This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ടസ്കനി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ടസ്കനി
Tuscany
ഇറ്റാലിയന്‍ ഉപദ്വീപിന്റെ വ. പ. ഭാഗത്തു സ്ഥിതിചെയ്യുന്ന വിശാല ഭൂപ്രദേശം. മാസ-കരാറ, ലൂകാ, പിസ്നോയിയ, ഫിറന്‍സി, ലിവോണോ, പിസ, അറീസോ, സീനാ, ഗ്രൊസെതോ എന്നീ 9 ഇറ്റാലിയന്‍ പ്രവിശ്യകള്‍ ടസ്കനിയില്‍ ഉള്‍പ്പെടുന്നു. ഇറ്റാലിയന്‍ ഭാഷയില്‍ 'ടോസ്കാന' എന്നാണ് ഇതറിയപ്പെടുന്നത്. വിസ്തീര്‍ണം: 22997 ച. കി. മീ. ('96), ജനസംഖ്യ: 3,529,946 ('91); ജനസാന്ദ്രത: 154/ച. കി. മീ.(91).
ഏതാണ്ട് ത്രികോണാകൃതിയില്‍ വ്യാപിച്ചു കിടക്കുന്ന ഈ ഭൂപ്രദേശത്തിന്റെ പ. ടൈറീനിയന്‍-ലിഗൂറിയന്‍ കടലുകളും, ലിഗൂറിയന്‍ പ്രദേശവും, വ. ഉം, വ. പ. ഉം എമിലിയ-റോമാഗ്നപ്രദേശവും, കി. മാര്‍ചസ് പ്രദേശവും, തെ. കി. ഉം തെ. ഉം അംബ്രിയ, ലാസിയോ പ്രദേശങ്ങളും അതിരുകളായി നിലകൊള്ളുന്നു.
ഭൂപ്രകൃതി. ഭൂപ്രകൃതിയുടെ അടിസ്ഥാനത്തില്‍ ടസ്കനിയെ നാലു പ്രധാന ഭൂവിഭാഗമായി തിരിക്കാം: ആപിനൈന്‍സ്, ടസ്കന്‍ പീഠഭൂമി, ആര്‍നോനദിക്കരയിലെ നിമ്നപ്രദേശങ്ങള്‍, തീരപ്രദേശങ്ങള്‍.
ആപിനൈന്‍സിലെ ഏറ്റവും ഉയരം കൂടിയ പ്രദേശമാണ് മോണ്‍ട് സിമോണ്‍ (2163 മീ.). മാഗ്രാ, സെര്‍ചിവോ, സീവ്, ആര്‍ണോ എന്നീ നദികളുടെ ഉത്ഭവസ്ഥാനത്തിനടുത്തായി നിരനിരയായുള്ള അനേകം തടങ്ങള്‍ കാണപ്പെടുന്നു. അസാധാരണമായ ചരിവുകളും നിമ്നോന്നതഭാഗങ്ങളുമുള്ള അപുവന്‍ ആല്‍പ്സ് പ്രദേശത്തിനു സമീപത്തെ കരാരയില്‍ ധാരാളം മാര്‍ബിള്‍ ഖനനകേന്ദ്രങ്ങളുണ്ട്.
വരണ്ടതും പൊങ്ങിയും താണും കിടക്കുന്നതുമായ ഭൂപ്രകൃതി ടസ്കന്‍ പീഠഭൂമിയുടെ പ്രത്യേകതയാണ്. ഈ പീഠഭൂമിയുടെ ഭൂരിഭാഗവും രൂപപ്പെട്ടിരിക്കുന്നത് ടെര്‍ഷ്യറി മണ്ണും കളിമണ്ണും കൊണ്ടായതിനാല്‍ മഴക്കാലത്ത് കുത്തിയൊഴുകുന്ന ജലം ഉപരി തലത്തില്‍ ആഴമുള്ള ചാലുകള്‍ സൃഷ്ടിക്കുന്നു. അഗ്നിപര്‍വത പ്രവര്‍ത്തനത്തെ സൂചിപ്പിക്കുന്ന ഉഷ്ണനീരുറവകളും ചെളി-അഗ്നിപര്‍വതങ്ങളും നിര്‍ജീവമായ ഒരു അഗ്നിപര്‍വതവും (മോണ്‍ട് ആമിയാത) ഈ പ്രദേശത്തുണ്ട്. ആര്‍നോ നദീതടത്തിലെ നിമ്നപ്രദേശങ്ങളും തീരപ്രദേശവും കൂടിച്ചേര്‍ന്ന നിലയിലാണ് കാണപ്പെടുന്നത്. കടലിലേക്ക് തള്ളിനില്‍ക്കുന്ന പാറക്കൂട്ടങ്ങളും മണല്‍ത്തിട്ടകളും ധാരാളമുള്ള തീരപ്രദേശം 'മറേമ' എന്ന പേരിലറിയപ്പെടുന്നു. ലിഗൂറിയന്‍ പ്രദേശത്തെ 'ലാ സ്പീസിയ' (La Spezia) ആണ് ടസ്കന്‍ തീരത്തെ ഒരേയൊരു പ്രകൃതിദത്ത തുറമുഖം. എന്നാല്‍ കൃത്രിമ തുറമുഖമായ 'ലെഗോണ്‍' (Leghorn) വാണിജ്യപരമായി കൂടുതല്‍ പ്രാധാന്യം കൈവരിച്ചിരിക്കുന്നു.
ആര്‍നോ, ഓമ്പ്രോണ്‍ (Ombrone) എന്നിവയാണ് ടസ്കനിയിലെ മുഖ്യനദികള്‍. കടുത്ത വേനലും കനത്ത മഴയും ടസ്കനിയിലെ നദികളുടെ ജലവിതാനത്തില്‍ ഏറ്റകുറച്ചിലുകള്‍ സൃഷ്ടിക്കാറുണ്ട്. വേനല്‍ക്കാലത്ത് വറ്റിപ്പോകുന്നതിനാല്‍ നദികള്‍ ജലഗതാഗതത്തിന് ഉപയുക്തമാകുന്നില്ല. ജല വൈദ്യുതോര്‍ജ ഉത്പ്പാദനവും ഇവിടെ കുറവാണ്.
മെഡിറ്ററേനിയന്‍ കാലാവസ്ഥയാണ് ടസ്കനിയിലനുഭവപ്പെടുന്നത്. ഇതിനനുസൃതമായി ഗോതമ്പും ഒലീവും മുന്തിരി തുടങ്ങിയ ഫലങ്ങളും ഇവിടെ ഉത്പ്പാദിപ്പിക്കപ്പെടുന്നു. ഇവിടെയനുഭവപ്പെടുന്ന കുറഞ്ഞ താപനില നാരകഫലങ്ങളുടെ കൃഷിക്ക് തടസ്സമായി വര്‍ത്തിക്കുന്നു. ചോളവും തീറ്റപ്പുല്ലിനങ്ങളും താഴ്ന്ന സമതലങ്ങളില്‍ സമൃദ്ധമായി വളരുന്നു. വാണിജ്യപ്രാധാന്യമുള്ള പഴങ്ങള്‍, പച്ചക്കറികള്‍, പുകയില തുടങ്ങിയവയുടെ കൃഷിയും ഉത്പ്പാദനവും ആര്‍നോ നദിയുടെ സമതലത്തിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്.
ഇറ്റലിയിലെ ഒരു പ്രധാന ധാതുവിഭവകേന്ദ്രമാണ് ടസ്കനി. മാര്‍ബിള്‍, ഗ്രാനൈറ്റ്, പൈറൈറ്റുകള്‍, ഇരുമ്പ് എന്നിവ പ്രധാന ധാതുനിക്ഷേപങ്ങളില്‍പ്പെടുന്നു. അപ്പര്‍ ആര്‍നോയില്‍ നിന്നു ലിഗ്നൈറ്റും, എല്‍ബയില്‍ (Elba) നിന്ന് ഇരുമ്പും മോണ്ട് ആമിയാത പ്രദേശത്ത് നിന്ന് മെര്‍ക്കുറിയും അപുവന്‍ ആല്‍പ്സ് പ്രദേശത്തുനിന്ന് മാര്‍ബിളും ഖനനം ചെയ്യപ്പെടുന്നു.
ടസ്കനിയില്‍ ജലവൈദ്യുതോത്പ്പാദനം കുറവാണ്; ഊര്‍ജാവശ്യങ്ങള്‍ക്കായി ഇന്ധനം ഇറക്കുമതി ചെയ്യപ്പെടുന്നു. ടസ്കനി ഒരു വ്യവസായകേന്ദ്രം കൂടിയാണ്. ലോഹശുദ്ധീകരണം, രാസവസ്തുക്കളുടെ ഉത്പ്പാദനം, എണ്ണ ശുദ്ധീകരണം, കപ്പല്‍ നിര്‍മാണ മുള്‍പ്പെടെയുള്ള എന്‍ജിനിയറിങ് വ്യവസായം തുടങ്ങിയവ ലെഗോണില്‍ കേന്ദ്രീകരിച്ചിരിക്കുന്നു. പിസ്തോയിയ (Pistoia) യിലും, ഫ്ളോറന്‍സിലും ഭക്ഷ്യസംസ്കരണം, വൈദ്യുത എന്‍ജിനിയറിങ്, വസ്ത്രനിര്‍മാണം, രാസവസ്തുക്കളുടെ ഉത്പ്പാദനം, സൂക്ഷ്മോപകരണങ്ങളുടെ നിര്‍മാണം എന്നിവയ്ക്കാണ് പ്രാധാന്യം. കമ്പിളി വസ്ത്രനിര്‍മാണ വ്യവസായത്തിന്റെ പ്രധാനകേന്ദ്രം പ്രാറ്റോയാണ്. തടി, തുകല്‍, ലോഹം, കളിമണ്‍ എന്നിവയെ അടിസ്ഥാനമാക്കിയുള്ള കരകൌശല വ്യവസായങ്ങള്‍ ഫ്ളോറന്‍സ്, പിസ, സീന തുടങ്ങിയ പ്രദേശങ്ങളില്‍ കേന്ദ്രീകരിച്ചിരിക്കുന്നു.
ചരിത്രം. പ്രാചീന എട്രൂസ്കന്‍ സംസ്കാരത്തിന്റെ കേന്ദ്രമാണ് ടസ്കനി. പുരാതന എട്രൂറിയയോട് ഏതാണ്ട് തുല്യമാണ് ഈ പ്രദേശം. ഇവിടത്തെ ചരിത്രാവശിഷ്ടങ്ങളില്‍ നിന്നും എട്രൂസ്കന്‍ സംസ്കാരത്തെപ്പറ്റിയുള്ള വിലപ്പെട്ട പല വിവരങ്ങളും ലഭിക്കുന്നുണ്ട്. ബി. സി. 4-ാം ശ. -ന്റെ മധ്യത്തോടെ റോമാക്കാര്‍ ഇവിടം കീഴടക്കി. റോമാക്കാരുടെ പതനത്തിനുശേഷം എ. ഡി. 6 മുതല്‍ 8 വരെ ശ. -ങ്ങളില്‍ ലൂക്ക ആസ്ഥാനമാക്കി ഭരണം പിടിച്ചെടുക്കുകയും അധീശത്വം പുലര്‍ത്തുകയും ചെയ്തതു ലൊംബാര്‍ഡുകളായിരുന്നു. ലൊംബാര്‍ഡുകളെ എ. ഡി. 8-ാം ശ. -ല്‍ ഷാര്‍ല മെയ്ന്‍ പരാജയപ്പെടുത്തിയതു മുതല്‍ 12-ാം ശ. വരെ ഈ പ്രദേശം ഫ്രാങ്കുകളുടെ കൈവശമായിരുന്നു. അവസാനത്തെ ഫ്രാങ്കിഷ് ഭരണാധിപയായിരുന്ന മാറ്റില്‍ഡ (1046-1115) മതാധികാരികളെ പിന്തുണച്ചത് പിന്നീട് പോപ്പും ചക്രവര്‍ത്തിമാരും തമ്മില്‍ ദീര്‍ഘകാലം നിലനിന്ന ഏറ്റുമുട്ടലുകള്‍ക്കു കാരണമായി. ഇതേത്തുടര്‍ന്ന് 11-ഉം 12-ഉം ശ. -ങ്ങളില്‍ പിസ, ലൂക്ക, സീന, ഫ്ളോറന്‍സ് തുടങ്ങിയ കമ്യൂണുകള്‍ രൂപംകൊണ്ടു. ഗ്വെല്‍ഫുകളും (പോപ്പിന്റെ പക്ഷത്തുള്ളവര്‍) ഗിബെലിനുകളും (ചക്രവര്‍ത്തിയുടെ പക്ഷത്തുള്ളവര്‍) തമ്മിലുള്ള മത്സരം ഇക്കാലത്ത് രൂക്ഷമായിരുന്നു. കമ്യൂണുകള്‍ തമ്മിലുള്ള മത്സരവും നിലവിലിരുന്നു. 12-ഉം 13-ഉം ശ. -ങ്ങളിലെ പിസ നഗരത്തിന്റെ മേല്ക്കോയ്മയ്ക്കുശേഷം ടസ്കനിയില്‍ ഫ്ളോറന്‍സ് മേധാവിത്വം സ്ഥാപിച്ചു. ഇതോടെ ടസ്കനി ഫ്ളോറന്‍സിലെ മെഡിസി കുടുംബത്തിന്റെ ഭരണത്തിന്‍ കീഴിലായി. ഈ കുടുംബം 1569-ഓടെ ടസ്കനിയിലെ ഗ്രാന്‍ഡ് ഡ്യൂക്ക് പദവിയിലെത്തി. മെഡിസി ഭരണനിരയുടെ പതനത്തിനുശേഷം ടസ്കനി 1737-ല്‍ ലൊറെയ്നിലെ (പിന്നീടുള്ള ഹാബ്സ്ബര്‍ഗ്-ലൊറെയ്ന്‍ പരമ്പര) ഫ്രാന്‍സിസ് പ്രഭുവിന്റെ (പില്ക്കാലത്ത് ഫ്രാന്‍സിസ് I എന്ന ഹോളി റോമന്‍ ചക്രവര്‍ത്തി) ഭരണത്തിന്‍കീഴിലായി. തുടര്‍ന്ന് ഗ്രാന്‍ഡ് ഡ്യൂക്ക് ലിയോപോള്‍ഡ് I (1765-90), ഫെര്‍ഡിനന്റ് III (1790-1801; 1814-24) എന്നിവര്‍ ഭരണം നടത്തി. ഫ്രഞ്ച് റവല്യൂഷണറി സേന 1799-ല്‍ ടസ്കനി കീഴടക്കി. ഇതിന്റെ ഫലമായി ഫെര്‍ഡിനന്റ് പലായനം ചെയ്തു. അതോടുകൂടി ടസ്കനിയില്‍ ഫ്രഞ്ചുകാരുടെ താത്ക്കാലിക ഗവണ്‍മെന്റ് നിലവില്‍ വന്നു. 1801 മുതല്‍ 1807 വരെ ടസ്കനി അന്നു നിലവിലിരുന്ന എട്രൂസ്കന്‍ രാജ്യത്തില്‍ ഉള്‍പ്പെട്ടിരുന്നു. പിന്നീട് നെപ്പോളിയന്‍ I ഇവിടം ഫ്രാന്‍സിന്റെ ഭാഗമാക്കി. 1814-ല്‍ ഫെര്‍ഡിനന്റ് III അധികാരത്തില്‍ തിരിച്ചെത്തി. തുടര്‍ന്ന് ലിയോപോള്‍ഡ് II (1824-59) ഭരണം നടത്തി. ടസ്കനിക്ക് ഒരു ഭരണഘടനയുണ്ടാക്കാന്‍ ലിയോപോള്‍ഡ് 1848-ല്‍ നിര്‍ബന്ധിതനായി. അതോടെ രൂപംപ്രാപിച്ചു വന്ന ഇറ്റലിരാജ്യത്തിന്റെ കേന്ദ്രമായിരുന്ന സാര്‍ഡീനിയയുടെ ഭാഗമായി ടസ്കനി മാറി (1860). ടസ്കനി ഉള്‍പ്പെട്ട ഇറ്റലിരാജ്യം 1861 ഫെ. 18-ന് നിലവില്‍വന്നു.
മധ്യകാലം മുതല്‍ 19-ാം ശ. വരെ ടസ്കനി കലയുടെയും സംസ്കാരത്തിന്റെയും മണ്ഡലങ്ങളില്‍ വളരെ ഔന്നത്യം പുലര്‍ത്തിയിരുന്നു. ദാന്തെ, ബൊക്കാഷിയോ എന്നീ സാഹിത്യകാരന്മാരും ലിയനാര്‍ഡോ ഡാവിഞ്ചി, മൈക്കല്‍ ആന്‍ജലോ എന്നീ കലാകാരന്മാരും രാഷ്ട്രീയതത്ത്വചിന്തകനായിരുന്ന മാക്കിയവെല്ലിയും ശാസ്ത്രജ്ഞനായ ഗലീലിയോയും ഇക്കാലത്തു ജീവിച്ചിരുന്നവരാണ്.
നോ: ഇറ്റലി; എട്രൂസ്കന്‍ കല; എട്രൂസ്കര്‍; ഗ്വെല്‍ഫുകളും ഗിബലിനുകളും.