This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡിസ്റെയ്ലി, ബഞ്ചമിന്‍ (1804 - 81)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

07:57, 25 നവംബര്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഡിസ്റെയ്ലി, ബഞ്ചമിന്‍ (1804 - 81)

Disraeli,Benjamin

ഇംഗ്ലീഷ് നോവലിസ്റ്റും ഗദ്യകാരനും. രാഷ്ട്രീയനേതാവ്, ബ്രിട്ടന്റെ മുന്‍പ്രധാനമന്ത്രി എന്നീ നിലകളിലും പ്രശസ്തനാണ്. 1804 ഡി. 21-ന് ലണ്ടനില്‍ ജനിച്ചു. വാല്‍ത്തം സ്റ്റോയിലെ ഒരു പ്രൈവറ്റ് സ്കൂളിലായിരുന്നു വിദ്യാഭ്യാസം. 1826-ല്‍ തന്റെ 22-ാം വയസ്സില്‍ തന്നെ ഡിസ്റെയ്ലി സാഹിത്യരചന ആരംഭിക്കുകയുണ്ടായി. 1828-31 കാലഘട്ടത്തില്‍ സ്പെയിന്‍, ഇറ്റലി, പൌരസ്ത്യ യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ പര്യടനം നടത്തി. 1821-നും -47-നുമിടയ്ക്ക് നിരവധി പ്രാവശ്യം ഇദ്ദേഹം പാര്‍ലമെന്റിലേക്കു തിരഞ്ഞെടുക്കപ്പെടുകയുണ്ടായി. 1842-ല്‍ യംഗ് ഇംഗ്ലണ്ട് പാര്‍ട്ടി ഒഫ് കണ്‍സര്‍വേറ്റീവ്സിന്റെ നേതൃസ്ഥാനത്ത് അവരോധിക്കപ്പെട്ടു. 1852-നും-68-നുമിടയ്ക്ക് മൂന്നു പ്രാവശ്യം ചാന്‍സലര്‍ ഒഫ് ദി എക്സ്ചെക്കര്‍ ആയി സേവനമനുഷ്ഠിക്കുകയും ചെയ്തു. 1868-ലും 1874-80 കാലഘട്ടത്തിലും പ്രധാനമന്ത്രിയായി സേവനമനുഷ്ഠിക്കാനും ഡിസ്റെയ്ലിക്ക് അവസരം ലഭിച്ചു. 1875-ല്‍ സൂയസ് കനാലിന്റെ പകുതി ഉടമാവകാശം ബ്രിട്ടന് നേടിയെടുത്തതാണ് ഇദ്ദേഹത്തിന്റെ ഏറ്റവും വലിയ രാഷ്ട്രീയവിജയമായി വാഴ്ത്തപ്പെടുന്നത്.

വിവിയന്‍ ഗ്രേ (5 വാല്യം, 1826-27), കോനിംഗ്സ്ബി (1844), സിബില്‍ (1845), റ്റാന്‍ക്രെഡ് (1847) ലോതെയര്‍ (1870), എന്‍ഡിമിയന്‍ (1880) തുടങ്ങിയ നിരവധി നോവലുകളുടെ കര്‍ത്താവാണ് ബഞ്ചമിന്‍ ഡിസ്റെയ്ലി. രാഷ്ട്രീയ നോവലുകളുടെ കര്‍ത്താവെന്ന നിലയിലാണ് ഇദ്ദേഹത്തിന് പ്രശസ്തി ഏറെയുള്ളത്. രാഷ്ട്രീയ അന്യാപദേശങ്ങള്‍ (political allegories) എന്ന് ഇദ്ദേഹത്തിന്റെ നോവലുകളെ വിശേഷിപ്പിക്കാം. നോവലുകളിലൂടെ തന്റെ രാഷ്ട്രീയ ദര്‍ശനങ്ങള്‍ക്ക് കലാസുഭഗമായ ആവിഷ്കാരം നല്‍കുകയാണ് ഇദ്ദേഹം ചെയ്തത്. ആ വഴിക്ക് സമകാലിക യാഥാസ്ഥിതിക കക്ഷിയെയും ബ്രിട്ടിഷ് ജനതയെയും ബോധവത്കരിക്കുകയും പരിവര്‍ത്തനവിധേയരാക്കുകയും ചെയ്യാനായിരുന്നു ഡിസ്റെയ്ലിയുടെ ശ്രമം.

1826-ല്‍ പുറത്തുവന്ന വിവിയന്‍ ഗ്രേയുടെ ഒന്നാം ഭാഗം വന്‍ വിജയമായിരുന്നു. സമകാലിക സാമൂഹിക ജീവിതത്തില്‍ നിന്നു തിരഞ്ഞെടുത്ത കഥാപാത്രങ്ങളുമായി എളുപ്പം താദാത്മ്യം പ്രാപിക്കാന്‍ വായനക്കാര്‍ക്കു കഴിഞ്ഞു. അഭിജാത വര്‍ഗത്തിന്റെ ജീവിതം ചിത്രീകരിക്കുന്നതും അക്കാലത്തു വളരെ പ്രചാരം നേടിയതുമായ 'വെള്ളിക്കരണ്ടി നോവലിന്റെ' (silver-fork novel) മാതൃകയിലാണ് ഈ കൃതി രചിക്കപ്പെട്ടിരിക്കുന്നത്. പറയത്തക്ക രാഷ്ട്രീയ ദര്‍ശനങ്ങളോ ധാര്‍മികമൂല്യങ്ങളോ ഒന്നുമില്ലാതെ ജീവിതവിജയം മാത്രം ലക്ഷ്യമാക്കി നടക്കുന്ന ഒരു യുവാവിന്റെ മാനസിക വികാസവും രാഷ്ട്രീയ ബോധവത്ക്കരണവുമാണ് ഈ നോവലിന്റെ മുഖ്യപ്രമേയം.

ബഞ്ചമിന്‍ ഡിസ്റെയ്ലി

നോവല്‍ ഒഫ് ദി എയ്റ്റീന്‍ ഫോര്‍ട്ടീസ് (1954) എന്ന കൃതിയില്‍ കാത്ലീന്‍ റ്റിലസ്റ്റന്‍ നിരീക്ഷിച്ചതുപോലെ, തങ്ങളുടെ സാമൂഹികാവകാശങ്ങളേയും കടമകളേയും കുറിച്ചു ബോധമുള്ളവരാണ് ഡിസ്റെയ്ലിയുടെ പക്വമതികളായ നായകന്മാര്‍. സിബിലിലെ ചാള്‍സ് എഗ്രിമോണ്ട്, കോനിംഗ്സ്ബി, റ്റാന്‍ക്രെഡ്, ലോതെയര്‍, എന്‍ഡിമിയന്‍ എന്നിവരെല്ലാം ഇക്കൂട്ടത്തില്‍പ്പെടുന്നു. ആഢ്യവര്‍ഗത്തിന്റെ ആശയാദര്‍ശങ്ങള്‍ തകര്‍ന്നടിഞ്ഞതില്‍ ഖിന്നരായ ഇവര്‍ ബ്രിട്ടനിലെ യാഥാസ്ഥിതികകക്ഷികളുടെ ദുരവസ്ഥയ്ക്കു കാരണം ഈ തകര്‍ച്ചയാണെന്ന് കണ്ടെത്തുന്നു. സാമൂഹികപ്രതിബദ്ധത എന്ന പഴയ ആശയത്തിന്റെ പുനരുത്ഥാനമാണ് ഇതിനുള്ള പ്രതിവിധിയായി ഇവര്‍ കാണുന്നത്. അങ്ങനെ ഡിസ്റെയ്ലിയുടെ കഥാനായകന്മാര്‍ അദ്ദേഹത്തിന്റെ തന്നെ രാഷ്ട്രീയാശയങ്ങളുടെ പ്രതിനിധികളാണെന്നു കാണാന്‍ പ്രയാസമില്ല. യാഥാസ്ഥിതിക ദര്‍ശനത്തിന്റെ കലാസുഭഗമായ ആവിഷ്കാരമെന്ന ഖ്യാതി അദ്ദേഹത്തിന്റെ കൃതികള്‍ക്കും ലഭിച്ചു.

ലായേഴ്സ് ആന്‍ഡ് ലെജിസ്ളേറ്റേഴ്സ് (1825), ദ് പ്രസന്റ് സ്റ്റേജ് ഒഫ് മെക്സിക്കോ (1825), കീ റ്റു വിവിയന്‍ ഗ്രേ (1827), വിന്‍ഡിക്കേഷന്‍ ഒഫ് ദി ഇംഗ്ലീഷ് കോണ്‍സ്റ്റിറ്റ്യൂഷന്‍ (1835) എന്നിവയാണ് ബഞ്ചമിന്‍ ഡിസ്റെയ്ലിയുടെ ഗദ്യകൃതികളില്‍ പ്രധാനം. ദ് റെവല്യൂഷണറി എപ്പിക് (1834) എന്ന കാവ്യവും ദ് ട്രാജഡി ഒഫ് കൌണ്ട് അലാര്‍ക്കോസ് (1839), എന്ന നാടകവും ഇദ്ദേഹം രചിച്ചിട്ടുണ്ട്. 1881-ല്‍ നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍