This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അഗദതന്ത്രം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
അഗദതന്ത്രം
ആയുര്‍വേദത്തിലെ വിഷചികിത്സാവിഭാഗം. അഷ്ടാംഗഹൃദയത്തിലെ ശല്യം, ശലാക്യം, കായചികിത്സ, ഭൂതവിദ്യ, കൌമാരഭൃത്യം, അഗദതന്ത്രം, രസായനതന്ത്രം, വാജീകരണതന്ത്രം എന്നീ എട്ട് അംഗങ്ങളില്‍ ആറാമത്തേതാണിത്.
അഗദജം എന്ന പദത്തിന്റെ അര്‍ഥം ഗദ(രോഗ)ത്തെ ഇല്ലാതാക്കുന്നത്, അതായത് ഔഷധം എന്നാണ്. (നാസ്തിഗദോ അസ്മാദ് അനേന വാ), 'ഗദം' എന്ന ശബ്ദത്തിന് രോഗമെന്നാണു പ്രസിദ്ധാര്‍ഥമെങ്കിലും അത് വിഷശബ്ദത്തിന്റെ പര്യായവുമാണ് (രാജനിഘണ്ടു). ജന്തുക്കള്‍, സസ്യങ്ങള്‍, ധാതുദ്രവ്യങ്ങള്‍ എന്നിവ വഴിയും മറ്റു പല പ്രകാരത്തിലും ജീവികളില്‍ വിഷബാധയുണ്ടായാല്‍ അവയെ തിരിച്ചറിയാനുള്ള ലക്ഷണങ്ങളെയും അവയ്ക്കുള്ള ചികിത്സാവിധികളെയും പ്രതിപാദിക്കുന്നതാണ് ഈ തന്ത്രം. "അഗദതന്ത്രം നാമ സര്‍പ്പകീടലൂതാ മൂഷികാദിദഷ്ട വിഷജ്ഞാനാര്‍ഥം വിവിധവിഷസംയോഗോപശമനാര്‍ഥം ച' എന്നു സുശ്രുതന്‍ (സൂ. അ. 1/14) ഈ തന്ത്രത്തിന്റെ ഉദ്ദേശ്യം എടുത്തു പറഞ്ഞിരിക്കുന്നു. ആയുര്‍വേദത്തിലെ പ്രാമാണിക മൂലഗ്രന്ഥങ്ങളായ സുശ്രുതസംഹിത, ചരകസംഹിത, അഷ്ടാംഗഹൃദയം, ഹാരീതസംഹിത, അഷ്ടാംഗസംഗ്രഹം, ഭാവപ്രകാശം, വാസവരാജീയം, ശാര്‍ങ്ഗധരസംഹിത എന്നിവയിലെല്ലാം ഈ തന്ത്രം ഉള്‍പ്പെട്ടു കാണാം. സുശ്രുതത്തിലെ കല്പസ്ഥാനം മുഴുവന്‍, ചരകം ചികിത്സാസ്ഥാനത്തിലെ 23-ാം അധ്യായം, അഷ്ടാംഗസംഗ്രഹം ഉത്തരതന്ത്രത്തില്‍ 40 മുതല്‍ 48 വരെയുള്ള അധ്യായങ്ങള്‍ അഷ്ടാംഗഹൃദയം ഉത്തരസ്ഥാനത്തില്‍ 35 മുതല്‍ 38 വരെയുള്ള അധ്യായങ്ങള്‍, ഹാരീതസംഹിത മൂന്നാം സ്ഥാനത്തില്‍ 53-ാം അധ്യായം, ഭാവപ്രകാശം ചികിത്സാസ്ഥാനം 57-ാം അധ്യായം, വാസവരാജീയത്തില്‍ 21-ഉം, 22-ഉം പ്രകരണങ്ങള്‍ -- ഇവയെല്ലാം അഗദതന്ത്രപ്രതിപാദകങ്ങളാണ്. ഈ പ്രമാണിക ഗ്രന്ഥങ്ങളില്‍ അഷ്ടാംഗഹൃദയത്തിലെ അഗദതന്ത്രത്തെ ആസ്പദമാക്കിയുള്ള ചികിത്സാരീതിക്കാണ് കേരളത്തില്‍ അധികം പ്രചാരമുള്ളത്. ഇതിനുപുറമേ, അഗദതന്ത്രത്തെ മാത്രം പുരസ്കരിച്ചുള്ള നാരായണീയം, സാരസംഗ്രഹം, ഉഡ്ഡീശം, ഉല്‍പ്പലം, ഹരമേഖല, ലക്ഷണാമൃതം, കാലവഞ്ചനം എന്നീ സംസ്കൃത ഗ്രന്ഥങ്ങളും, ജ്യോത്സ്നിക, ചന്ദ്രിക, ചിത്രാരൂഢം, പ്രയോഗസമുച്ചയം, വിഷവൈദ്യപ്രവേശിക, സര്‍വഗരളപ്രമോചനം, ഗൌളീശാസ്ത്രം, കാലവഞ്ചനം എന്നീ മലയാള ഗ്രന്ഥങ്ങളും തമിഴ്പ്പടി എന്ന തമിഴ് കൃതിയും കേരളത്തില്‍ പ്രചാരത്തിലുണ്ട്. ഇവയില്‍ സംസ്കൃതഗ്രന്ഥങ്ങള്‍ മുഴുവന്‍ കേരളീയര്‍തന്നെ നിര്‍മിച്ചതാണെന്നു പറഞ്ഞുകൂടാ.
വിഷവിദ്യ. മന്ത്രപ്രയോഗംകൊണ്ടു വിഷമിറക്കുന്ന ഒരു ക്രിയാപാരമ്പര്യവും കേരളത്തില്‍ പ്രചാരത്തിലുണ്ട്. 'വിഷവിദ്യ' എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. ഔഷധപ്രയോഗം കൊണ്ടുമാത്രം ചികിത്സിക്കുന്ന രീതിയെ 'വിഷചികിത്സ' എന്നു വിളിച്ചുവരുന്നു. ചരകസുശ്രുതാദി ഗ്രന്ഥങ്ങളില്‍ ഉള്ള വിഷചികിത്സയാണ് അഗദതന്ത്രം; രോഗിയെ സമാധാനിപ്പിക്കേണ്ട ചില സന്ദര്‍ഭങ്ങളില്‍ അതിനുവേണ്ടി മന്ത്രം ജപിച്ച് വെള്ളം തളിക്കാന്‍ അതില്‍ ഉപദേശിക്കാതിരുന്നിട്ടില്ലെന്നുമാത്രം; ഔഷധപ്രയോഗത്തോടുകൂടിയേ അങ്ങനെ ചെയ്യാന്‍ വിധിച്ചിട്ടുള്ളു. അഷ്ടാംഗഹൃദയത്തില്‍ (ഉ.അ. 36/70),
'സീതാ വൈഗന്ധികാദ്രാക്ഷാ പയസ്യാമധുകം മധു പാനം സമന്ത്രഃപൂതാംബുപ്രോക്ഷണം സാന്ത്വഹര്‍ഷണം'
(പഞ്ചസാര, പെരുങ്കുരുമ്പവേര്, മുന്തിരിങ്ങ, അടപതിയന്‍ കിഴങ്ങ്, ഇരട്ടിമധുരം ഇവ പൊടിച്ച് തേന്‍ ചേര്‍ത്ത് സേവിപ്പിക്കുകയും സിദ്ധമന്ത്രങ്ങള്‍ ജപിച്ചു ശുദ്ധമാക്കിയ വെള്ളം തളിക്കുകയും നല്ല വാക്കുകള്‍കൊണ്ടു സമാധാനിപ്പിക്കുകയും സന്തോഷിപ്പിക്കുകയും വേണം) എന്ന് 'സര്‍പ്പാംഗാഭിഹത'ത്തിനും 'ശങ്കാവിഷ'ത്തിനും പ്രതിവിധി നിര്‍ദേശിച്ചിട്ടുള്ളത് ഇതിനുദാഹരണമാണ്.
അടിസ്ഥാന പ്രമാണങ്ങള്‍. ത്രിദോഷ-ത്രിധാതുവാദം, സപ്തധാതുസിദ്ധാന്തം, രസ-ഗുണ-വീര്യ-വിപാക-പ്രഭാവ സിദ്ധാന്തം തുടങ്ങിയ ആയുര്‍വേദത്തിന്റെ മൌലികതത്ത്വങ്ങള്‍ തന്നെയാണ് അഗദതന്ത്രത്തിന്റെയും അടിസ്ഥാനപ്രമാണങ്ങള്‍. 'നിജം' എന്നും 'ആഗന്തുകം' എന്നും രോഗത്തെ രണ്ടായി വിഭജിച്ചിട്ടുള്ളതില്‍ വിഷവികാരങ്ങളെ ആഗന്തുകവിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
അഗദതന്ത്രത്തില്‍ വിഷോത്പത്തിയെപ്പറ്റി രസകരമായ ഒരു പുരാണ കഥയുണ്ട്. ദേവന്മാരും അസുരന്മാരും കൂടി അമൃതിനായി സമുദ്രം കടഞ്ഞപ്പോള്‍ അതു ലഭിക്കുന്നതിനുമുമ്പ് ഭീഷണാകൃതിയായ ഒരു പുരുഷന്‍ സമുദ്രത്തില്‍ നിന്നുപൊങ്ങി. അവനെകണ്ടു ദേവാസുരാദികള്‍ വിഷാദിച്ചു; വിഷാദകാരനായ അവനെ വിഷം എന്നു വിളിച്ചു. ബ്രഹ്മാവ് കോപത്തോടെ ഹുംകാരംകൊണ്ട് അവനെ നിഷ്കാസനം ചെയ്തു. അവനാകട്ടെ ഭയപ്പെട്ട് അപ്പോഴത്തെ ശരീരം വെടിഞ്ഞ് സര്‍വജനങ്ങളെയും ചതിക്കാനായി സ്ഥാവരങ്ങളും ജംഗമങ്ങളുമായ ശരീരങ്ങളില്‍ പോയി ഒളിച്ചു. സസ്യങ്ങളിലും ധാതുദ്രവ്യങ്ങളിലും സ്ഥാവരവിഷരൂപത്തിലും സര്‍പ്പലൂതാദികളില്‍ ജംഗമവിഷരൂപത്തിലും. ഈ കഥ വിഷത്തിന്റെ ഭീഷണവും വഞ്ചകവുമായ സ്വഭാവത്തെ വ്യക്തമാക്കുന്നു. 'വിയോജിപ്പിക്കുന്നു' (വിഷ്ണാതി-ശരീരത്തില്‍നിന്നു പ്രാണനെ) എന്നും, "വ്യാപിക്കുന്നു (വേഷതി) എന്നും അര്‍ഥമുള്ള 'വിഷ'ധാതുവില്‍നിന്നാണ് വിഷശബ്ദത്തിന്റെ നിഷ്പത്തി എന്നു ശബ്ദകല്പദ്രുമത്തില്‍ കാണുന്നു. വിഷാദിപ്പിക്കുന്നു എന്നതുകൊണ്ട് വിഷസംജ്ഞ ഉണ്ടായി എന്നാണ് ആയുര്‍വേദഗ്രന്ഥങ്ങളില്‍ കാണുന്നത്. (ഹിംസിക്കുക, പീഡിപ്പിക്കുക എന്നര്‍ത്ഥമുള്ള 'സദ്'ധാതുവിനോടുകൂടി 'വി' എന്ന ഉപസര്‍ഗം ചേര്‍ന്നുണ്ടായ രൂപമാണ് വിഷാദം).
വിഷവിഭജനം. അകൃത്രിമം, കൃത്രിമം എന്നിങ്ങനെ വിഷത്തിന് സാമാന്യേന രണ്ടു വിഭാഗം കല്പിച്ചിരിക്കുന്നു. കൃത്രിമ വിഷത്തിനു 'ഗരം' എന്നും പേരുണ്ട്. പ്രകൃതിവസ്തുക്കളില്‍നിന്നു സ്വാഭാവികമായി ഉണ്ടാകുന്നവ അകൃത്രിമങ്ങളും വിവിധ ദ്രവ്യങ്ങള്‍ കൂട്ടിച്ചേര്‍ത്തുണ്ടാക്കുന്നവ കൃത്രിമങ്ങളുമാണ്. അകൃത്രിമത്തെ സ്ഥാവരം എന്നും ജംഗമം എന്നും രണ്ടായി വിഭജിച്ചിട്ടുണ്ട്. വൃക്ഷലതാദികളുടെ വേര്, ഇല, പൂവ്, കായ്, തേന്‍, പാല്‍, കാതല്‍, കറ, കിഴങ്ങ് എന്നിവയും ഫേനാശ്മം, ഹരിതാലം എന്നീ ധാതുദ്രവ്യങ്ങളും സ്ഥാവരവിഷത്തിനും, സര്‍പ്പം, എലി, തേള്‍, ചിലന്തി, കീരി, പൂച്ച, തവള, കുരങ്ങ്, പേപ്പട്ടി, കുറുക്കന്‍, അരണ, ഗൌളി, ഓന്ത്, കടന്നല്‍, അട്ട, തേരട്ട, തൊട്ടാരട്ടി, വേട്ടാളന്‍, മത്സ്യം, നരി, സിംഹം, മുതലായവ സാമാന്യേന ജംഗമ വിഷത്തിനും ആസ്പദങ്ങളാണ്.
'സര്‍പ്പാഃകീടോന്ദുരാ ലൂതാ വൃശ്ചികാ ഗൃഹഗോധികാഃ ജളൌകാ മത്സ്യമാണ്ഡൂകാഃ കണഭാഃ സകൃകണ്ടകാഃ ശ്വസിംഹവ്യാഘ്രഗോമായു- തരക്ഷുനകുലാദയഃ ദംഷ്ട്രിണോ യേ വിഷം തേഷാം ദംഷ്ട്രോത്ഥം ജംഗമം മതം' (ച. ചി. 23/9-10)
ഈ ജംഗമങ്ങളുടെ നോട്ടം, നിശ്വാസം, പല്ല്, മൂത്രം, ശുക്ളം, പുരീഷം, ഉമിനീര്‍, ശവം തുടങ്ങിയ 16 വിഷാധിഷ്ഠാനങ്ങളെ സുശ്രുതത്തിലും അഷ്ടാംഗസംഗ്രഹത്തിലും എണ്ണിപ്പറഞ്ഞിട്ടുണ്ട്. കൃത്രിമവിഷം (ഗരം) അല്പവീര്യങ്ങളും വിരുദ്ധവീര്യങ്ങളുമായ വിവിധ വസ്തുക്കള്‍ ചേര്‍ത്ത് ഉണ്ടാക്കപ്പെടുന്നതാണ്. വശീകരണം മുതലായവയാണ് അതിന്റെ ഉദ്ദേശ്യം. മലയാളത്തില്‍ 'കൈവിഷം' എന്നു വിളിക്കപ്പെടുന്നതും ഇതുതന്നെ.
'സ്ഥാവരം ജംഗമം ചേതി വിഷം പ്രോക്തമകൃത്രിമം കൃത്രിമം ഗരസംജ്ഞം തു ക്രിയതേ വിവിധൌഷധൈഃ' (അ. ഹൃ. ഉ.35/5) ഗരം അകത്തു പെട്ടാല്‍ ഉണ്ടാകുന്ന വിഷാദപ്രധാനങ്ങളായ ലക്ഷണങ്ങളെയും അവയ്ക്കുള്ള പ്രതിവിധികളെയും അതില്‍ വിവരിച്ചിട്ടുണ്ട്.
സ്ഥാവരവിഷദ്രവ്യങ്ങളില്‍ മൂലവിഷങ്ങള്‍ (മൂലത്തില്‍=വേരില്‍-വിഷമുള്ളവ) 8; പത്രവിഷങ്ങള്‍ 5; ഫലവിഷങ്ങള്‍ 12; പുഷ്പവിഷങ്ങള്‍ 7; തോല്‍, കാതല്‍, കറ എന്നിവയില്‍ വിഷമുള്ളവ 5; ക്ഷീരവിഷങ്ങള്‍ 3; വിഷമുള്ള ധാതുദ്രവ്യങ്ങള്‍ 2; കന്ദ (കിഴങ്ങ്) വിഷങ്ങള്‍ 13 എന്നിങ്ങനെ 55 സ്ഥാവരവിഷാധിഷ്ഠാനങ്ങളെ സുശ്രുതന്‍ എണ്ണിപ്പറഞ്ഞിട്ടുണ്ട്. കണവീരം, കുന്നി, കരിഞ്ചണ, മേന്തോന്നി, എന്നിവ വേരില്‍ വിഷമുള്ളവയ്ക്കും വത്സനാഭി, സര്‍ഷപം എന്നിവ കന്ദവിഷദ്രവ്യങ്ങള്‍ക്കും ഉദാഹരണങ്ങളാണ്. ഓരോ വര്‍ഗവും ശരീരത്തില്‍ സാമാന്യേന എന്തെന്തു ലക്ഷണങ്ങള്‍ ഉളവാക്കും എന്ന് വെവ്വേറെ എടുത്തുപറഞ്ഞിരിക്കുന്നു (സു. കല്പം അ. 2). കന്ദവിഷങ്ങള്‍ വളരെ തീക്ഷ്ണങ്ങളാണ്. അവയിലോരോന്നും ശരീരത്തിലേറ്റാലുണ്ടാകുന്ന വ്യത്യസ്തലക്ഷണങ്ങളും വിവരിക്കപ്പെട്ടിട്ടുണ്ട്.
വിഷത്തിന്റെ ഗുണധര്‍മങ്ങള്‍. വിഷത്തെ മരണത്തിന്റെയും അമൃതത്തെ ജീവിതത്തിന്റെയും പ്രതീകങ്ങളായാണ് സങ്കല്പിച്ചുവരാറുള്ളത്. ശരീരത്തിലെ ഓജസ്സിനെ വിഷം ക്ഷയിപ്പിക്കുന്നു; അമൃതം വര്‍ധിപ്പിക്കുന്നു. ഓജസിന്റേതിന് വിപരീതമായ ഗുണധര്‍മങ്ങളാണ് വിഷത്തിനുള്ളത്. വിഷങ്ങള്‍ക്കെല്ലാം മാരകസ്വഭാവമുള്ള 10 ഗുണധര്‍മങ്ങള്‍ എടുത്തുപറഞ്ഞിരിക്കുന്നു. (i) രൂക്ഷത; (ii) തീക്ഷണത; (iii) സൂക്ഷ്മത- (എല്ലാ സൂക്ഷ്മധാത്വംശങ്ങളിലേക്കും കടന്നു ചെല്ലുവാനുള്ള കഴിവ്); (iv) ഉഷ്ണത്വം; (v) വ്യവായിത്വം (ശരീരമാകെ വേഗം വ്യാപിക്കുന്ന സ്വഭാവം); (vi) വികാശിത്വം (ദോഷധാതുമലങ്ങളെ ക്ഷയിപ്പിക്കാനുള്ള കഴിവ്); (vii) ആശുകാരിത്വം (സ്വധര്‍മം വേഗം നടത്താനുള്ള കഴിവ്); (viii) വൈശദ്യം (പ്രതിരോധങ്ങളെ ജയിച്ചു സ്വഗുണധര്‍മങ്ങളെ നിലനിര്‍ത്താനുള്ള കഴിവ്); (ix) ലാഘവം - കനക്കുറവ് (പ്രതിവിധികളില്‍നിന്ന് രക്ഷപ്പെടുവാനുള്ള സാമര്‍ഥ്യം -- ദുശ്ചികിത്സ്യത ഇതുകൊണ്ടുണ്ടാകുന്നു); (x) അപാകിത്വം (ധാത്വഗ്നി പാകം കൊണ്ടും മറ്റും പരിണമിച്ച് രൂപാന്തരപ്പെടാതിരിക്കല്‍). ഇവയില്‍ അപാകിത്വം എന്നതിനു പകരം, അനിര്‍ദേശ്യരസം (നാവിന്‍മേല്‍ തട്ടിയാല്‍ ഇന്നതെന്ന് വ്യക്തമാവാത്ത രസത്തോടുകൂടിയത്) എന്ന ഗുണധര്‍മത്തെ ചരകന്‍ കല്പിച്ചിരിക്കുന്നു. രൂക്ഷതകൊണ്ടു വാതത്തെയും ഉഷ്ണത്വംകൊണ്ടു പിത്തത്തെയും സൂക്ഷ്മത്വംകൊണ്ടു രക്തത്തെയും പ്രകോപിപ്പിക്കുകയും അവ്യക്ത രസത്വം കൊണ്ടു കഫത്തെയും ആന്തരികരസത്തെയും ദുഷിപ്പിക്കുകയും ചെയ്യുന്നു.
'ലഘു രൂക്ഷമാശു വിശദം വ്യവായി തീക്ഷണം വികായി സൂക്ഷ്മം ച ഉഷ്ണമനിര്‍ദേശ്യരസം ദശഗുണമുക്തം വിഷം തജ്ഞൈ- രൌക്ഷ്യാത് വാതമശൈത്യാത് പിത്തം സൌക്ഷ്മ്യാദസൃക് പ്രകോപയതി കഫമവ്യക്തരസത്വാ- ദന്നരസാം ശ്ചാനുവര്‍ത്തതേ ശീഘ്രം' (ച.ചി.അ.2333)
ഇപ്രകാരം മറ്റു ഗുണധര്‍മങ്ങളും ശരീരത്തില്‍ എങ്ങനെയെല്ലാം പ്രവര്‍ത്തിക്കുന്നുവെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ദൂഷീവിഷം. അകൃത്രിമവും കൃത്രിമവുമായ ഏതു വിഷവും ചികിത്സകൊണ്ടും മറ്റും അല്പം ശമിച്ച് അതിനു വീര്യഹാനി സംഭവിക്കുമെങ്കിലും മേല്‍പ്പറഞ്ഞ ദശഗുണധര്‍മങ്ങളോടുകൂടി ശരീരത്തില്‍ അവശേഷിക്കുകയാണെങ്കില്‍ അതിനു ദൂഷിവിഷം എന്നുപറയും. കാലാന്തരത്തില്‍ അതും ശരീരനാശകമാണ്. 'നഞ്ഞുനാനാഴി വേണ്ടാ' എന്നുണ്ടല്ലോ. കാലപ്പഴക്കം, വിഷഘ്നങ്ങളായ ഔഷധങ്ങള്‍ (അഗദങ്ങള്‍), തീയേല്ക്കല്‍, കാറ്റുതട്ടിയൊ വെയില്‍കൊണ്ടൊ ഉണങ്ങല്‍- എന്നിവകൊണ്ടെല്ലാം വിഷത്തിനു സ്വയം വീര്യം കുറഞ്ഞുപോകും; ശരീരത്തില്‍ അതിന്റെ പ്രഭാവവും കുറയും. ഇങ്ങനെ വീര്യം കുറഞ്ഞതെല്ലാം ദൂഷീവര്‍ഗത്തില്‍പ്പെടുന്നു. വിഷഗുണങ്ങള്‍ കുറഞ്ഞതോതിലെ ഉള്ളു എന്നതുകൊണ്ട് ശരീരത്തില്‍ ഏറ്റാല്‍ അതു മാരകമാകുന്നില്ല; സ്വയം നശിക്കുകയൊ പുറംതള്ളപ്പെടുകയൊ ചെയ്യുന്നുമില്ല. ദൂഷീ വിഷം ഉണ്ടായാലുള്ള സാമാന്യലക്ഷണങ്ങളെയും, ആമാശയ പക്വാശയാദിസ്ഥാനങ്ങളില്‍ അതു വര്‍ത്തിക്കുമ്പോഴത്തെ വ്യത്യസ്തലക്ഷണങ്ങളെയും അവയ്ക്കുള്ള പ്രതിവിധികളെയും തന്ത്രത്തില്‍ എടുത്തുപറഞ്ഞിട്ടുണ്ട്. കിഴക്കന്‍ കാറ്റ്, അജീര്‍ണം, ശൈത്യം, മഴക്കാറ്, പകലുറക്കം, അപഥ്യാഹാരം എന്നിവകൊണ്ട് ദൂഷീവിഷം വികാരം പ്രാപിച്ച് സ്വയം ദുഷിക്കുകയും ധാതുക്കളെ ദുഷിപ്പിക്കുകയും ചെയ്യുന്നു. ദൂഷീവിഷം എന്ന പേര്‍ തന്നെ ഇതുകൊണ്ടുണ്ടായതാണ്.
അന്നപാനങ്ങള്‍, പല്ലുതേക്കാനും നാവു വടിക്കാനുമുള്ള ഉപകരണങ്ങള്‍, എണ്ണ, ചീപ്പ്, മെഴുക്കിളക്കാനുള്ള വസ്തുക്കള്‍, കുളിക്കാനുള്ള വെള്ളം, കുറിക്കൂട്ട്, പൂമാല, വസ്ത്രം, കിടക്ക, കുപ്പാനയം, ആഭരണം, പാദരക്ഷ, പാദപീഠങ്ങള്‍, ആനപ്പുറത്തെ അമ്പാരി, കുതിരപ്പുറത്തെ ജീനി, നസ്യത്തിനും ധൂമത്തിനും (ഔഷധപ്പുകയേല്പിക്കല്‍) മറ്റുമുള്ള സാമഗ്രികള്‍ - മനുഷ്യന്‍ സാധാരണയായി ഉപയോഗിച്ചുവരാറുള്ള ഇത്തരം വസ്തുക്കളോരോന്നും വിഷലിപ്തമായാല്‍ അതിന്റെ ഉപയോഗംകൊണ്ടു ശരീരത്തിലുണ്ടാകാവുന്ന ഉപദ്രവങ്ങളും അവയ്ക്കുള്ള പ്രതിവിധികളും സുശ്രുതം കല്പസ്ഥാനത്തില്‍ വിവരിച്ചിരിക്കുന്നു.
സര്‍പ്പവിഷം. ജംഗമവിഷങ്ങളില്‍ സര്‍പ്പവിഷമാണ് ഏറ്റവും മാരകമായിട്ടുള്ളത്. ദര്‍വീകരന്‍ (മൂര്‍ഖന്‍), മണ്ഡലി, രാജിലന്‍ എന്നിങ്ങനെ സര്‍പ്പങ്ങളെ സാമാന്യേന മൂന്നായി ആയുര്‍വേദത്തില്‍ തിരിച്ചിരിക്കുന്നു. ഈ മൂന്നും ജാതിനിയമങ്ങള്‍ നോക്കാതെ പരസ്പരം ഇണചേരുമെന്നും വ്യന്തരന്‍ എന്നൊരു വര്‍ഗമുണ്ടാവുമെന്നുമൊരു സങ്കല്പമുണ്ട്. ഇവയ്ക്കോരോന്നിനും അവാന്തരവിഭാഗങ്ങളും വളരെയേറെയുണ്ട്. സുശ്രുതം കല്പസ്ഥാനത്തില്‍ അവയിലോരോന്നിന്റെയും പേരുകൂടി എടുത്തുപറഞ്ഞിരിക്കുന്നു. വിഷത്തിന്റെയും പാമ്പുകളുടെയും സ്വഭാവങ്ങളെയും വിഷം ശരീരത്തിലേറ്റാല്‍ വാതാദികളില്‍ ഏതേതിന്നാണ് വികാരാധിക്യം വരിക എന്ന വസ്തുതയെയും അടിസ്ഥാനമാക്കിയാണ് ഈ വര്‍ഗവിഭജനം. മൂര്‍ഖന്റെ വിഷം രൂക്ഷഗുണപ്രധാനവും എരിവു രസമുള്ളതും താരതമ്യേന അധികം ഉഷ്ണവുമാണ്; മണ്ഡലിവിഷത്തിന് പുളിരസവും ഉഷ്ണത്വവും ഉണ്ടാകും; രാജിലവിഷം മധുരവും താരതമ്യേന ശീതവുമാണ്. മൂര്‍ഖവിഷം വാതത്തെയും മണ്ഡലിവിഷം പിത്തത്തെയും രാജിലവിഷം കഫത്തെയും കോപിപ്പിക്കുന്നു.
'ദര്‍വീകരാ മണ്ഡലിനോ രാജീമന്തസ്തഥൈവ ച സര്‍പ്പാ യഥാക്രമം വാത- പിത്തശ്ളേഷ്മ പ്രകോപണാഃ' (ചി.അ. 23-124)
വ്യന്തരന്റെ വിഷസ്വഭാവം സങ്കീര്‍ണവും സമ്മിശ്രവുമായിരിക്കും. വിവിധസര്‍പ്പങ്ങളില്‍ നിന്നും വിഷമേറ്റവനുണ്ടാകുന്ന ലക്ഷണങ്ങള്‍ വിവരിച്ചിട്ടുള്ളതില്‍നിന്ന് ഏതുതരം സര്‍പ്പമാണ് കടിച്ചതെന്നു വിവേചിച്ചറിയാനും ത്രിദോഷസിദ്ധാന്തം, രസ-ഗുണ-വീര്യ-വിപാക-പ്രഭാവസിദ്ധാന്തം മുതലായവയെ അടിസ്ഥാനമാക്കി അഗദങ്ങളെ തിരഞ്ഞെടുത്തു വേണ്ട പ്രതിവിധികള്‍ ചെയ്യാനും കഴിയുന്നു. കടിച്ച സ്ഥലത്തുനിന്നു ചോര കുത്തിക്കളയുക (രക്തമോക്ഷണം), കടിവായ് പൊള്ളിക്കുക, പുറമേ മരുന്നുകള്‍ പുരട്ടുക, നസ്യം ചെയ്യിക്കുക, കണ്ണിലെഴുതുക മുതലായവയെല്ലാം സന്ദര്‍ഭാനുസരണം ചെയ്യാന്‍ വിധിച്ചിട്ടുള്ള ക്രിയാരീതികളാണ്. ദൂഷീവിഷം, ഗരം എന്നിവയ്ക്കുള്ള ചികിത്സയില്‍ ഛര്‍ദി, വിരേചനം മുതലായ ശോധനകര്‍മങ്ങള്‍ക്കും പ്രാധാന്യം കല്പിച്ചിരിക്കുന്നു.
ശങ്കാവിഷം. പ്രകൃത്യാ മനഃശക്തി കുറഞ്ഞവര്‍ക്കു ചിലപ്പോള്‍ വിഷബാധയേറ്റു എന്ന തോന്നല്‍ അടിസ്ഥാനരഹിതമായി ഉണ്ടാകാം. പാദസ്പര്‍ശം ഉണ്ടായാല്‍ തന്നെ സര്‍പ്പം കടിച്ചുവെന്ന തോന്നലും ഭയവും ഉത്ക്കണ്ഠയും തുടര്‍ന്നു സ്പര്‍ശമുണ്ടായ ഭാഗത്തു വീക്കവും മറ്റും ഉണ്ടായേക്കും. ഇതിന് "സര്‍പ്പാംഗാഭി ഹതം എന്നാണ് സാങ്കേതിക സംജ്ഞ; ശങ്കാവിഷം എന്നും പറഞ്ഞുവരുന്നു. ഇതിനു പുറമേ ഛര്‍ദി, മോഹാലസ്യം, തളര്‍ച്ച, അതിസാരം എന്നിവകൂടിയും ഉണ്ടാകാറുണ്ട്. മറ്റു പല പ്രകാരത്തിലും ശങ്കാവിഷമുണ്ടാകാം. ഇതിനുള്ള ചികിത്സയില്‍ മന്ത്രപ്രയോഗത്തോടുകൂടിയ സാന്ത്വനങ്ങള്‍ക്കു സവിശേഷപ്രാധാന്യം കല്പിച്ചിരിക്കുന്നു.
വിഷോപയോഗീയം. ചില പ്രത്യേക ഘട്ടങ്ങളില്‍ വിഷചികിത്സക്കിടയില്‍ ശക്തിയുള്ള ചില സ്ഥാവര ജംഗമവിഷങ്ങളെത്തന്നെ ഒരു നിശ്ചിത മാത്രയില്‍ പ്രതിവിഷമെന്ന നിലയില്‍ ഔഷധത്വേന പ്രയോഗിക്കുവാന്‍ വിധിച്ചിട്ടുണ്ട്. ഈ പ്രകരണത്തെ മാത്രമായി ഒരു പ്രത്യേകാധ്യായത്തില്‍ വിവരിച്ചു കാണുന്നത് വാഗ്ഭടന്റെ അഷ്ടാംഗസംഗ്രഹത്തിലാണ് (ഉത്തര തന്ത്രം അ. 48). 'വിഷോപയോഗീയം' എന്നാണ് ആ അധ്യായത്തിന്റെ പേര്. സര്‍പ്പവിഷത്തെപ്പോലും ഇപ്രകാരം പ്രയോഗിക്കുവാന്‍ വിധിയുണ്ട്. സ്ഥാവര വിഷങ്ങളുടെ കൂട്ടത്തില്‍ കന്ദവിഷങ്ങളിലൊന്നായ 'വത്സനാഭി'യെ ഇത്തരം പ്രതിവിഷങ്ങള്‍ക്കു ഒരു ഉദാഹരണമായെടുക്കാം.
ആയുര്‍വേദത്തിലെ അഗദതന്ത്രത്തിന് കേരളത്തിന്റെ സംഭാവന വമ്പിച്ചതാണ്. കാടുകളും കുറ്റിക്കാടുകളും മലയിടുക്കുകളും (സ്ഥാവരജംഗമവിഷാധിഷ്ഠാനങ്ങള്‍) നിറഞ്ഞ കേരളത്തിന്റെ ഭൂപ്രകൃതിയാകാം അതിനു പ്രേരകം; ഇവിടത്തെ സസ്യൌഷധസമൃദ്ധി അതിനു സഹായകവുമായി.
(ഡോ. പി.ആര്‍. വാരിയര്‍)