This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ടെര്‍മന്‍ ലൂയി മാഡിസണ്‍ (1877-1956)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ടെര്‍മന്‍ ലൂയി മാഡിസണ്‍ (1877-1956)
Terman,Lewis Madison
അമേരിക്കന്‍ മനഃശാസ്ത്രജ്ഞന്‍. ബുദ്ധിശക്തി അളക്കുന്നതിനും മറ്റുമുള്ള മാനകങ്ങള്‍ക്ക് രൂപം നല്‍കുന്നതില്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ ഇദ്ദേഹം 1877 ജനു. 15-ന് ഇന്‍ഡ്യാനയിലെ ജോണ്‍സണ്‍ കൌണ്‍ടിയില്‍ ജനിച്ചു. ഇന്‍ഡ്യാന സര്‍വകലാശാലയിലും ക്ളാര്‍ക്ക് സര്‍വകലാശാലയിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. തുടര്‍ന്ന് സ്റ്റാന്‍ഫോഡ് സര്‍വകലാശാലയില്‍ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച ടെര്‍മന്‍ സര്‍വീസില്‍ നിന്ന് വിരമിക്കുന്നതുവരെയും അവിടെത്തന്നെ തുടര്‍ന്നു.
മനഃശാസ്ത്രരംഗത്ത് ഒരു ദശാബ്ദക്കാലത്തോളം നടത്തിയ ഗവേഷണങ്ങളുടെ അടിസ്ഥാനത്തില്‍ ബിനെ സൈമണ്‍ ബുദ്ധിമാനകത്തിന്റെ (Binet-Simon Intelligence Scale, 1905) പരിഷ്ക്കരിച്ച രൂപം ഇദ്ദേഹം പ്രസിദ്ധീകരിച്ചു (1916). ഈ ബുദ്ധിമാനകം ഉപയോഗിക്കേണ്ട വിധത്തെ സംബന്ധിച്ച് ഒരു ഗ്രന്ഥവും (The Measurement of Intelligence) ഇതോടൊപ്പം പുറത്തിറക്കി. ഒന്നാം ലോകയുദ്ധത്തിന് സൈനികരെ തിരഞ്ഞെടുക്കാന്‍ ഉപയോഗപ്പെടുത്തിയ ബുദ്ധിമാനകത്തിന്റെ (The Army Alpha Group Intelligence test) രൂപപ്പെടുത്തലിലും ഇദ്ദേഹം നിര്‍ണായകമായ പങ്കു വഹിച്ചു. മാനസിക വൈഭവങ്ങളെ നിര്‍ണയിക്കുന്നതിനായി 1920-ല്‍ ഒരു മാനകം (Terman Group Test of Mental Ability) ഇദ്ദേഹം പ്രസിദ്ധീകരിച്ചു. ഉപലബ്ധി നിര്‍ണയിക്കുന്നതിനായി 1923-ല്‍ പ്രസിദ്ധീകരിച്ച 'സ്റ്റാന്‍ഫോഡ് അച്ചീവ്മെന്റ് ടെസ്റ്റി'ന്റെ നിര്‍മാണത്തിലും ഇദ്ദേഹം ഭാഗഭാക്കായി.
മനഃശാസ്ത്രരംഗത്ത് വളരെയേറെ ആഴവും വ്യാപ്തിയുമുള്ള ഗവേഷണപഠനങ്ങള്‍ ടെര്‍മന്‍ നടത്തി. അസാമാന്യ പ്രതിഭാശാലികള്‍ ബുദ്ധിശക്തി കൂടുതലുള്ളവരും സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ കഴിവുള്ളവരുമായിരിക്കുമെന്ന് ഇദ്ദേഹം തന്റെ പഠനങ്ങളിലൂടെ സമര്‍ഥിച്ചിട്ടുണ്ട്. ഇത്തരക്കാര്‍ ജീവിതത്തിലുടനീളം ഈ കഴിവുകള്‍ പ്രകടിപ്പിക്കുമെന്നും ഇദ്ദേഹം അഭിപ്രായപ്പെട്ടു. 1956 ഡി. 21-ന് കാലിഫോര്‍ണിയയിലെ പാലോ ആള്‍ട്ടോയില്‍ ഇദ്ദേഹം നിര്യാതനായി.