This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡിസ്ട്രിക്റ്റ് പ്രൈമറി എഡ്യൂക്കേഷന്‍ പ്രോഗ്രാം (ഡി.പി.ഇ.പി)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

07:14, 25 നവംബര്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഡിസ്ട്രിക്റ്റ് പ്രൈമറി എഡ്യൂക്കേഷന്‍ പ്രോഗ്രാം (ഡി.പി.ഇ.പി)

1994-ല്‍ ലോകബാങ്കിന്റെ സഹായത്തോടെ ഇന്ത്യയില്‍ 15 സംസ്ഥാനങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട ജില്ലകളില്‍ നടപ്പാക്കിയ പ്രാഥമിക വിദ്യാഭ്യാസ പരിപാടി. ഡി.പി.ഇ.പി. എന്ന ചുരുക്കപേരിലറിയപ്പെടുന്ന ഈ പദ്ധതി പ്രാഥമിക വിദ്യാഭ്യാസം ഏവര്‍ക്കും ലഭ്യമാക്കുന്നതിനും അതിന്റെ നിലവാരം മെച്ചപ്പെടുത്തുന്നതിനും പഠനം രസകരമാക്കുന്നതിനും ഊന്നല്‍ നല്‍കുന്നു.

കേരളത്തില്‍ 6 ജില്ലകള്‍ക്കാണ് ഈ പദ്ധതി അംഗീകരിച്ചു കിട്ടിയത്. കാസര്‍കോട്, മലപ്പുറം, വയനാട് ജില്ലകളില്‍ ആദ്യവര്‍ഷവും പാലക്കാട്, ഇടുക്കി, തിരുവനന്തപുരം ജില്ലകളില്‍ രണ്ടാം വര്‍ഷവും പരിപാടി ആരംഭിച്ചു. പ്രൈമറി എഡ്യൂക്കേഷന്‍ ഡെവലപ്പ്മെന്റ് സൊസൈറ്റി ഒഫ് കേരള (PEDSOK) എന്ന പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള ഒരു സൊസൈറ്റിയാണ് ഈ പദ്ധതിയുടെ നടത്തിപ്പിന്റെ ചുമതല വഹിക്കുന്നത്. സംസ്ഥാന വിദ്യാഭ്യാസ വകുപ്പിനു സമാന്തരമായി ഇതു പ്രവര്‍ത്തിക്കുന്നു.

ജില്ലയിലെ എല്ലാ വിദ്യാര്‍ഥികള്‍ക്കും 5-ാം സ്റ്റാന്‍ഡേര്‍ഡു വരെയുളള പ്രാഥമിക വിദ്യാഭ്യാസം നല്‍കുക, പ്രാഥമിക വിദ്യാഭ്യാസ കാലഘട്ടത്തിലെ കൊഴിഞ്ഞു പോകല്‍ (Dropping Out) 10 ശ.മാ-ത്തില്‍ താഴെ കൊണ്ടെത്തിക്കുക, ആണ്‍കുട്ടികളും പെണ്‍കുട്ടികളും തമ്മിലും വിവിധ സാമൂഹ്യ വിഭാഗങ്ങള്‍ തമ്മിലും പ്രവേശനത്തിലും കൊഴിഞ്ഞു പോകലിലും പഠനനിലവാരത്തിലും ഉള്ള അന്തരം 5 ശ.മാ.-ത്തില്‍ താഴെയാക്കുക, ഭാഷയിലും കണക്കിലും ഉളള നിലവാരം 25 ശ.മാ.-വും, ഇതരവിഷയങ്ങളിലേതു 40 ശ.മാ.-വും വര്‍ധിപ്പിക്കുക, പ്രൈമറി വിദ്യാഭ്യാസ പദ്ധതിയിലെ ആസൂത്രണം, സംഘാടനം, മൂല്യനിര്‍ണയം എന്നിവയ്ക്ക് ദേശീയതലത്തിലും സംസ്ഥാന-ജില്ലാതലത്തിലും ഉളള ഔദ്യോഗിക സംവിധാനങ്ങളും സൗകര്യങ്ങളും ശക്തിപ്പെടുത്തുക എന്നിവയാണ് ഈ പരിപാടി പ്രധാനമായും ലക്ഷ്യമിട്ടിട്ടുളളത്.

വിദ്യാഭ്യാസപരമായി പിന്നോക്കം നില്‍ക്കുന്നതും ദേശീയ ശരാശരിയില്‍ താണ സാക്ഷരതയുളളതുമായ ജില്ലകളാണ് ഡി.പി.ഇ.പി. ജില്ലകളായി തിരഞ്ഞെടുക്കാറുളളത്. സമ്പൂര്‍ണ സാക്ഷരതായജ്ഞം നടന്ന ജില്ലകളില്‍ പ്രാഥമിക വിദ്യാഭ്യാസത്തോടു കൂടുതല്‍ ആഭിമുഖ്യം പുലര്‍ത്തുന്ന ജില്ലകളും ഈ പരിപാടിയുടെ നടത്തിപ്പിനായി തിരഞ്ഞെടുക്കാറുണ്ട്. 1994-ല്‍ അസം, ഹരിയാണ, കര്‍ണാടകം, കേരളം, മധ്യപ്രദേശ്, മഹാരാഷ്ട്ര, തമിഴ്നാട് എന്നീ ഏഴ് സംസ്ഥാനങ്ങളിലെ 42 ജില്ലകളിലാണ് ഡി.പി.ഇ.പി. ആദ്യമായി ആരംഭിച്ചത്. പിന്നീട് മറ്റു എട്ടു സംസ്ഥാനങ്ങളിലേക്കുകൂടി ഇതു വ്യാപിപ്പിക്കുകയും ജില്ലകളുടെ എണ്ണം 176 ആയി വര്‍ധിപ്പിക്കുകയും ചെയ്തു. മൊത്തം 240 ജില്ലകള്‍ക്കാണ് ലോകബാങ്ക് 40 കോടി രൂപ എന്ന നിരക്കില്‍ സഹായം വാഗ്ദാനം ചെയ്തത്. 1994-ല്‍ തുടങ്ങിയ പരിപാടി 2002 ഡി.-ല്‍ പൂര്‍ത്തിയാക്കാനായി ലക്ഷ്യമിട്ടുകൊണ്ടുള്ളതായിരുന്നു. ഇതിനു പകരമായോ തുടര്‍ച്ചയായോ നടപ്പിലാക്കുന്ന പരിപാടിയാണ് 'സര്‍വശിക്ഷക് അഭിയാന്‍ ' അഥവാ സാര്‍വത്രിക വിദ്യാഭ്യാസം എന്ന പദ്ധതി. വിദ്യാഭ്യാസം മൌലികാവകാശമാക്കാനുളള 93-ാമതു ഭരണഘടനാ ഭേദഗതി ഇതിന്റെ നടത്തിപ്പിന് ആക്കം കൂട്ടാന്‍ ഇടയുണ്ട്.

ആസൂത്രണത്തിനും നിര്‍വഹണത്തിനും ജില്ലയെ അടിസ്ഥാനപ്പെടുത്തി ജനപങ്കാളിത്തം ഉറപ്പാക്കിക്കൊണ്ടു നിലവിലുളള പരിപാടികളും ലഭ്യമായ വിഭവശേഷിയും സമാഹരിച്ച് ഏകോപിപ്പിച്ചുളള ഒരു സംയോജിത സമീപനം (Holistic approach) ആണ് ഈ പരിപാടിയില്‍ സ്വീകരിച്ചിട്ടുളളത്. വികേന്ദ്രീകൃത ആസൂത്രണത്തിന്റെ സവിശേഷതകള്‍ ഇവിടെ ദൃശ്യമാണ്. പട്ടികജാതി, പട്ടികവര്‍ഗം തുടങ്ങിയ ദുര്‍ബല വിഭാഗങ്ങള്‍ക്കും വികലാംഗര്‍ക്കും പ്രയോജനപ്പെടുന്ന വിധത്തിലാണ് പദ്ധതികളും നയങ്ങളും ആവിഷ്കരിച്ച് നടപ്പാക്കിയിട്ടുളളത്. പദ്ധതി പൂര്‍ത്തിയായശേഷവും ഇതിലൂടെ ലഭ്യമാവുന്ന വിഭവശേഷി തുടര്‍ന്നുപയോഗിക്കാന്‍ കഴിയും. പ്രാദേശിക തലത്തില്‍ ഉരുത്തിരിയുന്ന പുതിയ പ്രവണതകളും സമീപനങ്ങളും പരീക്ഷണങ്ങളും യഥാസമയം പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ കഴിയും എന്നത് ഡി.പി.ഇ.പി.യുടെ സവിശേഷതയാണ്. വിദ്യാഭ്യാസം,ആരോഗ്യം, അനൗപചാരിക വിദ്യാഭ്യാസം, ശിശുവിദ്യാഭ്യാസം തുടങ്ങി വിവിധ ഏജന്‍സികളും ഗ്രൂപ്പുകളും ഒറ്റയ്ക്കൊറ്റയ്ക്ക് നടത്തിയിരുന്ന പരിപാടികള്‍ ഏകോപിപ്പിച്ചു ഒരുകുടക്കീഴില്‍ കൊണ്ടുവരുന്നതിനുള്ള ശ്രമമാണ് ഈ പരിപാടിയിലൂടെ നടപ്പാക്കുന്നത്.

ശിശുകേന്ദ്രിതവും പ്രവൃത്തി കേന്ദ്രിതവുമായിട്ടുളള ഡി.പി.ഇ.പി. അനുഭവത്തിലൂടെ പഠിക്കുക എന്ന അധ്യയന രീതിയാണ് അവലംബിച്ചിട്ടുളളത്. പൊതുജനങ്ങള്‍ക്കിടയില്‍ ഡി.പി.ഇ.പിക്ക് അനുകൂലവും പ്രതികൂലവുമായ അഭിപ്രായങ്ങള്‍ നിലവിലുണ്ട്. ഡി.പി.ഇ.പി. ജില്ലകളിലെ കുട്ടികളുടെ പഠന നിലവാരം മറ്റു ജില്ലകളിലെ (Non-DPEP) കുട്ടികളുടേതിനെക്കാള്‍ വളരെ താണു പോകുന്നു എന്നതാണ് ഇതിനെതിരായി ഉയര്‍ന്നു വന്നിട്ടുളള ഏറ്റവും വലിയ വിമര്‍ശനം. ഇതു വിദ്യാര്‍ഥികളുടെ തുടര്‍ന്നുള്ള വിദ്യാഭ്യാസത്തെ പ്രതികൂലമായി ബാധിക്കും എന്നാണ് വിമര്‍ശകര്‍ വിലയിരുത്തുന്നത്.

(ഡോ. കെ. ശിവദാസന്‍പിളള)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍