This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡണ്‍സ്റ്റന്‍, വിശുദ്ധ (909/10 - 988)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:08, 9 ഡിസംബര്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഡണ്‍സ്റ്റന്‍, വിശുദ്ധ (909/10 - 988)

Dunstan,St.

കാന്റര്‍ബറിയിലെ ആര്‍ച്ച് ബിഷപ്പായിരുന്ന ബ്രിട്ടിഷ് വൈദികന്‍. ഇംഗ്ലണ്ടിലെ ഗ്ലാസ്റ്റണ്‍ബറിക്ക് സമീപം ബാള്‍ട്ടണ്‍സ്ബറൊയില്‍ ജനിച്ചു. ഗ്ലാസ്റ്റണ്‍ബറിയിലെ ഐറിഷ് സന്ന്യാസിമാരുടെ മേല്‍നോട്ടത്തില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഡണ്‍സ്റ്റന്‍ എഥല്‍സ്തന്‍ രാജാവിന്റെ പണ്ഡിത സദസ്സില്‍ കുറച്ചുകാലം അംഗമായിരുന്നു. എന്നാല്‍ ദുര്‍മന്ത്രവാദിയെന്നു മുദ്രകുത്തി ഇദ്ദേഹത്തെ സദസ്സില്‍ നിന്നും പുറത്താക്കി. വില്‍ചെസ്റ്ററിലെ ബിഷപ്പായ അല്‍ഫിജി ഇദ്ദേഹത്തിന് അഭയം നല്‍കുകയും സന്ന്യാസജീവിതം സ്വീകരിക്കുവാന്‍ പ്രേരിപ്പിക്കുകയും ചെയ്തു.

വിശുദ്ധ ഡണ്‍സ്റ്റന്‍

എഥല്‍സ്തനുശേഷം അധികാരത്തില്‍ വന്ന എഡ്മണ്‍ഡ് രാജാവ് ഡണ്‍സ്റ്റനെ തന്റെ സദസ്സിലേക്ക് ക്ഷണിച്ചു. 943-ല്‍ ഗ്ലാസ്റ്റണ്‍ബറിയിലെ സന്ന്യാസിമഠത്തിന്റെ അധ്യക്ഷനായി ഇദ്ദേഹം നിയമിതനായി. ഇദ്ദേഹത്തിന്റെ ഭരണകാലത്ത് ഗ്ലാസ്റ്റണ്‍ബറി സന്ന്യാസിമഠം പ്രശസ്തിലേക്കുയര്‍ന്നു. എഡ്മണ്‍ഡിനെ തുടര്‍ന്ന് അധികാരത്തില്‍ വന്ന എഡ്റെഡ് രാജാവും ഡണ്‍സ്റ്റന് വളരെയധികം അധികാരങ്ങള്‍ നല്‍കിയിരുന്നു. എന്നാല്‍ എഡ്വി രാജാവിന്റെ ഭരണകാലത്ത് രാജപത്നിയുടെ അപ്രീതിക്ക് പാത്രമായ ഡണ്‍സ്റ്റന്‍ നാടുകടത്തപ്പെട്ടു.

957-ല്‍ എഡ്ഗാര്‍ രാജാവ് അധികാരത്തില്‍ വന്നപ്പോള്‍ അദ്ദേഹം ഡണ്‍സ്റ്റനെ തിരിച്ചുവിളിച്ചു. വോര്‍സസ്റ്ററിലെയും ലണ്ടനിലെയും ബിഷപ്പ് പദവികള്‍ അലങ്കരിച്ചതിനു ശേഷം 961-ല്‍ ഇദ്ദേഹം കാന്റര്‍ബറിയിലെ ആര്‍ച്ച്ബിഷപ്പ് ആയി. 957-ല്‍ എഡ്ഗാര്‍ രാജാവ് അന്തരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ പുത്രനായ എഡ്വേര്‍ഡിനെ രാജാവാക്കുവാന്‍ ഡണ്‍സ്റ്റന്‍ മുന്‍കൈയെടുത്തു. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം എഡ്വേര്‍ഡ് രാജാവ് കൊല്ലപ്പെടുകയും ഡണ്‍സ്റ്റണ്‍ വിശ്രമജീവിതത്തിലേക്ക് തിരിയുകയും ചെയ്തു. സന്ന്യാസനിഷ്ഠകള്‍ ബനഡിക്റ്റെന്‍ നിയമങ്ങള്‍ക്കനുസൃതമായി ഇദ്ദേഹം പരിഷ്കരിച്ചു. ക്രൈസ്തവ ദേവാലയങ്ങള്‍ പുനരുദ്ധരിക്കുന്നതിനും, വിദ്യാഭ്യാസ സൌകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും പ്രയത്നിച്ചു.

988 മെയ് 19-ന് ഡണ്‍സ്റ്റന്‍ അന്തരിച്ചു. എല്ലാവര്‍ഷവും മെയ് 19-നാണ് ഇദ്ദേഹത്തിന്റെ പെരുന്നാള്‍ ആചരിക്കുന്നത്. സ്വര്‍ണപ്പണിക്കാരും കൊല്ലന്മാരും മറ്റും ഇദ്ദേഹത്തെ തങ്ങളുടെ രക്ഷകപുണ്യവാളനായി കണക്കാക്കിവരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍