This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടാക്സേഷന്‍ എന്‍ക്വയറി കമ്മിഷന്‍ ഒഫ് ഇന്ത്യ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

10:09, 14 ഒക്ടോബര്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ടാക്സേഷന്‍ എന്‍ക്വയറി കമ്മിഷന്‍ ഒഫ് ഇന്ത്യ

ഇന്ത്യയിലെ നികുതി ഘടനയെക്കുറിച്ച് പഠിക്കാന്‍ 1953-ല്‍ നിയുക്തമായ കമ്മിഷന്‍.

സ്വാതന്ത്ര്യപ്രാപ്തിയെത്തുടര്‍ന്ന് ഇന്ത്യന്‍ സമ്പദ്ഘടന സമഗ്രമായി പുനഃസംവിധാനം ചെയ്യുന്നതിന്റെ ഭാഗമായി നികുതി വ്യവസ്ഥ മൗലികമായി പരിഷ്കരിക്കുവാന്‍ നെഹ്റു ഗവണ്‍മെന്റ് തീരുമാനിച്ചു. ദീര്‍ഘകാലം വൈദേശികാധിപത്യത്തിനു കീഴിലായിരുന്ന ഇന്ത്യയുടെ സമ്പദ്ഘടന, ദേശീയ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കുവാനുതകുന്ന തരത്തില്‍ നവീകരിക്കുന്നതിനു വേണ്ടിയുള്ള പരിഷ്ക്കരണ പദ്ധതിയുടെ അവിഭാജ്യഘടകമായിട്ടാണ് ടാക്സേഷന്‍ എന്‍ക്വയറി കമ്മിഷനെ നിയോഗിച്ചത്. പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനായ ഡോ. ജോണ്‍ മത്തായി ചെയര്‍മാനായുള്ള കമ്മിഷനില്‍ വൈകുണ്ഠ്, എല്‍. മേത്ത, ഡോ. വി. കെ. ആര്‍. വി. റാവു, കെ. ആര്‍. കെ. മേനോന്‍, ബി. വെങ്കിട്ട പൈ, ഡോ. ബി. കെ. മദന്‍ തുടങ്ങിയവരായിരുന്നു അംഗങ്ങള്‍. മുന്‍ ആദായനികുതി കമ്മിഷണറായിരുന്ന സര്‍ദാര്‍ ഇന്ദ്രജിത് സിംഗായിരുന്നു കമ്മിഷന്റെ സെക്രട്ടറി.

കമ്മിഷന്റെ അന്വേഷണ വിഷയങ്ങള്‍ താഴെപ്പറയുന്നവയാണ്:

1. കേന്ദ്ര-സംസ്ഥാന-പ്രാദേശിക നികുതികള്‍ വിവിധ വിഭാഗം ജനങ്ങളിലും വിവിധ സംസ്ഥാനങ്ങളിലുമുളവാക്കുന്ന സ്വാധീനം;

2. ഇന്ത്യയുടെ പുതിയ വികസന ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കുന്നതിനും സാമ്പത്തിക അസമത്വങ്ങള്‍ ലഘൂകരിക്കുന്നതിനും നിലവിലുള്ള നികുതി വ്യവസ്ഥ എത്രത്തോളം ഉപയുക്തമാണെന്നുള്ള പരിശോധന;

3. മൂലധന രൂപീകരണത്തിലും ഉത്പാദനമേഖലയുടെ വികാസത്തിലും നികുതിഘടന ചെലുത്തുന്ന സ്വാധീനം;

4. വിലക്കയറ്റം പോലെയുള്ള അസന്തുലിതാവസ്ഥകള്‍ നേരിടുന്നതില്‍ നികുതി വ്യവസ്ഥയ്ക്കുള്ള പങ്ക്;

5. നികുതി വ്യവസ്ഥയില്‍ വരുത്തേണ്ട മാറ്റങ്ങള്‍.

വിശദമായ പഠനം നടത്തുന്നതിന്റെ മുന്നോടിയായി കമ്മിഷന്‍ ഒരു ചോദ്യാവലി തയ്യാറാക്കുകയും അത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കും വിവിധ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും അയച്ചു കൊടുക്കുകയും ചെയ്തു. ഇന്ത്യയുടെ പൊതുവിലുള്ള നികുതിവ്യവസ്ഥ, പ്രത്യക്ഷ-പരോക്ഷ നികുതികള്‍, കാര്‍ഷികാദായ നികുതി, ഭൂമിയില്‍ നിന്നുള്ള വരുമാനം, ജലസേചനനിരക്കുകള്‍, മറ്റു കേന്ദ്ര-സംസ്ഥാന നികുതികള്‍, പ്രാദേശിക നികുതികള്‍ എന്നിങ്ങനെ ആറു ഭാഗങ്ങളുള്ള ചോദ്യാവലിയാണ് കമ്മിഷന്‍ തയ്യാറാക്കിയത്. സ്വതന്ത്ര ഇന്ത്യയുടെ സാമ്പത്തിക ലക്ഷ്യങ്ങളും പഞ്ച വത്സര പദ്ധതികളും വിജയകരമായി നിര്‍വഹിക്കുന്നതിന് യുക്തിസഹവും ശാസ്ത്രീയവുമായ ഒരു നികുതി സമ്പ്രദായം ആവശ്യമാണ്. വ്യാവസായിക-കാര്‍ഷിക മേഖലകളിലെ വര്‍ധിച്ച മുതല്‍മുടക്കിനും ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും ആവശ്യമായ സാമ്പത്തിക വിഭവങ്ങളുടെ സുപ്രധാന സ്രോതസ്സാണ് നികുതികള്‍. അതിനാല്‍ പുതിയ സാമ്പത്തിക നയത്തിനനുസൃതവും ഫലപ്രദവുമായ ഒരു നികുതിവ്യവസ്ഥയ്ക്ക് രൂപം നല്‍കുകയെന്നതായിരുന്നു ടാക്സേഷന്‍ എന്‍ക്വയറി കമ്മിഷന്റെ ദൗത്യം. വിഭജനത്തിന്റെയും നാട്ടുരാജ്യങ്ങളുടെ ഉദ്ഗ്രഥനത്തിന്റെയും ഫലമായി അതീവ സങ്കീര്‍ണമായിത്തീര്‍ന്ന ധനകാര്യ രംഗത്തെക്കുറിച്ച് ആഴത്തില്‍ പഠിച്ചതിനുശേഷം കമ്മിഷന്‍ മൂന്നു വാല്യങ്ങളുള്ള ഒരു റിപ്പോര്‍ട്ട് കേന്ദ്ര ഗവണ്‍മെന്റിനു സമര്‍പ്പിച്ചു. കേന്ദ്ര-സംസ്ഥാന-പ്രാദേശിക നികുതികളുള്‍പ്പെടെ ഇന്ത്യയുടെ നികുതിവ്യവസ്ഥയെക്കുറിച്ചുള്ള സമഗ്രമായ പഠനമാണ് ഒന്നാം വാല്യത്തിലുള്ളത്. ഭരണഘടനയില്‍ വിഭാവന ചെയ്തിട്ടുള്ള നികുതിഘടനയെക്കുറിച്ചും പൊതു ചെലവിന്റെ സ്വഭാവത്തെക്കുറിച്ചും വികസനപദ്ധതിക്കാവശ്യമായ ധന സമാഹരണത്തെക്കുറിച്ചുമൊക്കെ ഒന്നാം വാല്യത്തില്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട്. രാജ്യത്തിന്റെ വികസന നിലവാരത്തിന് അനുയോജ്യമായ നികുതി നയത്തിന്റെ സവിശേഷതകള്‍, മുഖ്യ നികുതികളില്‍ വരുത്തേണ്ട മാറ്റങ്ങള്‍, നികുതിയേതര വരുമാന സ്രോതസ്സുകള്‍ എന്നീ ഘടകങ്ങളും പഠനവിധേയമാക്കിയിട്ടുണ്ട്. റിപ്പോര്‍ട്ടിന്റെ രണ്ടാം വാല്യം പ്രധാനമായും കേന്ദ്രനികുതികളെക്കുറിച്ചുള്ള അപഗ്രഥനത്തിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള പ്രത്യക്ഷ-പരോക്ഷ നികുതികളായ ആദായനികുതി, കസ്റ്റംസ് ആന്‍ഡ് എക്സൈസ് തീരുവ എന്നിവയുടെ ഘടനയും സ്വഭാവവും വിശദമായി പരിശോധിക്കുന്നു. മൂന്നാം വാല്യം സംസ്ഥാന നികുതികളെക്കുറിച്ചാണ്. ഭൂനികുതി, കാര്‍ഷിക നികുതി, വില്പന നികുതി എന്നിവയാണ് പ്രധാന സംസ്ഥാന നികുതികള്‍. പ്രാദേശിക നികുതികളെക്കുറിച്ചും വിശദമായി പരിശോധിക്കുന്നുണ്ട്.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വികസനേതര ചെലവുകള്‍ക്കുമേല്‍ കര്‍ശനമായ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് കമ്മിഷന്‍ നിര്‍ദേശിക്കുകയുണ്ടായി. സാമ്പത്തിക അസമത്വങ്ങള്‍ ലഘൂകരിക്കുന്നതിന് പൊതു വരുമാനം ഗണ്യമായി വര്‍ധിപ്പിക്കേണ്ടതുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. നികുതി വരുമാനം വര്‍ധിപ്പിക്കുന്നതിനും സാമ്പത്തിക പുനര്‍വിതരണം നീതിയുക്തമാക്കുന്നതിനും ഉയര്‍ന്ന വരുമാനക്കാരില്‍ നിന്നും ഉയര്‍ന്ന നിരക്കിലുള്ള നികുതി ഈടാക്കണമെന്നാണ് കമ്മിഷന്റെ നിര്‍ദേശം. ഗ്രാമീണമേഖലയിലെ സമ്പന്നവിഭാഗങ്ങളെ നികുതിഘടനയ്ക്ക് കീഴില്‍ കൊണ്ടുവരാനുള്ള മാര്‍ഗങ്ങള്‍ ആവിഷ്കരിക്കേണ്ടതുണ്ടെന്ന് കമ്മിഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. പരോക്ഷ നികുതികളുടെ പ്രാധാന്യം റിപ്പോര്‍ട്ടില്‍ എടുത്തു പറയുന്നു. സംസ്ഥാനങ്ങളുടെ സ്വയം ഭരണാധികാരം ഹനിക്കാതെ തന്നെ, രാജ്യത്തിനു മുഴുവന്‍ ബാധകമായ ഒരു ഏകീകൃത നികുതിവ്യവസ്ഥയ്ക്കു രൂപം നല്‍കേണ്ടത് അടിയന്തിര പ്രാധാന്യമര്‍ഹിക്കുന്നു എന്നതായിരുന്നു കമ്മിഷന്റെ സുപ്രധാന നിഗമനം.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍