This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടുവത്താര

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:15, 1 നവംബര്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ടുവത്താര

Tuatara

ഓന്തിനെപ്പോലുള്ള ഇഴജന്തു. റിങ്കോകെഫാലിയ (Rhynchocephalia) ഗോത്രത്തിലെ ജീവിച്ചിരിക്കുന്ന ഏക അംഗമാണിത്. സ്ഫീനോഡോന്റിഡെ (Sphenodontidae) കുടുംബത്തില്‍പ്പെടുന്നു. ശാസ്ത്രനാമം: സ്ഫീനോഡോണ്‍ പംക്റ്റേറ്റസ് (Sphenodon punctatus). ഒരു കാലത്ത് ലോകത്തിന്റെ പലഭാഗത്തും ജീവിച്ചിരുന്ന ഈ ജന്തു ഇപ്പോള്‍ ന്യൂസിലാന്‍ഡിനടുത്തുള്ള മുപ്പതോളം ചെറുദ്വീപുകളില്‍ മാത്രമേ കാണപ്പെടുന്നുള്ളു.

220 ദശലക്ഷം വര്‍ഷങ്ങള്‍ക്കുമുമ്പ് ദിനോസറുകളുടെ പരിണാമദശയ്ക്ക് ആരംഭംകുറിച്ച മീസോസോയിക് കാലഘട്ടത്തിനു തൊട്ടുമുമ്പാണ് റിങ്കോകെഫാലിയ ഗോത്രത്തിലെ അംഗങ്ങള്‍ പ്രത്യക്ഷമായതെന്നു കരുതപ്പെടുന്നു. ഇവ യൂറോപ്പ്, ഏഷ്യ, തെ. അമേരിക്ക, വ. അമേരിക്ക, ആഫ്രിക്കയുടെ തെക്കും കിഴക്കും ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ ജീവിച്ചിരുന്നു. മീസോസോയിക് കാലഘട്ടത്തിന്റെ അവസാനത്തില്‍, 65 ദശലക്ഷവര്‍ഷങ്ങള്‍ക്കുമുമ്പ്, ആഫ്രിക്കയുടെ തെക്കും കിഴക്കും ഭാഗങ്ങളില്‍ നിന്ന് ഇവ വിലുപ്തമായി. 140 ദശലക്ഷം വര്‍ഷങ്ങള്‍ക്കു മുമ്പു കാണപ്പെട്ടിരുന്നതുപോലെതന്നെ പ്രത്യേക ഘടനാപരമോ പരിണാമപരമോ ആയ വ്യത്യാസങ്ങളൊന്നുംതന്നെയില്ലാതെയാണ് ടുവത്താരകളെ ഇന്നും കാണാന്‍ കഴിയുന്നത്. ഇവയെക്കുറിച്ചുള്ളപരീക്ഷണ പഠനങ്ങള്‍ക്ക് ശാസ്ത്രകാരന്മാരെ പ്രേരിപ്പിക്കുന്ന ഘടകവും ഇതുതന്നെയാണ്.

ടുവത്താര

ഓന്തിനെപ്പോലെയുള്ള ജീവിയാണെങ്കിലും ടുവത്താരയുടെ ശരീരഘടന ഏറെ വൈരുധ്യങ്ങള്‍ പ്രകടിപ്പിക്കുന്നുണ്ട്. ഇതിന്റെ തലയോട്ടിക്ക് ചീങ്കണ്ണി (Crocodile) യുടേതുപോലെ രണ്ടു ജോടി ആര്‍ച്ചുകള്‍ കാണപ്പെടുന്നു. കശേരുകയുടെ അറ്റത്ത് ചെറുചാലുകളും പിന്‍ഭാഗത്ത് ഒരു ചെറിയ മുഴയും (projection) ഉണ്ട്. ഉദരഭിത്തിയിലുള്ള അസ്ഥിപഞ്ജരം താടിയെല്ലുകളിലെ പല്ലുകള്‍ (ഇവ യഥാര്‍ഥ പല്ലുകളല്ല, താടിയെല്ലുതന്നെ ദന്തുരമായിരിക്കുന്നതാണ്), മധ്യകര്‍ണവും ശ്രവണപുടവും ഇല്ലാത്ത അവസ്ഥ, ആണ്‍ മൈഥുനാവയവം കാണപ്പെടാത്ത അവസ്ഥ തുടങ്ങിയവയെല്ലാം ടുവത്താരയുടെ പ്രത്യേകതകളാണ്. ടുവത്താരയുടെ മസ്തിഷ്ക ഘടനയും സഞ്ചാരരീതികളും ഉഭയജീവികളുടേതിനു സമാനമാണ്. സാധാരണ ഇഴജന്തുക്കളില്‍ കാണപ്പെടുന്നതിനേക്കാള്‍ ടുവത്താരകളുടെ ഹൃദയം കൂടുതല്‍ ആദിമസ്വഭാവം പ്രകടിപ്പിക്കുന്നു.

ആണ്‍ ടുവത്താരകള്‍ക്ക് വാലറ്റം വരെ 60-75 സെ.മീ. നീളവും ഒരു കി.ഗ്രാം ഭാരവുമുണ്ടായിരിക്കും; പെണ്‍ജന്തുക്കള്‍ക്ക് 45 സെ.മീ. നീളവും 0.5 കി.ഗ്രാം ഭാരവും. ഇവയുടെ ശരീരത്തിന് ഒലിവ് പച്ച നിറമോ, ചാരനിറമോ, കടും പാടലവര്‍ണമോ ആയിരിക്കും. മുട്ട വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങള്‍ക്ക് ചാരനിറമോ, തവിട്ടുനിറമോ ആണുള്ളത്. തലയില്‍ നിറം കുറഞ്ഞ പരിരക്ഷകം (shield) ഉണ്ടായിരിക്കും. കഴുത്തിലും വാലിലും രേഖാരൂപത്തിലുള്ള ചെറിയ അടയാളങ്ങളും കാണപ്പെടുന്നു.

ടുവത്താരകള്‍ക്ക് ഇരട്ട നേത്രാന്തരപടല(retina)മാണുള്ളത്. ഇതില്‍ രണ്ടുതരത്തിലുള്ള ദൃഷ്ടികോശങ്ങള്‍ (visual cells) ഉണ്ടായിരിക്കും. ഇത് ചീങ്കണ്ണികളേയും മുതലകളേയും പോലെ രാത്രികാലങ്ങളിലും പകല്‍സമയങ്ങളിലും ഒരേപോലെ കണ്ണിന്റെ കാഴ്ചശക്തി നിലനിര്‍ത്തുന്നതിന് ഇവയെ സഹായിക്കുന്നു. സംവേദകകോശങ്ങളിലൂടെ പ്രകാശത്തെ തിരികെ പ്രതിഫലിപ്പിക്കാന്‍ കഴിവുള്ള ടപീറ്റം ലൂസിഡം (tapetum lucidum) എന്ന സ്തരമാണ് നേത്രാന്തരപടലത്തിന് ഇതിനുവേണ്ട സഹായം നല്‍കുന്നത്. ടുവത്താരകളുടെ മസ്തിഷ്കത്തിലെ പീനിയല്‍ ബോഡി തലയുടെ ഉപരിഭാഗത്തുള്ള മൂന്നാം കണ്ണുമായി' ബന്ധപ്പെട്ടിരിക്കും.

ദ്വീപില്‍ ദേശാടനത്തിനെത്തുന്ന ആയിരക്കണക്കിനു പക്ഷികളും, മാളങ്ങളുണ്ടാക്കുന്ന കടല്‍ പക്ഷികളും ഉപേക്ഷിച്ചുപോകുന്ന മാളങ്ങളാണ് ടുവത്താരകള്‍ കൂടുകളായുപയോഗിക്കുന്നത്. ഇവ മണ്ണിലുള്ള വണ്ടുകള്‍, പ്രാണികള്‍, ചിലന്തി, മണ്ണിര, ഒച്ചുകള്‍, ജെക്കോ, കോഴിക്കുഞ്ഞുങ്ങള്‍, ചിലയിനം ഇഴജീവികള്‍, കടല്‍പക്ഷികളുടെ മുട്ടകള്‍ തുടങ്ങിയവയെല്ലാം ഇരയാക്കുന്നു.

വെയിലുള്ള ദിവസങ്ങളില്‍ മാളങ്ങളുടെ പ്രവേശനദ്വാരത്തിനടുത്തിരുന്ന് ഇവ വെയില്‍ കൊള്ളാറുണ്ട്. ഇവ പുറത്തിറങ്ങി സഞ്ചരിക്കുന്നത് രാത്രികാലങ്ങളിലാണ്.

ജനുവരി മാസത്തിലോ ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലോ ടുവത്താരകള്‍ ഇണചേരുന്നു. 10 സെ.മീറ്ററോളം താഴ്ചയുള്ള മാളങ്ങളുണ്ടാക്കി ഇവ 6-15 മുട്ടകളിടും. മുട്ടകള്‍ക്ക് അണ്ഡാകൃതിയാണുള്ളത്; നീളം 25-30 മി. മീറ്ററും. ചര്‍മപത്രം (തോല്‍ക്കടലാസ്) പോലുള്ള ഒരു ആവരണവും മുട്ടയ്ക്കുണ്ട്. ഇതിന്റെ അടയിരിപ്പുകാലം 15 മാസമാണ്. ഇഴജന്തുക്കളില്‍ ഏറ്റവും കൂടുതല്‍ അടയിരുപ്പുകാലം ഉള്ളതും ടുവത്താരകള്‍ക്കാണ്. 15 മാസക്കാലം മുട്ട കാലാവസ്ഥാവ്യതിയാനങ്ങള്‍ക്കനുസരിച്ച് കേടുകൂടാതെയും മറ്റു ജന്തുക്കള്‍ക്ക് ഇരയാകാതെയും സംരക്ഷിക്കപ്പെടേണ്ടതുണ്ട്.

മുട്ട വിരിയുന്നതിനുമുമ്പുതന്നെ അണ്ഡത്തില്‍നിന്ന് കൊമ്പുപോലെയുള്ള ഒരു ഭാഗം വികസിച്ചുവരും. ഇതുപയോഗിച്ച് മുട്ടത്തോടിനെ പൊട്ടിച്ചാണ് കുഞ്ഞുങ്ങള്‍ പുറത്തുവരുന്നത്. കുഞ്ഞുങ്ങള്‍ക്ക് 54 മി. മീ. നീളം വരും. മുട്ട വിരിഞ്ഞു പുറത്തുവരുമ്പോള്‍ തന്നെ കുഞ്ഞുങ്ങള്‍ സ്വന്തമായി ഭക്ഷണം ശേഖരിച്ചു ഭക്ഷിക്കാന്‍ കെല്പുള്ളവയായിരിക്കും. ഇവ ചെറുകുഴികളുണ്ടാക്കി അതിലിരിക്കുകയോ കല്ലുകള്‍ക്കും തടികള്‍ക്കും മറ്റും അടിയില്‍ ഒളിഞ്ഞിരിക്കുകയോ ചെയ്യുന്നു. മുട്ടത്തോടു പൊട്ടിക്കാനായി വികസിച്ച കൊമ്പുപോലെയുള്ള ഭാഗം രണ്ടാഴ്ചയോളം വിരിഞ്ഞിറങ്ങിയ കുഞ്ഞുങ്ങളുടെ നാസികയ്ക്കു മുകളില്‍ നിലനിന്നശേഷം അപ്രത്യക്ഷമാകുന്നു.

ടുവത്താരകളുടെ വളര്‍ച്ച വളരെ മന്ദഗതിയിലാണ്. 20 വയസ്സാകുമ്പോള്‍ മാത്രമേ ഇവയ്ക്ക് ലൈംഗിക വളര്‍ച്ചയെത്തുകയുള്ളു. ഇവയുടെ ശരീരവളര്‍ച്ച 50-60 വര്‍ഷംവരെ തുടരുകയും ചെയ്യും.

ഇവയുടെ ശരീര ഉപാപചയ നിരക്ക് വളരെ കുറഞ്ഞ നിലയിലുള്ളതാണ്. ശരീരതാപനില കുറഞ്ഞിരിക്കുന്നതിനും മന്ദഗതിയിലുള്ള ദീര്‍ഘകാല വളര്‍ച്ച നിലനില്‍ക്കുന്നതിനും കാരണം ഈ കുറഞ്ഞ ഉപാപചയ നിരക്കാണെന്ന് കരുതപ്പെടുന്നു. 120 വയസ്സുവരെ ഇവയ്ക്ക് ആയുസ്സും ഉണ്ട്.

ടുവത്താരയുടെ മുഖ്യശത്രുക്കള്‍ പോളിനേഷ്യന്‍ എലികളാണ്. ഒറ്റപ്പെട്ട ദ്വീപായ ന്യൂസിലാന്‍ഡില്‍ ഇത്തരം എലികള്‍ കാണപ്പെടാത്തതാകാം ഇന്നും അവിടെ ടുവത്താരകള്‍ ജീവിച്ചിരിക്കുന്നതിനു കാരണമെന്നു കരുതപ്പെടുന്നു. ടുവത്താരകളെ കൊല്ലുന്നത് ന്യയൂസിലാന്‍ഡില്‍ നിയമംമൂലം നിരോധിച്ചിട്ടുമുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍