This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ടാഫ്റ്റ്, വില്യം ഹോവാഡ് (1857 - 1930)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ടാഫ്റ്റ്, വില്യം ഹോവാഡ് (1857 - 1930)
Taft,William Howard
യു.എസ്സിന്റെ 27-ാമതു പ്രസിഡന്റും പത്താമതു ചീഫ് ജസ്റ്റിസും. യു.എസ്സില്‍ ഈ രണ്ടു സ്ഥാനങ്ങളും വഹിച്ച ഏക വ്യക്തി ഹോവാഡ് ടാഫ്റ്റ് ആണ്. 1857 സെപ്. 15-ന് ഒഹായോവിലെ സിന്‍സിനാറ്റില്‍ അല്‍ഫോണ്‍സോ ടാഫ്റ്റിന്റെ പുത്രനായി വില്യം ഹോവാഡ് ടാഫ്റ്റ് ജനിച്ചു. ഇദ്ദേഹം 1878-ല്‍ യേല്‍ കോളജില്‍ നിന്നും ബി.എ. ബിരുദവും 1880-ല്‍ സിന്‍സിനാറ്റിലോ സ്കൂളില്‍ നിന്ന് നിയമ ബിരുദവും കരസ്ഥമാക്കി. 1881 മുതല്‍ ടാഫ്റ്റ് അഭിഭാഷകവൃത്തിയിലേര്‍പ്പെട്ടു. ഒഹായോവിലെ പ്രധാന കോടതിയില്‍ ന്യായാധിപനായി പ്രവര്‍ത്തിച്ചുവന്ന ടാഫ്റ്റിനെ പ്രസിഡന്റ് ബഞ്ചമിന്‍ ഹാരിസണ്‍ 1890-ല്‍ സോളിസിറ്റര്‍ ജനറലായി നിയമിച്ചു. 1900-മാണ്ടില്‍ ഇദ്ദേഹം ഫിലിപ്പീന്‍ ദ്വീപുകളിലേക്കുള്ള കമ്മിഷന്റെ അധ്യക്ഷനായി നിയോഗിക്കപ്പെട്ടു. 1901-04 കാലത്ത് ടാഫ്റ്റ് ഫിലിപ്പീന്‍ ദ്വീപുകളുടെ സിവില്‍ ഗവര്‍ണറുടെ ചുമതല വഹിച്ചു. പ്രസിഡന്റ് തിയൊഡൊര്‍ റൂസ് വെ 1904-ല്‍ ടാഫ്റ്റിനെ യുദ്ധകാര്യ സെക്രട്ടറിയായി നിയമിച്ചു. നാലുവര്‍ഷത്തിനുശേഷം ഇദ്ദേഹം റിപ്പബ്ളിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായി യു.എസ്. പ്രസിഡന്റു സ്ഥാനത്തേക്കു മത്സരിച്ചു വിജയിക്കുകയും 1909 മാ.-ല്‍ പ്രസിഡന്റായി സ്ഥാനമേറ്റെടുക്കുകയും ചെയ്തു. പ്രസിഡന്റായിരിക്കെ നടപ്പിലാക്കിയ താരിപ്പു നിയമം ഏറെ വിമര്‍ശനവിധേയമായി. 1912-ല്‍ പ്രസിഡന്റു സ്ഥാനത്തേക്കു വീണ്ടും മത്സരിച്ചെങ്കിലും വിജയിക്കാനായില്ല. പിന്നീട് യേല്‍ സര്‍വകലാശാലയില്‍ നിയമവകുപ്പ് പ്രൊഫസറായും ഒന്നാംലോകയുദ്ധ കാലത്ത് നാഷണല്‍ വാര്‍ ബോര്‍ഡിന്റെ ഉപാധ്യക്ഷനായും സേവനമനുഷ്ഠിച്ചു. എഡ്വേഡ് ഡി. വൈറ്റിനെ പിന്‍തുടര്‍ന്ന് 1921-ല്‍ ഇദ്ദേഹം യു.എസ്സിലെ ചീഫ് ജസ്റ്റിസായി നിയമിതനായി. അനാരോഗ്യംമൂലം 1930 ഫെ. 3-ന് ജോലിയില്‍ നിന്നും വിരമിച്ചു. ദ് യുണൈറ്റഡ് സ്റ്റേറ്റ്സ് ആന്‍ഡ് പീസ് (1914), ഔവര്‍ ചീഫ് മജിസ്ട്രേറ്റ് ആന്‍ഡ് ഹിസ് പവേഴ്സ് (1916) എന്നീ ഗ്രന്ഥങ്ങള്‍ ടാഫ്റ്റ് രചിച്ചിട്ടുണ്ട്. 1930 മാ. 8-ന് ഇദ്ദേഹം വാഷിങ്ടണ്‍ ഡി.സി.യില്‍ മരണമടഞ്ഞു. സമുന്നത ഭരണാധികാരി, നിയമപണ്ഡിതന്‍ എന്നീ നിലകളില്‍ യു.എസ്സില്‍ മായാത്ത വ്യക്തിമുദ്ര ചാര്‍ത്തിയ വ്യക്തിയാണ് ടാഫ്റ്റ്.