This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡാവിറ്റ്, മൈക്കേല്‍ (1846-1906)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:50, 21 നവംബര്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഡാവിറ്റ്, മൈക്കേല്‍ (1846-1906)

Davitt, Michael

അയര്‍ലണ്ടിലെ ദേശീയ നേതാവ്. ബ്രിട്ടിഷ് മേധാവിത്വത്തില്‍ നിന്നും രാജ്യത്തെ സ്വതന്ത്രമാക്കാന്‍ യത്നിച്ച ഇദ്ദേഹം ഭൂപരിഷ്കരണത്തിനു വേണ്ടി സമരം നയിച്ച 'ലാന്‍ഡ് ലീഗ്' എന്ന സംഘടനയുടെ സ്ഥാപകനേതാവെന്ന നിലയിലും പ്രസിദ്ധി നേടിയിട്ടുണ്ട്. മെയോ കൗണ്ടിയിലെ സ്ട്രെയ്ഡില്‍ 1846 മാ. 25-ന് ഒരു കര്‍ഷകന്റെ പുത്രനായി ഇദ്ദേഹം ജനിച്ചു. 1852-ല്‍ കുടിയിറക്കപ്പെട്ട ഡാവിറ്റിന്റെ കുടുംബം ലങ്കാഷയറിലേക്ക് താമസം മാറ്റി. തുണിമില്‍ തൊഴിലാളിയായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെ 1857-ല്‍ അപകടത്തില്‍പ്പെട്ട് ഇദ്ദേഹത്തിന്റെ ഒരു കൈ നഷ്ടപ്പെട്ടു. അയര്‍ലണ്ടിന്റെ സ്വാതന്ത്ര്യത്തിനായി പൊരുതിയിരുന്ന അന്താരാഷ്ട്ര സംഘടനയായ ഐറിഷ് റിപ്പബ്ലിക്കന്‍ ബ്രദര്‍ഹുഡില്‍ (ഫെനിയന്‍) അംഗമായി 1865-മുതല്‍ പ്രവര്‍ത്തിച്ചുതുടങ്ങി. ഈ സംഘടനയുടെ ഇംഗ്ലണ്ടിലേയും സ്കോട്ട്ലന്‍ഡിലേയും സംഘാടക സെക്രട്ടറിയായി ഇദ്ദേഹം 1868-ല്‍ നിയുക്തനായി. ബ്രിട്ടിഷ് മേധാവിത്വത്തില്‍ നിന്നും അയര്‍ലണ്ടിനെ സ്വതന്ത്രമാക്കാനുളള യത്നത്തിലേര്‍പ്പെട്ടിരിക്കെ അയര്‍ലണ്ടിലേക്ക് ആയുധങ്ങള്‍ കയറ്റി അയച്ച കുറ്റത്തിന് 1870 മേയ് 14-ാം തീയതി ഇദ്ദേഹത്തെ അറസ്റ്റു ചെയ്യുകയും 15-വര്‍ഷത്തെ തടവിനു ശിക്ഷിക്കുകയും ചെയ്തു. എന്നാല്‍ ഏഴു വര്‍ഷമായപ്പോഴേക്കും 1877-ല്‍ മോചിതനായി. ഫെനിയന്‍ വിപ്ലവ പ്രസ്ഥാനത്തെ ചാള്‍സ് പാര്‍നലിന്റെ വ്യവസ്ഥാപിത പ്രക്ഷോഭവുമായി ബന്ധപ്പെടുത്തി പ്രവര്‍ത്തിക്കുന്നതിന് ഇദ്ദേഹം യത്നിച്ചു. ഫെനിയന്‍ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് 1878-ല്‍ യു. എസ്സിലേക്കു പോയ ഡാവിറ്റ് 1879-ല്‍ അയര്‍ലണ്ടില്‍ മടങ്ങിയെത്തി. പാര്‍നലുമായി സഹകരിച്ച്, ഭൂപരിഷ്കരണം സാധ്യമാക്കുന്നതിനു വേണ്ടി സമരം നയിച്ച നാഷണല്‍ ലാന്‍ഡ് ലീഗ് എന്ന സംഘടന സ്ഥാപിക്കുന്നതിനു നേതൃത്വം നല്‍കി. 1881-ലെ ഭൂനിയമ നിര്‍മാണത്തിന് ഇതിന്റെ പ്രവര്‍ത്തനം പ്രേരകമായിഭവിച്ചു. ഇദ്ദേഹം പില്ക്കാലത്ത് പാര്‍നലുമായി അഭിപ്രായ വ്യത്യാസത്തിലായി. സ്വാതന്ത്യ്രലബ്ധിക്കു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളുടെ പേരില്‍ 1881-82 കാലയളവിലും 83-ലും ഇദ്ദേഹം ജയിലില്‍ അടയ്ക്കപ്പെടുകയുണ്ടായി. 1882-ല്‍ പാര്‍ലമെന്റംഗമായി തെരഞ്ഞെടുക്കപ്പെട്ടുവെങ്കിലും കുറ്റവാളിയാണെന്ന കാരണത്താല്‍ അംഗത്വം നിഷേധിക്കപ്പെട്ടു. 1892-ലും 93-ലും പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടപ്പോഴും സഭയിലിരിക്കാന്‍ കഴിഞ്ഞില്ല. 1895-ല്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ട് പാര്‍ലമെന്റംഗമായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞുവെങ്കിലും ഗ്രേറ്റ് ബ്രിട്ടന്റെ സൗത്ത് ആഫ്രിക്കന്‍ യുദ്ധത്തില്‍ (ബൊയര്‍ യുദ്ധം) പ്രതിഷേധിച്ച് 1899-ല്‍ ഈ സ്ഥാനം രാജിവച്ചു. ലീവ്സ് ഫ്രം എ പ്രിസണ്‍ ഡയറി (1884), ദ് ബൊയര്‍ ഫൈറ്റ് ഫോര്‍ ഫ്രീഡം (1902), ദ് ഫോള്‍ ഒഫ് ഫ്യൂഡലിസം ഇന്‍ അയര്‍ലണ്ട് (1904) തുടങ്ങിയ ഗ്രന്ഥങ്ങള്‍ ഇദ്ദേഹം രചിച്ചിട്ടുണ്ട്. 1906 മേയ് 31-ന് ഡബ്ലിനില്‍ ഇദ്ദേഹം നിര്യാതനായി.

(ഡോ. വി. സുഗീത, സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍