This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടിങ്, സാമുവല്‍ ചോ ചുങ് (1936 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:59, 22 ഒക്ടോബര്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ടിങ്, സാമുവല്‍ ചോ ചുങ് (1936 - )

Ting,SamuelChao Chung

യു.എസ്. ഭൗതികശാസ്ത്രജ്ഞന്‍. J- കണം' എന്നറിയപ്പെടുന്ന മൗലിക കണത്തിന്റെ കണ്ടുപിടിത്തത്തിന് 1976-ലെ ഭൗതികശാസ്ത്രത്തിനുള്ള നോബല്‍ സമ്മാനം പങ്കിട്ടു.

സാമുവല്‍ ചോ ചുങ് ടിങ്

ടിങ് 1936 ജനു. 27-ന് യു. എസ്സിലെ മിഷിഗണില്‍ ജനിച്ചു. ചൈനയിലും തെയ്വാനിലുമായി പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. മിഷിഗണില്‍ തിരിച്ചുവന്ന് ഭൗതികശാസ്ത്രത്തിലും ഗണിതത്തിലും ഡോക്ടറേറ്റു നേടി. യൂറോപ്യന്‍ കമ്മിഷന്റെ ഗവേഷണ സ്ഥാപനമായ സേണ്‍ (CERN)-ല്‍ ഫോര്‍ഡ് ഫെലോ ആയി ഔദ്യോഗിക ജീവിതമാരംഭിച്ചു. 1966-ല്‍ ഹാംബര്‍ ഗിലെ ജര്‍മന്‍ ഇലക് ട്രോണ്‍ സിന്‍ക്രോട്രോണ്‍ പ്രോജക്റ്റ് ആയ ഡെസി (DESY)-യുടെ ഗ്രൂപ്പ് ലീഡര്‍ ആയിരുന്നു. 1969-ല്‍ മസാച്ചുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ടെക് നോളജിയില്‍ ഭൗതികശാസ്ത്ര പ്രൊഫസറായി. ഇക്കാലത്താണ് ബ്രൂക്ക്ഹേവന്‍ നാഷണല്‍ ലബോറട്ടറിയില്‍ ഗവേഷണം നടത്തി 'ഖ-കണം' കണ്ടുപിടിച്ചത്. ഹൈഡ്രജന്‍ ആറ്റത്തിന്റെ മൂന്നിരട്ടി പിണ്ഡം (mass), മെസോണിന്റെ 100 മടങ്ങിലുമധികം ദൈര്‍ഘ്യമേറിയ ജീവിതകാലം (life time) എന്നീ സവിശേഷതകള്‍ 'J -കണ'ത്തിനുണ്ടെന്ന് ഇദ്ദേഹം ഗവേഷണങ്ങളിലൂടെ തെളിയിക്കുകയും ഫിസിക്കല്‍ റിവ്യൂ ലെറ്റേഴ്സ്-ല്‍ തന്റെ പ്രബന്ധം പ്രസിദ്ധപ്പെടുത്തുകയും ചെയ്തു (1974).

എന്നാല്‍ ഇതേകാലത്തുതന്നെ സ്റ്റാന്‍ഫോര്‍ഡ് ലീനിയര്‍ ആക്സിലറേറ്റര്‍ സെന്ററിലെ (SLAC) ബര്‍ട്ടന്‍ റിക്റ്ററും (Burton Richter) സഹപ്രവര്‍ത്തകരും ഇതേ കണ്ടുപിടിത്തം നടത്തുകയുണ്ടായി. ടിങ് പുതിയ കണത്തിന് J പാര്‍ട്ടിക്കിള്‍' എന്ന പേര് നല്‍കിയപ്പോള്‍ റിക്റ്റര്‍ സൈ (Psi-Ψ) എന്ന പേരാണ് നല്‍കിയതെന്നു മാത്രം. അങ്ങനെ ഒരേ കണ്ടുപിടിത്തത്തിന് 1976-ലെ നോബല്‍ സമ്മാനം ഇരുവരും ചേര്‍ന്ന് പങ്കുവച്ചു.

ബ്രൂക്ക് ഹേവന്‍, സേണ്‍, ഡെസി എന്നീ മൂന്നു ഗവേഷണ സംഘങ്ങള്‍ക്ക് ടിങ് മാര്‍ഗദര്‍ശനം നല്‍കിയിരുന്നു. 1975-ല്‍ അമേരിക്കന്‍ അക്കാദമി ഒഫ് ആര്‍ട്ട്സ് ആന്‍ഡ് സയന്‍സസില്‍ ഫെലോ ആയും 1977-ല്‍ നാഷണല്‍ അക്കാദമി ഒഫ് സയന്‍സസില്‍ അംഗമായും ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഇ.ഒ. ലോറന്റ്സ് അവാര്‍ഡിനും ഇദ്ദേഹം അര്‍ഹനായി. മൌലികകണങ്ങളെ അധികരിച്ച് നാല്പതോളം ലേഖനങ്ങള്‍ ഇദ്ദേഹം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍