This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഡെല്‍ഫി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഡെല്‍ഫി
Delphi
പുരാതന ഗ്രീസില്‍ അപ്പോളൊ ദേവന്റെ ക്ഷേത്രം സ്ഥിതി ചെയ്തിരുന്ന ഭൂഭാഗം. കോറിന്ത് (Corinth) കടലിടുക്കിനു സമീപം സ്ഥിതിചെയ്തിരുന്ന ഈ ക്ഷേത്രം പുരാതന ഗ്രീസിലെ ഏറ്റവും പ്രധാനപ്പെട്ട പുണ്യസ്ഥലവും തീര്‍ഥാടന കേന്ദ്രവുമായി ഖ്യാതിയാര്‍ജിച്ചിരുന്നു. ഡെല്‍ഫി പ്രദേശത്തിന്റെ ഇരുവശവും പര്‍വതനിരകളാണ്; വ. പാര്‍നസ്സസ് പര്‍വതനിരകളും, തെ. സിര്‍ഫിസും. പാര്‍നസസ്സിലാണ് പ്രസിദ്ധമായ കോര്‍സിയന്‍ (Corycian) ഗുഹ. പേര്‍ഷ്യന്‍ പടയോട്ടക്കാലത്ത് ഡെല്‍ഫി നിവാസികള്‍ ഇവിടം അഭയകേന്ദ്രമാക്കിയിരുന്നു.
അപ്പോളൊ ക്ഷേത്രത്തിലെ ദൈവിക പ്രവചനവെളിപാട് (oracle) ആയിരുന്നു ഡെല്‍ഫിയിലെ ഏറ്റവും പ്രധാന ആകര്‍ഷണീയത. മനുഷ്യരുടെ ഏതൊരുതരം പ്രശ്നങ്ങളും പരിഹരിക്കാന്‍ അപ്പോളൊയുടെ അരുളപ്പാടുകള്‍ സഹായകമാകുമെന്നായിരുന്നു ഗ്രീക്കുകാരുടെ വിശ്വാസം. അക്കാരണത്താല്‍, ഭരണരംഗത്തും ആധ്യാത്മികരംഗത്തും പൊന്തിവരുന്ന പ്രശ്നങ്ങള്‍ക്കു പരിഹാരം കാണുവാന്‍ ഗ്രീക്ക് നഗരരാഷ്ട്രങ്ങളിലെ ഭരണാധിപന്മാര്‍ ഉപദേശം തേടി ഡെല്‍ഫിയില്‍ എത്തുക പതിവായിരുന്നു. ദീര്‍ഘനേരം നീണ്ടുനില്‍ക്കുന്ന ഹോമത്തിനുശേഷം അന്വേഷകന്‍ മനഃശുദ്ധിയും ദേഹശുദ്ധിയും വരുത്തി എന്നു ബോധ്യപ്പെട്ടാല്‍ മാത്രമേ അയാളെ ദേവാലയത്തിലെ പ്രവചനം നടത്തുന്ന സ്ഥലത്തു കടന്നുചെല്ലാന്‍ അനുവദിച്ചിരുന്നുള്ളൂ. അന്വേഷകന് അറിയേണ്ട കാര്യങ്ങള്‍ ചോദ്യരൂപത്തില്‍ ദേവസമക്ഷം സമര്‍പ്പിച്ചിരുന്നത് അതിനുവേണ്ടി പ്രത്യേകം നിയുക്തരായ മുഖ്യപുരോഹിതന്മാരായിരുന്നു. ഇത്തരം ചോദ്യങ്ങള്‍ക്ക് അപ്പോളൊ ദേവന്‍ പ്രവചനരൂപത്തില്‍ മറുപടി പറഞ്ഞിരുന്നത് 'പിത്തിയായി'ലൂടെയായിരുന്നു. അപ്പോളൊ ദേവന്റെ മണവാട്ടി ആയിട്ടാണ് ഗ്രീക്കുകാര്‍ പിത്തിയായെ കരുതിയിരുന്നത്. അതിനാല്‍ കന്യകമാരെ ആയിരുന്നു പിത്തിയാമാരായി നിയോഗിച്ചിരുന്നത്. മൂന്നു കാലുകളുള്ള പീഠത്തിന്മേല്‍ മോഹനിദ്ര(trance)യിലാ അവസ്ഥയില്‍ ഇരുന്നുകൊണ്ടാണ് പിത്തിയ വെളിപാടു പ്രവചനങ്ങള്‍ നടത്തിയിരുന്നത്. അവ്യക്തമായ രൂപത്തില്‍ പിത്തിയ പുറപ്പെടുവിച്ചിരുന്ന ഭാഷണങ്ങളുടെ അര്‍ഥം പുരോഹിതന്‍ തന്നെ ചോദ്യകര്‍ത്താവായ ആളിനു വിശദീകരിച്ചു കൊടുത്തിരുന്നു. അപ്പോളൊ ദേവനോടുള്ള ഭക്തിപാരവശ്യത്തിന്റെ ഫലമായിട്ടാണ് പിത്തിയായ്ക്ക് പ്രവചനവരം ലഭിച്ചതെന്നുള്ള വിശ്വാസത്താല്‍ ചോദ്യകര്‍ത്താക്കള്‍-പലപ്പോഴും അവര്‍ രാജാക്കന്മാരായിരുന്നു-സംതൃപ്തിയോടെ മടങ്ങുകയായിരുന്നു പതിവ്. ഏതൊരു രാജാവും ഒരു യുദ്ധം നടത്തുന്നതിനോ, ഒരു കോളനി സ്ഥാപിക്കുന്നതിനോ പദ്ധതിയിട്ടാല്‍ അതിന്റെ വിജയസാധ്യത വിലയിരുത്തുന്നതിന് ഡെല്‍ഫിയിലെ വെളിച്ചപ്പാടിന്റെ സന്നിധാനത്തില്‍ വരിക പതിവായിരുന്നു. സംതൃപ്തരായി തിരിച്ചു പോകുന്നതിനുമുന്‍പ് അവര്‍ വളരെ വിലപിടിച്ച നേര്‍ച്ചദ്രവ്യങ്ങള്‍ ദേവാലയത്തില്‍ കാഴ്ച വച്ചിരുന്നു.
പുരാതന ഗ്രീക്കു സംസ്കാരം അതിന്റെ ഉച്ചാവസ്ഥയില്‍ എത്തിയ കാലത്ത് അവിടത്തെ രാഷ്ട്ര സംവിധാനത്തില്‍ ഒരുതരം അന്താരാഷ്ട്ര നീതിന്യായക്കോടതിയുടെ പദവി ഡെല്‍ഫിയിലെ അപ്പോളൊ ക്ഷേത്രത്തിനുണ്ടായിരുന്നു. നഗരരാഷ്ട്രങ്ങള്‍ തമ്മിലുണ്ടാകുന്ന തര്‍ക്കങ്ങള്‍ അധികവും പരിഹരിക്കുന്നതിന് ക്ഷേത്രാധികാരികള്‍ ഒരു മധ്യസ്ഥരൂപത്തില്‍ മുന്‍കൈയെടുത്തു പ്രവര്‍ത്തിച്ചു. മെഡിറ്ററേനിയന്‍ പ്രദേശത്തിലെ വിവരങ്ങളെല്ലാം മനസ്സിലാക്കിയിരുന്ന ക്ഷേത്രാധികാരികള്‍ വിദൂരസ്ഥലങ്ങളില്‍ ഗ്രീക്ക് അധിനിവേശവാഴ്ച സ്ഥാപിക്കുവാന്‍ രാജാക്കന്മാരെ പ്രോത്സാഹിപ്പിച്ചു. അധിനിവേശവാഴ്ച സ്ഥാപിക്കുവാന്‍ പര്യാപ്തമായ സ്ഥലങ്ങള്‍ നിര്‍ദ്ദേശിക്കുവാനും ക്ഷേത്രാധികാരികള്‍ക്കു കഴിഞ്ഞിരുന്നു. വീരാരാധനയെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള മതചൈതന്യമാണ് ക്ഷേത്രത്തിലുണ്ടായിരുന്നത്. പുതിയ രീതിയിലുള്ള സന്മാര്‍ഗനിയമങ്ങള്‍ക്ക് ഡെല്‍ഫിക്ഷേത്രം വഴിയൊരുക്കിയിരുന്നു. ഉദാഹരണമായി, കൊലപാതകം നടത്തിയ കുറ്റവാളി ചില പ്രത്യേക കര്‍മങ്ങളിലൂടെ ശുദ്ധീകരണ നടപടിക്കു വിധേയനാകണമെന്ന് ഡെല്‍ഫി നിഷ്കര്‍ഷിച്ചിരുന്നു. അപ്പോളൊ ക്ഷേത്രത്തിന്റെ ചുവരില്‍ രണ്ടു ചൊല്ലുകള്‍ - 'ഒരു കാര്യവും അമിതമായി അരുത്', 'നീ സ്വയം മനസ്സിലാക്കുക' - എഴുതി വച്ചിരുന്നത് സന്മാര്‍ഗശാസ്ത്രത്തിന്റെ പുതിയൊരു ശൈലിയായി കരുതപ്പെട്ടിരുന്നു.
ബി.സി. 8-ാം നൂറ്റാു മുതല്‍ ബി.സി. 5-ാം നൂറ്റാുവരെയുള്ള കാലത്ത് ഡെല്‍ഫി ക്ഷേത്രം വളരെ പ്രതാപത്തില്‍ കഴിഞ്ഞു. പേര്‍ഷ്യന്‍ സൈന്യം ഗ്രീസിനെ ആക്രമിച്ച കാലത്ത്, ആക്രമണത്തെ പ്രതിരോധിക്കുവാന്‍ തയ്യാറെടുത്ത ഗ്രീക്കു ധീരന്മാരെ നിരുത്സാഹപ്പെടുത്തത്തക്കരീതിയിലുള്ള ഒരു പ്രവചനോപദേശം ഡെല്‍ഫിയിലെ ദൈവിക വെളിപാടു നല്‍കി. ധീരന്മാരായ ഗ്രീക്കുസാഹസികര്‍ ഈ ഉപദേശത്തെ പുച്ഛിച്ചു തള്ളി. അതോടുകൂടി ഡെല്‍ഫി ക്ഷേത്രത്തിന്റേയും ദൈവിക വെളിപാടിന്റേയും മഹത്ത്വം ഇടിഞ്ഞു തുടങ്ങി. എങ്കിലും ഗ്രീക്കു ഭരണാധികാരികള്‍ ഈ ക്ഷേത്രത്തെ പവിത്രമായി കരുതിക്കൊണ്ട് ഉപദേശങ്ങള്‍ തേടി ഇവിടെ എത്തുന്ന പതിവ് തുടരുകതന്നെ ചെയ്തു. അലക്സാണ്ടര്‍ ചക്രവര്‍ത്തി മാസിഡോണിയന്‍ സാമ്രാജ്യം സ്ഥാപിച്ചതിനെത്തുടര്‍ന്ന് സാമ്രാജ്യത്തിന്റെ കേന്ദ്രസ്ഥാനം പൗരസ്ത്യദേശത്തേക്കു നീങ്ങിയത് ഡെല്‍ഫിയുടെ പ്രാധാന്യം കുറയുവാന്‍ കാരണമായിത്തീര്‍ന്നു. വന്‍പിച്ച സ്വര്‍ണനിക്ഷേപം ഉണ്ടായിരുന്ന ഈ ക്ഷേത്രം പലതവണ കൊള്ളയടിക്കപ്പെട്ടു. പ്രതാപം നഷ്ടപ്പെട്ടുവെങ്കിലും ഒരു പ്രവചന കേന്ദ്രമെന്ന നിലയില്‍ ഡെല്‍ഫി ക്ഷേത്രം തുടര്‍ന്നും നിലനിന്നു. ജൂലിയസ് സീസറിന്റെ കാലം മുതല്‍ നിരവധി തവണ റോമന്‍ സൈന്യം ഡെല്‍ഫിയെ ആക്രമിച്ചു. എ.ഡി.392-ല്‍ തെയഡോഷ്യസ് ചക്രവര്‍ത്തി ക്രിസ്തുമതത്തെ റോമാസാമ്രാജ്യത്തിലെ ഔദ്യോഗിക മതമായി പ്രഖ്യാപിച്ചുകൊണ്ട് അക്രൈസ്തവ ദേവാലയങ്ങളെ നിരോധിച്ചപ്പോള്‍ ഡെല്‍ഫിയിലെ അപ്പോളൊ ക്ഷേത്രം അനാഥമാവുകയും ക്രമേണ നാമാവശേഷമായിത്തീരുകയും ചെയ്തു.
പുരാതന ഡെല്‍ഫി സ്ഥിതിചെയ്തിരുന്ന സ്ഥാനത്ത് പില്ക്കാലത്ത് കാസ്ട്രി (Castri) എന്നൊരു ഗ്രാമം 1890 വരെ നിലവിലുണ്ടായിരുന്നു. ഈ പ്രദേശത്ത് ഖനനം നടത്താനായി ഇവിടെ നിന്നും ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. 1892-ല്‍ ഫ്രഞ്ചുകാര്‍ ഇവിടെ ഖനനം നടത്തി ഡെല്‍ഫിയുടെ രൂപരേഖയും കെട്ടിടങ്ങളുടെ സ്ഥാനവും മറ്റും മനസ്സിലാക്കി. പുരാതന ഡെല്‍ഫി മതില്‍ക്കെട്ടുകൊണ്ടു സംരക്ഷിതമായിരുന്നു. അതിന്റെ കി. ഭാഗത്ത് തെക്കുമാറിയായിരുന്നു ഡെല്‍ഫിയുടെ പ്രധാന പ്രവേശന കവാടം. ഈ കവാടത്തില്‍നിന്നും തുടങ്ങി വളഞ്ഞുപുളഞ്ഞു പോകുന്ന പാതയ്ക്കിരുവശവും ഖജനാവുകളുടേയും ബലിക്കല്ലുകളുടേയും അവശിഷ്ടങ്ങളുണ്ട്. അപ്പോളൊ ദേവന്റെ ക്ഷേത്രവും കണ്ടെത്തിയിട്ടുണ്ട്. തിയെറ്ററിന്റേയും സ്റ്റേഡിയത്തിന്റേയും അവശിഷ്ടങ്ങളും ഇവിടെ നിന്നും ലഭിച്ചിട്ടുണ്ട്.
(പ്രൊ. നേശന്‍ റ്റി. മാത്യു, വി. ജയഗോപന്‍ നായര്‍)