This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡിജിറ്റല്‍ സിനിമ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:16, 22 നവംബര്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഡിജിറ്റല്‍ സിനിമ

Digital cinema

ഡിജിറ്റല്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് തയ്യാറാക്കുന്ന ചലച്ചിത്രം. ഡി-സിനിമ എന്ന ചുരുക്കപ്പേരിലും ഇത് അറിയപ്പെടുന്നുണ്ട്. നിര്‍മാണം, വിതരണം, പ്രദര്‍ശനം എന്നീ മൂന്നു ഘടകങ്ങളിലും ഡിജിറ്റല്‍ രീതി അവലംബിക്കുന്ന സിനിമയാണ് ഒരു സമ്പൂര്‍ണ ഡി-സിനിമ.

സ്പെഷ്യല്‍ ഇഫക്ടുകള്‍ നല്‍കുന്നതിനുവേണ്ടിയായിരുന്നു ഡിജിറ്റല്‍ സാങ്കേതികവിദ്യ ആദ്യമായി ഉപയോഗിച്ചു തുടങ്ങിയത്. പശ്ചാത്തലം ഒഴിവാക്കിക്കൊണ്ട് സ്റ്റുഡിയോയില്‍വച്ച് ചിത്രീകരിച്ച ഒരു ദൃശ്യത്തില്‍ വേറൊരു പശ്ചാത്തലം ഇണക്കിച്ചേര്‍ക്കുക, ചിത്രീകരിച്ച ദൃശ്യങ്ങളുടെ നിറം മാറ്റുക. ദ്വിമാനവസ്തുക്കളെ അഭ്രപാളിയില്‍ പകര്‍ത്തിയശേഷം അവയെ ത്രിമാനവസ്തുക്കളാക്കി മാറ്റുക, രൂപാന്തരം സംഭവിപ്പിക്കുക എന്നീ കാര്യങ്ങളായിരുന്നു ആദ്യകാലത്ത് പ്രസ്തുത സാങ്കേതിക വിദ്യയിലൂടെ നിര്‍വഹിച്ചിരുന്നത്. എന്നാല്‍ 1999-ല്‍ ഹോളിവുഡ് സംവിധായകനായ ജോര്‍ജ് ലൂക്കാസ് ഡിജിറ്റല്‍വിദ്യയെ ചലച്ചിത്രത്തിന്റെ എല്ലാ മേഖലകളിലേക്കും വ്യാപരിപ്പിക്കുകയുണ്ടായി. ആ വര്‍ഷം പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ സ്റ്റാര്‍ വാര്‍സ്: എപ്പിസോഡ് 1 - ദ് ഫാന്റം മെനേസ് ആണ് ആദ്യത്തെ ഡിജിറ്റല്‍ സിനിമ. 2000-മാണ്ടില്‍ അദ്ദേഹം സ്റ്റാര്‍ വാര്‍സ് എപ്പിസോഡ് 2 എന്ന ചിത്രവും പുറത്തിറക്കി. ചില പ്രധാന ഭാഗങ്ങള്‍ ഫിലിമില്‍ ചിത്രീകരിച്ചുവെങ്കിലും ലൂക്കാസ് ഡിജിറ്റല്‍ വീഡിയോ ക്യാമറ ഉപയോഗിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തുക എന്ന രീതിയും അവലംബിച്ചിരുന്നു. വൈകാതെ സെക്കന്റില്‍ മുപ്പത് ഫ്രെയിം എന്ന ടെലിവിഷന്‍ ക്യാമറയുടെ രീതി മറികടന്ന് സെക്കന്റില്‍ 24 ഫ്രെയിം ആലേഖനം ചെയ്യാന്‍ പറ്റുന്ന തരം (സിനിമയിലെന്നപോലെ) ഡിജിറ്റല്‍ വീഡിയോ ക്യാമറകള്‍ നിലവില്‍വന്നു. അതോടുകൂടി നിര്‍മാണം പൂര്‍ണമായും ഡിജിറ്റല്‍ ആക്കാം എന്ന നിലവന്നു. ഫിലിം നെഗറ്റീവിന്റെ വിലയെക്കാള്‍ വളരെ തുച്ഛമായ വിലയ്ക്ക് ഡിജിറ്റല്‍ വീഡിയോ ടേപ്പ് കിട്ടുമെന്നതിനാല്‍ നിര്‍മാണച്ചെലവ് ഡി - സിനിമയില്‍ നിര്‍ണായകമാംവിധം കുറയ്ക്കാം എന്നും വ്യക്തമായി. 35 എം. എം. ഫിലിമില്‍ 60,000 അടി ചിത്രീകരിക്കുന്നതിന് 12 ലക്ഷം രൂപ ചെലവുവരുമ്പോള്‍ മിനിഡിവി ക്യാമറയില്‍ 2500 രൂപയും ഡി. വി. ക്യാമറയില്‍ 7000 രൂപയും ഡിജി. ബീറ്റയില്‍ 15000 രൂപയും മാത്രമേ ചെലവുവരുകയുള്ളൂ. ഫിലിമില്‍ ചിത്രീകരിക്കുമ്പോള്‍ നെഗറ്റീവ് പ്രോസസ്സ് ചെയ്ത് പോസിറ്റീവ് പ്രിന്റ് അടിക്കേണ്ടതുണ്ട്. വീഡിയോ ക്യാമറയില്‍ ചിത്രീകരിക്കുമ്പോള്‍ അതുവേണ്ടാത്തതിനാല്‍ ആ ചെലവും ലാഭിക്കാം. വീഡിയോ ക്യാമറകള്‍ ശബ്ദമില്ലാതെ പ്രവര്‍ത്തിക്കുന്നവ ആകയാല്‍ ചിത്രീകരണസമയത്തു തന്നെ ശബ്ദം രേഖപ്പെടുത്തി ഡബ്ബിംഗ് ചെലവ് ലാഭിക്കുവാനും സാധിക്കുന്നു. ഡിജിറ്റല്‍ വീഡിയോ ക്യാമറകള്‍ സ്വാഭാവിക വെളിച്ചത്തിലും വ്യക്തതയോടെ ദൃശ്യങ്ങള്‍ ആലേഖനം ചെയ്യാന്‍ പ്രാപ്തമാകയാല്‍ വന്‍തുക ചെലവു വരുന്ന ലൈറ്റിംഗ് യൂണിറ്റുകള്‍ ഒഴിവാക്കാനും സാധിക്കും.

ഡിജിറ്റല്‍ സിനിമ -സംപ്രേഷണ സംവിധാനം

ഡിജിറ്റല്‍ വീഡിയോ ഡിസ്കുകളിലാണ് ഡി - സിനിമ രേഖപ്പെടുത്തി വയ്ക്കുന്നത്. വലിയ കാനുകളില്‍ ഫിലിം സൂക്ഷിച്ചു വയ്ക്കുന്നതിനെക്കാള്‍ സൌകര്യവും സുരക്ഷിതത്വവും ഇതിനുണ്ട്. എന്നുമാത്രമല്ല ഇവ നേരിട്ട് തിയറ്ററുകളില്‍ എത്തിക്കാതെ ഇന്റര്‍നെറ്റു വഴിയോ ഉപഗ്രഹസാങ്കേതിക സൗകര്യം ഉപയോഗപ്പെടുത്തിയോ തിയറ്ററുകളിലെത്തിച്ച് വിതരണം സുഗമവും ലാഭകരവുമാക്കാവുന്നതാണ്. രണ്ടായിരാമാണ്ട് ജൂണ്‍ 6-ാം തീയതി ട്വന്റിയത് സെഞ്ച്വറി ഫോക്സ് എന്ന കമ്പനി ലോസ് ഏയ്ഞ്ചലിലെ സ്റ്റുഡിയോയില്‍നിന്ന് ഇന്റര്‍നെറ്റ് പ്രോട്ടോകോള്‍ സംവിധാനം വഴി അറ്റ്ലാന്റയിലെ തിയെറ്ററിലേക്ക് ഒരു ചലച്ചിത്രം കൈമാറിക്കൊണ്ട് ഈ രീതിക്ക് തുടക്കം കുറിച്ചു. പ്രിന്റുകളുടെ ദൗര്‍ലഭ്യം എന്ന പ്രശ്നം ചലച്ചിത്രവ്യവസായരംഗത്തു നിന്ന് ഒഴിവാക്കാന്‍ ഈ രീതിക്കു കഴിയും.

നിര്‍മാണരംഗത്തും വിതരണരംഗത്തുമെന്ന പോലെ തന്നെ പ്രദര്‍ശനരംഗത്തും ഡി - സിനിമ മൌലികമായ മാറ്റം ഉണ്ടാക്കി തുടങ്ങിയിട്ടുണ്ട്. ഡിജിറ്റല്‍ ലൈറ്റ് പ്രോസസ്സര്‍ എന്ന പ്രോജക്റ്റര്‍ ഉപയോഗിച്ചാണ് ഇതു പ്രദര്‍ശിപ്പിക്കുന്നത്.

ഡി - സിനിമയുടെ മറ്റു സവിശേഷതകള്‍ ഇവയാണ്. വ്യാജപകര്‍പ്പുകള്‍ എടുക്കുന്നത് തടയാനുള്ള സംവിധാനം ഇതിലുണ്ട്. ഇതു കാലപ്പഴക്കംകൊണ്ട് മങ്ങിപ്പോവുകയുമില്ല. സ്പെഷ്യല്‍ ഇഫക്ടുകള്‍ വളരെ എളുപ്പത്തില്‍ ചെയ്യാന്‍ ഇത് അവസരമൊരുക്കുന്നു. പോസിറ്റീവ് പ്രിന്റിനുവേണ്ടി കാത്തിരിക്കാതെ തന്നെ തിരുത്തലുകള്‍ അപ്പപ്പോള്‍ നടത്താന്‍ ഇത് അവസരമൊരുക്കുന്നു. ഇത് ഒരേ സമയം തിയെറ്റര്‍ പ്രദര്‍ശനത്തിനും ഉപയോഗിക്കാവുന്നതാണ്. ആകെക്കൂടി ചലച്ചിത്രത്തിന്റെ എല്ലാ മേഖലകളെയും ഡി - സിനിമ മാറ്റിമറിച്ചു തുടങ്ങിയിരിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍