This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അക്വബാ ഉള്‍ക്കടല്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
അക്വബാ ഉള്‍ക്കടല്‍
Aqaba, Gulf of
സിനായ് ഉപദ്വീപിന്റെ ഇരുവശങ്ങളിലുമായി വേര്‍പിരിയുന്ന ചെങ്കടലിന്റെ രണ്ടു ശാഖകളില്‍ കിഴക്കുഭാഗത്തുള്ള അന്താരാഷ്ട്രപ്രാധാന്യമാര്‍ജിച്ച ഉള്‍ക്കടല്‍. ജോര്‍ദാന്‍, ഇസ്രയേല്‍ എന്നീ രാജ്യങ്ങളെ പുറംകടലുമായി ബന്ധിക്കുന്ന ഏകമാര്‍ഗമെന്ന നിലയില്‍ അക്വബാ ഉള്‍ക്കടല്‍ വ്യാപാരപ്രധാനവുമാണ്. വ.കിഴക്കന്‍ ദിശയില്‍ ഉദ്ദേശം 161 കി.മീ. നീണ്ടുകിടക്കുന്ന ഇതിന്റെ വീതി 19 മുതല്‍ 25 വരെ കി.മീ. ആണ്. അടിത്തട്ടു പവിഴപ്പുറ്റു നിറഞ്ഞതായതിനാലും അടിക്കടി കോളിളക്കം ഉണ്ടാകുന്നതിനാലും ഇതിലൂടെയുള്ള ഗതാഗതം സുഗമമല്ല. ചിതറിക്കിടക്കുന്ന ദ്വീപുകളും മണല്‍ത്തിട്ടകളും ചെങ്കടലിലേക്കുള്ള പ്രവേശനം ദുഷ്കരമാക്കിത്തീര്‍ത്തിരിക്കുന്നു. ചെങ്കുത്തായ പാറക്കെട്ടുകളും മലകളും കൊണ്ട് സങ്കീര്‍ണവും ദുര്‍ഘടവുമായ തീരപ്രദേശമാണ് ഇതിനുള്ളത്. ഈ തീരം ജോര്‍ദാന്‍, ഇസ്രയേല്‍, സൌദി അറേബ്യ, ഈജിപ്ത് എന്നീ രാജ്യങ്ങളില്‍ ഉള്‍പ്പെടുന്നു. ഈ ഉള്‍ക്കടലിലെ ഏക സുരക്ഷിത തുറമുഖം കടലിന്റെ പ്രവേശനമാര്‍ഗത്തില്‍നിന്നു 53 കി.മീ. അകലെ പടിഞ്ഞാറന്‍ തീരത്തു സ്ഥിതിചെയ്യുന്ന ധഹാബ് ആണ്.
അറബി-ഇസ്രയേല്‍ സംഘട്ടനങ്ങള്‍ ആരംഭിച്ചതോടുകൂടി ഈ ഉള്‍ക്കടലിന്റെ പ്രാധാന്യം വളരെ വര്‍ധിച്ചു. അറബികളും യഹൂദന്മാരും ഇവിടം യുദ്ധതന്ത്രപ്രധാനമായ സ്ഥാനമായി പരിഗണിച്ച് അവരവരുടെ തീരപ്രദേശങ്ങള്‍ സൈനികമായി സുരക്ഷിതമാക്കുന്നതില്‍ പ്രത്യേകം ശ്രദ്ധ ചെലുത്തിവന്നു. ജോര്‍ദാന്റെ ഭാഗത്തു സ്ഥിതിചെയ്യുന്ന അക്വബായും ഇസ്രയേലിന്റെ ഭാഗത്തുള്ള ഏലാത്തും തുറമുഖപട്ടണങ്ങളായി വികസിതങ്ങളായി. 1949-ല്‍ ഇസ്രയേല്‍ രാഷ്ട്രം സ്ഥാപിതമായപ്പോള്‍ ഏലാത്ത് തുറമുഖം കൂടുതല്‍ സൌകര്യപ്രദമായരീതിയില്‍ പുനര്‍നിര്‍മിച്ചു. ഉള്‍ക്കടലിലെ സഞ്ചാരസൌകര്യങ്ങളും തീരപ്രദേശങ്ങളും കയ്യടക്കുന്നതില്‍ യഹൂദന്മാരും അറബികളും പ്രത്യേകം താത്പര്യം പ്രദര്‍ശിപ്പിച്ചുവന്നു. അക്വബാ ഉള്‍ക്കടലിന്റെ മുഖത്തു തിറാന്‍ ജലസന്ധിക്കു സമീപമുള്ള ഷറം-അല്‍-ഷെയിക്കില്‍, ആദ്യത്തെ അറബി-ഇസ്രയേല്‍ സംഘട്ടനങ്ങള്‍ക്കുശേഷം ഐക്യരാഷ്ട്രസേനയെ പാര്‍പ്പിച്ചു (1957). ഇസ്രയേലും അറബിരാഷ്ട്രങ്ങളും തമ്മിലുള്ള തര്‍ക്കം വീണ്ടും ഒരു സംഘട്ടനത്തിലേക്കു നീങ്ങുമെന്നുള്ള സ്ഥിതിയിലെത്തിയപ്പോള്‍ ഈജിപ്തിന്റെ പ്രസിഡണ്ടായിരുന്ന ഗമാല്‍ അബ്ദല്‍ നാസര്‍ അവിടെ പാര്‍പ്പിച്ചിരുന്ന സേനയെ പിന്‍വലിക്കണമെന്ന് യു.എന്‍. സെക്രട്ടറി ജനറലിനോട് ആവശ്യപ്പെട്ടു (1967). അതനുസരിച്ചു സേന പിന്‍വലിക്കപ്പെട്ടു. തുടര്‍ന്ന് ഈജിപ്ത് ആ പ്രദേശങ്ങള്‍ കീഴടക്കുകയും അക്വബാ ഉള്‍ക്കടലിലൂടെയുള്ള ഗതാഗത സ്വാതന്ത്യ്രം ഇസ്രയേലിനു നിരോധിക്കുകയും ചെയ്തു. അറബി-ഇസ്രയേല്‍ ബന്ധങ്ങള്‍ കൂടുതല്‍ വഷളായതോടെ ഇസ്രയേല്‍ അറബിരാജ്യങ്ങള്‍ക്കെതിരായി യുദ്ധം ആരംഭിച്ചു. (1967 ജൂല. 7-ാം തീയതി) യുദ്ധാരംഭത്തില്‍തന്നെ ഇസ്രയേല്‍ സേനകള്‍ അക്വബാ ഉള്‍ക്കടലും തീരപ്രദേശങ്ങളും പിടിച്ചെടുത്തു. നിരന്തരമായ അറബ് ഇസ്രായേല്‍ സംഘര്‍ഷങ്ങള്‍ക്ക് അക്വബാ ഉള്‍ക്കടല്‍ പ്രദേശം സാക്ഷ്യം വഹിക്കുന്നു.