This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡിമിത്രിയസ് I (ബി. സി. 187 - 150)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:52, 20 നവംബര്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ഡിമിത്രിയസ് I (ബി. സി. 187 - 150)

Demetrius I

സിറിയയിലെ സെല്യൂസിദ് വംശജനായ ഒരു രാജാവ്. ബി. സി. 162-ഓടെ ഭരണാധിപനായി. പിതാവായ സെല്യൂക്കസ് നാലാമന്റെ കാലത്ത് ഇദ്ദേഹം ജാമ്യത്തടവുകാരനായി റോമിലേക്ക് അയയ്ക്കപ്പെട്ടിരുന്നു. അവിടെവച്ച് ഗ്രീക്ക് നയതന്ത്രജ്ഞനും ചരിത്രകാരനുമായ പൊളീബിയസുമായി സൌഹൃദത്തിലായി. പിതാവിന്റെ മരണശേഷം അമ്മാവനായ ആന്റിയോക്കസ് നാലാമന്‍ ഭരണാധികാരിയായപ്പോഴും ഇദ്ദേഹത്തിന് സിറിയയില്‍ മടങ്ങിയെത്താനായില്ല. ആന്റിയോക്കസ് മരണമടഞ്ഞശേഷം സിറിയന്‍ സിംഹാസനത്തില്‍ തനിക്കുള്ള അവകാശം സ്ഥാപിക്കാനായി ബി. സി. 163-ഓടെ അവിടേക്കു മടങ്ങിപ്പോകാനുള്ള പരിശ്രമത്തിലായിരുന്നു ഇദ്ദേഹം. മടങ്ങിപ്പോകാന്‍ റോമന്‍ സെനറ്റ് അനുവാദം നിഷേധിച്ചതിനെത്തുടര്‍ന്ന് ഇദ്ദേഹം പൊളീബിയസിന്റെ സഹായത്തോടെ അവിടെനിന്നും രക്ഷപ്പെട്ട് നാട്ടിലെത്തി. സിറിയന്‍ ജനതയും സൈന്യവും ഡിമിത്രിയസിനെ നിയമാനുസൃത രാജാവായി സ്വാഗതം ചെയ്തു. എങ്കിലും, അവിടെ രാജാവായി സ്വയം പ്രഖ്യാപിച്ചിരുന്ന ടിമാര്‍ക്കസിനെ തോല്‍പ്പിച്ചശേഷം (161-160) മാത്രമേ ഡിമിത്രിയസിന് അധികാരം പൂര്‍ണമായും കയ്യടക്കാന്‍ സാധിച്ചുള്ളൂ. ഈ വിജയത്തോടെ 'സോട്ടര്‍' (രക്ഷകന്‍) എന്ന പേരില്‍ ഇദ്ദേഹം അറിപ്പെട്ടു. റോമന്‍ സെനറ്റ് ഇദ്ദേഹത്തെ അധികം വൈകാതെ രാജാവായി അംഗീകരിച്ചു. ഭരണത്തിലിരിക്കെ ഈജിപ്തിലെയും പെര്‍ഗാമിലെയും രാജാക്കന്മാരുടെ ശത്രുത ഇദ്ദേഹത്തിനു നേരിടേണ്ടിവന്നു. സിറിയയില്‍ ഭരണാവകാശമുന്നയിച്ചിരുന്ന അലക്സാണ്ടര്‍ ബലാസ് ഈ രാജാക്കന്മാരുടെ സഹായത്തോടെ ബി. സി. 150-ലെ യുദ്ധത്തില്‍ ഡിമിത്രിയസിനെ പരാജയപ്പെടുത്തി. ഈ യുദ്ധത്തില്‍ ഡിമിത്രിയസ് കൊല്ലപ്പെട്ടു.

(ഡോ. ബി. സുഗീത)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍