This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡബിള്‍ കൌണ്ടിങ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:31, 9 ഡിസംബര്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഡബിള്‍ കൗണ്ടിങ്

Double Counting

ദേശീയ വരുമാനം കണക്കാക്കുമ്പോള്‍, ചരക്കുകളേയോ ഉത്പാദന ഘടകങ്ങളേയോ ഒന്നില്‍ കൂടുതല്‍ തവണ കൂട്ടുന്നതിനെയാണ് ഡബില്‍ കൗണ്ടിങ് എന്നു പറയുന്നത്. അതിനാല്‍ ദേശീയ വരുമാനത്തെ സംബന്ധിച്ച ശരിയായ ചിത്രം കിട്ടുന്നതിന് ഡബിള്‍ കൗണ്ടിങ് ഒഴിവാക്കേണ്ടതാവശ്യമാണ്.

ഒരു സമ്പദ്വ്യവസ്ഥയുടെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തുന്നതിനുള്ള ഏറ്റവും പ്രധാന മാനദണ്ഡം ദേശീയ വരുമാന കണക്കുകളാണ്. ഒരു ഉത്പാദന ഘടകത്തിന് വരവു ചെലവു കണക്കുകള്‍ എത്രത്തോളം പ്രധാനമാണോ, അത്രത്തോളം തന്നെ പ്രാധാന്യമുണ്ട് സമ്പദ്വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം ദേശീയ വരുമാനക്കണക്കുകള്‍ക്കും. ഒരു രാജ്യത്ത് ഉത്പാദിപ്പിക്കുന്ന ഭൌതികവും അല്ലാത്തവയുമായ ചരക്കുകളുടേയും സേവനങ്ങളുടേയും അറ്റതുകയാണ് ദേശീയ വരുമാനം. മൂലധന തേയ്മാനങ്ങള്‍ക്കു വേണ്ടിവരുന്ന ചെലവ്, അസംസ്കൃത വിഭവങ്ങള്‍ക്കും അപൂര്‍ണ ഉത്പന്നങ്ങള്‍ക്കും ചെലവിടുന്ന തുക എന്നിവ മൊത്തം ഉത്പാദിപ്പിക്കുന്ന വിഭവങ്ങളില്‍ നിന്നും കുറവു ചെയ്യേണ്ടതാണ്. വിദേശ രാജ്യങ്ങളില്‍ നടത്തുന്ന നിക്ഷേപങ്ങളില്‍ നിന്നു ലഭിക്കുന്ന അറ്റാദായം ഇതിനോട് കൂട്ടുകയും വേണം. അങ്ങനെ ലഭിക്കുന്ന അറ്റതുകയാണ് ദേശീയ വരുമാനം.

രാജ്യത്ത് ഓരോ വര്‍ഷവും ഉത്പാദിപ്പിക്കുന്ന ചരക്കുകളുടേയും സേവനങ്ങളുടേയും ആകെത്തുകയാണ് മൊത്ത ദേശീയോത്പന്നം. എന്നാല്‍ അരിയും, ഗോതമ്പും, ബസ്സും, ഡോക്ടറുടെയും അഭിഭാഷകന്റേയും സേവനങ്ങളും ഒന്നിച്ചു കൂട്ടുവാന്‍ സാധിക്കില്ല. അതിനാല്‍ ഇവയോരോന്നിന്റേയും വിലകള്‍ തമ്മില്‍ കൂട്ടുകയാണ് ചെയ്യുക. ആകെ ഉത്പാദിപ്പിക്കുന്ന ചരക്കുകളുടേയും സേവനങ്ങളുടേയും കമ്പോള വിലയാണ് മൊത്ത ദേശീയോത്പന്നം. സാധന-സേവനങ്ങള്‍ വാങ്ങുന്നവര്‍ ചെലവാക്കുന്ന ആകെത്തുകയും ഇതിനു തുല്യമാണ്. ചുരുക്കത്തില്‍, മൊത്ത ദേശീയോത്പന്നത്തെ, ചരക്കുകളുടേയും സേവനങ്ങളുടേയും കമ്പോളവിലയായും, ഉത്പാദനോപാധികളുടെ ആകെ വിലയായും, ഉത്പന്നങ്ങള്‍ വാങ്ങുന്നവര്‍ നല്‍കുന്ന വിലയായും മൂന്നു രീതിയില്‍ കാണാവുന്നതാണ്. സമ്പദ്വ്യവസ്ഥയിലെ ഓരോ വിഭാഗവും ഉത്പാദിപ്പിക്കുന്ന ചരക്കുകളുടേയും സേവനങ്ങളുടേയും തുക കണക്കാക്കിയിട്ട് അതിന്റെ കമ്പോള വില കണ്ടുപിടിക്കുകയാണ് ചെയ്യുന്നത്.

ദേശീയ വരുമാനം കണക്കാക്കുമ്പോള്‍ സംഭവിക്കാവുന്ന ഏറ്റവും പ്രധാന അപകടമാണ് ഡബിള്‍ കൌണ്ടിങ്. ചിലപ്പോള്‍ ഒരേ ചരക്കിന്റെ വിലതന്നെ പലതവണ കൂട്ടാനിടയുണ്ട്. ഇത് ദേശീയ വരുമാനം തെറ്റായ രീതിയില്‍ പെരുപ്പിച്ചു കാണിക്കാനിടയാക്കുന്നു. ഉദാഹരണത്തിന് ഇന്ത്യയില്‍ 200 മീ. തുണിയും 80 ഷര്‍ട്ടും മാത്രമേ ഉത്പാദിപ്പിക്കുന്നുള്ളൂ എന്നു വിചാരിക്കുക. തുണിയുടേയും ഷര്‍ട്ടിന്റേയും കമ്പോളവില കൂട്ടിയാല്‍ ഷര്‍ട്ടുണ്ടാക്കാനുപയോഗിച്ച 200 മീ. തുണിയുടെ വില രണ്ടു തവണ കൂട്ടിയതായി കാണാം. മിക്ക ഉത്പന്നങ്ങളും ഒരു വ്യവസായശാലയില്‍ ഉത്പാദിപ്പിച്ച്, മറ്റൊന്നില്‍ ഉത്പാദനോപാധിയായി ഉപയോഗിക്കുന്നതുകൊണ്ട് ദേശീയ വരുമാനം കണക്കാക്കുമ്പോള്‍ ഒരു ചരക്ക് ഒരു തവണ മാത്രമേ വരാവൂ എന്നതു പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഖനികളില്‍ ഉത്പാദിപ്പിക്കുന്ന ഇരുമ്പയിര് സംസ്കരിച്ച് ഉരുക്കാക്കി അത് യന്ത്രങ്ങളുടെ നിര്‍മാണത്തിന് ഉപയോഗിക്കുമ്പോള്‍ യന്ത്ര വിലയില്‍ അയിരും ഉള്‍പ്പെടുന്നുണ്ട്. അതിനാല്‍ മൊത്ത സംഖ്യയില്‍ അയിരിന്റേയും ഉരുക്കിന്റേയും വില കൂട്ടാന്‍ പാടില്ല. മറ്റൊരര്‍ഥത്തില്‍ പറഞ്ഞാല്‍, ദേശീയ വരുമാനക്കണക്കുകളില്‍ വര്‍ഷാവസാനം കാണുന്ന സാധനങ്ങളുടേയും സേവനങ്ങളുടേയും അവസാനഘട്ടത്തിലുള്ള കമ്പോളവില മാത്രമേ കൂട്ടാന്‍ പാടുള്ളൂ. അങ്ങനെയാണ് ദേശീയ വരുമാനം കണക്കാക്കുമ്പോള്‍ ഡബിള്‍ കൗണ്ടിങ്ങ് ഒഴിവാക്കേണ്ടി വരുന്നത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍