This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ട്രോഗോണിഫോമിസ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:55, 8 ഡിസംബര്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ട്രോഗോണിഫോമിസ്

Trogoniformes

ഒരു പക്ഷിഗോത്രം. ഇതിലെ ഏക കുടുംബമായ ട്രോഗോണിഡെ (Trogonidae)യില്‍ 37-ല്‍ അധികം സ്പീഷീസ് പക്ഷികളുണ്ട്. ഇവയെ ഉഷ്ണമേഖലാ പ്രദേശങ്ങളിലെല്ലാം വ്യാപകമായി കാണാം. മണികണ്ഠന്‍ പക്ഷിയോളം വലുപ്പമുള്ള ട്രോഗോണ്‍, ക്വെറ്റ്സാല്‍ (Quetzal) എന്നിങ്ങനെ രണ്ടിനം പക്ഷികളെയാണ് സാധാരണമായി കണ്ടുവരുന്നത്. തല വലുപ്പം കൂടിയതാണ്. വാലിന് സാധാരണ നീളമേയുള്ളൂ എങ്കിലും വാലറ്റം കൂര്‍ത്തതോ ചതുരാകൃതിയിലുള്ളതോ ആയിരിക്കും. പക്ഷികളുടെ മുതുകിലെ തൂവലുകള്‍ക്ക് പ്രധാനമായും കടും പച്ച നിറമാണ്. ഇതോടൊപ്പം തന്നെ നീല, വയലറ്റ്, ചുവപ്പ്, കറുപ്പ് എന്നീ നിറങ്ങളിലുള്ള തൂവലും കാണപ്പെടുന്നു. അതിനാല്‍ ഇവ പഞ്ചവര്‍ണക്കിളി എന്ന പേരിലും അറിയപ്പെടുന്നു. ചിലയിനങ്ങളില്‍ ചാരനിറത്തിലുള്ള തൂവലുകളും കാണപ്പെടാറുണ്ട്. വയറിനടിഭാഗത്ത് കടും ചുവപ്പ്, മഞ്ഞ അല്ലെങ്കില്‍ ഓറഞ്ച് തുടങ്ങിയ നിറങ്ങളും കാണാറുണ്ട്. നിറപ്പകിട്ടുള്ള പക്ഷികളാണെങ്കിലും വിശ്രമാവസ്ഥയില്‍ ഈ നിറങ്ങളെല്ലാം തന്നെ അദൃശ്യമായിരിക്കും. ക്വെറ്റ്സാല്‍ പക്ഷികളുടെ കൂര്‍ത്ത് നീളം കൂടിയ വാല്‍തൂവലുകള്‍ക്കടിയിലായി പഞ്ഞിപോലെയുള്ള ചെറുതൂവലുകളും കാണപ്പെടുന്നു.

ക്വെറ്റ്സാല്‍

ആണ്‍ പക്ഷികള്‍ക്കാണ് കൂടുതല്‍ വര്‍ണശോഭയുള്ളത്. തലവൃത്താകൃതിയിലുള്ളതും വലുപ്പം കൂടിയതുമായിരിക്കും. ചുണ്ട് ചെറുതും കട്ടികുറഞ്ഞതുമാണ്. ഇവയ്ക്ക് നീളം കുറഞ്ഞ കാലുകളും ബലക്കുറവുള്ള പാദങ്ങളുമാണുള്ളത്. കാലിലെ ഒന്നാമത്തെയും രണ്ടാമത്തെയും വിരലുകള്‍ മുന്നോട്ടും രണ്ടെണ്ണെം പിറകോട്ടുമായി ക്രമീകരിച്ചിരിക്കുന്നു. അപൂര്‍വമായി മാത്രം തറയില്‍ നടക്കാറുള്ള ഇത്തരം പക്ഷികള്‍ ദീര്‍ഘനേരം വളരെ വേഗത്തില്‍ പറക്കാന്‍ കഴിവുള്ളവയാണ്.

പഴവര്‍ഗങ്ങളും, ചെറിയ അകശേരുകികളും, പ്രാണികളും, കീടങ്ങളും മറ്റും ഇവ ആഹാരമാക്കുന്നു. ഇവ ദേശാടന പക്ഷികള്‍ അല്ല. വനപ്രദേശങ്ങളിലെയും മറ്റും വൃക്ഷങ്ങളില്‍ ഇവ മണിക്കൂറുകളോളം നിശ്ചലമായി ഇരിക്കാറുണ്ട്. മരപ്പൊത്തുകളും ചിതല്‍പ്പുറ്റുകളും ഇവ കൂടുകളായി ഉപയോഗിക്കുന്നു. ഈ ഗോത്രത്തിലെ പക്ഷികള്‍ ഏക പത്നീവ്രതക്കാരാണ്. ആണ്‍-പെണ്‍ പക്ഷികള്‍ കൂടുകെട്ടുകയും അടയിരിക്കുകയും കുഞ്ഞുങ്ങളെ സംരക്ഷിയ്ക്കുകയും ചെയ്യുന്നു.

യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് ഒളിഗോസീന്‍-മയോസീന്‍ കാലഘട്ടങ്ങളിലെ ട്രോഗോണുകളുടെ ജീവാശ്മങ്ങള്‍ കണ്ടുകിട്ടിയിട്ടുണ്ട്. ഇയോസീന്‍ മുതല്‍ ഒളിഗോസീന്‍ വരെയുള്ള കാലഘട്ടത്തിലെ ജീവാശ്മങ്ങള്‍ അന്നത്തെ ആര്‍ക്കിയോട്രോഗോണുകളോട് നേരിയ ബന്ധത്തിനുള്ള സൂചനകള്‍ നല്‍കുന്നവയാണ്. ട്രോഗോണുകളില്‍ നിന്നും തികച്ചും വ്യത്യസ്ത പക്ഷികളായിരുന്നെങ്കിലും ഇവ ട്രോഗോണുകളുടെ മുന്‍ഗാമികളായിരിക്കാമെന്നാണ് ശാസ്ത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നത്.

ട്രോഗോണുകള്‍ക്ക് മറ്റു പക്ഷികളോടുള്ള ബന്ധുത്വം ഇന്നും തര്‍ക്കവിഷയമായി തുടരുന്നു. കൊറാസിഫോമിസ് ഗോത്രവുമായി ബന്ധുത്വമുണ്ടെന്നും ഇല്ലെന്നും ശാസ്ത്രകാരന്മാര്‍ക്കിടയില്‍ വ്യത്യസ്ത അഭിപ്രായമുണ്ട്. ഇവയുടെ ഉഷ്ണമേഖലാ വ്യാപനവും തര്‍ക്ക വിഷയം തന്നെ. ക്വെറ്റ്സാല്‍ പക്ഷികള്‍ക്കാണ് വര്‍ണശോഭ കൂടുതലുള്ളത്. തെ. അമേരിക്കയില്‍ കണ്ടുവരുന്ന നീളം കൂടിയ ഒരിനം ക്വെറ്റ്സാല്‍ പക്ഷി (Pharomachrus mocinno) യെയാണ് ഗ്വാട്ടിമാല രാജ്യം ദേശീയ പക്ഷിയായി അംഗീകരിച്ചിട്ടുള്ളത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍