറപ്പെടുന്ന ഇടതുകരച്ചാല്‍ മെയിന്‍ സെന്‍ട്രല്‍ റോഡ് കടന്നുപോകുന്നത് വില്ലിക്കുറി എന്ന സ്ഥലത്താണ്. ഇവിടെ ചാല് എത്തുന്നത് റോഡ് നിരപ്പില്‍നിന്ന് അഞ്ചാറു മീ. ഉയരത്തിലാണ്. അത്രയും ഉയരത്തില്‍ റോഡിനു വിലങ്ങനെ ദീര്‍ഘവൃത്ത രൂപത്തിലുള്ള ഒരു ആര്‍ച്ചുകെട്ടി അതിന് മുകളില്‍ക്കൂടി ചാല് കടത്തിവിടുകയാണ് ചെയ്തിട്ടുള്ളത്. ഇതാണ് പഴയ തിരുവിതാംകൂര്‍ സംസ്ഥാനത്തെ ആദ്യകാല അക്വിഡക്റ്റുകളിലൊന്ന്. പിന്നീട് കേരളത്തില്‍ നടപ്പാക്കിയിട്ടുള്ള പല ജലസേചനപദ്ധതികളിലും പലയിടങ്ങളിലും ഇതിനേക്കാള്‍ വലിയ അക്വിഡക്റ്റുകള്‍ പണിതിട്ടുണ്ട്. പീച്ചി അണക്കെട്ടില്‍നിന്നുള്ള വലതുകരച്ചാല്, തൃശൂര്‍ പാലക്കാട് റോഡ് കടന്നുപോകുന്നിടത്ത് പട്ടിക്കാടിന് കുറച്ചു കിഴക്കായി സാമാന്യം ഉയരവും നീളവുമുള്ള ഒരു അക്വിഡക്റ്റ് ഉണ്ട്. ആ അക്വിഡക്റ്റിന്റെ ഒരു വശത്തുകൂടി ഒരു നടപ്പാതയും നിര്‍മിച്ചിരിക്കുന്നു.
ചരിത്രം. ചരിത്രാതീതകാലം മുതല്‍ ജലനിര്‍ഗമനമാര്‍ഗങ്ങള്‍ ഉണ്ടാക്കിയിരുന്നു. അക്കൂട്ടത്തില്‍ അത്യാവശ്യമായി വന്ന അക്വിഡക്റ്റുകളും ധിഷണാശാലികളായ മനുഷ്യര്‍ നിര്‍മിച്ചു. സെന്നഖെറീസ് എന്ന അസീറിയന്‍ രാജാവ് തന്റെ രാജധാനിയായ നിനവേയിലേക്ക് വെള്ളംകൊണ്ടുവരുന്നതിന് ബി.സി. 704-ല്‍ തറനിരപ്പില്‍നിന്നുയര്‍ന്ന ഒരു ചാനല്‍ അക്വിഡക്റ്റ് നിര്‍മിക്കുകയുണ്ടായി. ഇതിന് 280 മീ. നീളവും 16 മീ. വീതിയും 1.7 മീ. ആഴവും ഉണ്ടായിരുന്നു. ഉദ്ദേശം 2.5 മീ. അകലത്തില്‍ തൂണുകളും അവയെ ബന്ധിക്കുന്ന കരിങ്കല്ലുകൊണ്ടുള്ള ആര്‍ച്ചുകളും കെട്ടി അതിനുമീതെയാണ് ഈ ജലമാര്‍ഗത്തെ താങ്ങിനിര്‍ത്തിയത്. ബി.സി. 312-ല്‍ റോമാക്കാര്‍ തുരങ്കമാര്‍ഗങ്ങളില്‍ക്കൂടിയും ബി.സി. 144-ല്‍ ഉയര്‍ന്ന നിലകളില്‍ അക്വിഡക്റ്റു കെട്ടിച്ചും നഗരത്തിനുള്ളില്‍ വെള്ളം എത്തിച്ചിരുന്നു. പ്രാചീന റോമില്‍ ഉണ്ടായിരുന്ന പതിനൊന്ന് അക്വിഡക്റ്റുകളില്‍ നാലെണ്ണം ഇന്നും നിലനില്ക്കുന്നു. ഉയരംകൂടിയ താങ്ങുകള്‍ കടന്നുപോകേണ്ട അക്വിഡക്റ്റുകള്‍, ഒന്നോ രണ്ടോ മൂന്നോ നില ആര്‍ച്ചുകള്‍ ഉപയോഗിച്ച് ബലപ്പെടുത്തിയ ഉയര്‍ന്ന തൂണുകളിലാണ് സ്ഥാപിച്ചിരുന്നത്. മാഴ്സയിലേക്ക് വെള്ളം കൊണ്ടുപോകുന്നതിന് ഫ്രഞ്ചുകാര്‍ എയ്ക്സിന് സമീപം 396 മീ. നീളമുള്ള ഒരു അക്വിഡക്റ്റ് തറനിരപ്പില്‍നിന്നും 82 മീ. ഉയരത്തില്‍ പണി തീര്‍ത്തു (1847). മൂന്നു നിലയിലുള്ള ആര്‍ച്ചുകള്‍ വഴിയാണ് 82 മീ. ഉയരത്തിലുള്ള തൂണുകള്‍ അവര്‍ പരസ്പരം ഘടിപ്പിച്ച് പണിപൂര്‍ത്തിയാക്കിയത്. 15 മീ. മുതല്‍ 24 മീ. വരെ അകലത്തില്‍ തൂണുകള്‍ ഉയര്‍ത്തി, 15 ആര്‍ച്ചുകള്‍കൊണ്ട് അവയെ കൂട്ടിച്ചേര്‍ത്ത്, ഹാര്‍ലം നദിയുടെ ജലനിരപ്പിന് 35 മീ. മുകളില്‍ക്കൂടി ഒരു അക്വിഡക്റ്റ് നിര്‍മിക്കുകയുണ്ടായി. ഇതിലൂടെയാണ് ന്യൂയോര്‍ക്ക് നഗരത്തിലേക്ക് വേണ്ട വെള്ളം ആദ്യകാലത്തു കൊണ്ടുവന്നത്. എ.ഡി. 1927-ല്‍ ഇതില്‍ കുറെ ആര്‍ച്ചുകള്‍ പൊളിച്ചുമാറ്റി സ്റ്റീല്‍ ഗേര്‍ഡേഴ്സ് ഉപയോഗിച്ച് 130 മീ. വരെ സ്പാന്‍ വര്‍ധിപ്പിച്ച് ഈ അക്വിഡക്റ്റ് പുതുക്കിപ്പണിതു.
ദക്ഷിണേന്ത്യയില്‍ പല വലിയ അക്വിഡക്റ്റുകളുമുണ്ട്. ധവളേശ്വരം അണക്കെട്ടിനു താഴെ ഗോദാവരി നദി വൈനതേയ, വസിഷ്ഠ എന്ന രണ്ട് ശാഖകളായി പിരിയുന്നു. അണക്കെട്ടില്‍ നിന്ന് ജലസേചനാര്‍ഥം നിര്‍മിച്ചിട്ടുള്ള ഒരു ചാലുണ്ട്. ഗണ്ണാവരം എന്ന സ്ഥലത്തുവച്ച് വൈനതേയശാഖയുടെ മുകളില്‍ക്കൂടി ഈ ചാല് നഗരത്തിലേക്കു കടക്കുന്നത് ഒരു കി.മീ. ഓളം ദൈര്‍ഘ്യമുള്ള ഒരു അക്വിഡക്റ്റ് വഴിയാണ്. 14 മീ. വീതം അകലത്തില്‍ 50 തൂണുകള്‍ കെട്ടി അവയെ പരസ്പരം ആര്‍ച്ചുകള്‍കൊണ്ട് യോജിപ്പിച്ചിരിക്കുന്നു; അതിനുമുകളില്‍ക്കൂടി ഈ ചാല് ഒഴുകുന്നു. 9 മീ. വീതിയും 2.5 മീ. ആഴവും ഉള്ള ഈ അക്വിഡക്റ്റിലെ ചാല് ഗതാഗതയോഗ്യമാണ്. അതിവര്‍ഷം ഉണ്ടാകുമ്പോള്‍ ഈ അക്വിഡക്റ്റു മുഴുവന്‍ ഗോദാവരിയിലെ പ്രളയത്തില്‍ മുങ്ങിപ്പോകാറുണ്ട്.
(പ്രൊഫ. കെ.സി. ചാക്കോ)