This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡിസീക്കാ, വിറ്റോറിയോ (1902 - 74)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:30, 25 നവംബര്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഡിസീക്കാ, വിറ്റോറിയോ (1902 - 74)

Desica,Vittorio

ഇറ്റാലിയന്‍ ചലച്ചിത്രസംവിധായകനും നടനും. 1902 ജൂ. 7-ന് ഇറ്റലിയിലെ സൊറായില്‍ ജനിച്ചു. നേപ്പിള്‍സില്‍ വിദ്യാഭ്യാസം നടത്തുമ്പോള്‍ തന്നെ ഉപജീവനത്തിനായി ഓഫീസ് ഗുമസ്തന്റെ ജോലിയും നോക്കി. പിന്നീട് അഭിനയരംഗത്തേക്കു തിരിഞ്ഞ ഡിസീക്ക 1918-ല്‍ ദ് ക്ലെമന്‍ കൊ അഫയര്‍ എന്ന ചലച്ചിത്രത്തിലൂടെയാണ് വെളളിത്തിരയിലേക്കു വന്നത്. 1923-ല്‍ ടാറ്റിയാനാ പവ്ലോവിന്റെ സ്റ്റേജ് കമ്പനിയില്‍ ചേര്‍ന്ന ഡിസീക്ക നാടകവേദിയിലെ ഒരു 'മാറ്റിനി ഐഡലാ'യി മാറി. പിന്നീട് സ്വന്തം കമ്പനി രൂപീകരിച്ച ഡിസീക്ക ഭാര്യയോടൊപ്പം അനേകം നാടകങ്ങളില്‍ അഭിനയിച്ചു. അതോടൊപ്പം തന്നെ കോമഡി ചിത്രങ്ങളില്‍ അഭിനയിച്ച് സിനിമാപ്രേക്ഷകരുടെ ഹൃദയം കവരുകയും ചെയ്തു.

രണ്ടാം ലോകയുദ്ധകാലത്താണ് ഡിസീക്ക സിനിമാ സംവിധാനത്തിലേക്കു തിരിഞ്ഞത്. ആദ്യത്തെ മൂന്നുനാലു ചിത്രങ്ങള്‍ ശരാശരി നിലവാരം പുലര്‍ത്തുന്നവ മാത്രമായിരുന്നു. എങ്കിലും അഞ്ചാമത്തെ ചിത്രമായ ദ് ചില്‍ഡ്രന്‍ ആര്‍ വാച്ചിങ് അസ് ഡിസീക്കയെ ശ്രദ്ധേയനാക്കി. പ്രായമായവരുടെ വിഡ്ഢിത്തരങ്ങള്‍ ബാലമനസ്സിലുളവാക്കുന്ന പ്രത്യാഘാതങ്ങളാണ് ഡിസീക്ക ഹൃദയാവര്‍ജകമായി ഇതില്‍ ചിത്രീകരിച്ചത്. നോവലിസ്റ്റും തിരക്കഥാകൃത്തുമായ സിസറെ സവാറ്റിനിയുമായുളള സഹകരണം ഈ ചിത്രത്തിലൂടെയാണ് ആരംഭിച്ചത്. യുദ്ധാനന്തര ഇറ്റാലിയന്‍ നിയോറിയലിസ്റ്റ് ചിത്രങ്ങളായ ഷൂഷൈന്‍ (1946), ദ് ബൈസൈക്കിള്‍ തീവ്സ് (1948) എന്നിവ ഇവരുടെ മികച്ച സംഭാനവകളാണ്. യുദ്ധാനന്തരം താറുമാറായ നഗരജീവിതമാണ് ഈ ചിത്രങ്ങളില്‍ വരച്ചു കാട്ടുന്നത്. സങ്കീര്‍ണമായ ഒരു പ്രമേയം ആത്മാര്‍ഥതയോടെ അയത്നലളിതമായി ആവിഷ്കരിക്കുവാന്‍ ഡിസീക്കയ്ക്കു കഴിഞ്ഞു. റോമന്‍ തെരുവുകളിലെ സാമ്പത്തിക സാമൂഹികാസ്വാസ്ഥ്യത്തിന്റെ പശ്ചാത്തലത്തില്‍ രണ്ടു കുട്ടികളുടേയും (ഷൂ ഷൈന്‍)ഒരു അച്ഛന്റേയും മകന്റേയും (ദ് ബൈസൈക്കിള്‍ തീവ്സ്) ആത്മബന്ധം ഹൃദ്യമായി ആവിഷ്കരിക്കുന്നു. ഏറ്റവും നല്ല വിദേശ ചിത്രത്തിനുളള ഓസ്കാര്‍ അവാര്‍ഡും മറ്റനേകം ദേശാന്തരീയ അവാര്‍ഡുകളും നേടിയ ദ് ബൈസൈക്കിള്‍ തീവ്സ് നിയോറിയലിസ്റ്റ് ചിത്രങ്ങളുടെ ഉത്തമോദാഹരണമായും ഏറ്റവും മികച്ച ചലച്ചിത്രങ്ങളില്‍ ഒന്നായും കരുതപ്പെടുന്നു.

വിറ്റോറിയോ ഡിസീക്കാ ദ ബൈസൈക്കിള്‍ തീവ്സ് എന്ന ചലച്ചിത്രത്തിന്റെ ചിത്രീകരണ വേളയില്‍

സവാറ്റിനിയുമായി സഹകരിച്ച് 1950-ല്‍ ഡിസീക്കാ പൂര്‍ത്തിയാക്കിയ മിറക്കിള്‍ ഇന്‍ മിലന്‍ പരിഹാസം തുളുമ്പുന്ന ഒരു ഫാന്റസിയായിരുന്നു. വ്യവസായ സമൂഹത്തിലെ ദരിദ്രരുടെ പരിതാപകരമായ അവസ്ഥയാണ് ഈ ചിത്രത്തില്‍ പ്രമേയമാക്കിയിരിക്കുന്നത്. നിയോറിയലിസ്റ്റ് സങ്കേതത്തില്‍ ഡിസീക്കാ അവസാനമായി സംവിധാനം ചെയ്ത ഉംബര്‍ട്ടോഡി (1952) വാര്‍ധക്യവും ഏകാന്തതയും അനുഭവവേദ്യമാക്കുന്ന ഒരു ചലച്ചിത്രകാവ്യമാണ്. സ്വന്തം പിതാവിന്റെ സ്മരണയ്ക്കാണ് ഡിസീക്ക ഈ ചിത്രം സമര്‍പ്പിച്ചത്. പ്രസിദ്ധ നടി സോഫിയാ ലോറന്‍ നായികയായി അഭിനയിച്ച ടു വിമന്‍ (1960) ആണ് ഡിസീക്കയുടെ മറ്റൊരു സംഭാവന.

സിനിമാ സംവിധാനത്തോടൊപ്പം ഡിസീക്കാ സ്വന്തം ചിത്രങ്ങളില്‍ പലതിലും അഭിനയിക്കുകയുണ്ടായി. അന്‍പതുകളുടെ അവസാനത്തില്‍ ഇദ്ദേഹം അഭിനയത്തിനാണ് കൂടുതല്‍ പ്രാധാന്യം കല്പിച്ചത്. കൊമന്‍സിനിയുടെ ബ്രെഡ് ലൗ ആന്റ് ഡ്രീംസില്‍ ഒരു അപരിഷ്കൃത പോലീസ് ഓഫീസറായി അഭിനയിച്ച് ഡിസീക്ക പ്രേക്ഷകരുടെ മനം കവര്‍ന്നു. പ്രസിദ്ധ നടി ജിനലോലാബ്രിജിഡയുമായി ഒരു കോമഡി പരമ്പരയിലും ഇദ്ദേഹം അഭിനയിക്കുകയുണ്ടായി. റോസെലിനിയുടെ ജനറല്‍ ഡെല്ലാറൊവീറെയില്‍ കൂടുതല്‍ ഗൗരവമാര്‍ന്ന ഒരു കഥാപാത്രത്തെ അവതരിപ്പിച്ച് ഡിസീക്ക മറ്റു നടന്മാരുടെ മുന്‍ നിരയിലെത്തി.

അറുപതുകളില്‍ വീണ്ടും സംവിധായക വേഷമണിഞ്ഞ ഡിസീക്കാ എസ്റ്റര്‍ഡേ ടുഡേ ആന്റ് ടുമാറോ (1964), മാര്യേജ് ഇറ്റായിലന്‍ സ്റ്റൈല്‍ (1964) എന്നീ മികച്ച ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് കാഴ്ചവെച്ചു. അല്പകാലത്തെ മൗനത്തിനു ശേഷം 1971-ല്‍ ദ് ഗാര്‍ഡന്‍ ഒഫ് ദ് ഫിന്‍സി കോണ്‍ടിനിസ് എന്ന ചിത്രത്തിലൂടെ നാടകീയമായ ഒരു തിരിച്ചു വരവ് ഇദ്ദേഹം നടത്തി. ഫാസിസ്റ്റ് ഇറ്റലിയില്‍ ജൂതന്മാരുടെ സ്വാതന്ത്ര്യത്തിനും അന്തസ്സിനും വന്നു ചേര്‍ന്ന അപചയമാണ് ഈ ചിത്രത്തിലെ പ്രമേയം. പുരുഷാധിപത്യമുളള ഇറ്റാലിയന്‍ സമൂഹത്തിലെ സ്ത്രീത്തൊഴിലാളികള്‍ ആദ്യമായനുഭവിക്കുന്ന സ്വാതന്ത്ര്യത്തെ ചിത്രീകരിക്കുന്ന എ ബ്രീഫ് വെക്കേഷന്‍ (1973) ഡിസീക്കായുടെ തൊപ്പിയില്‍ മറ്റൊരു തൂവല്‍ കൂടി തുന്നിച്ചേര്‍ത്തു.

ഇരുപത്തിയഞ്ചോളം ചിത്രങ്ങള്‍ സംവിധാനം ചെയ്ത ഡിസീക്കായുടെ നാലു ചിത്രങ്ങള്‍ക്ക് ഏറ്റവും നല്ല വിദേശചിത്രങ്ങള്‍ക്കുള്ള ഓസ്കാര്‍ ലഭിക്കുകയുണ്ടായി. ഷൂഷൈന്‍, ദ് ബൈസൈക്കിള്‍ തീവ്സ്, എസ്റ്റര്‍ഡേ ടുഡേ ആന്റ് ടുമാറോ, ദ് ഗാര്‍ഡനന്‍ ഒഫ് ദ് ഫിന്‍സി കോണ്‍ടിനിസ് എന്നിവയാണ് ഈ ചിത്രങ്ങള്‍. നൂറ്റിഅന്‍പതിലേറെ ചിത്രങ്ങളില്‍ ഡിസീക്കാ അഭിനയിക്കുകയും ചെയ്തു. 1974-ല്‍ ഇദ്ദേഹം അന്തരിച്ചു. മൂത്തമകനായ മാനുവല്‍ ഒരു സംഗീതസംവിധായകനും ഇളയമകനായ ക്രിസ്റ്റ്യന്‍ പോപ് ഗായകനും നടനുമാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍