This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡി ക്വിന്‍സി, തോമസ് (1785 - 1859)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:21, 22 നവംബര്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഡി ക്വിന്‍സി, തോമസ് (1785 - 1859)

De Quincey, Thomas

ഇംഗ്ലീഷ് സാഹിത്യകാരന്‍. 1785 ആഗ. 15-ന് മാഞ്ചസ്റ്ററില്‍ ജനിച്ചു. ബാത്ത് ഗ്രാമര്‍ സ്കൂള്‍, മാഞ്ചസ്റ്റര്‍ ഗ്രാമര്‍ സ്കൂള്‍, ഓക്സ്ഫോഡിലെ ബാഴ്സ്റ്റര്‍ കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ബിരുദമെടുക്കാതെ കോളജ് വിദ്യാഭ്യാസം അവസാനിപ്പിച്ചു. 1817-ല്‍ മാര്‍ഗരറ്റ് സിംപ്സനെ വിവാഹം കഴിച്ചു. അഞ്ച് ആണ്‍മക്കളും മൂന്നുപെണ്‍മക്കളും ഈ ബന്ധത്തില്‍ ജനിച്ചു. 1804-ല്‍ കറുപ്പിനടിമയായത് ഇദ്ദേഹത്തിന്റെ ജീവിതത്തില്‍ നിര്‍ണായകമായ സ്വാധീനം ചെലുത്തി. 1809-ല്‍ ഗ്രാസ്മിയറില്‍ താമസമാക്കുകയും വേഡ്സ്വര്‍ത്ത്, കോള്‍റിജ്, സതേ എന്നീ ഇംഗ്ലീഷ് റൊമാന്റിക് കവികളുമായി അടുത്ത മൈത്രീബന്ധം സ്ഥാപിക്കുകയും ചെയ്തു. വെസ്റ്റ്മോര്‍ലാന്‍ഡ് ഗസറ്റ്, ലണ്ടന്‍ മാഗസിന്‍, സാറ്റര്‍ഡേ പോസ്റ്റ്, ഈവനിംഗ് പോസ്റ്റ്, ബ്ലാക് വുഡ്സ് മാഗസിന്‍, ടെയ്റ്റ്സ് മാഗസിന്‍ എന്നീ ആനുകാലികങ്ങള്‍ക്കു വേണ്ടി ലേഖനങ്ങള്‍ സംഭാവന ചെയ്തിട്ടുണ്ട്. 1828-ല്‍ എഡിന്‍ബറോയിലേക്കു താമസം മാറ്റി.

തോമസ് ഡി ക്വന്‍സി

ലാംബ്, ഹാസ്ലിറ്റ് എന്നീ മഹാരഥന്മാരോടൊപ്പം പത്രപ്രവര്‍ത്തനത്തെ ഒരു സാഹിത്യസൃഷ്ടിയുടെ നിലവാരത്തിലേക്കുയര്‍ത്തിയതാണ് തോമസ് ഡി ക്വിന്‍സിയുടെ മഹത്തായ സംഭാവനകളിലൊന്നായി വിലയിരുത്തപ്പെടുന്നത്. ബ്ലാക് വുഡ്സ് മാഗസിന്‍, ടെയ്റ്റ്സ് മാഗസിന്‍, ലണ്ടന്‍ മാഗസിന്‍ എന്നീ ആനുകാലികങ്ങള്‍ക്കുവേണ്ടിയായിരുന്നു ഇദ്ദേഹം കൂടുതലും എഴുതിയത്. മനുഷ്യസ്വഭാവത്തിന്റെ സൂക്ഷ്മനിരീക്ഷണവും, വിഷയത്തിന്റെ വിശദാംശങ്ങളില്‍പ്പോലും ചെലുത്തുന്ന ശ്രദ്ധയും ഇദ്ദേഹത്തിന്റെ രചനകളുടെ സവിശേഷതകളായി ചൂണ്ടിക്കാണിക്കാം.

ഡി ക്വിന്‍സിയുടെ കൃതികളില്‍ ഏറ്റവും ശ്രദ്ധേയമായത് 1822-ല്‍ പ്രസിദ്ധീകരിച്ച കണ്‍ഫെഷന്‍സ് ഒഫ് ആന്‍ ഇംഗ്ലീഷ് ഓപ്പിയം ഈറ്റര്‍ ആയിരുന്നു. സാഹചര്യവശാല്‍ താന്‍ കറുപ്പിനടിമപ്പെട്ടതും വളരെയധികം ദുരിതങ്ങള്‍ക്കും മാനസികസംഘര്‍ഷങ്ങള്‍ക്കുംശേഷം അതില്‍നിന്നു മോചനം നേടിയതും ഹൃദയാവര്‍ജകമായ ഭാഷയില്‍ വിവരിക്കുന്ന ഈ കൃതിക്ക് കുമ്പസാരസാഹിത്യശാഖയില്‍ (Confessional Literature) നിസ്തുലമായ സ്ഥാനമാണുള്ളത്. ആരോടും പരിഭവമില്ലാതെയും ഒന്നും ഒളിച്ചുവയ്ക്കാതെയും തന്റെ ജീവിതത്തിലെ നിര്‍ണായകമായ ഒരു ഘട്ടത്തിലെ സംഭവവികാസങ്ങളും അനുഭവങ്ങളും സ്വന്തം മനസ്സിന്റെ വിമലീകരണത്തിനെന്നോണം തുറന്നുപറയുന്ന ഗ്രന്ഥകര്‍ത്താവിന്റെ സത്യസന്ധതയും ആത്മാര്‍ഥതയും വായനക്കാരെ ഹഠാദാകര്‍ഷിക്കുകയുണ്ടായി. സ്വന്തം മനഃശാസ്ത്രത്തിലുള്ള ഗ്രന്ഥകര്‍ത്താവിന്റെ താത്പര്യമാണ് കൃതിയുടെ മൗലികതയുടെ അടിസ്ഥാനം. ആധുനികകാലത്തെ ഫ്രോയ്ഡിയന്‍ മാനദണ്ഡങ്ങള്‍ വച്ചു വിലയിരുത്തിയാല്‍ മാനസികാവസ്ഥകളിലേക്കും ബോധതലങ്ങളിലേക്കും (States of mind and levels of consciousness) ഇദ്ദേഹം നടത്തുന്ന അന്വേഷണങ്ങള്‍ തുലോം പ്രാഥമികമായിത്തോന്നാമെങ്കിലും പ്രതിപാദനത്തെ സുവിശദവും സുവ്യക്തവുമാക്കുന്നതില്‍ അവ വഹിക്കുന്ന പങ്കു ചെറുതല്ല.

കോള്‍റിജ്, സതേ, വേഡ്സ് വര്‍ത്ത്, വേഡ്സ് വര്‍ത്തിന്റെ സഹോദരി ഡോറതി എന്നിവരെക്കുറിച്ചുള്ള ഡി ക്വിന്‍സിയുടെ സ്മരണകള്‍ ഇംഗ്ലീഷ് കാല്പനികതയുടെ ചരിത്രത്തില്‍ വിലപ്പെട്ട സംഭാവനകളാണ്. ഈ അനുസ്മരണക്കുറിപ്പുകള്‍ റെമിനിസന്‍സസ് ഒഫ് ദി ഇംഗ്ലീഷ് ലേക് പൊയറ്റ്സ് എന്ന പേരില്‍ ഡേവിഡ് റൈറ്റ് 1961-ല്‍ സമാഹരിച്ചു പ്രസിദ്ധപ്പെടുത്തി. ഈ സാഹിത്യനായകന്മാരെക്കുറിച്ചുള്ള സൂക്ഷ്മവും സത്യസന്ധവുമായ ചിത്രീകരണമാണ് ഈ രചനകളില്‍ കാണുന്നത്. വേഡ്സ് വര്‍ത്തിനെക്കുറിച്ച് ഡി ക്വിന്‍സിക്കുള്ള അപ്രീതി ചില കുറിപ്പുകളില്‍ വെളിവാകുന്നുണ്ട്. കോള്‍റിജുമായുള്ള ബന്ധത്തില്‍ നിന്നാണ് ജര്‍മന്‍ അതിഭൗതികവാദത്തില്‍ (German meta physics) ഡി ക്വിന്‍സിക്ക് താത്പര്യം ഉടലെടുത്തത്. ജര്‍മന്‍ ദാര്‍ശനികനായ കാന്റിനെ ഇംഗ്ലീഷ് വായനക്കാര്‍ക്കു പരിചയപ്പെടുത്തിക്കൊടുക്കാന്‍ തീരുമാനിക്കുന്നിടത്തോളം ഈ താത്പര്യം വളരുകയുണ്ടായി.

ദ് ലോജിക് ഒഫ് പൊളിറ്റിക്കല്‍ ഇക്കണോമി (1844), ചൈന (1857), ഷെയ്ക്സ്പിയര്‍: എ ബയോഗ്രഫി (1864) തുടങ്ങിയ ചില ഗ്രന്ഥങ്ങള്‍ കൂടി ഡി ക്വിന്‍സിയുടെ സംഭാവനയായി ലഭിച്ചിട്ടുണ്ട്.

1859 ഡി. 8-ന് ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍