This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടൊറന്റോ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:45, 14 നവംബര്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ടൊറന്റോ

Toronto

കാനഡയുടെ ഒരു പ്രവിശ്യയായ ഒണ്ടാറിയോയുടെ തലസ്ഥാനവും കാനഡയിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരവും. കാനഡയിലെ ഏറ്റവും ജനസംഖ്യ കൂടിയ മെട്രോപൊലിറ്റന്‍ നഗരവും ടൊറന്റോ തന്നെ. എന്നാല്‍ നഗരജനസംഖ്യയില്‍ ഭൂരിഭാഗവും ടൊറന്റോ നഗരകേന്ദ്രത്തെക്കാള്‍ മോണ്‍ട്രിയല്‍ (montreal) നഗരാസ്ഥാനത്താണ് നിവസിക്കുന്നത്. ഒണ്ടാറിയോ തടാകത്തിന്റെ വ. പ. തീരപ്രദേശത്തുസ്ഥിതിചെയ്യുന്ന ടൊറന്റോ കാനഡയിലെ തിരക്കേറിയ തുറമുഖങ്ങളില്‍ ഒന്ന് കൂടിയാണ്. ജനസംഖ്യ : 635, 395 (1996).

കാനഡയിലെ പ്രധാന ഉത്പാദന-സാമ്പത്തിക- വാര്‍ത്താവിനിമയ കേന്ദ്രം കൂടിയാണ് ടൊറന്റോ. കനേഡിയന്‍ നിര്‍മാണ വ്യവസായത്തിന്റെ മൂന്നിലൊന്ന് ടൊറന്റോയില്‍ കേന്ദ്രീകരിച്ചിരിക്കുന്നു. കാനഡയിലെ ഏറ്റവും വലിയ സ്റ്റോക്ക് എക്സ്ചേഞ്ച് ആയ ദ് ടൊറന്റോ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ ആസ്ഥാനവും ടൊറന്റോ തന്നെ. മുദ്രണം, പ്രസിദ്ധീകരണം, ടെലിവിഷന്‍, ഫിലിം നിര്‍മാണം എന്നിവയാണ് ടൊറന്റോയിലെ മുഖ്യ ഉത്പാദന-സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍. കാനഡയിലെ ഏറ്റവും വലിയ മ്യൂസിയവും പബ്ളിക് ലൈബ്രറി ശൃംഖലയും ടൊറന്റോയിലാണ് പ്രവര്‍ത്തിക്കുന്നത്.

17-ഉം 18-ഉം ശ. -ങ്ങളില്‍ ഇന്ത്യക്കാര്‍ ടൊറന്റോയെ ഒണ്ടാറിയോ- ഹഡ്സണ്‍ തടാകങ്ങള്‍ക്കു മധ്യേ കരമാര്‍ഗമുള്ള ഒരു സഞ്ചാരപാതയായി ഉപയോഗിച്ചിരുന്നു. 1791-ല്‍ അപ്പര്‍ കാനഡ, ബ്രിട്ടീഷ് കോളനിയുടെ ലഫ്റ്റനന്റ് ഗവര്‍ണറായി അവരോധിക്കപ്പെട്ട ജോണ്‍ ഗ്രേവ്സ് സിംകോ (John Graves Simco) പുതിയ പ്രവിശ്യയുടെ തലസ്ഥാനം ന്യൂയോര്‍ക്കില്‍ നിന്ന് ടൊറന്റോയിലേക്കു മാറ്റി. 1791-ല്‍ സിംകോ ഇവിടെ 'യോര്‍ക്ക്' (york) എന്ന പേരില്‍ ഒരു അധിവാസിതമേഖല സ്ഥാപിച്ചു. 1834-ല്‍ പ്രസ്തുത പട്ടണം ടൊറന്റോ എന്നു പുനര്‍നാമകരണം ചെയ്യപ്പെട്ടു. 19- ശ. ന്റെ ആരംഭത്തോടെ ടൊറന്റോ കാനഡയിലെ ഒരു പ്രമുഖ ഉത്പാദന- ഗതാഗത കേന്ദ്രമായി വികസിക്കാന്‍ തുടങ്ങി.

1954-ല്‍ മെട്രോപൊലിറ്റന്‍ ടൊറന്റോ മുനിസിപ്പാലിറ്റി അമേരിക്കയിലെ ആദ്യത്തെ ഗവണ്‍മെന്റ് ഫെഡറേഷനായി. ടൊറന്റോയും 12 നഗരപ്രാന്ത പ്രവിശ്യകളും ചേര്‍ന്നതാണ് മെട്രോപൊലിറ്റന്‍ ടൊറന്റോ. മോണ്‍ട്രിയല്‍ ബാങ്ക് ടവര്‍ (285 മീ.), സ്കോട്ടിയ പ്ലാസ (276 മീ.), കൊമേഴ്സ് കോര്‍ട്ട് വെസ്റ്റ് (239 മീ.) എന്നിവ ടൊറന്റോയില്‍ സ്ഥിതിചെയ്യുന്നു. സി. എന്‍. (കനേഡിയന്‍ നാഷണല്‍) ടവറാണ് (553 മീ.) നഗരത്തിലെ മറ്റൊരു വിസ്മയം.

ജനങ്ങളും ജീവിതരീതിയും. ടൊറന്റോ ജനസംഖ്യയുടെ അഞ്ചില്‍ രണ്ടു ഭാഗവും ബ്രിട്ടീഷ് വംശജരാകുന്നു. രണ്ടാം ലോകയുദ്ധം സൃഷ്ടിച്ച കുടിയേറ്റം ജനസംഖ്യയില്‍ ഗണ്യമായ വര്‍ധനവുണ്ടാക്കി. ഇറ്റാലിയന്‍, പോര്‍ത്തുഗീസ് വംശപരമ്പരയില്‍ ഉള്‍പ്പെടുന്നവരാണ് ടൊറന്റോയിലെ രണ്ട് പ്രമുഖ വംശീയ ന്യൂനപക്ഷങ്ങള്‍. കൂടാതെ ചെറിയൊരു ശ.മാ. ഐറിഷ്, സ്കോട്ടിഷ്, ഇറ്റാലിയന്‍, ഫ്രഞ്ച്, ജര്‍മന്‍, ഉക്രേനിയന്‍ വംശീയ വിഭാഗങ്ങളും ടൊറന്റോയെ അധിവസിക്കുന്നുണ്ട്.

റോമന്‍ കത്തോലിക്കരാണ് ടൊറന്റോയിലെ പ്രമുഖ മതവിഭാഗക്കാര്‍. ആംഗ്ളിക്കന്‍, മെംബേഴ്സ് ഓഫ് യുണൈറ്റഡ് ചര്‍ച്ച് ഓഫ് കാനഡ, മെംബേഴ്സ് ഓഫ് ഈസ്റ്റേണ്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച്, പെര്‍സ്ബൈടെറിയാന്‍സ് (Persbyterians) എന്നീ മതവിഭാഗങ്ങളും ടൊറന്റോയില്‍ ഉണ്ട്.

പ്രാഥമിക സ്കൂളുകളും, ഹൈസ്ക്കൂളുകളുമുള്‍പ്പെടുന്ന 550-ല്‍പരം സ്കൂളുകളിലായി നാലു ലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ ടൊറന്റോയില്‍ പഠിക്കുന്നു. റോമന്‍ കത്തോലിക്ക സ്കൂളുകളില്‍ മാത്രം 73000 വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ട്. 1827-ല്‍ സ്ഥാപിതമായ ടൊറന്റോ സര്‍വകലാശാലയില്‍ ഏകദേശം 21,000 വിദ്യാര്‍ഥികള്‍ക്ക് പഠന സൌകര്യം ഉണ്ട്. നാഷണല്‍ ബല്ലെറ്റ് സ്കൂള്‍, ഒണ്ടാറിയോ കോളജ് ഓഫ് ആര്‍ട്സ്, ദ് റോയല്‍ കണ്‍സര്‍വേറ്ററി ഒഫ് മ്യൂസിക്, റയെര്‍സണ്‍ പോളിടെക്നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, യോര്‍ക്ക് സര്‍വകലാശാല എന്നിവയാണ് ടൊറന്റോയിലെ മറ്റു പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍. 750000-ല്‍ അധികം ഗ്രന്ഥങ്ങളും, അന്‍പതിലധികം ശാഖകളുമുള്ള ടൊറന്റോ പബ്ളിക് ലൈബ്രറിയുടെ ആസ്ഥാനം ടൊറന്റോ സര്‍വകലാശാലയ്ക്കു സമീപമാണ്.

സമ്പദ്ഘടന. കാനഡയിലെ പ്രധാന ഉത്പാദന വിപണനകേന്ദ്രമാണ് ടൊറന്റോ. അയ്യായിരത്തി എഴുന്നൂറില്‍പ്പരംവരുന്ന ഇവിടത്തെ ഫാക്ടറികള്‍ പ്രതിവര്‍ഷം ഏഴ് ബില്യണ്‍ ഡോളറിന്റെ ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നു. മെട്രോപൊലിറ്റന്‍ മേഖലയിലെ ജനസംഖ്യയുടെ മൂന്നിലൊരു ഭാഗം ഉത്പാദന വ്യവസായത്തെ ആശ്രയിച്ചു ജീവിക്കുന്നു. ആഹാരപദാര്‍ഥങ്ങളുടെ സംസ്കരണം, അച്ചടി, പ്രസിദ്ധീകരണം എന്നീ മുഖ്യ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കു പുറമേ നിരവധി ബാങ്കിംഗ്, ഇന്‍ഷ്വറന്‍സ് കമ്പനികള്‍ സേവന വ്യവസായ രംഗത്ത് പ്രവര്‍ത്തിക്കുന്നു. അമേരിക്കയിലെ ഏറ്റവും വലിയ നാലാമത്തെ സ്റ്റോക്ക് എക്സ്ചേഞ്ച് ശൃംഖലയുടെ ആസ്ഥാനവും ടൊറന്റോയിലാണ്. ടൊറന്റോ തുറമുഖം പ്രതിവര്‍ഷം 1.8 ദശലക്ഷം മെട്രിക്ക് ടണ്‍ ചരക്ക് വിപണനം ചെയ്യുന്നു.

ടൊറന്റോ നഗരവും സി.എന്‍.ടവറും

കാനഡയിലെ മുഖ്യ ഗതാഗത-വാര്‍ത്താവിനിമയ കേന്ദ്രങ്ങളില്‍ ഒന്നാണ് ടൊറന്റോ. പതിനഞ്ച് റേഡിയോ സ്റ്റേഷനുകളും രണ്ട് ടെലിവിഷന്‍ കേന്ദ്രങ്ങളും വാര്‍ത്താവിനിമയ രംഗത്ത് സേവനം അനുഷ്ഠിക്കുന്നു. ദ് ഡെയിലി സ്റ്റാര്‍, ദ് ഗ്ലോബ് ആന്‍ഡ് മെയില്‍, ദ് സണ്‍ എന്നിവയാണ് ടൊറന്റോയില്‍നിന്നും പ്രസിദ്ധീകരിക്കുന്ന പ്രമുഖ ദിനപത്രങ്ങള്‍. ടൊറന്റോയിലെ ഉത്പന്നങ്ങള്‍ കടല്‍ മാര്‍ഗവും വായുമാര്‍ഗവും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു കയറ്റുമതി ചെയ്യുന്നു. സെന്റ് ലോറന്‍സ് കപ്പല്‍ച്ചാല്‍ ടൊറന്റോയെ കടല്‍മാര്‍ഗം ലോകത്തിന്റെ മറ്റു ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്നു. കനേഡിയന്‍ നാഷണല്‍, കനേഡിയന്‍ പസിഫിക് എന്നിവയാണ് നഗരത്തിലെ പ്രധാന റെയില്‍പ്പാതകള്‍. ടൊറന്റോയുടെ വ.പ., 24 കി.മീ. അകലെ സ്ഥിതിചെയ്യുന്ന ടൊറന്റോ അന്താരാഷ്ട്രവിമാനത്താവളം, കാനഡയിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളില്‍ ഒന്നാണ്. 1954-ല്‍ പ്രവര്‍ത്തനം ആരംഭിച്ച 'ദ് ടൊറന്റോ സബ്വേ' ആണ് കാനഡയിലെ പ്രഥമ ഭൂഗര്‍ഭ റെയില്‍പ്പാത.

'മെട്രോപൊലിറ്റന്‍ കൗണ്‍സില്‍ ഓഫ് ദ് മുന്‍സിപ്പാലിറ്റി ഒഫ് മെട്രോപൊലിറ്റന്‍ ടൊറന്റോ' ആണ് ടൊറന്റോയുടെ ഭരണനിര്‍വാഹകസമിതി. വിദ്യാഭ്യാസം, ഗ്രന്ഥശാലാപ്രവര്‍ത്തനം, പാര്‍ക്കുകളുടെയും റോഡുകളുടെയും നിര്‍മാണം, സാമൂഹ്യക്ഷേമം തുടങ്ങിയ വകുപ്പുകളുടെ ചുമതല ഈ കൌണ്‍സിലില്‍ നിക്ഷിപ്തമാണ്. എന്നാല്‍ പൊതുജനാരോഗ്യം, മാലിന്യസംസ്കരണം എന്നീ വകുപ്പുകളുടെ ഭരണം ടൊറന്റോ സിറ്റി കൗണ്‍സിലിന്റെ അധീനതയിലാണ്. ചെയര്‍മാനും 32 അംഗങ്ങളും ഉള്‍പ്പെടുന്നതാണ് മെട്രോപൊലിറ്റന്‍ കൌണ്‍സില്‍. മൂന്ന് വര്‍ഷമാണ് കൌണ്‍സിലിന്റെ കാലാവധി.

ചരിത്രം. വെള്ളക്കാരുടെ അധിനിവേശത്തിനു മുമ്പ് ഇറോക്വായിസ് ഇന്‍ഡ്യന്‍ (Iroquois Indian) വംശജരാണ് ടൊറന്റോ മേഖലയില്‍ വസിച്ചിരുന്നത്. 1615-ല്‍ ഫ്രഞ്ച് സാഹസികന്‍ എറ്റിന്നെ ബ്രൂലി (Etienne Brule) ടൊറന്റോയില്‍ എത്തിയതോടെ ടൊറന്റോ ഫ്രഞ്ച് അധിനിവേശത്തിന്റെ വേദിയായി. 1720-ല്‍ ഫ്രഞ്ചുകാര്‍ ഇവിടെ ഒരു പണ്ടകശാല തുറന്നു. 1750-ല്‍ ടൊറന്റോ കോട്ട നിര്‍മിച്ചു. എന്നാല്‍ 1759-ല്‍ ബ്രിട്ടീഷുകാരുടെ കടന്നാക്രമണത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഫ്രഞ്ചുകാര്‍ തന്നെ ഈ കോട്ട നശിപ്പിപ്പു. 1763-ലെ പാരീസ് ഉടമ്പടി പ്രകാരം കാനഡ ഗ്രേറ്റ് ബ്രിട്ടന്റെ ഭാഗമായി.

1793-ല്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ ജോണ്‍ ഗ്രേവ്സ് സിംകോ, ടൊറന്റോയെ 'യോര്‍ക്ക്' എന്നു പുനര്‍നാമകരണം ചെയ്ത് അപ്പര്‍ കാനഡയുടെ ആസ്ഥാനമാക്കി. 1812-ല്‍ അമേരിക്കന്‍ സൈന്യം യോര്‍ക്കിനെ അഗ്നിക്കിരയാക്കി. 1834-ല്‍ യോര്‍ക്കിനെ ടൊറന്റോ എന്നു പുനര്‍നാമകരണം ചെയ്തു. 1873-ല്‍ ടൊറന്റോയുടെ പ്രഥമ മേയറായ വില്യം ലെയണ്‍ മെക്കന്‍സിയുടെ നേതൃത്വത്തില്‍ ബ്രിട്ടനെതിരെ കലാപം പൊട്ടിപ്പുറപ്പെട്ടു. 1841-ല്‍ അപ്പര്‍ ലോവര്‍ കാനഡാ പ്രവിശ്യകള്‍ ഏകീകരിക്കുകയും ടൊറന്റോ തലസ്ഥാനമായി നിലനിര്‍ത്തുകയും ചെയ്തു. തുടര്‍ന്ന് 1867-ലെ കോണ്‍ഫെഡറേഷനും കോളനികളുടെ വിഭജനവും ടൊറന്റോയെ ഒണ്ടാറിയോ പ്രവിശ്യയുടെ തലസ്ഥാനമാക്കി മാറ്റി.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9F%E0%B5%8A%E0%B4%B1%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%8B" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍