This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡമാസ്കസ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

10:14, 9 ഡിസംബര്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഡമാസ്കസ്

Damascus

സിറിയയുടെ തലസ്ഥാനവും അവിടത്തെ ഏറ്റവും വലിയ നഗരവും. നഗരം ഉള്‍പ്പെടുന്ന ജില്ലയ്ക്കും ഡമാസ്കസ് എന്നാണ് പേര്. തെ. പടിഞ്ഞാറന്‍ സിറിയയില്‍ ബെയ്റൂട്ടിന് 85 കി. മീ. തെ. കി. സ്ഥിതി ചെയ്യുന്ന ഈ നഗരം അറബിയില്‍ ദിമാഷ്ഖ് (Dimashq) എന്നും അല്‍-ഷാം (Al-sham) എന്നും അറിയപ്പെടുന്നു. നഗര ജനസംഖ്യ : 22,70,000 (1999); ജില്ലാ വിസ്തൃതി : 18032 ച.കി.മീ. ; ജനസംഖ്യ : 1237000 (1996 ല).

ആന്റി-ലെബണന്‍ പര്‍വതങ്ങളുടെ കിഴക്കന്‍ ചരിവിലായി ഏതാണ്ട് 670 മീ. ഉയരത്തിലാണ് ഈ പ്രദേശത്തിന്റെ സ്ഥാനം. ബറാദ (Barada) നദിമൂലം ജലസേചിതമാകുന്ന ഈ പ്രദേശത്തിനു ചുറ്റുമായി വിസ്തൃതവും ഹരിതമനോഹരവുമായ ഘൂട്ടാ പ്രദേശം വ്യാപിച്ചിരിക്കുന്നു. വിവിധതരം പഴങ്ങള്‍, ധാന്യങ്ങള്‍, പച്ചക്കറികള്‍, മുതലായവയുത്പാദിപ്പിക്കുന്ന ഈ ഭൂഭാഗം ആപ്രിക്കോട്ടിന്റെ ഉത്പാദനത്തില്‍ പ്രത്യേക പ്രശസ്തിയാര്‍ജിച്ചിട്ടുണ്ട്.

പൊതുവേ ഡമാസ്കസില്‍ മരുപ്രദേശ കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. വാര്‍ഷിക വര്‍ഷപാതം : 229 മി. മീ.. വാര്‍ഷിക താപനിലയുടെ പരമാവധി: 5.2° സെ. ജൂല. മാസത്തിലും കുറഞ്ഞ താപനില (3.4° സെ.) ജനു. -യിലും രേഖപ്പെടുത്തുന്നു.

വിഭിന്ന മതസ്ഥര്‍ വസിക്കുന്ന ഡമാസ്കസ് നഗരം വിവിധ ഭാഗങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു. അറബികള്‍ ധാരാളമുള്ള ഈ പ്രദേശത്തെ പ്രധാന മതം ഇസ്ലാമാണ്. നഗരത്തില്‍ ധാരാളം മുസ്ലീം പള്ളികളുണ്ട്. തെരുവുകള്‍ക്ക് ഇരുവശത്തുമായി സ്ഥിതി ചെയ്യുന്ന തുറന്ന വാണിഭ കേന്ദ്രങ്ങള്‍ നഗരക്കാഴ്ചയുടെ സവിശേഷതയായിപ്പറയാം. നഗരത്തില്‍ വസിച്ചിരുന്ന ജൂതര്‍ 1948-നു ശേഷം ഇസ്രായേലിലേക്ക് പലായനം ചെയ്തു. ഖുര്‍ദുകള്‍, അല്‍ജീരിയക്കാര്‍, പേര്‍ഷ്യക്കാര്‍, അഫ്ഗാനികള്‍, ടര്‍കോമനുകള്‍ തുടങ്ങിയവര്‍ നഗരത്തിന് ഒരു കോസ്മോപൊലിറ്റന്‍ സ്വഭാവം പ്രദാനം ചെയ്യുന്നു. ബറാദ നദിയുടെ തെക്കന്‍കരയിലുള്ള പഴയ നഗരത്തിന്റെ ഭാഗങ്ങള്‍ നാമാവശേഷമായിക്കൊണ്ടിരിക്കുന്ന ഒരു മതിലുകൊണ്ട് ചുറ്റപ്പെട്ടിരിക്കുന്നു. നഗരത്തിന്റെ ആധുനിക ഭാഗങ്ങളും നഗരപ്രാന്തങ്ങളും ഇവിടെ നിന്നാണ് ആരംഭിക്കുന്നത്.

പുരാതനനഗരഭാഗത്തെ തെരുവുകള്‍ അധികവും ഇടുങ്ങിതയും ചുറ്റിവളഞ്ഞു പോകുന്നവയുമാണ്. ബൈബിള്‍ കാലഘട്ടം മുതല്‍ക്കുള്ള ഒരു തെരുവ് ഇവിടെ ഇന്നും അവശേഷിക്കുന്നു. കിഴക്കന്‍ കവാടം മുതല്‍ പടിഞ്ഞാറേയറ്റം വരെ നീണ്ടുകിടക്കുന്നതും ഉദ്ദേശം 3.2 കി. മീ. ദൈര്‍ഘ്യമുള്ളതുമായ ഈ തെരുവ് 'സ്ട്രൈറ്റ്' (straight) എന്ന പേരില്‍ അറിയപ്പെടുന്നു. മറ്റു പുരാതന തെരുവുകളെപ്പോലെ ഈ തെരുവും മേല്‍ക്കൂരയുള്ളതും, ഇരു ഭാഗത്തും കട-കമ്പോളങ്ങളോടു കൂടിയതുമാണ്. നഗരത്തിന്റെ ആധുനികഭാഗങ്ങളില്‍ ആധുനിക കെട്ടിടങ്ങള്‍, ഭക്ഷണശാലകള്‍, വീതിയേറിയ നിരത്തുകള്‍ തുടങ്ങിയവ കാണാം. ഇവിടത്തെ ഒമായദ് അഥവാ ഗ്രേറ്റ് മോസ്ക് (The Omayyad or Great Mosque) 8-ാം ശ.-ന്റെ ആരംഭത്തില്‍ നിര്‍മിച്ചതാണെന്നു കരുതപ്പെടുന്നു. സലാദീനിന്റെ ശവകുടീരം ഇതിനടുത്ത് സ്ഥിതിചെയ്യുന്നു. നാഷണല്‍ മ്യൂസിയം,അറബ് അക്കാദമി, ഡമാസ്കസ് സര്‍വകലാശാല തുടങ്ങിയവ ഇവിടത്തെ പ്രധാന സ്ഥാപനങ്ങളില്‍പ്പെടുന്നു.

ബറാദ നദിയും അതിന്റെ കനാലുകളുമാണ് ഡമാസ്കസിലെ പഴത്തോട്ടങ്ങള്‍ക്കും കൃഷിനിലങ്ങള്‍ക്കും വേണ്ട ജലമെത്തിക്കുന്നത്. ധാരാളം ചെറുകിട വ്യവസായങ്ങള്‍ ഡമാസ്കസിലുണ്ട്. ഉണങ്ങിയ പഴങ്ങള്‍, തുകല്‍, ഗ്ലാസ്, സിമന്റ്, എന്നിവ പ്രധാന വ്യാവസായികോത്പന്നങ്ങളാണ്. പ്രധാന പരമ്പരാഗത വ്യവസായമായ കരകകൌശല വസ്തുക്കളുടെ നിര്‍മാണത്തിനും വ്യാവസായിക പ്രധാന്യമുണ്ട്. സാര്‍ഥവാഹകസംഘ വാണിജ്യത്തിന്റെ (Caravan traffic) പ്രാധാന്യം കുറഞ്ഞതോടെ ഈ നഗരത്തിന്റേയും വ്യാപാര പ്രാധാന്യത്തിനു ഇടിവു സംഭവിച്ചു. എങ്കിലും, ആധുനിക കാലത്ത് ഈ നഗരം റോഡു-റെയില്‍ ഗതാഗത ശൃംഖലകൊണ്ടും അന്താരാഷ്ട്രവിമാനത്താവളം കൊണ്ടും അതിന്റെ പൂര്‍വകാല പ്രൗഢി നിലനിര്‍ത്തിയിരിക്കുന്നു. മുമ്പ് 'മരുഭൂമിയിലെ തുറമുഖം'(port in the desert) എന്നറിയപ്പെട്ടിരുന്ന ഈ നഗരത്തെ ലെബണന്‍ നഗരങ്ങളുമായും ജോര്‍ജിയ, ടര്‍ക്കി എന്നിവിടങ്ങളുമായും റെയില്‍മാര്‍ഗം ബന്ധിപ്പിച്ചിരിക്കുന്നു.

ചരിത്രം. തുടര്‍ച്ചയായി ജനവാസമുണ്ടായിരുന്ന ലോകത്തിലെ ഏറ്റവും പുരാതനനഗരം എന്നാണ് ഡമാസ്കസിനെ ചരിത്രകാരന്മാര്‍ വിശേഷിപ്പിക്കുന്നത്. നഗരം സ്ഥാപിക്കപ്പെട്ട വര്‍ഷം ഇന്നും അജ്ഞാതമാണ്. ഇവിടെ നടന്ന പുരാതത്വ ഗവേഷണങ്ങള്‍ 4000 ബി. സി. മുതല്‍ ഇവിടെ ജനവാസമുണ്ടായിരുന്നു എന്ന വസ്തുതയിലേക്ക് വിരല്‍ ചൂണ്ടുന്നു. ബി. സി 15-ാം ശ.-മുതലുള്ള നഗരത്തിന്റെ ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. ഏതാണ്ട് ആയിരം ബി. സി. -യോടെ അരമേയന്മാര്‍ (Aramaeans) എന്ന സെമിറ്റിക് ജനവിഭാഗം (Semitic people) സിറിയ ആക്രമിച്ച് കീഴടക്കുകയും ഡമാസ്കസിനെ തലസ്ഥാനമായി പ്രഖ്യാപിക്കുകയും ചെയ്തു. ബി. സി 732-ല്‍ അസീറിയക്കാര്‍ക്ക് (Assyrians) ഈ നഗരം കീഴടങ്ങിയതോടെ ലോകചരിത്രത്തില്‍ ഇത് ശ്രദ്ധിക്കപ്പെട്ടുതുടങ്ങി. അസീറിയ കൂടാതെ ഡേവിഡിന്റെ നേതൃത്വത്തില്‍ ഹീബ്രൂക്കള്‍, ബാബിലോണിയക്കാര്‍, പേര്‍ഷ്യക്കാര്‍, അലക്സാണ്ടറുടെ നേതൃത്വത്തില്‍ ഗ്രീക്കുകാര്‍ മുതലാവയവരും ഈ പ്രദേശം തങ്ങളുടെ അധീശത്വത്തിന്‍ കീഴിലാക്കിയിട്ടുണ്ട്. 64 ബി. സി ആയപ്പോഴേക്കും റോമന്‍ പ്രവിശ്യാ തലസ്ഥാനമായി ഡമാസ്കസ് മാറി. നഗരം ഏറെ വികസിക്കാന്‍ തുടങ്ങിയതും ഈ കാലഘട്ടത്തില്‍ തന്നെയാണ്.

ഡമാസ്കസ് നഗരം

പുരാതനകാലം മുതല്‍ തന്നെ ഈ നഗരത്തിന് ഡമാസ്കസ് എന്ന പേരു ലഭിച്ചിരുന്നു. ബൈസാന്തിയാധീനതയില്‍ ഏറെ പ്രാധാന്യം നേടിയ നഗരമായിരുന്നു ഇത്. 636- ല്‍ നഗരം അറബികളുടെ അധീനതയിലായി. തുടര്‍ന്ന് തങ്ങളുടെ ഭരണകേന്ദ്രം അറേബ്യയില്‍ നിന്നും സിറിയയിലേക്കു മാറ്റിയ മുസ്ലീങ്ങളുടെ നീക്കം നഗരത്തെ പ്രശസ്തിയിലേക്കുയര്‍ത്തി. ഉമയാദ് വംശ (661-750) സ്ഥാപകനായിരുന്ന മുവാവിയ (Muawiya) തന്റെ തലസ്ഥാനമായി ഡമാസ്കസിനെ പ്രഖ്യാപിച്ചതോടെ മുസ്ലീം അധീനതയിലുള്ള മുഴുവന്‍ പ്രദേശങ്ങളുടേയും തലസ്ഥാനമായി ഈ നഗരം രൂപാന്തരപ്പെട്ടു.

750-നു ശേഷം കേവലം ഒരു പ്രവിശ്യാ തലസ്ഥാനമെന്ന പദവി മാത്രമേ ഈ നഗരത്തിനുണ്ടായിരുന്നുള്ളൂ. കുരിശുപടയാളികളെ എതിരിട്ട ഒരു പ്രധാന കേന്ദ്രമെന്ന നിലയിലാണ് വീണ്ടും ഡമാസ്കസ് ചരിത്രത്തില്‍ സ്ഥാനം നേടിയത്. ഇക്കാലത്ത് ഏറെ പ്രശസ്തനായിരുന്ന മുസ്ലീം ജനറല്‍ സലാദീനിന്റെ ആസ്ഥാനകേന്ദ്രമായിരുന്നു ഡമാസ്കസ് നഗരം. 1260-ല്‍ മംഗോളിയരും 1399-ല്‍ ടാട്ടര്‍ ജനങ്ങളും ഡമാസ്കസിനെ ആക്രമിച്ചു കീഴടക്കി. 1516 മുതല്‍ 1918 വരെ ഓട്ടോമന്‍ അധീനതയിലായിരുന്ന നഗരത്തെ ഒന്നാം ലോക യുദ്ധത്തിന്റെ അവസാന ഘട്ടത്തില്‍ ബ്രിട്ടിഷുകാര്‍ ആക്രമിച്ചു കീഴടക്കി.

ഡമാസ്കസ് തലസ്ഥാനമായി രൂപം കൊണ്ട സ്വതന്ത്രസിറിയയെ ഫ്രഞ്ചു സൈന്യം തകര്‍ത്തതിനെ തുടര്‍ന്ന് ഫ്രഞ്ചധീന സിറിയയുടെ തലസ്ഥാനമായി നഗരം മാറി. അടുത്ത പതിറ്റാണ്ടുകളില്‍ ഈ പട്ടണം അറേബ്യന്‍ ദേശീയപ്രസ്ഥാനത്തിന്റെ കേന്ദ്രമായി വര്‍ത്തിച്ചു. 1946-ല്‍ സിറിയ സ്വാതന്ത്ര്യം നേടിയപ്പോള്‍ ഡമാസ്കസ് അതിന്റെ തലസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ടു. മഹത്ത്വപൂര്‍ണമായ ഭൂതകാലവും മക്കയിലേക്കുള്ള തീര്‍ഥാടകരുടെ നിര്‍ദിഷ്ട സങ്കേതം എന്ന സ്ഥാനവും ഇന്നും ഡമാസ്കസിന് ഒരു വിശുദ്ധ പരിവേഷം പ്രദാനം ചെയ്യുന്നു.

(ഡോ. മധുദേവന്‍ നായര്‍, സ. പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍