This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടോണ്‍സില്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

05:23, 3 ഡിസംബര്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ടോണ്‍സില്‍

Tonsil

നാസാദ്വാരവും വായയും ഗ്രസനിയിലേക്ക് തുറക്കുന്ന സ്ഥാനത്ത് ലസികാ കലകള്‍ (lymphoid tissue) കൊണ്ടു നിര്‍മിതമായ ഒരവയവം. വൃത്താകാര ശ്വേതരക്തകോശങ്ങളും (ലിംഫൊസൈറ്റുകള്‍) ജാലികാരൂപത്തിലുള്ള സംയോജക കലയും അടങ്ങിയ ഘടനയാണ് ടോണ്‍സിലിനുള്ളത്. രക്തത്തിലെ ശ്വേതരക്താണുക്കളുടെ പ്രധാന ഉത്പാദക കേന്ദ്രങ്ങളിലൊന്നാണിത്. ഇപ്രകാരം ഉത്പാദിപ്പിക്കപ്പെടുന്ന ശ്വേതരക്തകോശങ്ങള്‍ ലസികാവ്യൂഹത്തിലൂടെ ദേഹമാസകലം എത്തുകയും വ്യൂഹത്തില്‍ ഇടയ്ക്കിടെ കാണപ്പെടുന്ന ലസികാജാലങ്ങളിലൂടെ രക്തക്കുഴലുകളില്‍ പ്രവേശിക്കുകയും ചെയ്യുന്നു. ലസികാപ്രവാഹം ഏകദിശീയമാകയാല്‍ ടോണ്‍സിലില്‍ നിര്‍മിക്കപ്പെടുന്ന ശ്വേതരക്തകോശങ്ങള്‍ സദാ രക്തകാപില്ലറികളില്‍ പ്രവേശിച്ചുകൊണ്ടിരിക്കുന്നു.

പ്രധാനമായും മൂന്നുതരം ടോണ്‍സിലുകളുണ്ട് താലവ (palatine) ടോണ്‍സില്‍, ജിഹ്വാ (lingual) ടോണ്‍സില്‍, ഗ്രസനി (pharyngeal) ടോണ്‍സില്‍ എന്നിവയാണിവ. ഇവ സ്ഥിതിചെയ്യുന്ന സ്ഥാനമനുസരിച്ചുള്ള പേരുകളാണ് നല്‍കപ്പെട്ടിരിക്കുന്നത്. 2 × 1 സെ.മീ. വലുപ്പമുള്ള താലവ ടോണ്‍സില്‍ നാവിന്റെ പിന്നറ്റത്തു നിലകൊള്ളുന്നു. ഈ ലഘു അവയവ ജോടിയാണ് ടോണ്‍സില്‍ എന്ന പേരില്‍ സാധാരണയായി അറിയപ്പെടുന്നത്. ആഴത്തില്‍ ഇറങ്ങിച്ചെല്ലുന്ന ഇരുപതോളം സുഷിരങ്ങള്‍ ഉപരിതലത്തില്‍ത്തന്നെ കാണാം. തന്തുമയമായ ഒരാവരണം കീഴെയുള്ള പേശീവ്യൂഹത്തില്‍നിന്നു ടോണ്‍സിലിനെ വേര്‍പെടുത്തുന്നു. ടോണ്‍സിലിന്റെ ഉപരിഭാഗം നേര്‍ത്ത ചര്‍മത്താല്‍ ആവൃതമാണ്. ദഹന-ശ്വസന വ്യൂഹങ്ങളുടെ പാതയില്‍ സ്ഥിതിചെയ്യുന്നതു കാരണം ടോണ്‍സിലില്‍ പലപ്പോഴും ബാഹ്യ വസ്തുക്കള്‍ അടിഞ്ഞുകൂടാറുണ്ട്. വേര്‍പെടുന്ന ചര്‍മകോശങ്ങള്‍, സജീവവും മൃതവുമായ ലിംഫൊസൈറ്റുകള്‍, ബാഹ്യകണികകള്‍ എന്നിവ ഇതില്‍പ്പെടുന്നു. ഇതു ബാക്ടീരിയകള്‍ക്കും ഫംഗസുകള്‍ക്കും നല്ലൊരു വളര്‍ത്തു മാധ്യമമായിത്തീരുന്നതിനാല്‍ ടോണ്‍സില്‍ രോഗബാധയ്ക്കു പലപ്പോഴും വിധേയമാകുന്നു. നാവിന്റെ പിന്‍ഭാഗത്തിന്റെ ഉപരിതലത്തിലാണ് ടോണ്‍സിലിന്റെ സ്ഥാനം. 35 മുതല്‍ 100 വരെ ടോണ്‍സില്‍ ഏകകങ്ങളുടെ (tonsillar units) സമുച്ചയമാണിത്. ഓരോ ടോണ്‍സില്‍ ഏകകത്തിനും 2-4 മി.മീ. വ്യാസം വരും. ഓരോ ഏകകത്തിലും ലസികാകോശങ്ങളാല്‍ ചുറ്റപ്പെട്ട ഓരോ ചെറുദ്വാരവും കാണപ്പെടുന്നു. ദ്വാരങ്ങള്‍ക്കുള്ളിലായുള്ള അറകളിലേക്ക് ഗ്രന്ഥീനാളങ്ങള്‍ ഉള്ളതിനാല്‍ ദ്രാവകം നിരന്തരം പുറത്തേക്ക് ഒഴുകുന്നു. തന്നിമിത്തം ഉപദ്രവകാരികളായ വസ്തുക്കള്‍ കുമിഞ്ഞുകൂടുന്നില്ല; രോഗബാധയും വിരളമായിരിക്കും.

ഗ്രസനിയുടെ നാസഭാഗത്തിന്റെ മേല്‍ഭാഗത്തായാണ് ഗ്രസനീ ടോണ്‍സിലിന്റെ സ്ഥാനം. വീര്‍ത്ത അവസ്ഥയില്‍ അഡനോയ്ഡ് എന്നും ഇതറിയപ്പെടുന്നു. സ്തരിതമെന്നു തോന്നിക്കുന്ന, സിലിയാമയ സ്തംഭാകാര കോശങ്ങളാല്‍ ഇത് ആവരണം ചെയ്യപ്പെട്ടിരിക്കുന്നു. ഗ്രസനിയുടെ നാസാഗ്രം, അതിന്റെ പിന്‍മതില്‍ എന്നിവിടങ്ങളില്‍നിന്നു മുന്നോട്ടു വളരുന്ന മടക്കുകളാണ് അവയവത്തിന്റെ മുഖ്യഘടകം. ലസികാ ടിഷ്യൂനിര്‍ഭരമായ ഈ അവയവവും ബാക്ടീരിയാ-ഫംഗസുകളുടെ ആക്രമണത്തിനു വിധേയമാണ്. രോഗബാധിതമായി വീര്‍ക്കുമ്പോള്‍ നാസപാത അടയുകയും വായിലൂടെ ശ്വസിക്കാന്‍ രോഗി നിര്‍ബന്ധിതമാവുകയും ചെയ്യുന്നു.

താലവ ടോണ്‍സിലിന്റെ വളര്‍ച്ച ആരംഭിക്കുന്നത് ഗര്‍ഭത്തിന്റെ മൂന്നാം മാസത്തോടെയാണ്. ജിഹ്വാ-ഗ്രസനി ടോണ്‍സിലുകളുടെ വളര്‍ച്ച ഗര്‍ഭത്തിന്റെ നാലാമത്തേതും അഞ്ചാമത്തേതും മാസങ്ങളില്‍ ആരംഭിക്കുന്നു. ശൈശവാവസ്ഥയിലാണ് ടോണ്‍സില്‍ കൂടിയ വലുപ്പം പ്രദര്‍ശിപ്പിക്കുന്നത്. പിന്നീട് ഇതിന്റെ വലുപ്പം കുറഞ്ഞു കുറഞ്ഞു വരുന്നു.

ശ്വേതരക്തകോശങ്ങളുടെ മുഖ്യ ഉത്പാദനകേന്ദ്രം എന്നതോടൊപ്പം ആന്റിബോഡികളുടെ പ്രഭവസ്ഥാനം കൂടിയാണിത്. അതിനാല്‍ ടോണ്‍സിലിന് ആരോഗ്യസംരക്ഷണ ചുമതലയാണുള്ളതെന്നു കരുതപ്പെടുന്നു.

(ഡോ. എ. എന്‍. പി. ഉമ്മര്‍കുട്ടി, സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍