This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ട്രാഫിക് നിയമങ്ങള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:51, 4 ഡിസംബര്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ട്രാഫിക് നിയമങ്ങള്‍

റോഡ് ഗതാഗതം സുഗമവും അപകട രഹിതവുമാക്കുന്നതിനു വേണ്ടി ആവിഷ്ക്കരിച്ചിട്ടുള്ള നിയമങ്ങള്‍. കാല്‍നടക്കാരും വാഹനങ്ങള്‍ ഓടിക്കുന്നവരും ഈ നിയമങ്ങള്‍ പാലിക്കാന്‍ ബാധ്യസ്ഥരാണ്.

കാല്‍നടക്കാര്‍ റോഡുകളില്‍ക്കൂടി നടക്കുമ്പോള്‍ അനുവര്‍ത്തിക്കേണ്ട‌ നിയമങ്ങള്‍ ഇവയാണ്: (i) നടപ്പാത ഉണ്ടെങ്കില്‍ അത് ഉപയോഗിക്കുക, (ii) അതില്ലാത്തിടത്ത് മുന്നില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ കാണത്തക്കവിധം റോഡിന്റെ വലതുവശത്തുകൂടി നടക്കുക, (iii) റോഡില്‍ കൂട്ടമായി നടക്കാതിരിക്കുക, (iv) രാത്രിയില്‍ ടോര്‍ച്ച് ഉപയോഗിക്കാന്‍ കഴിയുന്നില്ലെങ്കില്‍ വെള്ള നിറമോ നേരിയ നിറമുള്ളതോ ആയ വസ്ത്രം ധരിക്കുക, (v) റോഡ് മുറിച്ചുകടക്കുന്നതിനു മുന്‍പ് ഇരുവശങ്ങളിലേക്കും നോക്കി വാഹനങ്ങള്‍ വരുന്നില്ലെന്ന് ഉറപ്പാക്കിയശേഷം സീബ്രാ ക്രോസിങ്ങിലൂടെ മറുവശത്തേക്കു നടക്കുക. (എന്നാല്‍ സീബ്രാ ക്രോസിങ്ങ് വഴി ഓടാന്‍ പാടില്ല.) സബ് വേയോ ഓവര്‍ ബ്രിഡ്ജോ ഉണ്ടെങ്കില്‍ അതുപയോഗിക്കുക. കാല്‍നടക്കാര്‍ക്കായി ഗ്രീന്‍ ലൈറ്റുണ്ടെങ്കില്‍ അത് തെളിയുമ്പോള്‍ മാത്രം റോഡ് ക്രോസ് ചെയ്യുക, (vi) ഓടുന്ന വാഹനങ്ങളില്‍ ഓടിക്കയറാതിരിക്കുക, (vii) വാഹനങ്ങളുടെ പിന്നിലൂടെ റോഡിലേക്കു കടക്കാതിരിക്കുക, (viii) റോഡില്‍ കൂട്ടം കൂടി നിന്ന് മാര്‍ഗതടസ്സം സൃഷ്ടിക്കാതിരിക്കുക, (ix) റോഡുകള്‍ കളിസ്ഥലങ്ങളാക്കാതിരിക്കുക, (x) വാഹനത്തില്‍ പിടിച്ചുകൊണ്ട് പിന്നാലെ നടക്കാതിരിക്കുക.

ട്രാഫിക് പോലീസ് സിഗ്നലുകള്‍(ഹാന്‍ഡ്)

നിലവിലുള്ള റോഡു നിയമങ്ങള്‍ പാലിക്കുന്നതില്‍ നമ്മുടെ ജനങ്ങള്‍ പൊതുവേ അശ്രദ്ധ പുലര്‍ത്തുകയാണ് പതിവ്. എന്നാല്‍, കാല്‍നടക്കാര്‍ അവര്‍ പാലിക്കേ നിയമങ്ങള്‍ ശ്രദ്ധിച്ചാല്‍ വളരെയേറെ അപകടങ്ങള്‍ ഒഴിവാക്കാനാകും.

റോഡ് ഉപയോഗിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് ട്രാഫിക് നിയമത്തിലെ നിബന്ധനകളെക്കുറിച്ച് ശരിയായ അറിവ് ഉണ്ടായിരിക്കേതാണ്. മോട്ടോര്‍ വാഹനനിയമം (1988) 1989 ജൂല. ഒന്നു മുതല്‍ പ്രാബല്യത്തില്‍ വന്നു. ഡ്രൈവര്‍മാര്‍ മറ്റു വാഹനങ്ങളില്‍ നിന്നുള്ള സിഗ്നലുകള്‍ ശ്രദ്ധിക്കുകയും സിഗ്നലുകള്‍ നല്‍കി മറ്റു വാഹനങ്ങളെ സഹായിക്കുകയും വേണം. റോഡിന്റെ സ്ഥിതിയെ സംബന്ധിച്ച സൈന്‍ ബോര്‍ഡുകള്‍ മനസ്സിലാക്കിയിട്ടേ വാഹനങ്ങള്‍ ഓടിക്കുവാന്‍ പാടുള്ളൂ. ഡ്രൈവര്‍മാര്‍ അനുവര്‍ത്തിക്കേ പ്രധാന ട്രാഫിക് നിയമങ്ങള്‍ ഇവയാണ്:

(i) റോഡിന്റെ ഇടതുവശം ചേര്‍ന്നാണ് വാഹനം ഓടിക്കേത്, (ii) മറ്റു വാഹനങ്ങളുടെ മുന്നില്‍ കയറുന്നത് വലതുവശത്തുകൂടി മാത്രമാകണം, (iii) മുന്നില്‍ പോകുന്ന വാഹനം വലതുവശത്തേക്ക് തിരിയുമ്പോള്‍ മാത്രമേ ഇടതുവശത്തുകൂടി മുന്നേറാന്‍ പാടുള്ളൂ, (iv) നേരെ മുന്നോട്ടു കാണാന്‍ കഴിയാത്ത അവസരങ്ങളില്‍ ഓവര്‍ടേക്ക് ചെയ്യാന്‍ പാടില്ല, (v) വളവുകളില്‍ ഓവര്‍ ടേക്ക് ചെയ്യരുത്, (vi) ലെവല്‍ക്രോസില്‍ ഓവര്‍ടേക്ക് ചെയ്യരുത്, (vii) ഇടുങ്ങിയ പാലങ്ങളില്‍ ഓവര്‍ടേക്ക് ചെയ്യരുത്, (viii) ജംഗ്ഷനുകളില്‍ ഓവര്‍ടേക്ക് ചെയ്യരുത്, (ix) സീബ്രാ ക്രോസിങ്ങില്‍ ഓവര്‍ടേക്ക് ചെയ്യരുത്, (x) നാല്‍ക്കവലകളില്‍ വളരെ ശ്രദ്ധയോടെ വശത്തേക്കു തിരിയുക, ((xi) നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങളെ സാവധാനം ഓവര്‍ടേക്ക് ചെയ്യുക, (xii) അതീവ ശ്രദ്ധയോടെ മാത്രം സൈക്കിള്‍ യാത്രക്കാരെ ഓവര്‍ടേക്ക് ചെയ്യുക, (xiii) തിരക്കേറിയ ജംഗ്ഷനുകളില്‍ വേഗത കുറയ്ക്കുക, (xiv) മദ്യപിച്ചുകൊണ്ട് വാഹനങ്ങള്‍ ഓടിക്കാതിരിക്കുക., (xv) ഇരുചക്രവാഹ നങ്ങള്‍ ഓടിക്കുന്നവര്‍ ഹെല്‍മറ്റ് ധരിക്കുക, (xvi) മറ്റൊരു വാഹനം മറികടക്കുമ്പോള്‍ സ്വന്തം വാഹനത്തിന്റെ വേഗത വര്‍ധിപ്പിക്കാതിരിക്കുക, (xvii) നാല്‍ക്കവലകളില്‍ എത്തുമ്പോള്‍ വേഗത കുറയ്ക്കുക, (xviii) മറ്റൊരു റോഡിലേക്കു കടക്കുമ്പോള്‍ പരമാവധി ജാഗ്രത പുലര്‍ത്തുക, (xix) അറ്റകുറ്റപ്പണികള്‍, ജാഥകള്‍ എന്നിവ നടത്തുന്ന നിരത്തുകളില്‍ വേഗത കുറച്ചുകൊണ്ടു മാത്രം വാഹനം ഓടിക്കുക, (xx) റോഡിന്റെ ഇടത്തേ അരികിലേക്ക് മാറിയശേഷം മാത്രമേ വാഹനം ഇടതുവശത്തേക്കു തിരിച്ചു വിടുവാന്‍ പാടുള്ളൂ, (xxi) റോഡിന്റെ മധ്യഭാഗത്തേക്കു കടന്നു സൂക്ഷ്മ നിരീക്ഷണം നടത്തിയശേഷമേ വാഹനം വലതുവശത്തേക്കു തിരിച്ചു വിടാന്‍ പാടുള്ളൂ, (xxii) നല്ല നിരത്തുകളിലൂടെ വാഹനം ഓടിക്കുമ്പോള്‍ ഡ്രൈവര്‍മാര്‍ കഴിവതും സീറ്റ്ബെല്‍റ്റ് ധരിക്കണം, (xxiii) നിശ്ചിത പാര്‍ക്കിങ്ങ് ഏരിയാകളില്‍ മാത്രം വാഹനങ്ങള്‍ ഒതുക്കി നിര്‍ത്തുക.

റോഡ് അപകടങ്ങള്‍ ഒഴിവാക്കുന്നതില്‍ ട്രാഫിക് പൊലീസുകാരുടെ സേവനങ്ങള്‍ സുപ്രധാന പങ്ക് വഹിക്കുന്നു. അവരുടെ ഹാന്‍ഡ് സിഗ്നലുകള്‍ മനസ്സിലാക്കാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും ഡ്രൈവര്‍മാര്‍ ബാധ്യസ്ഥരാണ്. ഇവ കൂടാതെ ഡ്രൈവര്‍മാര്‍ സ്വയം കാണിക്കേ സിഗ്നലുകളും ഏറെ പ്രധാനപ്പെട്ടവയാണ്.

ട്രാഫിക് പൊലീസുകാര്‍ കാണിക്കുന്ന പ്രധാന ഹാന്‍ഡ് സിഗ്നലുകള്‍ (ചിത്രം നോക്കുക).

1. മുന്നില്‍ നിന്നും വരുന്ന വാഹനം നിര്‍ത്തുന്നതിന്

2. പിന്നില്‍ നിന്നും വരുന്ന വാഹനം നിര്‍ത്തുന്നതിന്

3. മുന്നില്‍ നിന്നും പിന്നില്‍ നിന്നും വലതുവശത്തുനിന്നും വരുന്ന വാഹനങ്ങള്‍ ഒരേ സമയം നിര്‍ത്താന്‍ ആവശ്യപ്പെടുന്നതിന്

4. പിന്നില്‍ നിന്നും മുന്നില്‍ നിന്നും വരുന്ന വാഹനങ്ങള്‍ ഒരേ സമയം നിര്‍ത്തുന്നതിന്

5. വലതുവശത്തുനിന്നും വരുന്ന വാഹനം നിറുത്തി ഇടതുവശത്തുനിന്നും വരുന്നതിനെ കടത്തിവിടുന്നതിന്

6. ഇടത്തോട്ടോ, വലത്തോട്ടോ തിരിഞ്ഞാല്‍ ട്രാഫിക്കിന്റെ മാര്‍ഗം വീണ്ടും തുടങ്ങുന്നതിനുമുന്‍പായി കാണിക്കുന്നത്

7. ഇടതുവശത്തുനിന്നും വരുന്ന വാഹനങ്ങള്‍ കടന്നുപോകുന്നതിന്

8. വലതുവശത്തുനിന്നും വരുന്ന വാഹനങ്ങള്‍ കടന്നുപോകുന്നതിന്

9. അഭിമുഖമായി വരുന്ന വാഹനത്തെ കടത്തിവിടുന്നതിന്.

(എസ്. കൃഷ്ണയ്യര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍