This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടെലിമെഡിസിന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:54, 7 ഒക്ടോബര്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ടെലിമെഡിസിന്‍

ഠലഹലാലറശരശില

വാര്‍ത്താവിനിമയ സാങ്കേതിക വിദ്യ ഉപയോഗിച്ചു കൊണ്ടു

നടത്തുന്ന രോഗനിര്‍ണയ-ചികിത്സാ സമ്പ്രദായം. ഇ-മെയില്‍, വിഡിയൊ കോണ്‍ഫെറന്‍സിങ്, ഡിജിറ്റല്‍ സംപ്രേഷണവിദ്യ എന്നിവയുടെ സഹായത്തോടെ വിദൂര സ്ഥലത്തിരുന്നുകൊണ്ടുതന്നെ ഡോക്ടര്‍ക്ക് രോഗിയെ പരിശോധിക്കാനും ചികിത്സിക്കാനും കഴിയുന്നു എന്നതാണ് ടെലിമെഡിസിന്റെ സവിശേഷത.

  വൈദ്യശാസ്ത്ര രംഗത്തെ നൂതന സങ്കേതമായ ടെലിമെഡിസിന്‍ പ്രചാരത്തില്‍ വന്നത് 1990-കളിലാണ്. വിദൂര സ്ഥലങ്ങളിലേക്കു കൂടി വൈദ്യശാസ്ത്ര സേവനങ്ങള്‍ എത്തിക്കാനും ചികിത്സാ ചെലവ് കുറയ്ക്കാനും ഈ സമ്പ്രദായം കൊണ്ട് കഴിയും. വൈദ്യശാസ്ത്ര മേഖലയില്‍ ആധുനിക വാര്‍ത്താവിനിമയ സാങ്കേതിക വിദ്യയുടെ സാധ്യതകളെ കുറിച്ചുള്ള അന്വേഷണമാണ് ടെലിമെഡിസിന്റെ വികാസത്തിനു വഴിതെളിച്ചത്. രണ്ടു വ്യത്യസ്ത സ്ഥലങ്ങളില്‍ കഴിയുന്ന ഡോക്ടറും രോഗിയും ടെലിഫോണ്‍, ഫാക്സ്, വിഡിയൊ കോണ്‍ഫറന്‍സിങ് തുടങ്ങിയ മാധ്യമങ്ങളിലൂടെ പരസ്പരം ബന്ധപ്പെട്ട് നേരിട്ടുള്ള ശാരീരിക പരിശോധന കൂടാതെ തന്നെ രോഗ നിര്‍ണയം നടത്തുകയും ആവശ്യമായ ചികിത്സാ നിര്‍ദേശങ്ങള്‍ സ്വീകരിക്കുകയും ആണ് ചെയ്യുന്നത്. വിദൂര സ്ഥലങ്ങളിലുള്ള ഡോക്ടര്‍മാര്‍ക്ക് പരസ്പരം ആശയവിനിമയം നടത്തുവാനും സവിശേഷ ചികിത്സാവിധികളെക്കുറിച്ച് ചര്‍ച്ച ചെയ്യുവാനും ഇതിലൂടെ സാധിക്കുന്നു. കമ്പ്യൂട്ടര്‍ നിയന്ത്രിത യന്ത്രമനുഷ്യരെ ഉപയോഗിച്ച് ദൂരെയുള്ള രോഗിയില്‍ ശസ്ത്രക്രിയ ചെയ്യുവാനുള്ള സാങ്കേതിക വിദ്യ (ൌൃഴശരമഹ ൃീയീ)യും ടെലിമെഡിസിന്റെ ഭാഗമായി വികസി

ച്ചിട്ടുണ്ട്. രോഗിയുടെ രോഗവിവരണം, സംശയങ്ങള്‍, ഡോക്ടറുടെ നിര്‍ദേശങ്ങള്‍, ചികിത്സാ വിധികള്‍, എക്സ്റേ-സ്കാന്‍ ചിത്രങ്ങള്‍, ഹൃദയസ്പന്ദനം എന്നിവ ഇലക്ട്രോണിക് വാര്‍ത്താവിനിമയ ഉപകരണങ്ങളിലൂടെ കൈമാറുകയാണ് ടെലിമെഡിസിന്റെ ആദ്യഘട്ടത്തില്‍ ചെയ്യുന്നത്. ഇങ്ങനെ ലഭിക്കുന്ന എക്സ്റേ -സ്കാന്‍ ചിത്രങ്ങള്‍ സ്കാനറുകളുടെ സഹായത്തോടെ കമ്പ്യൂട്ടറില്‍ ഡിജിറ്റല്‍ ഫോര്‍മാറ്റിലേക്ക് പകര്‍ത്താനും ആവശ്യമെന്നുതോന്നുന്നപക്ഷം മറ്റൊരു കമ്പ്യൂട്ടറിലേക്ക് എത്തിക്കാനും കഴിയുന്നു. രോഗിയുടെ ഹൃദയസ്പന്ദനം രേഖപ്പെടുത്താനും ഡിജിറ്റല്‍ അടയാളങ്ങളുടെ രൂപത്തില്‍ പ്രേഷണം ചെയ്യാനും കഴിയുന്ന ഡിജിറ്റല്‍ സ്തെതസ്കോപ്പ് എന്ന അത്യാധുനിക ഉപകരണവും ഈ രംഗത്ത് സമീപഭാവിയില്‍ തന്നെ യാഥാര്‍ഥ്യമാവുമെന്ന് കരുതുന്നു.

  ഇന്റര്‍നെറ്റിലൂടെയുള്ള ആഗോളകമ്പ്യൂട്ടര്‍ ശൃംഖലയാണ് ടെലിമെഡിസിന്റെ പ്രയോഗ സ്ഥലം. വിനിമയം ചെയ്യപ്പെടുന്ന വിവരങ്ങളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനായി രഹസ്യകോഡുകളാണ് ഉപയോഗിക്കുന്നത്. ടെലിമെഡിസിന്‍ സംവിധാനങ്ങളുള്ള ആംബുലന്‍സുകളും പ്രചാരത്തിലുണ്ട്. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ രോഗിക്കുണ്ടാവുന്ന മാറ്റങ്ങള്‍ ആശുപത്രിയിലിരിക്കുന്ന ഡോക്ടര്‍ക്ക് കാണുവാനും അടിയന്തിര ചികിത്സാ നിര്‍ദേശങ്ങള്‍ നല്‍കുവാനുമുള്ള സംവിധാനങ്ങള്‍ ടെലിമെഡിസിന്‍ ആംബുലന്‍സുകളിലുണ്ട്. മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്തും ടെലിമെഡിസിന്‍ സംവിധാനങ്ങള്‍ ഇന്ന് ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്. ശസ്ത്രക്രിയകളുടെയും മറ്റ് രോഗ ചികിത്സകളുടെയും ദൃശ്യ ശ്രാവ്യ ചിത്രങ്ങള്‍ ക്ളാസ്സുമുറികളിലെ കമ്പ്യൂട്ടര്‍ സ്ക്രീനിലേക്ക് സംപ്രേഷണം ചെയ്യപ്പെടുന്നതുകൊണ്ട് രോഗിയുടെ അടുത്ത് നേരിട്ട് സന്നിഹിതരാവാതെ തന്നെ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് പഠനപരിശീലനം നേടാന്‍ സാധിക്കുന്നു.

ചരിത്രം. ആധുനിക വൈദ്യശാസ്ത്രത്തിന്റെയും വാര്‍ത്താവിനിമയ സാങ്കേതികവിദ്യയുടെയും സമന്വയത്തിന്റെ ഉത്പന്നമാണ്

ടെലിമെഡിസിന്‍. ടെലിഫോണ്‍ തന്നെയായിരുന്നു ആദ്യത്തെ ടെലിമെഡിസിന്‍ ഉപകരണം. അടിയന്തിരമല്ലാത്ത സാഹചര്യങ്ങളില്‍ ഡോക്ടര്‍ രോഗികളെ വീട്ടില്‍ ചെന്നു സന്ദര്‍ശിക്കുന്നതിനുപകരം ടെലിഫോണ്‍ വഴി ബന്ധപ്പെടുന്ന രീതി 1950-60 കാലങ്ങളില്‍ നഗരങ്ങളില്‍ പതിവായിരുന്നു. ടെലിഫോണ്‍ വ്യാപകമായതോടെ 1970-കളില്‍ മെഡിക്കല്‍ ഹോട്ട് ലൈനുകള്‍ സ്ഥാപിതമായി. ബോസ്റ്റണ്‍ നഗരത്തില്‍ 1989-ല്‍ ഡോ. ബര്‍ണാഡ് ലോണ്‍ (ആലൃിമൃറ ഘീിം) സ്ഥാപിച്ച 'സാറ്റല്‍ ലൈഫ്' (ടമലേഹ ഘശളല) എന്ന സന്നദ്ധ സംഘടനയാണ് ടെലിമെഡിസിനു ബീജാവാപം ചെയ്തത്. അവികസിത രാജ്യങ്ങളിലെ ഡോക്ടര്‍മാര്‍, അന്താരാഷ്ട്ര വൈദ്യശാസ്ത്ര സമൂഹവുമായി ആശയവിനിമയം നടത്തുന്നതിനും വൈദ്യശാസ്ത്ര രംഗത്തെ നൂതന പ്രവണതകളെ കുറിച്ചു പഠിക്കുന്നതിനും തത്പരരാണെന്ന് ഡോ. ലോണിനു മനസ്സിലാക്കാന്‍ കഴിഞ്ഞു. ഇതാണ് 'സാറ്റല്‍ ലൈഫ്' എന്ന സംഘടന സ്ഥാപിക്കുവാന്‍ ഡോ. ലോണിനെ പ്രേരിപ്പിച്ചത്. അവികസിത രാജ്യങ്ങളില്‍ വിവിധ സ്ഥലങ്ങളിലായി പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാരെ വാര്‍ത്താവിനിമയ ഉപഗ്രഹങ്ങളിലൂടെ പരസ്പരം ബന്ധപ്പെടുത്തുന്ന ഒരു പദ്ധതിക്ക് 1991-ല്‍ ഡോ.ലോണ്‍ രൂപം നല്‍കി. 'ഹെല്‍ത്ത് നെറ്റ്' (ഒലമഹവേ ചല) എന്നാണ് ഈ പദ്ധതി അറിയപ്പെട്ടിരുന്നത്. ഭൂതല സ്റ്റേഷനുകളുമായും അന്താരാഷ്ട്ര ടെലിഫോണ്‍ ശൃംഖലയുമായും ഈ ഉപഗ്രഹങ്ങളെ ബന്ധിപ്പിച്ചിരുന്നു. ഓണ്‍-ലൈന്‍ ചര്‍ച്ചകളിലൂടെ വൈദ്യശാസ്ത്ര രംഗത്തെ നൂതന പ്രവണതകളെ കുറിച്ചറിയാനും അനുഭവങ്ങള്‍ പങ്കുവെയ്ക്കാനും ഇത് ഡോക്ടര്‍മാരെ പ്രാപ്തരാക്കി. ജയിലുകളില്‍ ടെലിമെഡിസിന്‍ എത്രത്തോളം ഫലപ്രദമാണെന്ന് മനസ്സിലാക്കുന്നതിനുവേണ്ടി 1995-ല്‍ യു. എസ്. നീതിന്യായ വകുപ്പ് ഒരു പ്രാരംഭ പഠനം നടത്തുകയും ടെലിമെഡിസിന്റെ സേവനം ചെലവുകുറഞ്ഞതും കാര്യക്ഷമവുമാണെന്നു കണ്ടെത്തുകയും ചെയ്തു. മലേറിയ രോഗികളെ ചികിത്സിക്കുന്ന ഡോക്ടര്‍മാരെയും ഗവേഷകരെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു ഇന്റര്‍നെറ്റ് ശൃംഖല 1997-ല്‍ ആഫ്രിക്കയില്‍ സ്ഥാപിതമായി. മുന്‍ യൂഗോസ്ളേവിയയിലെ ബോസ്നിയയില്‍ നാറ്റോ ഇടപെടലിന്റെ ഭാഗമായി എത്തിയ അമേരിക്കന്‍ സൈനികര്‍ക്ക് അടിയന്തിര വൈദ്യസഹായം നല്‍കുന്നതിന്റെ ഭാഗമായി യു. എസ്. ഗവണ്‍മെന്റ് ടെലിമെഡിസിന്‍ രംഗത്തെ ഗവേഷണത്തെ വന്‍തോതില്‍ പ്രയോജനപ്പെടുത്തുകയുണ്ടായി. 'അസോസിയേഷന്‍ ഒഫ് ടെലിമെഡിസിന്‍ സര്‍വീസ് പ്രൊവൈഡേഴ്സ്' (അീരശമശീിേ ീള ഠലഹലാലറശരശില ടല്ൃശരല

ജ്ൃീശറലൃ) എന്ന സംഘടനയും ടെലിമെഡിസിന്‍ ടുഡേ (ഠലഹലാലറശരശില ഠീറമ്യ) എന്ന മാസികയും സംയുക്തമായി 1999-ല്‍ നടത്തിയ ഒരു സര്‍വേ അനുസരിച്ച് 150-ലധികം ടെലിമെഡിസിന്‍ പദ്ധതികള്‍ അമേരിക്കയില്‍ മാത്രം പ്രവര്‍ത്തിക്കുന്നുണ്ട്. 1999-ല്‍ ഏതാണ്ട് 58000 ടെലിമെഡിസിന്‍ പരിശോധനകള്‍ നടന്നിട്ടുണ്ടെന്ന് സര്‍വേ പറയുന്നു. ഫിലഡല്‍ഫിയയില്‍ ഒരു ടെലിമെഡിസിന്‍ ആശുപത്രി സ്ഥാപിക്കപ്പെട്ടതും ഇതേ വര്‍ഷമാണ്. ജനസംഖ്യയിലെ ഗണ്യമായ ശതമാനവും ഗ്രാമപ്രദേശങ്ങളില്‍ താമസിക്കുന്ന നോര്‍വെയില്‍, 1990-കളുടെ അവസാനത്തോടെ വളരെ സംഘടിതമായ ഒരു ടെലിമെഡിസിന്‍ സംവിധാനം വികസിച്ചിട്ടുണ്ട്. ഇന്ന് ഇന്ത്യയിലെ മിക്ക വലിയ ആശുപത്രികളിലും ടെലിമെഡിസിന്‍ സംവിധാനം നിലവിലുണ്ട്. കേരളത്തില്‍ ഈ സംവിധാനം ആദ്യം തുടങ്ങിയത് തിരുവനന്തപുരത്തെ റീജിയണല്‍ കാന്‍സര്‍ സെന്ററിലാണെങ്കിലും ബൃഹത്തായ രീതിയില്‍ ടെലിമെഡിസിന്‍ സംവിധാനം ഉപയോഗപ്പെടുത്തി വരുന്നത് കൊച്ചിയിലെ അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സിലാണ്.

നേട്ടങ്ങളും പരിമിതികളും. ആശുപത്രികളുടെയും ഡോക്ടര്‍മാരുടെയും ദൌര്‍ലഭ്യമുള്ള വിദൂര സ്ഥലങ്ങളിലെ ജനങ്ങള്‍ക്കാവശ്യമായ വൈദ്യസഹായം നല്‍കാന്‍ കഴിയുന്നു എന്നതാണ് ടെലിമെഡിസിന്റെ മുഖ്യ പ്രയോജനം. ഡോക്ടര്‍മാരുടെയും രോഗികളുടെയും യാത്രാസമയവും ചികിത്സാചെലവും ഗണ്യമായ തോതില്‍ കുറയ്ക്കാന്‍ കഴിയുന്നു എന്നതും ശ്രദ്ധേയമായ നേട്ടമാണ്. വാര്‍ത്താവിനിമയ ഉപകരണങ്ങള്‍ സജ്ജമാക്കുന്നതിനും വിദഗ്ധ പരിശീലനത്തിനും വേണ്ട പ്രാരംഭ ചെലവുകള്‍ ടെലിമെഡിസിന്‍ സംവിധാനം കൂടുതല്‍ വ്യാപകമാവുന്നതോടെ ഗണ്യമായി കുറയുകയും ചെയ്യും. ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്ക് വീട്ടില്‍തന്നെ താമസിച്ചു കൊണ്ട് ലോകത്തെവിടെയുമുളള ഡോക്ടര്‍മാരുടെ വിദഗ്ദ്ധ സേവനം ലഭ്യമാക്കാന്‍ ടെലിമെഡിസിനിലൂടെ സാധിക്കുന്നു.എന്നാല്‍, ടെലിമെഡിസിന് ചില ന്യൂനതകളുമുണ്ട്. സാങ്കേതികമായ പിഴവുകളും യന്ത്രത്തകരാറുകളും തെറ്റായ രോഗനിര്‍ണയത്തിന് കാരണമാവാം. ടെലിമെഡിസിനുമായി ബന്ധപ്പെട്ട നിയമപരവും ഇന്‍ഷ്യുറന്‍സ് സംബന്ധവുമായ വ്യവസ്ഥകള്‍ ഇപ്പോഴും ശൈശവ ദശയിലാണ്. ടെലിമെഡിസിന്‍ രംഗത്തേയ്ക്കു പ്രവേശിക്കാന്‍ ഇത് പല ഡോക്ടര്‍മാരെയും നിരുത്സാഹപ്പെടുത്തുന്നു. എന്നാല്‍ ടെലിമെഡിസിന്റെ ഏറ്റവും വലിയ ന്യൂനതയായി ഉന്നയിക്കുന്നത് രോഗിയും ഡോക്ടറും തമ്മിലുണ്ടാവേണ്ട ഊഷ്മളമായ ബന്ധത്തിന്റെ അഭാവമാണ്. ഡോക്ടറുടെ സജീവ സാന്നിധ്യം രോഗിക്ക് നല്‍കുന്ന ആത്മവിശ്വാസവും സാന്ത്വനവും രോഗശാന്തി വരുത്തുന്നതില്‍ നിര്‍ണായക ഘടകമാണെന്നാണ് ഒരു വിഭാഗം വിദഗ്ധരുടെ അഭിപ്രായം. ഇന്ത്യ പോലെയുള്ള വികസ്വര രാജ്യങ്ങളില്‍ ഭൂരിപക്ഷം ജനങ്ങളും താമസിക്കുന്നത് ഇന്റര്‍നെറ്റ് ശൃംഖലയും അത്യാധുനിക വാര്‍ത്താവിനിമയോപാധികളും എത്തിച്ചേര്‍ന്നിട്ടില്ലാത്ത ഗ്രാമപ്രദേശങ്ങളിലാണ്. അതിനാല്‍ അവരെ സംബന്ധിച്ചിടത്തോളം ടെലിമെഡിസിന്‍ ഇനിയും വളരെക്കാലത്തേക്ക് ഒരു ആശയം മാത്രമായി നിലനില്‍ക്കാനേ സാധ്യതയുള്ളു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍