This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അകത്തി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:13, 11 ഫെബ്രുവരി 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

അകത്തി

Swamp Pea


ഫാബേസി (Fabaceae) സസ്യകുടുംബത്തില്‍പ്പെടുന്ന ഔഷധവൃക്ഷം. ശാ.നാ. സെസ്ബാനിയ ഗ്രാന്റിഫ്ളോറ (Sesbania grandiflora). സംസ്കൃതത്തില്‍ അഗസ്തി, അഗസ്തിക, മുനിദ്രുമം, വംഗസേന എന്നീ പേരുകളില്‍ അറിയപ്പെടുന്നു. ഉഷ്ണമേഖലാ പ്രദേശങ്ങളിലാണ് സാധാരണയായി കണ്ടുവരുന്നത്.


അകത്തി 6-9 മീ. വരെ ഉയരത്തില്‍ വളരും. ഇലകള്‍ സമപിച്ഛകസംയുക്തം; ഏകാന്തരന്യാസത്തില്‍ ക്രമീകരിച്ചിരിക്കുന്നു; 15-30 സെ.മീ. നീളം. ഓരോ പിച്ഛകത്തിലും 20-30 ജോടി പത്രകങ്ങള്‍ സമ്മുഖമായി വിന്യസിച്ചിരിക്കുന്നു. ആയതാകൃതിയിലുള്ള പത്രകങ്ങള്‍ക്ക് 2-3 സെ.മീ. നീളവും 1-1.5 സെ.മീ. വീതിയുമുണ്ട്. പര്‍ണവൃന്തതല്‍പ്പങ്ങളും (pulvinus) അനുപര്‍ണ(stipules)ങ്ങളുമുണ്ട്.

image:p2a.png

image:p2b.png അകത്തിക്ക് പ്രത്യേക പുഷ്പകാലമില്ല. ഫെ.-മാ. മാസങ്ങളില്‍ ഇലയ്ക്കും തണ്ടിനുമിടയിലുള്ള കക്ഷ്യങ്ങളില്‍ നിന്ന് റസിം പുഷ്പമഞ്ജരിയായി പുഷ്പങ്ങളുണ്ടാകുന്നു. വെള്ള, ഇളംചുവപ്പ്, ചുവപ്പ് എന്നീ നിറങ്ങളിലുള്ള പുഷ്പങ്ങളുണ്ടാകുന്ന ഇനങ്ങളുമുണ്ട്. പുഷ്പങ്ങള്‍ വലുപ്പം കൂടിയതും ആകര്‍ഷകവുമാണ്. പൂമൊട്ടിന് അരിവാളിന്റെ ആകൃതിയാണ്. ഏകവ്യാസ സമമിത ദ്വിലിംഗിപുഷ്പങ്ങളാണ്. അഞ്ചു ബാഹ്യദളങ്ങള്‍ ചേര്‍ന്ന സംയുക്ത ബാഹ്യദളപുടത്തിന് രണ്ടോ അഞ്ചോ കര്‍ണങ്ങളുണ്ടായിരിക്കും.


ദളപുടത്തില്‍ സ്വതന്ത്രങ്ങളായ അഞ്ചു ദളങ്ങളുണ്ട്; ഒരു പതാക ദളവും (standard petal) രണ്ടു പക്ഷ ദളങ്ങളും (wing petals) രണ്ടു പോതക ദളങ്ങ(keel petals)ളും പത്തു കേസരങ്ങളുമുണ്ട്. കേസരങ്ങളില്‍ ഒമ്പതെണ്ണം ഒരു കറ്റയായും ഒരെണ്ണം സ്വതന്ത്രമായും കാണപ്പെടുന്നു. ഒറ്റ അറമാത്രമുള്ള ഊര്‍ധ്വവര്‍ത്തി അണ്ഡാശയമാണിതിന്. മുരിങ്ങക്കായ് പോലുള്ള കായയ്ക്ക് 30 സെ.മീറ്ററോളം നീളമുണ്ടായിരിക്കും. ഒരു കായയില്‍ 15-50 വിത്തുകളുണ്ടാവും.


അകത്തിയുടെ മരത്തൊലിയില്‍ ടാനിന്‍, രക്തവര്‍ണമുള്ള പശ എന്നിവ അടങ്ങിയിട്ടുണ്ട്. ഇലയില്‍ പ്രോട്ടീന്‍, കാല്‍സ്യം, ഫോസ്ഫറസ്, ലോഹാംശം, എ, ബി, സി, ജീവകങ്ങള്‍ എന്നിവയും പുഷ്പങ്ങളില്‍ ബി, സി, ജീവകങ്ങള്‍ എന്നിവയും വിത്തില്‍ പ്രോട്ടീന്‍, കൊഴുപ്പ്, കാര്‍ബോഹൈഡ്രേറ്റ് എന്നിവയും അടങ്ങിയിരിക്കുന്നു. വിത്തില്‍ നിന്ന് ഒലിയാനോലിക് അമ്ളം വേര്‍തിരിച്ചെടുത്തിട്ടുണ്ട്.


തൊലി, ഇല, പുഷ്പം, ഇളം കായ്കള്‍ എന്നിവ ഔഷധയോഗ്യഭാഗങ്ങളാണ്. ഇല പിഴിഞ്ഞ് അരിച്ചെടുത്ത് നസ്യം ചെയ്യുന്നത് കഫവും നീര്‍ക്കെട്ടും മാറാന്‍ സഹായകമാണ്. ഇത് തലവേദന, പീനസം, ചുമ, അപസ്മാരം എന്നീ രോഗങ്ങള്‍ക്കും ശമനമുണ്ടാക്കും. അകത്തിയുടെ ഇല നെയ്യില്‍ വറുത്ത് സേവിക്കുന്നത് നിശാന്ധത അകറ്റും. ജീവകം 'എ'യുടെ അഭാവം കൊണ്ടുണ്ടാകുന്ന എല്ലാ നേത്രരോഗങ്ങള്‍ക്കും ഇത് പ്രയോജനകരമാണ്.


അകത്തിപുഷ്പം അസ്ഥിസ്രാവം തുടങ്ങിയ രോഗങ്ങള്‍ക്ക് ഫലപ്രദമായ ഔഷധമാണ്. അകത്തിക്കുരു പാല്‍ ചേര്‍ത്തരച്ച് നീരും വേദനയുമുള്ള വ്രണങ്ങളില്‍ ലേപനം ചെയ്താല്‍ വ്രണം പെട്ടെന്ന് ഉണങ്ങും. അകത്തിയുടെ ഇലയും പൂവും കറിവയ്ക്കാന്‍ ഉപയോഗിക്കുന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%95%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍