This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡാഷിയ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

07:29, 21 നവംബര്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഡാഷിയ

Dacia

തെക്കുകിഴക്കന്‍ യൂറോപ്പിലുണ്ടായിരുന്ന ഒരു പുരാതന രാജ്യം. എ. ഡി. ആദ്യ ശതകങ്ങളില്‍ റോമിന്റെ പ്രവിശ്യയായി നിലനിന്നിരുന്നു. ഇപ്പോഴത്തെ റുമേനിയയ്ക്ക് സമാനമായ വിസ്തൃതി ഇതിനുണ്ടായിരുന്നു. തെ. ഡാന്യൂബ് നദി മുതല്‍ വ. കാര്‍പാതിയന്‍ പര്‍വത പ്രദേശം വരെയും, കി. ഡെനിസ്തെര്‍ (Dniestr) നദി മുതല്‍ പ. ടിസോ (Tisza) നദി വരെയുമാണ് ഈ രാജ്യം വ്യാപിച്ചു കിടന്നതായി അറിയപ്പെട്ടിട്ടുളളത്. ത്രേസ്യന്‍ ജനങ്ങളില്‍പ്പെട്ട ഡാഷി (Daci) എന്ന വര്‍ഗക്കാരായിരുന്നു ഇവിടത്തെ നിവാസികള്‍. ഇവര്‍ കൃഷിയിലും, സ്വര്‍ണം, വെളളി, ഇരുമ്പ് എന്നീ ലോഹങ്ങളുടെ ഖനന പ്രവര്‍ത്തനത്തിലും പ്രാവീണ്യം നേടിയവരായിരുന്നു. ബി. സി. രണ്ടാം ശതകത്തിന്റെ തുടക്കം മുതല്‍ തന്നെ ഡാഷിയ രാജ്യം നിലനിന്നിരുന്നു എന്ന് ചരിത്രകാരന്‍മാര്‍ അനുമാനിക്കുന്നു. ബി. സി. 2-ഉം 1-ഉം ശ.-ങ്ങളില്‍ ഡാഷിയക്കാര്‍ റോമാക്കാരുമായി എറ്റുമുട്ടിയിരുന്നതായി രേഖകളുണ്ട്. അഗസ്റ്റസ് റോമന്‍ ചക്രവര്‍ത്തിയായിരുന്ന കാലത്ത് ഡാഷിയ റോമന്‍ മേല്‍ക്കോയ്മ അംഗീകരിച്ചിരുന്നെങ്കിലും ചില അവസരങ്ങളില്‍ റോമന്‍ പ്രദേശങ്ങളില്‍ ആക്രമണം നടത്താന്‍ ഉദ്യുക്തരായതായി കാണുന്നു. ഡാഷിയയിലെ രാജാവായിരുന്ന ഡെസിബാലസിന്റെ ഭരണകാലത്ത് രാഷ്ട്രത്തിന് ശക്തമായ സൈനിക വ്യൂഹമുണ്ടായിരുന്നു. റോമന്‍ സേനയെപ്പോലെതന്നെ പരിശീലനം സിദ്ധിച്ച സൈന്യമായിരുന്നു ഡാഷിയയ്ക്കുമുണ്ടായിരുന്നത്. റോമന്‍ ചക്രവര്‍ത്തി ഡൊമിഷിയന്റെ കാലത്തുണ്ടായ ഡാഷിയന്‍ യുദ്ധങ്ങളില്‍ (എ.ഡി. 85-89) റോമാക്കാര്‍ക്ക് കുറെയൊക്കെ ജയമുണ്ടായി. എ.ഡി 91-ല്‍ ഡൊമിഷിയന്‍ ഡെസിബാലസിനെ കീഴടക്കിയെങ്കിലും രാജാവായി തുടരാനുളള അവകാശം ഔദാര്യപൂര്‍വം നല്‍കുകയുണ്ടായി. ഇതോടൊപ്പം ഡാഷിയയുടെ ആക്രമണങ്ങള്‍ തുടര്‍ന്നുണ്ടാകാതിരിക്കാന്‍ റോമാക്കാര്‍ സെഡിബാലസുമായി ഉടമ്പടിയുമുണ്ടാക്കി. ഇതിനുശേഷം ഡെസിബാലസ് ഡാഷിയയെ ഒരു ശക്തിരാഷ്ട്രമായി വളര്‍ത്തിയെടുത്തു.

ട്രാജന്‍ റോമന്‍ ചക്രവര്‍ത്തിയായപ്പോള്‍ ഡാഷിയയും റോമുമായി വീണ്ടും യുദ്ധമുണ്ടായി. 101-നും 107-നും ഇടയ്ക്കുണ്ടായ ഈ യുദ്ധങ്ങളുടെ അന്ത്യത്തില്‍ ട്രാജന്‍ ഡെസിബാലസിനെ പരാജയപ്പെടുത്തുകയും ഡാഷിയയെ ഒരു റോമന്‍ പ്രവിശ്യയാക്കി മാറ്റുകയും ചെയ്തു. എന്നാല്‍ റോമിന്റെ ഒരു കോളനിയെന്ന നിലയില്‍ ഡാഷിയയെ നിയന്ത്രണാധീനമാക്കുവാനാണ് റോമാക്കാര്‍ ശ്രമിച്ചത്. റോമന്‍ സാമ്രാജ്യത്തിന്റെ പല ഭാഗത്തു നിന്നും ഇവിടേയ്ക്ക് കുടിയേറ്റമുണ്ടായി. സമ്പത്തു കയ്യടക്കുന്നതിനായി റോമാക്കാര്‍ ഇവിടെ കൃഷിയും ഖനനവും നടത്തി. റോഡുകള്‍ നിര്‍മിച്ച് റോമാക്കാര്‍ തങ്ങളുടെ നിയന്ത്രണം ശക്തമാക്കുകയും ചെയ്തു. റോമാക്കാരുടെ സംസ്കാരവും മതവും പ്രചരിച്ചു. റോമിലെ ഹാദ്രിയന്‍ ചക്രവര്‍ത്തി ഡാഷിയയെ രണ്ടായി വിഭജിച്ച് ഡാഷിയ സുപ്പീരിയര്‍ (ട്രാന്‍സില്‍വേനിയയ്ക്കു സമമായ പ്രദേശം), ഡാഷിയ ഇന്‍ഫീരിയര്‍ (വലാച്ചിയയ്ക്കു സമമായ പ്രദേശം) എന്നീ മേഖലകളായി ഭരണം നടത്തി. എ.ഡി. 159-ല്‍ റോമിലെ അന്റോണിയസ് പയസ് ചക്രവര്‍ത്തി ഡാഷിയയെ മൂന്നു പ്രദേശങ്ങളായി വിഭജിച്ചാണ് ഭരണം നടത്തിയത്. മാര്‍ക്കസ് അറീലിയസ് ചക്രവര്‍ത്തിയാകട്ടെ ഡാഷിയയെ റോമിന്റെ കീഴിലുളള ഒറ്റ സൈനിക മേഖലയാക്കി മാറ്റി (സു. 168) ഭരണം നടത്തി. എ. ഡി. 256-ഓടെ ഗോത്തുകള്‍ ഡാഷിയ ആക്രമിച്ച് മിക്ക പ്രദേശങ്ങളില്‍ നിന്നും റോമാക്കാരെ പുറത്താക്കിയിരുന്നു. 270-ഓടെ ഡാഷിയയില്‍ നിന്നും റോമാക്കാര്‍ പൂര്‍ണമായും പിന്‍വാങ്ങി. പിന്നീടുളള നൂറ്റാണ്ടുകളില്‍ പല വിദേശാക്രമണങ്ങള്‍ക്കും അധിനിവേശങ്ങള്‍ക്കും വശംവദമായ ഈ പ്രദേശം പില്ക്കാലത്ത് റുമേനിയ എന്ന പുതിയ പേരിലറിയപ്പെട്ടു തുടങ്ങി. നോ : റുമേനിയ

(ഡോ. പി. എഫ്. ഗോപകുമാര്‍, സ.പ.)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A1%E0%B4%BE%E0%B4%B7%E0%B4%BF%E0%B4%AF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍