This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ടൈബീരിയസ് (ബി.സി. 42-എ.ഡി. 37)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ടൈബീരിയസ് (ബി.സി. 42-എ.ഡി. 37)
ഠശയലൃശൌ
രണ്ടാമത്തെ റോമന്‍ ചക്രവര്‍ത്തി (എ.ഡി. 14-37). ഇദ്ദേഹത്തിന്റെ പൂര്‍ണമായ പേര് ടൈബീരിയസ് ജൂലിയസ് സീസര്‍ അഗസ്റ്റസ് എന്നാണ്. റോമിലെ ഒരു ഉന്നതകുല പ്രഭുകുടുംബത്തില്‍ ടൈബീരിയസ് ക്ളോഡിയസ് നീറോയുടെയും ലിവിയയുടെയും മകനായി ബി.സി. 42 ന. 16-ന് ഇദ്ദേഹം ജനിച്ചു. ടൈബീരിയസ് ക്ളോഡിയസ് നീറോ എന്നായിരുന്നു ആദ്യം നല്‍കിയിരുന്ന പേര്. പട്ടാള ഉദ്യോഗസ്ഥനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. ഇദ്ദേഹത്തിന്റെ അമ്മയായ ലിവിയയെ പിന്നീട് റോമന്‍ ചക്രവര്‍ത്തി ഒക്ടേവിയന് (അഗസ്റ്റസ്) വിവാഹം കഴിച്ചതോടെയാണ് ടൈബീരിയസ്സിന് റോമാസ്രാമ്രാജ്യത്തിന്റെ പിന്‍ഗാമിയാകാന്‍ അവസരമുണ്ടായത്. ഇദ്ദേഹം അര്‍മീനിയയിലെ യുദ്ധത്തില്‍ ഏര്‍പ്പെട്ടിരുന്നു (ബി.സി.20). ട്രാന്‍സ് ആല്‍പൈന്‍ ഗോളിലെ ഗവര്‍ണറായും പ്രവര്‍ത്തിച്ചിട്ടുണ്ട് (ബി.സി. 19). ജര്‍മനിയെ ആക്രമിക്കുവാന്‍ സഹോദരനായ ഡ്രൂസസിനെ സഹായിച്ചു (ബി.സി.12).
അഗസ്റ്റസ് ചക്രവര്‍ത്തിയുടെ നിര്‍ബന്ധത്താല്‍ (ബി.സി. 12) ഇദ്ദേഹം ആദ്യഭാര്യയായിരുന്ന വിസ്പാനിയ അഗ്രിപ്പിനായുമായുള്ള വിവാഹബന്ധം വേര്‍പെടുത്തിയശേഷം കൊട്ടാരത്തിലെ ഉദ്യോഗസ്ഥനായിരുന്ന അഗ്രിപ്പ (അഗസ്റ്റസിന്റെ പുത്രീ ഭര്‍ത്താവ്)യുടെ വിധവയും അഗസ്റ്റസിന്റെ പുത്രിയുമായ ജൂലിയയെ വിവാഹം കഴിച്ചു. തുടര്‍ന്ന് കൊട്ടാരത്തില്‍ അഗ്രിപ്പക്കു നല്‍കിയിരുന്ന സ്ഥാനമാനങ്ങള്‍ ചക്രവര്‍ത്തി ഇദ്ദേഹത്തിനു നല്കി. സഹോദരന് ഡ്രൂസസിന്റെ മരണശേഷം (ബി.സി. 9) ഇദ്ദേഹം ജര്‍മനിയുമായി യുദ്ധത്തിലേര്‍പ്പെട്ടു. അഗസ്റ്റസിന്റെ അനന്തരാവകാശിയാകാന്‍ കഴിയുകയില്ല എന്ന ധാരണമൂലം കുറച്ചുകാലം രാജ്യംവിട്ടു മറ്റെവിടെയോ പാര്‍ത്തു (ബി.സി. 7). എന്നാല്‍ ചെറുമക്കളുടെ മരണത്തെത്തുടര്‍ന്ന് എ.ഡി. 4-ല്‍ അഗസ്റ്റസ് ടൈബീരിയസിനെ തന്റെ അനന്തരാവകാശിയായി പ്രഖ്യാപിച്ചു. തുടര്‍ന്ന് ചക്രവര്‍ത്തി ഇദ്ദേഹത്തെ ജര്മനിയിലേക്കയച്ചു. അഗസ്റ്റസിന്റെ മരണശേഷം എ.ഡി. 14-ല്‍ ടൈബീരിയസ് റോമിലെ ചക്രവര്‍ത്തിയായി. മെച്ചപ്പെട്ട ഭരണം കാഴ്ചവയ്ക്കുവാന്‍ ഇദ്ദേഹത്തിനു സാധിച്ചു. തന്റെ മുന്‍ഗാമിയുടെ നയങ്ങള്‍ പിന്തുടരാന് ശ്രമിച്ചതോടൊപ്പം ആഡംബരം കുറച്ചും നികുതി പരിഷ്ക്കരിച്ചും രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുവാന്‍ ശ്രമിച്ചു. പ്രവിശ്യാഭരണം കാര്യക്ഷമമാക്കി. ഇദ്ദേഹത്തിന്റെ ഭരണം ഏറെക്കാലം സമാധാനപൂര്‍ണമായിരുന്നു. എ.ഡി. 26-ല്‍ കാപ്രിയിലേക്കുപോയി അവിടെ വസിച്ചുകൊണ്ടാണ് ഭരണം നിയന്ത്രിച്ചിരുന്നത്. വര്‍ഷങ്ങളോളം തന്റെ ഉപദേഷ്ടാവായിരുന്ന സിജാനസ് തന്നെ അധികാരഭ്രഷ്ടനാക്കാന്‍ ഗൂഢാലോചന നടത്തിയതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് (എ.ഡി. 31) ഇദ്ദേഹം സിജാനസിനെ വധിച്ചു. എ.ഡി. 37-ല്‍ ടൈബീരിയസ് മരണമടഞ്ഞു.
(ഡോ. എ. പസ്ലിത്തില്‍, സ. പ.)