This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡാള്‍ട്ടണ്‍, ജോണ്‍ (1766 - 1844)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:24, 21 നവംബര്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഡാള്‍ട്ടണ്‍, ജോണ്‍ (1766 - 1844)

Dalton, John

ആധുനിക അണു സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായ ബ്രിട്ടിഷ് ശാസ്ത്രജ്ഞന്‍. ഇദ്ദേഹത്തിന്റെ അംശിക മര്‍ദനിയമവും (ഡാള്‍ട്ടണ്‍ നിയമം) പ്രസിദ്ധമാണ്.

ഇംഗ്ലണ്ടിലെ ഈഗിള്‍ഫീന്‍ഡില്‍ ക്വേക്കര്‍ മത വിഭാഗത്തില്‍ പ്പെടുന്ന ഒരു നെയ്ത്തു തൊഴിലാളിയുടെ മകനായി 1766 സെപ്. 6-ന് ഡാള്‍ട്ടണ്‍ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ശാസ്ത്രത്തില്‍ സ്വയം ശിക്ഷണം നേടിയ ഡാള്‍ട്ടണ്‍ പന്ത്രണ്ടാം വയസ്സില്‍ ക്വേക്കര്‍ വിദ്യാലയത്തില്‍ അധ്യാപകനായി. രണ്ടു വര്‍ഷത്തിനു ശേഷം കെന്‍ഡാലി (Kendal) ലെ ഒരു സ്കൂളില്‍ ഗണിതവും ഭൌതിക ശാസ്ത്രവും പഠിപ്പിച്ചു. 1785 - ല്‍ ഈ സ്കൂളിന്റെ അധിപനായി. പിന്നീട് ഏതാണ്ട് പന്ത്രണ്ട് വര്‍ഷത്തോളം ജോലിയില്‍ തുടര്‍ന്നു. ഇവിടെ വച്ചാണ് ഡാള്‍ട്ടണ്‍ ശാസ്ത്ര ലേഖനങ്ങള്‍ എഴുതി തുടങ്ങിയത്. അക്കാലത്ത് വളരെ പ്രചാരമുണ്ടായിരുന്ന ജെന്റില്‍മാന്‍സ് ഡയറി എന്ന മാസികയിലെ ചോദ്യോത്തര പംക്തിയില്‍ വന്ന ജ്യാമിതിയിലെ സങ്കീര്‍ണമായ ഒരു ചോദ്യത്തിന് ഉത്തരം എഴുതി അയച്ച ഡാള്‍ട്ടണ്‍ പിന്നീട് ഇത്തരം മാസികകളിലേക്ക് സ്ഥിരമായി ശാസ്ത്ര ലേഖനങ്ങള്‍ എഴുതിത്തുടങ്ങി.

ജോണ്‍ ഡാള്‍ട്ടന്‍

വാനശാസ്ത്ര സംബന്ധമായ ഒരു ഡയറിയുടെ രചന ആരംഭിച്ചതോടെ ഡാള്‍ട്ടണ്‍ ഗൗരവമേറിയ ശാസ്ത്ര പഠനങ്ങള്‍ക്കു തുടക്കം കുറിച്ചു (1787). കാലാവസ്ഥ, അന്തരീക്ഷ മര്‍ദം, ഊഷ് മാവ്, കാറ്റിന്റെ നിരക്കും ഗതിയും, ക്ലിന്നത എന്നിവയെക്കുറിച്ചുള്ള നിരീക്ഷണങ്ങള്‍ ദിവസേന അദ്ദേഹം ഡയറിയില്‍ രേഖപ്പെടുത്തിയിരുന്നു. ഈ പതിവ് മരണം വരെ ഇദ്ദേഹം തുടരുകയും ചെയ്തിരുന്നു. രണ്ടു ലക്ഷത്തിലേറെയുണ്ടായിരുന്ന വാനനിരീക്ഷണ ഫലങ്ങള്‍ സംക്ഷേപിച്ച് മീറ്റിയറോളജിക്കല്‍ ഒബ്സര്‍വേഷന്‍സ് ആന്‍ഡ് എസ്സേയ്സ് എന്ന പേരില്‍ 1793-ല്‍ പ്രസിദ്ധീകരിച്ചു. ഇതേവര്‍ഷം മാന്‍ചെസ്റ്ററിലെ ന്യൂകോളജില്‍ ഡാള്‍ട്ടണ്‍ അധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു. 1800-ല്‍ കോളജ് ന്യൂയോര്‍ക്കിലേക്ക് മാറ്റിയപ്പോള്‍ ജോലി രാജിവച്ച് സ്വകാര്യ അധ്യാപനം തുടങ്ങി. 1817 - ല്‍ ഡാള്‍ട്ടണ്‍ ഫിലോസഫിക്കല്‍ സൊസൈറ്റിയുടെ പ്രസിഡന്റായി. വാണിജ്യ വാത (trade winds)ത്തിന്റെ (അത്ലാന്തിക്-പസിഫിക് സമുദ്രങ്ങളിലെ ഉഷ്ണമേഖലാ പ്രദേശങ്ങള്‍ക്കു മുകളിലൂടെ കാലികമായി ഒരേ സ്ഥാനത്തു നിന്നു തന്നെ വീശുന്ന കാറ്റ്) ഉദ്ഭവം, ബരോമീറ്റര്‍, തെര്‍മോമീറ്റര്‍, ഹൈഗ്രോമീറ്റര്‍, മഴ, മേഘങ്ങളുടെ രൂപീകരണം, ബാഷ്പീകരണം, അന്തരീക്ഷ ഈര്‍പ്പത്തിന്റെ വിതരണം, തുഷാരാങ്കം എന്നിങ്ങനെ പല വിഷയങ്ങളെക്കുറിച്ചും ആധികാരിക പ്രബന്ധങ്ങള്‍ ഇദ്ദേഹം ഫിലോസഫിക്കല്‍ സൊസൈറ്റിയില്‍ അവതരിപ്പിച്ചുവന്നു. അന്തരീക്ഷ മര്‍ദത്തിന്റെ വ്യതിയാനം കൊണ്ടല്ല, മറിച്ച് താപം കുറയുന്നതാണ് മഴയ്ക്ക് കാരണമാകുന്നതെന്ന് ആദ്യമായി കണ്ടെത്തിയത് ഡാള്‍ട്ടനാണ്.

വര്‍ണാന്ധനായിരുന്ന ഡാള്‍ട്ടണ്‍, ഈ ശാരീരികാവസ്ഥയെക്കുറിച്ചും ആഴത്തില്‍ പഠിക്കുകയുണ്ടായി. വര്‍ണാന്ധതയെ കുറിച്ചുളള ആദ്യ ശാസ്ത്ര പ്രബന്ധം ഡാല്‍ട്ടന്റേതാണ് (മെമ്മോയേഴ്സ് 1798). ഇതില്‍ ഡാള്‍ട്ടണ്‍ നല്‍കിയ വിശദീകരണങ്ങള്‍ പൂര്‍ണമായും ശരിയായിരുന്നില്ലെങ്കിലും പച്ചയും ചുവപ്പും തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥ ഇന്നും ഡാള്‍ട്ടണിസം (Daltonism) എന്നാണ് അറിയപ്പെടുന്നത്. പല ശാസ്ത്ര സമസ്യകളും കണ്ടെത്തുന്നതിലും അവയ്ക്ക് ഉത്തരം കാണുന്നതിലും ഡാള്‍ട്ടണ്‍ അതീവ നൈപുണ്യം പ്രദര്‍ശിപ്പിച്ചിരുന്നു. വാനനിരീക്ഷണങ്ങളില്‍ നിന്ന് ഉടലെടുത്തതാണ് വാതകങ്ങളെക്കുറിച്ചുള്ള പഠനങ്ങള്‍. ഈ പഠനങ്ങളില്‍ നിന്നാണ് അംശിക മര്‍ദ നിയമം (Law of Partial Pressure) അഥവാ ഡാള്‍ട്ടണ്‍ നിയമം (Dalton's Law) ഉരുത്തിരിഞ്ഞത്. ഒരു വാതക മിശ്രിതത്തിന്റെ ആകെ മര്‍ദം ഓരോ വാതകവും ഒറ്റയ്ക്കൊറ്റയ്ക്ക് ചെലുത്തുന്ന മര്‍ദത്തിന്റെ ആകെത്തുകയായിരിക്കും എന്ന് ഈ നിയമം സമര്‍ഥിക്കുന്നു. വാതകങ്ങളെ തണുപ്പിക്കുമ്പോള്‍ സങ്കോചിക്കുകയും ചൂടാക്കുമ്പോള്‍ വികസിക്കുകയും ചെയ്യുന്നതായി ഡാള്‍ട്ടണ്‍ കണ്ടെത്തി. വാതകങ്ങളുടെ താപീയ വികാസ നിയമം (Laws of thermal expansion of gases) ഈ പഠനങ്ങളുടെ ഫലമായി രൂപം കൊണ്ടതാണ് ജലത്തില്‍ വാതകങ്ങള്‍ ലയിക്കുന്നതിനെക്കുറിച്ചും വാതകങ്ങളുടെ വ്യാപന നിരക്കിനെക്കുറിച്ചും ഡാള്‍ട്ടണ്‍ പഠനങ്ങള്‍ നടത്തിയിട്ടുണ്ട്.

വാതകങ്ങളെക്കുറിച്ചുളള പഠനങ്ങളുടെ തികച്ചും യാദൃച്ഛികമായ ഒരു പരിണിത ഫലമായിരുന്നു അണുസിദ്ധാന്തം(1803). പദാര്‍ഥങ്ങളുടെ ഏറ്റവും ചെറുതും വിഭജിക്കാന്‍ കഴിയാത്തതും ആയ കണിക 'അണു' (atom) ആണെന്നുളളത് പ്രാചീന സങ്കല്പമാണെങ്കിലും ആധുനിക രസതന്ത്രത്തിന്റെ ആണിക്കല്ലായ അണുസിദ്ധാന്തം ഡാള്‍ട്ടന്റേതാണ്. ഡാള്‍ട്ടണ്‍ നിര്‍ദേശിച്ച അണുസിദ്ധാന്ത പ്രകാരം (1) പദാര്‍ഥം അവിഭാജ്യങ്ങളായ അണുക്കള്‍ അടങ്ങിയതാണ്. (2) ഒരു മൂലകത്തിന്റെ എല്ലാ അണുക്കളും സര്‍വസമമാണ്. (3) വിവിധ മൂലകങ്ങളുടെ അണുക്കള്‍ വ്യത്യസ്ത ഭാരമുളളവയായിരിക്കും. (4) അണുക്കള്‍ നാശരഹിതങ്ങളുമാണ്. അണുക്കളുടെ പുനഃക്രമീകരണം മാത്രമാണ് രാസപ്രവര്‍ത്തനം. (5) ലഘു അംശ ബന്ധത്തില്‍ അണുക്കള്‍ സംയോജിച്ചാണ് യൗഗികങ്ങള്‍ ഉണ്ടാകുന്നത്. എ ന്യൂ സിസ്റ്റം ഒഫ് കെമിക്കല്‍ ഫിലോസഫി (1808) എന്ന തന്റെ ഗ്രന്ഥത്തിലാണ് ഡാള്‍ട്ടണ്‍ അണുസിദ്ധാന്തത്തിന്റെ നിഗമനങ്ങള്‍ വിശദീകരിച്ചത്. സ്ഥിര അനുപാത നിയമം (Laws of definite proportions), ബഹുഗുണ അനുപാത നിയമം (Laws of Multiple proportions), ദ്രവ്യമാന സംരക്ഷണ നിയമം (Laws of conservation of mass) എന്നീ രാസസംയോഗ നിയമങ്ങള്‍ വിശദീകരിക്കാന്‍ അണുസിദ്ധാന്തം സഹായകമായി. മീഥേന്‍, എഥിലീന്‍, കാര്‍ബണ്‍ ഡൈ ഓക്സൈഡ് തുടങ്ങിയ വാതകങ്ങളുടെ സമന്വിത ബഹുഗുണിതാംശ ബന്ധ നിയമം (Multi product ratio rule) ഈ സിദ്ധാന്തത്തിന്റെ സഹായത്തോടെയാണ് ഡാള്‍ട്ടണ്‍ നിര്‍ദേശിച്ചത്. മൂലകങ്ങളുടെ അ.ഭാ.-ത്തിന്റെ പട്ടിക ആദ്യമായി നിര്‍ദേശിച്ചതും ഡാള്‍ട്ടണ്‍ ആണ്.

ശാസ്ത്രത്തിനായി ഉഴിഞ്ഞുവച്ച തന്റെ ജീവിതത്തില്‍ ഡാള്‍ട്ടണ്‍ തികച്ചും ഏകാകിയായിരുന്നു. അവിവാഹിതനായിരുന്ന ഇദ്ദേഹത്തിന് ചുരുക്കം ചില സുഹൃത്തുക്കള്‍ മാത്രമേ ഉണ്ടായിരുന്നുളളൂ. 1822-ല്‍ റോയല്‍ സൊസൈറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹത്തിന് 1826 റോയല്‍ സൊസൈറ്റി സ്വര്‍ണ മെഡല്‍ നല്‍കി ആദരിച്ചു. 1830-ല്‍ ഫ്രഞ്ച് അക്കാദമി ഒഫ് സയന്‍സിലും അംഗമായി. 1837-ല്‍ ഹൃദയാഘാതത്തെത്തുടര്‍ന്നു സംസാരശേഷി നഷ്ടപ്പെട്ട ഡള്‍ട്ടണ്‍ 1844 ജൂല. 26-ന് മറ്റൊരു ഹൃദയാഘാതം മൂലം മരണമടഞ്ഞു. നോ: അണു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍