This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡിസ്നി, വാള്‍ട്ടര്‍ ഏലിയാസ് (1901-66)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

07:40, 25 നവംബര്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ഡിസ്നി, വാള്‍ട്ടര്‍ ഏലിയാസ് (1901-66)

Disney,Walter Elias

ലോകപ്രശസ്തനായ ചലച്ചിത്രനിര്‍മാതാവ്. ചിക്കാഗോയിലെ ഇലിനോയില്‍ 1901 ഡി. 5-ന് ജനിച്ചു. ഏലിയാസും ഫ്ളോറ ഡിസ്നിയുമാണ് മാതാപിതാക്കള്‍. വിദ്യാഭ്യാസകാലത്ത് ചിത്രകലയില്‍ പ്രാവീണ്യം നേടി. 1920-ല്‍ കന്‍സാസ് സിറ്റി ഫിലിം അഡ്വര്‍ടൈസിങ് കമ്പനിയില്‍ ചേര്‍ന്നു കാര്‍ട്ടൂണ്‍ പരസ്യങ്ങള്‍ തയ്യാറാക്കുന്ന ജോലി നിര്‍വഹിച്ചു.

വാള്‍ട്ടര്‍ ഏലിയാസ് ഡിസ്നി

1923-ല്‍ ലോസ് ആഞ്ചലീസില്‍ എത്തിച്ചേര്‍ന്ന ഡിസ്നി ചലച്ചിത്രനിര്‍മാണം ആരംഭിച്ചുവെങ്കിലും അതൊരു പരാജയമായിരുന്നു. വീണ്ടും കാര്‍ട്ടൂണ്‍ ചിത്രരചനയിലേക്കു കടക്കുകയും ഒരു ഗരാജില്‍ സ്വന്തമായി സ്റ്റുഡിയോ ആരംഭിക്കുകയും ചെയ്തു. കുറച്ചുകാലത്തെ കഠിനയത്നത്തിനുശേഷമാണ് 1928-ല്‍ മിക്കിമൌസ് കാര്‍ട്ടൂണ്‍ ചിത്രങ്ങള്‍ പുറത്തിറക്കിയത്. പെട്ടെന്നു പ്രചാരം നേടിയ മിക്കി മൌസ് ഡിസ്നിയെ പ്രശസ്തനാക്കി.1927-ല്‍ കാര്‍ട്ടൂണ്‍ ചിത്രങ്ങള്‍ക്കു ശബ്ദം നല്‍കുകയും ഏതാനും വര്‍ഷങ്ങള്‍ക്കു ശേഷം വര്‍ണചിത്രങ്ങള്‍ വികസിപ്പിച്ചെടുക്കുകയും ചെയ്തു. ഭാവനാ സമ്പന്നനായ ഡിസ്നി ശബ്ദവും വര്‍ണവും പരമാവധി പ്രയോജനപ്പെടുത്തി ചിത്രങ്ങളെ ഏറെ ആകര്‍ഷകമാക്കി. മിക്കി മൗസിന് ആദ്യമായി ശബ്ദം നല്‍കിയതും ഇദ്ദേഹമായിരുന്നു. 1932-ല്‍ പുറത്തുവന്ന ഫ്ളവേഴ്സ് ആന്റ് ട്രീസ് ആണ് ഇദ്ദേഹം നിര്‍മിച്ച ആദ്യത്തെ മുഴുനീള വര്‍ണ ചിത്രം.

1929-39 കാലയളവില്‍ ഡിസ്നിയുടെ മേല്‍നോട്ടത്തില്‍ സില്ലി സിംഫണീസ് എന്ന പേരില്‍ ഒരു കാര്‍ട്ടൂണ്‍ പരമ്പര നിര്‍മിക്കുകയുണ്ടായി. മിക്കി മൗസിനോടൊപ്പം ഡൊണാള്‍ഡ് ഡക്ക്, ഗൂഫി, പ്ളൂട്ടോ തുടങ്ങിയ കഥാപാത്രങ്ങളും ഈ പരമ്പരയില്‍ പ്രത്യക്ഷപ്പെട്ടു. എങ്കിലും കാര്‍ട്ടൂണ്‍ രചനയെക്കാളേറെ ചലച്ചിത്രനിര്‍മാണത്തിലും സംവിധാനത്തിലുമാണ് ഡിസ്നി പ്രാഗല്ഭ്യം കാട്ടിയത്.

1937- ആദ്യത്തെ മുഴുനീള കാര്‍ട്ടൂണ്‍ ചിത്രമായ സ്നോവൈറ്റ് ആന്റ് സെവന്‍ ഡ്വാര്‍ഫ്സ് ഡിസ്നി പൂര്‍ത്തിയാക്കി. പില്ക്കാലത്ത് വളരെയേറെ ജനശ്രദ്ധ ആകര്‍ഷിച്ച ഒരു ചിത്രമാണിത്. തുടര്‍ന്നു റിലീസ് ചെയ്ത പിനോക്കിയോ (1940) ഫന്റാസിയ (1940) ബാംബി (1942) സിന്റെറെല്ല (1950) ആലിസ് ഇന്‍ വണ്ടര്‍ ലാന്റ് (1951) പീറ്റര്‍പാന്‍ (1953) ലേഡി ആന്റ് ദ് ട്രാംപ് (1955) ജംഗിള്‍ ബുക്ക് (1967) തുടങ്ങിയ കാര്‍ട്ടൂണ്‍ ചിത്രങ്ങള്‍ ഡിസ്നിയെ ലോകപ്രശസ്തനാക്കി മാറ്റി.

കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളെ ഒഴിവാക്കി മനുഷ്യര്‍ മാത്രം അഭിനയിച്ച ട്രഷര്‍ ഐലന്റ് എന്ന ചലച്ചിത്രം 1950-ലാണ് ഡിസ്നി പുറത്തിറക്കിയത്. പിന്നീട് ഇദ്ദേഹം നിര്‍മിച്ച മനുഷ്യരും കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളും ഇടകലര്‍ന്നഭിനയിച്ച മേരിപോപ്പിന്‍സ് (1964) എന്ന ചിത്രവും വമ്പിച്ച വിജയമായിരുന്നു.

‌രണ്ടാം ലോകയുദ്ധകാലത്ത് അമേരിക്കന്‍ ഭരണകൂടത്തിനുവേണ്ടി ഡിസ്നിയുടെ സ്റ്റൂഡിയോയില്‍ വിദ്യാഭ്യാസപരമായ പല ലഘു ചിത്രങ്ങളും നിര്‍മിക്കുകയുണ്ടായി. യുദ്ധത്തിനുശേഷം ഡിസ്നി കാര്‍ട്ടൂണ്‍ചിത്രനിര്‍മാണം പരിമിതപ്പെടുത്തുകയും ഫീച്ചര്‍ ഫിലിമില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു.

1949-ല്‍ ട്രുലൈഫ് അഡ്വഞ്ചേര്‍സ് എന്ന പരമ്പരയിലെ ആദ്യചിത്രമായ സിന്‍ ഐലന്റ് റിലീസ് ചെയ്തു. ആദ്യത്തെ മുഴുനീള പ്രകൃതിചിത്രമായ ദ് ലിവിങ് ഡസര്‍ട്ട് 1953-ല്‍ പുറത്തു വന്നു. ജന്തുജീവിതത്തില്‍ മനുഷ്യര്‍ക്കു പലപ്പോഴും കണ്ടെത്താന്‍ കഴിയാത്ത രംഗങ്ങളാണ് ഡിസ്നി ചിത്രീകരിച്ചത്. ആനിമേഷന്‍ ചലച്ചിത്ര രംഗത്തിന് ഡിസ്നി നല്‍കിയിട്ടുളള സംഭാവനകളും മഹത്തരങ്ങളായിരുന്നു. ആകെ 39 അക്കാദമി അവാര്‍ഡുകളും ഇദ്ദേഹത്തിനു ലഭിച്ചിരുന്നു. 1950-കളില്‍ ടെലിവിഷന്‍ പ്രചാരത്തില്‍വന്നപ്പോള്‍ അതിനുവേണ്ടിയും അനേകം ചിത്രങ്ങള്‍ ഇദ്ദേഹം നിര്‍മിക്കുകയുണ്ടായി.

1966 ഡി. 15-ന് വാള്‍ട്ട് ഡിസ്നി ലോസ് ആഞ്ചലിസില്‍ അന്തരിച്ചു. ഡിസ്നിയുടെ മരണശേഷവും കാലിഫോര്‍ണിയയിലെ ബര്‍ബാങ്കില്‍ വാള്‍ട്ട് ഡിസ്നി പ്രൊഡക്ഷന്‍സ് പ്രവര്‍ത്തനം തുടരുന്നു.

കാര്‍ട്ടൂണ്‍ കഥകളിലൂടെയും കഥാപാത്രങ്ങളിലൂടെയും തന്റെ രാഷ്ട്രീയനിലപാടുകള്‍ ലജ്ജയോ സന്ദേഹമോ ഇല്ലാതെ തുറന്നു പ്രഖ്യാപിക്കാനാണ് ഡിസ്നി എന്നും ശ്രമിച്ചിട്ടുളളതെന്ന് ചിലിയന്‍ നോവലിസ്റ്റും സാമൂഹിക ചിന്തകനുമായ ഏരിയല്‍ ഡോവ്മാന്റെ ഹൗ ടു റീഡ് ഡൊണാള്‍ഡ് ഡക്ക് എന്ന കൃതിയില്‍ സൂചിപ്പിട്ടുണ്ട്. ഡിസ്നിയുടെ പ്രസിദ്ധ കാര്‍ട്ടൂണ്‍ ചിത്രങ്ങളുടെ കഥകളെല്ലാം തന്നെ യൂറോപ്പിലേയും ആഫ്രിക്കയിലേയും ഏഷ്യയിലേയും നാടോടി സാഹിത്യത്തില്‍നിന്നു കടം കൊണ്ടവയാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍