This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഗിനാള്‍ഡോ, എമിലിയോ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

07:18, 11 ഫെബ്രുവരി 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 116.68.65.109 (സംവാദം)

അഗിനാള്‍ഡോ, എമിലിയോ (1869 - 1964)

Aguinaldo,Emilio

ഫിലിപ്പീന്‍ സ്വാതന്ത്യ്രസമരനേതാവ്. ലൂസോണ്‍ പ്രവിശ്യയിലെ കെവിറ്റെ പട്ടണത്തില്‍ ചൈനീസ് ടാഗലോഗ് ദമ്പതികളുടെ പുത്രനായി 1869 മാ. 23-ന് ജനിച്ചു. സ്വന്തം നഗരത്തിലും മനിലായിലെ സെന്റ് തോമസ് സര്‍വകലാശാലയിലുമായി പഠനം പൂര്‍ത്തിയാക്കി. 1895-ല്‍ ഇദ്ദേഹം കെവിറ്റെ വീജോയിലെ മേയറായി. 1896 ആഗ.-ല്‍ സ്പാനിഷ് ഭരണത്തിനെതിരായി ഫിലിപ്പീന്‍ ജനത സ്വാതന്ത്യ്രസമരമാരംഭിച്ചപ്പോള്‍ അഗിനാള്‍ഡോ അതിനു നേതൃത്വം നല്കി. തനിക്ക് പ്രതിഫലവും ഫിലിപ്പീന്‍ ജനതയ്ക്ക് ഉദാരമായ ഭരണപരിഷ്കാരങ്ങളും സ്പെയിന്‍ ഭരണാധികാരികള്‍ വാഗ്ദാനം ചെയ്തതിനെത്തുടര്‍ന്ന് ഹോങ്കോങില്‍പോയി സ്ഥിരമായി താമസമുറപ്പിക്കുവാന്‍ ഇദ്ദേഹം 1898 ജനു.-ല്‍ സമ്മതിച്ചു. അധികം താമസിയാതെ സ്പെയിനും യു.എസ്സും തമ്മില്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടു. 1898 മേയില്‍ മനിലായുദ്ധത്തില്‍ യു.എസ്. ജയിച്ചപ്പോള്‍ അഗിനാള്‍ഡോ നാട്ടിലേക്ക് മടങ്ങി. സ്പെയിനുമായുള്ള യുദ്ധത്തില്‍ യു.എസ്സിനെ സഹായിക്കുകയും അതുവഴി തന്റെ രാജ്യത്തിന് സ്വാതന്ത്യ്രം നേടിയെടുക്കുകയുമായിരുന്നു ഇദ്ദേഹത്തിന്റെ ഉദ്ദേശം. യു.എസ്സിന്റെ ആശീര്‍വാദത്തോടുകൂടി ഇദ്ദേഹം ഫിലിപ്പീന്‍സില്‍ ഒരു ദേശീയ ഗവണ്‍മെന്റ് രൂപവത്കരിക്കുകയും അതിന്റെ നേതൃത്വം ഏറ്റെടുക്കുകയും ചെയ്തു. പട്ടാളത്തെ പുനഃസംഘടിപ്പിച്ച് ഫിലിപ്പീന്‍സിനെ ഒരു റിപ്പബ്ളിക്കായി ഇദ്ദേഹം പ്രഖ്യാപിച്ചു. സ്പെയിനുമായുള്ള യുദ്ധത്തില്‍ അമേരിക്ക ജയിച്ചതോടെ അവര്‍ ഫിലിപ്പീന്‍സിന്റെ സ്വാതന്ത്യ്രത്തിനു നല്കിയിരുന്ന അലിഖിതമായ അംഗീകാരം പിന്‍വലിച്ചു. തന്‍മൂലം 1899 ഫെ. 4-ന് മനിലായുടെ നേര്‍ക്കു നടത്തിയ വിഫലമായ ഒരു ആക്രമണത്തോടെ അഗിനാള്‍ഡോ യു.എസ്സിനെതിരായുള്ള പ്രതികാര നടപടികള്‍ ആരംഭിച്ചു. തുടര്‍ന്ന് 1899-ല്‍ അഗിനാള്‍ഡോ പ്രസിഡന്റായുള്ള ഒരു ഗൂഢഗവണ്‍മെന്റ് ഫിലിപ്പീന്‍സിന്റെ സ്വാതന്ത്യ്രം പ്രഖ്യാപിച്ചു. യു.എസ്സിന് കനത്ത നഷ്ടങ്ങള്‍ ഉണ്ടായി. എന്നാല്‍ ഈ സൈനിക പ്രവര്‍ത്തനങ്ങള്‍ ദുര്‍ബലമായതിനെതുടര്‍ന്ന് അഗിനാള്‍ഡോവിനു ഫിലിപ്പീന്‍ മലഞ്ചരിവുകളില്‍ അഭയം തേടേണ്ടിവന്നു. 1901 മാ. 23-ന് യു.എസ്. അധികാരികള്‍ ഇദ്ദേഹത്തെ തടവുകാരനായി പിടിച്ച് മനിലായില്‍ കൊണ്ടുവന്നു. 1901 ഏ. 19-ന് യു.എസ്സിനോടു കൂറു പ്രഖ്യാപിക്കുവാന്‍ നിര്‍ബന്ധിതനാകുകയും സജീവമായ പൊതുജീവിതത്തില്‍ നിന്നു വിരമിക്കുകയും ചെയ്തു.

എന്നാല്‍ 1935-ല്‍ ഫിലിപ്പീന്‍സില്‍ പുതിയ ഗവണ്‍മെന്റ് സംഘടിപ്പിച്ചപ്പോള്‍ പ്രസിഡന്റുപദത്തിനു അഗിനാള്‍ഡോ മത്സരിച്ചു പരാജിതനായി. രണ്ടാം ലോക യുദ്ധകാലത്ത് ഇദ്ദേഹം യു.എസ്സിന് എതിരായി ജപ്പാനുവേണ്ടി പ്രവര്‍ത്തിച്ചു. തന്‍മൂലം യുദ്ധാനന്തരം ഇദ്ദേഹം ശിക്ഷിക്കപ്പെട്ടെങ്കിലും പിന്നീട് ശിക്ഷ ഇളവു ചെയ്യപ്പെട്ടു. രാജ്യസേവനത്തെ പുരസ്കരിച്ച് ഇദ്ദേഹം 1950-ല്‍ കൌണ്‍സില്‍ ഒഫ് സ്റ്റേറ്റ് അംഗമായി നിയമിക്കപ്പെട്ടു. 1964 ഫെ. 6-ന് മനിലായില്‍ ഇദ്ദേഹം നിര്യാതനായി.

(ഡോ. എ.കെ. ബേബി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍