This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടെലക്സ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:42, 7 നവംബര്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ടെലക്സ്

Telex

ടെലിപ്രിന്റര്‍ ഉപയോഗിച്ചുകൊണ്ടുള്ള ആശയവിനിമയ സമ്പ്രദായം. 'ടെലിപ്രിന്റര്‍ എക്സ്ചേഞ്ച്' (teleprinter exchanage) എന്നതിന്റെ ചുരുക്കപ്പേരാണ് (acronym) 'ടെലക്സ്' (telex). ലൈനുകള്‍, സ്വിച്ചിങ്ങ് ഉപകരണങ്ങള്‍, റേഡിയൊ ഉപഗ്രഹ ബന്ധങ്ങള്‍ എന്നിവ ഉപയോഗിച്ച് ടെലിടൈപ്റൈറ്ററുകളിലൂടെ വരിക്കാര്‍ക്ക് ആശയവിനിമയം നടത്താന്‍ ഇത് സൌകര്യം നല്‍കുന്നു. ഡയല്‍ ചെയ്യാനുള്ള ഒരു ഭാഗവും ടൈപ്പ് ചെയ്യാനുള്ള മറ്റൊരു ഭാഗവും ഇതിനുണ്ട്. വാര്‍ത്താവിനിമയത്തിനുള്ള മറ്റൊരു സംവിധാനമായ ടെലിഫോണില്‍ സന്ദേശ കൈമാറ്റം സംഭാഷണത്തിലൂടെ നിര്‍വഹിക്കപ്പെടുമ്പോള്‍ ടെലക്സില്‍ അത് അച്ചടിയിലൂടെയാണ് നിര്‍വഹിക്കപ്പെടുന്നത്. സന്ദേശത്തിന്റെ അച്ചടിച്ച ഒരു രേഖ ലഭിക്കുമെന്നുള്ള ആധികാരികത മൂലം പത്ര-മാദ്ധ്യമ രംഗത്തും ബിസിനസ് രംഗത്തും ടെലക്സ് സര്‍വീസിന് കൂടുതല്‍ പ്രചാരം ലഭിച്ചിട്ടുണ്ട്. ടൈപ്റൈറ്ററിന്റേതു പോലെ കീബോര്‍ഡോടു കൂടിയ ടെലക്സ് ടൈപ്റൈറ്റര്‍ ടൈപ്പു ചെയ്യപ്പെടുന്ന വിഷയങ്ങളെ വൈദ്യുത സിഗ്നലുകളാക്കി മാറ്റുന്നു. ഈ സിഗ്നലുകളാണ് വിദൂര സ്ഥലങ്ങളിലേക്ക് പ്രേഷണം ചെയ്യപ്പെടുന്നത്. അവിടെ അത് മറ്റൊരു ടെലിടൈപ്റൈറ്ററില്‍ സ്വീകരിച്ചതിനു ശേഷം വീണ്ടും സന്ദേശമാക്കി പരിവര്‍ത്തനം ചെയ്ത് അച്ചടിക്കുന്നു. ഇങ്ങനെ അങ്ങോട്ടും ഇങ്ങോട്ടും സന്ദേശങ്ങള്‍ അയയ്ക്കാന്‍ ടെലക്സിലൂടെ കഴിയും. ഇതില്‍ ഓട്ടോമാറ്റിക് സമ്പ്രദായത്തിലൂടെയും സെമി ഓട്ടോമാറ്റിക് സമ്പ്രദായത്തിലൂടെയും സന്ദേശങ്ങള്‍ കൈമാറാവുന്നതാണ്. ഓട്ടോമാറ്റിക് സംവിധാനത്തിന് ഒരു ഓപ്പറേറ്ററുടെ ആവശ്യമില്ല. എന്നാല്‍ സെമി ഓട്ടോമാറ്റിക് സംവിധാനത്തിന് തുടക്ക സ്ഥലത്ത് ഒരു ഓപ്പറേറ്റര്‍ ആവശ്യമാണ്. ഓട്ടോമാറ്റിക് അല്ലാത്ത രീതിയില്‍ സന്ദേശം അയയ്ക്കുമ്പോള്‍ തുടക്ക സ്ഥാനത്തും ലക്ഷ്യ സ്ഥാനത്തും ഓപ്പറേറ്ററുടെ സേവനം വേണ്ടിവരുന്നു.

ടെലിഫോണ്‍ വിളിക്കുന്നതു പോലെ വരിക്കാരന്‍ ടെലക്സ് ടെര്‍മിനലില്‍ ഒരു 'കോള്‍ റിക്വസ്റ്റ്' ബട്ടണ്‍ അമര്‍ത്തുന്നു. തുടര്‍ന്ന് 'പ്രൊസീഡ്-ടൂ-സെലക്റ്റ്' സിഗ്നല്‍ ലഭിച്ചാലുടന്‍ ഓപ്പറേറ്റര്‍ വരിക്കാരന്‍ ആവശ്യപ്പെടുന്ന നമ്പര്‍ ഡയല്‍ ചെയ്തു കൊടുക്കുന്നു. വിദൂര രാജ്യങ്ങളിലേക്ക് ടെലക്സ് അയയ്ക്കുമ്പോള്‍ ആ രാജ്യത്തിന്റെ കോഡു കൂടി നമ്പറിനു മുന്‍പില്‍ ചേര്‍ക്കണം.

ആഗോള വ്യാപകമായ ടെലക്സ് സംവിധാനത്തിന്റെ നിയമങ്ങള്‍ നിര്‍വചിക്കുന്നതു ഇന്റര്‍നാഷണല്‍ ടെലികമ്മ്യൂണിക്കേഷന്‍ യൂണിയന്റെ (ITU) വിഭാഗമായ ടെലികമ്യൂണിക്കേഷന്‍ സ്റ്റാന്‍ഡേര്‍ഡൈസേഷന്‍ സെക്ടര്‍ (ITU-T) ആണ്; രാജ്യങ്ങളുടെ കോഡ് നിര്‍വചിക്കുന്നതും കഠഡഠ തന്നെ.

ടെര്‍മിനലില്‍ നിന്ന് ടെര്‍മിനലിലേക്ക് ഡേറ്റ അയയ്ക്കുന്നത് CCITT നിര്‍വചിച്ച ഇന്റര്‍നാഷണല്‍ ടെലിഗ്രാഫ് ആല്‍ഫബെറ്റ് (ITA #2) എന്ന അക്ഷര കോഡുപയോഗിച്ചാണ്. 1 സ്റ്റാര്‍ട്ട് ബിറ്റ്, 5 വിവര ബിറ്റുകള്‍, 1½(2) സ്റ്റോപ്പ് /റെസ്റ്റ് ബിറ്റുകള്‍ എന്നിവ ചേര്‍ന്നതാണ് ഒരക്ഷരം. ഓരോ ബിറ്റും പ്രേഷണം ചെയ്യാന്‍ 20 മില്ലി സെക്കന്‍ഡ് സമയമെടുക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ ടെലക്സിന്റെ വേഗത സെക്കണ്ടില്‍ 50 ബിറ്റുകള്‍ (50 യു) ആണെന്നു കണക്കാക്കാം. അതായത് മിനിറ്റില്‍ ഏകദേശം 66 ആറക്ഷര വാക്കുകള്‍ അയയ്ക്കാനാവും. ടെലിഫോണ്‍ പോലെ സ്വിച്ചിങ് നെറ്റ്വര്‍ക്കിലൂടെയാണ് എല്ലാ എക്സ്ചേഞ്ചുകളേയും ടെലക്സിലും ബന്ധിപ്പിക്കുന്നത്. A,B,C,D എന്നിങ്ങനെ നാലുതരം സിഗ്നലിങ് രീതികള്‍ ടെലക്സില്‍ ഉപയോഗിക്കുന്നു. ഇവയുപയോഗിച്ച് ഒരു കണക്ഷനിലൂടെ ഒന്നിലേറെ കോളുകള്‍ വിളിക്കാനുള്ള സീക്വന്‍ഷ്യല്‍ കോളിങ് സൌകര്യം ലഭ്യമാക്കാം. കൂടാതെ കോള്‍ സമയം, വിളിച്ച വരിക്കാരന്റെ നമ്പര്‍, കോള്‍ എത്തിച്ചേര്‍ന്നില്ലെങ്കില്‍ അതിനുള്ള കാരണം എന്നിവ മനസ്സിലാക്കാനും ഇന്ന് ടെലക്സില്‍ ക്രമീകരണങ്ങള്‍ ഉണ്ട്.

ആധുനിക ടെലക്സ് സര്‍വീസുകള്‍ ഓട്ടോമാറ്റിക് ആണ്. ഇലക്ട്രോണിക മേഖലയില്‍ ഉണ്ടായിട്ടുള്ള വമ്പിച്ച പുരോഗതിയുടെ ഫലമായി വിവരങ്ങള്‍ ഓര്‍മയില്‍ സൂക്ഷിച്ച് അതു പ്രകാരം നിര്‍ദേശങ്ങള്‍ നല്‍കാന്‍ കഴിവുള്ള കംപ്യൂട്ടറുകള്‍ നിലവില്‍ വന്നിട്ടുണ്ട്. ഇത്തരത്തിലുള്ള കംപ്യൂട്ടര്‍ സംവിധാനവുമായി ബന്ധപ്പെട്ട് സ്വയം പ്രവര്‍ത്തിക്കാന്‍ കഴിവുള്ളതായി ടെലക്സ് സര്‍വീസ് പുരോഗമിച്ചു കഴിഞ്ഞു. സന്ദേശങ്ങളും അവയ്ക്കുള്ള മറുപടിയും കംപ്യൂട്ടറില്‍ പ്രോഗ്രാം ചെയ്തു വയ്ക്കുവാനും സാധിക്കും. ടെലക്സ് സന്ദേശങ്ങള്‍ അയയ്ക്കുന്നതിനുള്ള ചെലവ്, വരിക്കാര്‍ തമ്മിലുള്ള ദൂരത്തേയും ടെലക്സ് പരിപഥം ഉപയോഗപ്പെടുത്തുന്ന സമയത്തേയും അടിസ്ഥാനപ്പെടുത്തിയാണ് കണക്കാക്കുന്നത്.

1930-കളുടെ തുടക്കത്തില്‍ യൂറോപ്പിലാണ് ദേശീയ തലത്തില്‍ ടെലക്സ് സര്‍വീസ് ആദ്യമായി നിലവില്‍ വന്നത്. രണ്ടാം ലോകയുദ്ധത്തിനു ശേഷം അഭൂതപൂര്‍വമായ പുരോഗതി നേടാന്‍ ഈ മേഖലയ്ക്കു കഴിഞ്ഞു. ഇന്നു മിക്ക ലോക രാഷ്ട്രങ്ങളിലും ടെലക്സ് സര്‍വീസ് വ്യാപകമായ തോതില്‍ ഉപയോഗിച്ചു വരുന്നു.

ടെലക്സ് II. ടെലിഫോണ്‍ ക്രമീകരണത്തിലെ അനലോഗ് ലൈനുകളെ പ്രയോജനപ്പെടുത്തി പ്രവര്‍ത്തിക്കാവുന്ന രീതിയില്‍ രൂപപ്പെടുത്തിയ സംവിധാനമാണ് ടെലക്സ് II. ആരംഭ ദശയില്‍ ടെലിടൈപ്പ്റൈറ്റര്‍ എക്സ്ചേഞ്ച് (TWX) എന്നും പിന്നീട് ടെലക്സ് II എന്നും അറിയപ്പെടുന്ന ഇത് ഇന്ന് അമേരിക്കന്‍ ഐക്യനാടുകളിലും, കാനഡയിലും മാത്രമേ നിലവിലുള്ളൂ. ഒരു സ്റ്റാര്‍ട്ട് ബിറ്റ്, ASCII കോഡ് അടിസ്ഥാനമാക്കി 7 വിവര ബിറ്റുകള്‍, ഒരു പാരിറ്റി-ചെക്ക് ബിറ്റ്, 2 സ്റ്റോപ്പ് ബിറ്റുകള്‍ എന്നിവയാണ് ടെലക്സ് II ല്‍ ഒരക്ഷരത്തിനുള്ള കോഡ്; വേഗത 110 യു; മിനിറ്റില്‍ ഏകദേശം 100 ആറക്ഷര വാക്കുകള്‍ അയയ്ക്കാന്‍ കഴിയും. ടെലക്സ് I-ഉം ടെലക്സ് II-ഉം വരിക്കാര്‍ തമ്മില്‍ ബന്ധപ്പെടേണ്ടി വന്നാല്‍ അങ്ങോട്ടുമിങ്ങോട്ടുമുള്ള കോഡ് മാറ്റങ്ങള്‍, വേഗതാ ക്രമീകരണം എന്നിവ ഡിജിറ്റല്‍ എക്സ്ചേഞ്ച് സ്വിച്ചുകള്‍ (DES) ഉപയോഗിച്ച് നിര്‍വഹിക്കുന്നു.

(എസ്. കൃഷ്ണയ്യര്‍, സ.പ.)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9F%E0%B5%86%E0%B4%B2%E0%B4%95%E0%B5%8D%E0%B4%B8%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍