This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഡിംഗല്‍ ഗീത്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഡിംഗല്‍ ഗീത്
രാജസ്ഥാനി കവിതയിലെ ഒരു പ്രധാന ധാര. ചാരണ (വൈതാളിക) കവികളാണ് ഡിംഗല്‍ ഗീതങ്ങള്‍ ഏറെയും രചിച്ചിട്ടുള്ളത്. പഴയ കാലത്ത് രാജാക്കന്മാരെ സ്തുതിക്കാന്‍ ആശ്രിതരായ കവികള്‍ അഹമഹമികയാ മുന്നോട്ടു വന്നിരുന്നു. പ്രധാനമായും യുദ്ധം ജയിക്കുമ്പോള്‍ ആശ്രയദാതാവായ രാജാവിനെ പ്രശംസിച്ച് കവികള്‍ കവിതകളെഴുതുക പതിവായിരുന്നു. രാജാവിന്റെ ഗുണഗണങ്ങളേയും വീരശൂരപരാക്രമങ്ങളേയും പ്രകീര്‍ത്തിച്ച് രചിച്ചിരുന്ന ഇത്തരം കൃതികളെയാണ് ചാരണകവിതകള്‍ എന്ന് വിളിച്ചിരുന്നത്. ഇവയില്‍ ചരിത്രസംഭവങ്ങളുടെ ചിത്രീകരണവും ഉണ്ടാകാറുണ്ട്. 12-ാം ശ.-ത്തിലെ പ്രശസ്തകാവ്യമായ പൃഥ്വിരാജറാസോയിലെ യുദ്ധവര്‍ണനയില്‍ ഡിംഗലിന്റെ പ്രഭാവമുണ്ട്.
സാധാരണ അര്‍ഥത്തിലുള്ള ഗാനങ്ങളല്ല ഡിംഗല്‍ഗീത്. അവ പാടാന്‍ ഉദ്ദേശിച്ച് എഴുതപ്പെട്ടവയല്ല. രാജസ്ഥാനി ചാരണകവികള്‍ പാരമ്പര്യമായി ഡിംഗല്‍ ഗീതങ്ങള്‍ രചിച്ചിരുന്നു. ഇവ വീരരസപ്രധാനമായ ഗീതങ്ങളാണ്. ഡിംഗല്‍ ഗീതങ്ങളെ ആധുനിക ഭാവഗീതങ്ങളുമായി താരതമ്യം ചെയ്യാം. 19-ാം ശ.-ത്തിലാണ് ഡിംഗല്‍ ഗീതങ്ങള്‍ രാജസ്ഥാനി കവിതയെ സമ്പന്നമാക്കിയത്. അതിനുമുന്‍പും ഇത്തരം ഗീതങ്ങള്‍ പല ഭാഷകളിലും പല രൂപത്തില്‍ പ്രചരിച്ചിരുന്നു. ബാണഭട്ടന്‍ ചാരണന്മാരെക്കുറിച്ച് പരാമര്‍ശിച്ചു കാണുന്നു. രാജാക്കന്മാര്‍ കുളിക്കാന്‍ പോകുന്നിടത്തുപോലും ചാരണന്മാര്‍ രാജസ്തുതികള്‍ പാടിയിരുന്നു. 15-ാം ശ.-ത്തോടുകൂടി ചാരണസാഹിത്യം പുഷ്ടി പ്രാപിച്ചെങ്കിലും ചാരണ സ്രോതസ്സില്‍നിന്ന് രൂപംകൊണ്ട ഡിംഗല്‍ ഗീതങ്ങള്‍ പ്രചരിച്ചിരുന്നില്ല. എന്നാല്‍ 13-ഉം 14-ഉം ശ.-ങ്ങളില്‍ ജൈനസാഹിത്യം ശക്തി പ്രാപിച്ചതോടെ കവിതകളും ദോഹകളും ഇന്ത്യയിലെ പല ഭാഷകളിലും പ്രചാരം നേടിത്തുടങ്ങിയിരുന്നു,. ഇതിന്റെ തുടര്‍ച്ചയായി രാജസ്ഥാനിയിലെ മാര്‍വാഡി ഭാഷാഭേദമായ ഡിംഗലിലും ഗീതങ്ങള്‍ ഉണ്ടാകുകയും അവയ്ക്ക് ഡിംഗല്‍ഗീത് എന്ന പേരു ലഭിക്കുകയും ചെയ്തു. ആഢാ ദുര്‍സാ, ആഢാ കിസ്ന, കവിയാ കരണീദാസ്, മഹാദാന, സാമോര്‍ ശങ്കരദാന, അസിയബങ്കീദാസ് തുടങ്ങിയവരാണ് ഡിംഗല്‍ ഗീതങ്ങളുടെ രചനയില്‍ മുന്നിട്ടു നിന്നത്. ഇതുവരെ ഏതാണ്ട് 50,000 ഡിംഗല്‍ ഗീതങ്ങള്‍ രചിക്കപ്പെട്ടിട്ടുണ്ട് എന്നു കരുതപ്പെടുന്നു. ഡിംഗല്‍ഗീതത്തിന് മൂന്നു മുതല്‍ ഇരുപതുവരെ ചരണങ്ങള്‍ ഉണ്ടാകാറുണ്ട്. ഓരോ ചരണത്തിലും നാലുവരികളാണുള്ളത്.