This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡിവിഡി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

05:21, 25 നവംബര്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഡിവിഡി

DVD

ഉയര്‍ന്ന സംഭരണ ശേഷിയുള്ള (storage capacity) ഒരു ആലേഖനോപകരണം. ആദ്യ കാലങ്ങളില്‍ 'ഡിജിറ്റല്‍ വിഡിയൊ ഡിസ്ക്' എന്നതിന്റേയും പിന്നീട് 'ഡിജിറ്റല്‍ വേഴ്സറ്റൈല്‍ ഡിസ്ക്' എന്നതിന്റേയും സംക്ഷിപ്തരൂപമായിരുന്നു ഡിവിഡി. എന്നാല്‍ ഇന്ന് ഡിസ്ക് എന്നതു പോലെ, ഡിവിഡിയും ഒരു അംഗീകൃത ചുരുക്കപ്പേരായി മാറിയിരിക്കുന്നു. സിഡി റോമുമായി സാമ്യമുണ്ടെങ്കിലും ഡേറ്റ ആലേഖനം ചെയ്യാന്‍ സിഡി റോമിനെ അപേക്ഷിച്ച് ഉയര്‍ന്ന ആവൃത്തിയിലുള്ള ലേസര്‍ രശ്മികളുപയോഗിക്കുന്നതിനാല്‍ ഡിവിഡിയിലെ പിറ്റുകള്‍ (pits) സിഡിയിലുള്ളതിനേക്കാള്‍ ചെറുതും, ട്രാക്കുകള്‍ കൂടുതല്‍ നിബിഡവുമാണ്.

വിഡിയൊ ഡേറ്റയും, ശബ്ദ ഡേറ്റയും ഒരേ ഡിസ്ക്കില്‍ തന്നെ ഉള്‍ക്കൊള്ളിക്കാന്‍ വേണ്ടി ആരംഭിച്ച പരീക്ഷണങ്ങളില്‍ നിന്നാണ് ഡിവിഡി രൂപം കൊണ്ടത്. ഇതിന്റെ വികസനത്തിന് ഹോളിവുഡ് സിനിമാവ്യവസായത്തിന്റെ പിന്‍ബലവും ലഭിച്ചിട്ടുണ്ട്.

ഏകവശ ഡിവിഡിയുടേയും സിഡി റോമിന്റേയും സ്വഭാവ വിശേഷങ്ങള്‍ പട്ടിക ഒന്നില്‍ കൊടുത്തിരിക്കുന്നു. വളരെ ഉയര്‍ന്ന സംഭരണ ശേഷി, ബഹുതല പ്രവര്‍ത്തന ക്ഷമത (inter-operability and backward compatibility) എന്നിവയാണ് ഡിവിഡിയുടെ സവിശേഷതകള്‍.

ഏറ്റവും കുറഞ്ഞ സംഭരണ ശേഷി (4.7 ഗിഗാബൈറ്റ്) ഏകവശ ഡിവിഡിക്കാണുള്ളത്. ഏകദേശം ഏഴു സിഡി റോമുകളില്‍ സംഭരിക്കാവുന്നത്ര ഡേറ്റ ഒരൊറ്റ ഏകവശ ഡിവിഡിയില്‍ ശേഖരിച്ചു വയ്ക്കാം. ചിത്രണ പ്രോഗ്രാമുകള്‍ (mapping programs), ടെലിഫോണ്‍ നമ്പര്‍ ഡേറ്റാബേസുകള്‍ എന്നിങ്ങനെ ഉയര്‍ന്ന സംഭരണ ശേഷി വേണ്ട ആവശ്യങ്ങള്‍ക്ക് ഡിവിഡി ഒരു അനുഗ്രഹമാണ്. ഇതുപോലെ രണ്ടു മണിക്കൂര്‍ സമയം നീണ്ടു നില്‍ക്കുന്ന ഒരു ചലച്ചിത്രത്തിന്റെ മുഴുവന്‍ വിഡിയൊ ഡേറ്റ, ശബ്ദ സറൌണ്ട് ഓഡിയൊ(surround-sound audio), രണ്ടോ മൂന്നോ സവിശേഷ ഡേറ്റാ ട്രാക്കുകള്‍ എന്നിവയെല്ലാം ഒരു ഡിവിഡിയില്‍ ഒതുക്കാന്‍ കഴിയും.

ഹിറ്റാച്ചി GD-2500 OBX ഡിവിഡി റോം ഡ്രൈവ്

ഡിവിഡി പ്ലേയര്‍ അഥവാ ഡിവിഡി - റോം, പിസി ഡ്രൈവ്, എന്നീ രണ്ട് മാധ്യമങ്ങളിലേയും ഡേറ്റ ഫോര്‍മാറ്റും ലേസര്‍ സാങ്കേതിക വിദ്യയും ഒന്നായതിനാല്‍ ഡിവിഡി ടെലിവിഷന്‍ സെറ്റിലും പിസിയിലും, ഒരുപോലെ ഉപയോഗിക്കാം. ഇതാണ് ഇന്റര്‍-ഓപ്പറെബിലിറ്റി എന്നറിയപ്പെടുന്നത്.

ഡിവിഡിയുടെ ഗുണമേന്മകള്‍ക്കു നിദാനം ഡേറ്റയെ ചുരുക്കി അടുക്കാനുള്ള സാങ്കേതികവിദ്യയാണ്. വിഡിയൊ, ഓഡിയൊ ഡേറ്റകളെ വ്യത്യസ്ത രീതിയിലാണ് സംക്ഷിപ്തമാക്കുന്നത്.

ഓഡിയൊ രംഗത്ത് ഇന്ന് പ്രധാനമായി രണ്ട് ആലേഖന രീതികള്‍ പ്രാബല്യത്തിലുണ്ട്. ഡോള്‍ബി സറൗണ്ട് AC-3 അഥവാ ഡോള്‍ബി ഡിജിറ്റല്‍ സറൗണ്ട് സൗണ്ട് രീതിയാണ് ആദ്യത്തെ സംവിധാനം. അഞ്ച് സറൗണ്ട് ശബ്ദ ചാനലുകളും ഒരു ദിശാരഹിത (directionless) സബ് വൂഫര്‍ ചാനലും ഇതിലുണ്ട്. MPEG-2 (motion picture experts group- 2) ഓഡിയൊ ആണ് രണ്ടാമത്തെ രീതി. ആദ്യത്തേതിനെ അപേക്ഷിച്ച് രണ്ട് ശബ്ദ ചാനലുകള്‍ ഇതില്‍ കൂടുതലായി ഉണ്ടായിരിക്കും.

ഹിറ്റാച്ചി GF-1000 ഡിവിഡി റാം ഡ്രൈവ്

ഏതു രാജ്യത്തെ വിപണി ലക്ഷ്യമാക്കിയാണ് ഡിവിഡി നിര്‍മിക്കുന്നത് എന്നതിനെ അടിസ്ഥാനമാക്കിയാണ് ആലേഖന രീതി തിരഞ്ഞെടുക്കുന്നത്. വടക്കെ അമേരിക്ക, ജപ്പാന്‍ മുതലായ രാജ്യങ്ങളിലെ വിപണിയില്‍ പുറത്തിറക്കുന്ന ഡിവിഡികള്‍ ഡോള്‍ബി AC-3 ഫോര്‍മാറ്റില്‍ തയ്യാറാക്കുമ്പോള്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ പുറത്തിറക്കുന്നവ MPEG-2 ഫോര്‍മാറ്റിലാണ് രൂപപ്പെടുത്തുന്നത്. ഇപ്രകാരം സാമ്യമല്ലാത്ത രണ്ടു രീതികള്‍ പ്രചരിപ്പിക്കാന്‍ പ്രോത്സാഹനം നല്‍കുന്നത് ഹോളിവുഡ് ചലച്ചിത്ര വ്യവസായ രംഗമാണ്. ഒരു ചലച്ചിത്രവും അതിന്റെ ഡിവിഡി പതിപ്പും രണ്ട് സമയങ്ങളിലായി വടക്കേ അമേരിക്കയിലും യൂറോപ്പിലും പുറത്തിറക്കാനും, അനധികൃത ഡിവിഡി നിര്‍മാണം (DVD priacy) മൂലം ചലച്ചിത്ര വ്യവസായത്തിന് നഷ്ടം വരാതിരിക്കാനുമാണ് ഹോളിവുഡ് വ്യവസായ രംഗം ഇത്തരത്തിലൊരു മുന്‍കരുതല്‍ എടുക്കുന്നത്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A1%E0%B4%BF%E0%B4%B5%E0%B4%BF%E0%B4%A1%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍