This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഠുമ്രി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:35, 20 നവംബര്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഠുമ്രി

ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതരൂപം. ഖയാല്‍ കഴിഞ്ഞാല്‍ ഹിന്ദുസ്ഥാനി സംഗീതത്തില്‍ ഏറെ പ്രാധാന്യമുള്ള ഗാനശാഖ ഠുമ്രിയാണ്. വൈകാരികത, പ്രത്യേകിച്ച് ശൃംഗാരത്തിന് ആണ് ഇതില്‍ പ്രാധാന്യം.

ശൃംഗാരരതിഭാവങ്ങളുടെ ഉദാത്തവത്ക്കരിക്കപ്പെട്ട ഭാവങ്ങളാണ് ഇതിലൂടെ അവതരിപ്പിക്കാറുള്ളത്. രതികല്പനകളുടെ നിറപൂര്‍ണിമയാണ് ഇതിന്റെ ആത്മാവ്. ഗ്രാമ്യശൈലിയില്‍ ഇതള്‍ വിരിയുന്ന അഗാധമായ വൈകാരികതയാണ് ഇതിന്റെ ഉടല്‍. ഒട്ടു മിക്ക ഗാനങ്ങളും സ്ത്രീ കല്പിതങ്ങളെന്ന രീതിയില്‍ രചിക്കപ്പെട്ടിട്ടുള്ളവയാണ്. അതുകൊണ്ടാണ്, പ്രണയപാരവശ്യങ്ങളും നിഷ്ക്കളങ്ക കലഹങ്ങളും സമ്മോഹനമായ അംഗചലനങ്ങളും വളകിലുക്കങ്ങളും കൊണ്ട് സമൃദ്ധമാണ് ഠുമ്രി എന്നു പറയാറുള്ളത്. 17-ാം ശ. -ത്തിലെ ഡച്ചുചിത്രകാരന്മാരുടെ പ്രകൃതിദൃശ്യങ്ങളോട് ഠുമ്രിയുടെ ഭാവതലത്തെ ചില വിമര്‍ശകര്‍ ഉപമിച്ചിട്ടുണ്ട്.

ഇതിന്റെ ഉത്പത്തികാലം കൃത്യമായി കണ്ടെത്താനായിട്ടില്ല. ഔധിലെ നവാബായ വജീദ് അലി ഷായുടേയും അദ്ദേഹത്തിന്റെ ആസ്ഥാനഗായകനായ സിദ്ദിക് അലിഖാന്റേയും സൃഷ്ടിയാണ് ഠുമ്രി എന്നൊരു വാദമുണ്ട്. എന്നാല്‍ ചരിത്രരേഖകള്‍ അതു ശരിവെയ്ക്കുന്നില്ല. നവാബിന്റെ ജനനം 1822-ല്‍ മാത്രമാണ്. പക്ഷേ, 1834-ല്‍ ക്യാപ്റ്റന്‍ വില്യാര്‍ഡ് പ്രസിദ്ധീകരിച്ച 'മ്യൂസിക് ഒഫ് ഇന്ത്യ' എന്ന പുസ്തകത്തില്‍ത്തന്നെ ഠുമ്രിയെക്കുറിച്ച് വിശദമായി വിവരിച്ചിട്ടുണ്ട്. എന്നു തന്നെയല്ല ഠുമ്രിയിലെ ഗാനങ്ങള്‍ക്കു സമാനമായ ഗാനത്തെക്കുറിച്ചും അതിന്റെ അവതരണത്തെക്കുറിച്ചും കാളിദാസകൃതിയായ മാളവികാഗ്നിമിത്രത്തില്‍പ്പോലും പരാമര്‍ശിച്ചു കാണുന്നു. വളരെ പണ്ടു മുതല്‍ നിലനിന്നിരുന്ന ഒരു ഗാനരീതി പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനമോ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യമോ ഠുമ്രിയായി ശൈലീവത്ക്കരിക്കപ്പെട്ടു എന്നനുമാനിക്കുന്നതാണുചിതം. മധുരഭക്തിപാരമ്പര്യമാണ് ഇതിന്റെ അടിത്തറയെന്നും അനുമാനിക്കാവുന്ന രേഖകള്‍ കാണുന്നുണ്ട്.

ഠുമ്രി എന്നതു ഠുമ്/ഠുമ്ക് എന്നിവയില്‍ നിന്ന് നിഷ്പന്നമാണെന്നത് വ്യക്തമാണ്. അതുകൊണ്ട് ഠുമ്രി എന്നതിന് ലഘുനൃത്തഗാനം, പദതാളം എന്നൊക്കെ അര്‍ഥം കല്പിച്ചു വരുന്നു

ആദ്യകാലത്ത് ഇതിന് മധ്യ-ലയഖയാലുകളുടെ സ്വഭാവമാണ് ഉണ്ടായിരുന്നത്. പിന്നീട് ഗ്രാമീണ ഗാനങ്ങളുടെ ആര്‍ജവം കൂടി ഉള്‍ക്കൊള്ളുകയും ലളിത ശൈലിപൂണ്ട് ഇതു വളരുകയും ചെയ്തു. ചുരുങ്ങിയത്, നൂറു വര്‍ഷത്തെയെങ്കിലും ചരിത്രം അവകാശപ്പെടാവുന്ന ഠുമ്രി, വികാസത്തിന്റെ കൊടുമുടിയിലെത്തിയത് 1920-50 കാലഘട്ടത്തിലാണ്. ലക്നൌവിലേയും ബനാറസിലേയും സംഗീതജ്ഞരാണ് അതിനു മുഖ്യകാരണക്കാര്‍. അതുകൊണ്ടാണ്, 'ലക്നൌ ഠുമ്രിയുടെ മാതാവാണ്, ബനാറസ് കാമുകനും' എന്നു പറഞ്ഞുപോരുന്നത്.

ഠുമ്രിയെ ജനപ്രിയ സംഗീതമാക്കി മാറ്റിയെടുത്തതും പ്രചരിപ്പിച്ചതും ബീഗം അഖ്തറും, ഉസ്താദ് ബഡേഗുലാം അലിഖാനുമാണ്. അസംഭായ്, ബഡീമോത്തീഭായ്, സിദ്ധേശ്വരിദേവി എന്നിവരും ഠുമ്രി ഗാനശാഖയുടെ വളര്‍ച്ചയില്‍ ഗണ്യമായ സംഭാവന നല്‍കുകയുണ്ടായി.

ഖയാലിലെ 'പ്രകടന'ങ്ങളെല്ലാം ഒഴിവാക്കിക്കൊണ്ടുള്ള രീതിയാണ് ഠുമ്രിയുടേത്. ഖയാല്‍ രാഗഭാവത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുമ്പോള്‍ ഠുമ്രി സ്വരഭാവത്തിലാണ് പാദമൂന്നി നില്‍ക്കുന്നത്. ഖയാലിലെന്ന പോലെയുള്ള രാഗസാധനയില്ലാതെ നേരിട്ട് ഗാനത്തിലേക്കു കടക്കുന്നതു കൊണ്ട് ഠുമ്രിയില്‍ പെട്ടെന്നുതന്നെ ഗാനത്തിന്റെ ഭാവസാന്ദ്രത അനുഭവിക്കാനാകുന്നു. ലളിതമായ രാഗങ്ങളാണ് ഇതിനുപയോഗിക്കുന്നത്. പീലു, ഗാര, പഗാഡി, ഖമാജ് ഭൈരവി എന്നിവ ഉദാഹരണം.

അക്തര്‍ പിയാ എന്ന തൂലികാനാമത്തില്‍ പലകൃതികളും രചിച്ചിട്ടുള്ള ഔധിയിലെ നവാബായ വജീദ് അലിഷാ ആയിരുന്നു ഏറ്റവും പ്രമുഖ ഠുമ്രി രചയിതാവ്. കവിയും ഗായകനും നര്‍ത്തകനുമൊക്കെയായ ഇദ്ദേഹം ഭരണനിപുണനല്ലായിരുന്നു. കുതന്ത്രങ്ങള്‍ പ്രയോഗിച്ച് 1856-ല്‍ ബ്രിട്ടിഷുകാര്‍ ഇദ്ദേഹത്തെ നാട്ടില്‍ നിന്നും തുരത്തി. അപ്പോഴെഴുതിയ യാത്രാമൊഴി വജീദ് അലിഷായുടെ അതിപ്രശസ്തമായ ഠുമ്രി രചനയായി കരുതപ്പെടുന്നു. ഭൈരവി രാഗത്തില്‍ 'ബാബുല് മേരാ..........' എന്നു തുടങ്ങുന്ന ആ കൃതിയിലുടനീളം പ്രണയവിരഹങ്ങളുടെ സാന്ദ്രഭാവം തരംഗിതമാകുന്നതു കാണാം. രാംപൂരിലെ ലല്ലന്‍പിയ, സനദ്പിയ, കാദര്‍പിയ എന്നിവരാണ് മറ്റ് ആദ്യകാല രചയിതാക്കള്‍. ലല്ലന്‍പിയ മധ്യ-ദ്രുത താളങ്ങളുടെ ശോഭയാര്‍ന്നതും സനദ്, വാദ്യവൃന്ദത്തിന്റെ ഛന്ദസ്സ് സ്വാംശീകരിച്ചതും കാദര്‍ ഗ്രാമ്യശൈലിയുടെ ചാരുത ആവാഹിച്ചതുമായ രചനകളാണ് നിര്‍വഹിച്ചിട്ടുള്ളത്.

പദങ്ങള്‍ അര്‍ഥസ്ഫുടതയോടെ പ്രയോഗിക്കുക എന്നതാണ് ഠുമ്രിയുടെ ആലാപനശൈലി. അര്‍ഥഭാവങ്ങളുടെ വര്‍ണങ്ങളെ സമ്മോഹനമായ രൂപഭേദങ്ങളിലൂടെ, പദഭ്രമങ്ങളിലൂടെ, സ്വരസമ്മിളനങ്ങളിലൂടെ അവതരിപ്പിക്കുന്ന ഈ രീതി 'ബോല്‍ബനാവ' എന്നാണറിയപ്പെടുന്നത്. ഇതിന്റെ സാക്ഷാത്കാരത്തിന് പ്രതിഭയോടൊപ്പം അതിരുകളില്ലാത്ത ഭാവനയും ആവശ്യമാണ്.

ഠുമ്രിക്ക് ലക്നൗ, ബനാറസ്, പഞ്ചാബ് എന്നിങ്ങനെ മൂന്ന് ശൈലീഭേദങ്ങളുണ്ട്. ഓരോന്നും മൌലികമാണ്. സൂക്ഷ്മഭാവങ്ങളാല്‍ സമ്പന്നമായ ശുദ്ധശൈലിയാണ് ലക്നൗ ഠുമ്രിയിലുള്ളത്. കജ്രി, ചൈത്തി തുടങ്ങിയ നാടന്‍ ഗാനരൂപങ്ങളുടെ സ്വാധീനം ഏറെയുള്ളതാണ് ബനാറസി ഠുമ്രി. പഞ്ചാബിലെ നാടന്‍ പാട്ടുകളുടെ വര്‍ണപ്പൊലിമയാര്‍ന്ന 'പഞ്ചാബി അംഗി'ന്റെ വിങ്ങുന്ന ഭാവമാണ് പഞ്ചാബി ഠുമ്രിയുടേത്.

ശോഭാഗുട്ടു, ലക്ഷ്മിശങ്കര്‍ എന്നിവര്‍ സമകാലിക ഠുമ്രി ഗായകരാണ്. കഥക് നൃത്തത്തിലെ അഭിനയപ്രധാനമായ അംശങ്ങളില്‍ ഠുമ്രിയാണ് ഉപയോഗിക്കാറുള്ളത്.

കര്‍ണാടക സംഗീതത്തിലെ 'പദ'ത്തിനു സമാനമാണ് ഹിന്ദുസ്ഥാനിയിലെ 'ഠുമ്രി' എന്ന് സംഗീതജ്ഞന്മാര്‍ അഭിപ്രായപ്പെടുന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A0%E0%B5%81%E0%B4%AE%E0%B5%8D%E0%B4%B0%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍