This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഡി ലാ മെയര്‍, വാള്‍ട്ടര്‍ (1873-1956)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഡി ലാ മെയര്‍, വാള്‍ട്ടര്‍ (1873-1956)
de la Mare,Walter
ഇംഗ്ലീഷ് കവിയും കഥാകൃത്തും ബാലസാഹിത്യകാരനും. 1873 ഏ. 25-ന് കെന്റിലെ ചാള്‍ട്ടനില്‍ ജനിച്ചു. ലണ്ടനിലെ സെന്റ് പോള്‍സ് കത്തീഡ്രല്‍ കോറിസ്റ്റേഴ്സ് സ്കൂളിലായിരുന്നു വിദ്യാഭ്യാസം. 1899-ല്‍ എല്‍ഫ്രിഡ ഇംഗ്പെനിനെ വിവാഹം കഴിച്ചു. രണ്ടു ആണ്‍മക്കളും രണ്ടു പെണ്‍മക്കളും ഈ ദമ്പതികള്‍ക്കുണ്ടായി. 1890-1908 കാലഘട്ടത്തില്‍ ആംഗ്ളോ-അമേരിക്കന്‍ ഓയില്‍ കമ്പനിയില്‍ ക്ലാര്‍ക്കായി ഇദ്ദേഹം ജോലി ചെയ്തു. ലണ്ടനില്‍ നിന്നു പ്രസിദ്ധീകരിക്കുന്ന ദ് ടൈംസ്, ദ് വെസ്റ്റ്മിന്‍സ്റ്റര്‍ ഗസറ്റ് എന്നീ ആനുകാലികങ്ങളില്‍ എഴുതാറുണ്ടായിരുന്നു. നിരവധി സാഹിത്യപുരസ്കാരങ്ങള്‍ കരസ്ഥമാക്കിയ ഇദ്ദേഹത്തിന് ഓക്സ്ഫോഡ്, കേംബ്രിഡ്ജ്, ബ്രിസ്റ്റല്‍, ലണ്ടന്‍ എന്നീ സര്‍വകാലശാലകള്‍ ഡി. ലിറ്റ്. ബിരുദം സമ്മാനിക്കുകയുണ്ടായി. 1908-ല്‍ ഇദ്ദേഹത്തിന് സിവില്‍ ലിസ്റ്റ് പെന്‍ഷന്‍ അനുവദിച്ചു.
വാള്‍ട്ടര്‍ റാമല്‍ എന്ന തൂലികനാമത്തിലായിരുന്നു വാള്‍ട്ടര്‍ ഡി ലാ മെയര്‍ ആനുകാലികങ്ങളില്‍ കഥകള്‍ പ്രസിദ്ധീകരിച്ചിരുന്നത്. കുട്ടികള്‍ക്കുവേണ്ടി രചിച്ച ആദ്യകാല കവിതകളിലും ഇതേ പേര്‍ തന്നെയായിരുന്നു ഉപയോഗിച്ചിരുന്നത്. ആദ്യത്തെ കവിതാസമാഹാരം സോംഗ്സ് ഫോര്‍ ചൈല്‍ഡ്ഹുഡ് എന്ന പേരില്‍ 1902-ല്‍ പുറത്തുവന്നു. 1904-ല്‍ പ്രസിദ്ധീകരിച്ച ഹെന്റി ബ്രോക്കന്‍ എന്ന ഗദ്യകൃതി കല്പനാപ്രധാനമായിരുന്നു. 1906-ല്‍ പോയംസ് പ്രസിദ്ധീകരിച്ചതോടെയാണ് വാള്‍ട്ടര്‍ ഡി ലാ മെയര്‍ സാഹിത്യരംഗത്ത് ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയത്. 1908-ല്‍ സിവില്‍ ലിസ്റ്റ് പെന്‍ഷന്‍ ലഭിച്ചത് സാഹിത്യരചനയില്‍ മുഴുവന്‍ ശ്രദ്ധയും കേന്ദ്രീകരിക്കാന്‍ ഇദ്ദേഹത്തിന് അവസരം നല്‍കി.
ഭൗതികപ്രപഞ്ചത്തിനു പുറത്തുളള ഒരു ലോകവുമായി സംവദിക്കാനുളള നൈസര്‍ഗികമായ വാസനയായിരുന്നു വാര്‍ട്ടര്‍ ഡി ലാ മെയറിന്റെ കൃതികള്‍ക്ക് തനതായ വ്യക്തിത്വം പകര്‍ന്നുകൊടുത്തത്. ഇതുകാരണം ബാലസാഹിത്യകൃതികളില്‍ സാധാരണ കാണാറുളള അതിഭാവുകത്വം (Sentimentality) ഇദ്ദേഹത്തിന്റെ കൃതികളില്‍ ഇല്ലാതെ പോയി. പ്രകൃതിഭംഗിയില്‍ അഭിരമിക്കാനുളള മനസ്സും അവര്‍ണനീയമായതിനെ ധ്വന്യാത്മകമായി ചിത്രീകരിക്കാനുളള കഴിവും ഇദ്ദേഹത്തിന്റെ മിക്ക കവിതകളിലും കാണാം. ദ് ലിസണേഴ്സ് ആന്‍ഡ് അദര്‍ പോയംസ് (1912), ദ് സങ്കന്‍ ഗാര്‍ഡന്‍ ആന്‍ഡ് അദര്‍ പോയംസ് (1917), ഫ്ളോറ (1919), മെമ്മറി ആന്‍ഡ് അദര്‍ പോയംസ് (1938), റ്റൈം പാസസ് ആന്‍ഡ് അദര്‍ പോയംസ് (1942), ദ് ട്രാവലര്‍ (1946), വിംഗ്ഡ് ചാരിയട്ട് ആന്‍ഡ് അദര്‍ പോയംസ് (1951), ഓ ലൗലി ഇംഗ്ലണ്ട് ആന്‍ഡ് അദര്‍ പോയംസ് (1953) തുടങ്ങിയ കവിതാസമാഹാരങ്ങളുടെ ശീര്‍ഷകങ്ങള്‍ തന്നെ വായനക്കാരുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ പോന്നവയാണ്. ജീവിതത്തില്‍ സുപരിചിതമായ കാര്യങ്ങളാണ് മനോഹരമായിട്ടുള്ളതെന്നായിരുന്നു ("The lovely in life is the familiar) ഡി ലാ മെയറിന്റെ വിശ്വാസപ്രമാണം. മനുഷ്യന് ചെറുപ്പകാലത്താണ് പ്രപഞ്ച വസ്തുക്കളുടെ നിഗൂഢാര്‍ഥം കണ്ടെത്താന്‍ കഴിയുന്നതെന്ന് വേഡ്സ്വര്‍ത്തിനെപ്പോലെ ഇദ്ദേഹവും കരുതിയിരുന്നു. "എ സണ്‍ഡേ, "ആള്‍ ദാറ്റീസ് പാസ്റ്റ്, "മ്യൂസിക് അണ്‍ഹേഡ്, "അണ്‍ഹേഡ് മെലഡീസ് തുടങ്ങിയ കവിതകളില്‍ ഈ ദര്‍ശനത്തിന്റെ കലാസുഭഗമായ ആവിഷ്കാരം കാണാം. കാലം ചെല്ലുന്തോറും ഡി ലാ മെയറിന്റെ ശ്രദ്ധ ജീവിതത്തിന്റേയും പ്രപഞ്ചത്തിന്റേയും ആത്യന്തിക നിഗൂഢതകളിലേക്കു തിരിയുന്നതാണ് കാണുന്നത്. "ദ് ലാസ്റ്റ് ചാപ്റ്റര്‍, "അനാട്ടമി, "ദ് ഡെത്ത് - ഡ്രീം തുടങ്ങിയ കവിതകളില്‍ കാണുന്നതു പോലെ കവിമനസ്സ് അനുധ്യാനത്തിന്റേയും മൌനത്തിന്റേയും ശീതളച്ഛായയില്‍ മയങ്ങിപ്പോകുന്നു. ദ് റിട്ടേണ്‍ (1910), മെമ്മോയേഴ്സ് ഒഫ് എ മിഡ്ജെറ്റ് (1921), അറ്റ് ഫസ്റ്റ് സൈറ്റ് (1928), സെവന്‍ ഷോര്‍ട്ട് സ്റ്റോറീസ് (1931), എ ഫോര്‍വേഡ് ചൈല്‍ഡ് (1934) എന്നിവയാണ് വാള്‍ട്ടര്‍ ഡി ലാ മെയറിന്റെ കഥാകൃതികളില്‍ പ്രധാനപ്പെട്ടവ. എ ചൈല്‍ഡ്സ് ഡേ: എ ബുക്ക് ഓഫ് റൈംസ് (1912), റ്റോള്‍ഡ് എഗെയ് ന്‍: ട്രെഡിഷണല്‍ റ്റെയില്‍സ്(1927), ഓള്‍ഡ് ജോ (1927), സ്റ്റോറീസ് ഫ്രം ദ ബൈബിള്‍ (1929), പോയംസ് ഫോര്‍ ചില്‍ഡ്രന്‍ (1930), ദി ഓള്‍ഡ് ലയണ്‍ ആന്‍ഡ് അദര്‍ സ്റ്റോറീസ് (1942)എന്നിവ ഇദ്ദേഹത്തിന്റെ ബാലസാഹിത്യകൃതികളുടെ കൂട്ടത്തില്‍ മികച്ചു നില്‍ക്കുന്നു.
1956 ജൂണ്‍ 22-ന് ഇദ്ദേഹം അന്തരിച്ചു.