This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടാലിന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

11:08, 29 ഒക്ടോബര്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ടാലിന്

Tallin

എസ്ത്വാനിയയുടെ തലസ്ഥാന നഗരം. ടാലിന്‍ ഉള്‍ക്കടല്‍ത്തീരത്ത് വ. പടിഞ്ഞാറന്‍ എസ്ത്വാനിയയില്‍ സ്ഥിതിചെയ്യുന്നു. ഫിന്‍ലന്‍ഡ് ഉള്‍ക്കടലിലെ ഒരു പ്രധാന തുറമുഖം കൂടിയാണിത്. മുമ്പ് റേവല്‍ എന്നായിരുന്നു നഗരനാമധേയം. ജനസംഖ്യ: 490,000 ('94 est)t)

ബാള്‍ട്ടിക് സമുദ്രതീരത്തെ പ്രധാന തുറമുഖവും, നാവികത്താവളവും, വ്യാവസായിക കേന്ദ്രവും കൂടിയാണ് ടാലിന്‍. ഒരു അന്താരാഷ്ട്ര വിമാനത്താവളവും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. കപ്പലുകള്‍, യന്ത്രസാമഗ്രികള്‍, വൈദ്യുതോപകരണങ്ങള്‍, തുണിത്തരങ്ങള്‍, ഫര്‍ണിച്ചര്‍ എന്നിവയുടെ നിര്‍മാണം, മത്സ്യസംസ്കരണം എന്നിവ ഇവിടത്തെ മുഖ്യ വ്യവസായങ്ങളാകുന്നു. എഞ്ചിനീയറിംഗ്, മെഷീന്‍ നിര്‍മാണം എന്നിവയും പ്രധാനം തന്നെ.

എസ്ത്വാനിയയിലെ ഒരു പ്രധാന സാംസ്കാരിക കേന്ദ്രം കൂടിയാണ് ടാലിന്‍. എസ്ത്വാനിയന്‍ അക്കാഡമി ഒഫ് സയന്‍സ സിനെ കൂടാതെ, അനേകം പോളിടെക്നിക്കുകളും, മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളും ടാലിനിലുണ്ട്. ടാലിനിലെ പല ചരിത്രസ്മാരകങ്ങളും ശ്രദ്ധേയങ്ങളാണ്. പുരാതനങ്ങളായ വൈഷ്ഗൊരോദ് കൊട്ടാരം (Vyshgorod Castle), ടൌണ്‍ഹാള്‍, ഓലിവിസ്തെ പള്ളി (Oleviste Church) മുതലായവ ഏറെ പ്രശസ്തമാണ്. ഇവിടത്തെ 'ലോയര്‍ ടൌണ്‍' ഒരു ചുറ്റുമതിലിനാല്‍ വലയം ചെയ്യപ്പെട്ടിരിക്കുന്നു. ഈ പ്രദേശവും, ആധുനിക ഭാഗങ്ങളും കൂടിച്ചേരുന്നതാണ് നഗരപ്രവിശ്യ. ധാരാളം തിയറ്ററുകള്‍, സിംഫണി ഓര്‍ക്കെസ്ട്ര, ഓപ്പറ കമ്പനികള്‍ തുടങ്ങിയവയും ടാലിനില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ടാലിന്‍ പ്രദേശത്തെ ആദ്യ അധിവാസിത പ്രദേശം 1154-ല്‍ നിലവില്‍ വന്നു എന്നാണ് കരുതിപ്പോരുന്നത്. 1219-ല്‍ ഡെന്‍മാര്‍ക്കിലെ വാള്‍ഡിമാര്‍ രണ്ടാമന്‍ (WaldemarII, 1170-1241) ഈ പ്രദേശത്ത് ഒരു കോട്ട പണിതു. 1285-ല്‍ ഹാന്‍സിയാറ്റിക് ലീഗില്‍ (Hanseatic league) അംഗമായതോടെ ടാലിന് കാര്യമായ വാണിജ്യ പ്രാധാന്യം ലഭിച്ചു. 1346 ആയപ്പോഴേക്കും ഡെന്‍മാര്‍ക് ഈ നഗരത്തെ ട്ട്യൂടോണിക് സൈനികര്‍ക്ക് (Teutonic Knights) വില്‍ക്കുകയുണ്ടായി. തുടര്‍ന്ന് 1561-ല്‍ സ്വീഡന്‍ കീഴടക്കിയ ഈ പ്രദേശം 1710-ല്‍ റഷ്യയുടെ ഭാഗമായിമാറി. തുടര്‍ന്ന് ടാലിന്‍ റഷ്യന്‍ ബാള്‍ട്ടിക് നാവിക പടയുടെ ഒരു നാവികത്താവളമായി രൂപാന്തരപ്പെട്ടു.

1919-'40 വരെ സ്വതന്ത്ര എസ്ത്വാനിയയുടെ തലസ്ഥാനമായിരുന്നു ടാലിന്‍. 1940-ല്‍ ടാലിന്‍ യു.എസ്.എസ്.ആര്‍.-ന്റെ ഭാഗമായി. 1941-ല്‍ ജര്‍മന്‍ സേന കീഴടക്കിയ ഈ നഗരത്തെ 1944-ല്‍ യു.എസ്.എസ്.ആര്‍. തിരികെ പിടിച്ചെടുത്തു. തുടര്‍ന്ന് 1991-ല്‍ എസ്ത്വാനിയ സ്വതന്ത്ര റിപ്പബ്ളിക്കായി മാറുന്നതുവരെ എസ്ത്വാനിയന്‍ സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ളിക്കിന്റെയും തലസ്ഥാനമായിരുന്നു ടാലിന്‍.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9F%E0%B4%BE%E0%B4%B2%E0%B4%BF%E0%B4%A8%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍