This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ട്രക്കോമ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

05:09, 20 നവംബര്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ട്രക്കോമ

Trachoma

ഒരു സാംക്രമിക നേത്രരോഗം. അച്ഛമണ്ഡല (Corna) ത്തെയും കണ്‍പോളകളുടെ ഉള്‍ഭാഗത്തെയും ആവരണം ചെയ്യുന്ന നേര്‍ത്ത സ്തര (നേത്രവൃതി) ത്തെയാണ് ഈ രോഗം ബാധിക്കുന്നത്. കാഴ്ചമങ്ങലോ അന്ധത തന്നെയോ സംഭവിച്ചേക്കാവുന്ന ഈ രോഗം ഉഷ്ണമേഖലാ പ്രദേശങ്ങളിലാണ് കൂടുതല്‍ കണ്ടുവരുന്നത്.

ബെഡ്സോണിയേ (Bedsoniae) വിഭാഗത്തില്‍പ്പെടുന്ന ക്ലമിഡിയ ട്രക്കോമാറ്റിസ് (Chlamydia trachomatis) എന്ന സൂക്ഷ്മാണുവാണ് രോഗഹേതു. രോഗബാധിതരില്‍ നിന്നു നേരിട്ടോ രോഗികള്‍ ഉപയോഗിച്ച സാധനങ്ങളില്‍നിന്നോ ഈച്ചകള്‍ മുഖാന്തിരമോ രോഗം സംക്രമിക്കുന്നു. അണുബാധയെ തുടര്‍ന്ന് 4-10 ദിവസത്തിനകം പ്രാരംഭലക്ഷണങ്ങള്‍ കണ്ടു തുടങ്ങും. കണ്ണുകള്‍ ചുവന്നുകലങ്ങി വെള്ളമൊലിച്ചുകൊണ്ടിരിക്കും. വെളിച്ചത്തിലേക്ക് നോക്കാന്‍ ബുദ്ധിമുട്ടനുഭവപ്പെടും. കണ്‍പോളകള്‍ക്ക് വീക്കവും തരുതരിപ്പും ഉണ്ടാവുന്നതിനെത്തുടര്‍ന്ന് നേത്രവൃതിയില്‍ വ്രണങ്ങളും കൂപങ്ങളും പ്രത്യക്ഷപ്പെടുന്നു. ശ്ലേഷ്മ ഗ്രന്ഥികളെയും കണ്ണുനീര്‍ ഗ്രന്ഥികളെയും രോഗം ബാധിക്കുമ്പോള്‍ കണ്ണുകള്‍ ഉണങ്ങി വീര്‍ക്കുന്നു (Kerato conjunctivitis sicca). നേത്രവൃതിയില്‍ നിന്ന് രക്തക്കുഴലുകള്‍ അച്ഛമണ്ഡലത്തിലേക്ക് വളര്‍ന്ന് കണ്ണുകളുടെ സ്വാഭാവികമായ സുതാര്യത നഷ്ടമാക്കുന്നു.

അച്ഛമണ്ഡലത്തിന് മുകളില്‍ രക്തക്കുഴലുകള്‍ ശിഖരിതമാവുകയും ഇത് കാഴ്ചക്കുറവിനും ക്രമേണ അന്ധതയ്ക്കും കാരണമാകുകയും ചെയ്യുന്നു. കണ്‍പോളകളില്‍ വ്രണങ്ങള്‍ ഉണ്ടാകുന്നതുമൂലം പോളകള്‍ ഉള്ളിലേക്ക് വളയുകയും കണ്‍പീലികള്‍ അച്ഛമണ്ഡലത്തിലുരഞ്ഞ് അവിടെ വ്രണങ്ങളുണ്ടാകുകയും ചെയ്യാറുണ്ട്.

രോഗം പ്രാരംഭദശയിലാണെങ്കില്‍ ആന്റിബയോട്ടിക്കുകള്‍ പുരട്ടി പൂര്‍ണമായും ഭേദമാക്കാനാവും. എന്നാല്‍ കണ്‍പോളകള്‍ ഉള്ളിലേക്ക് വളയുകയും അച്ഛമണ്ഡലത്തില്‍ വ്രണങ്ങളുണ്ടാകുകയും ചെയ്താല്‍ ശസ്ത്രക്രിയ ആവശ്യമായിവരും.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍