This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ടിപ്പു സുല്‍ത്താന്‍ (1750 - 99)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ടിപ്പു സുല്‍ത്താന്‍ (1750 - 99)
ബ്രിട്ടീഷുകാരോട് പടപൊരുതി വീരമൃത്യു വരിച്ച മൈസൂറിലെ മുസ്ളിം ഭരണാധികാരി. ഇന്ത്യയില്‍ ബ്രിട്ടീഷാധിപത്യം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിച്ച ടിപ്പുവിന് ഒരു രാജ്യസ്നേഹിയുടെ പരിവേഷം ലഭിച്ചിട്ടുണ്ട്. 1782 മുതല്‍ '99 വരെയായിരുന്നു ടിപ്പുവിന്റെ ഭരണകാലം. ബ്രിട്ടീഷുകാര്‍ തെക്കേ ഇന്ത്യയില്‍ അധികാരം വിപുലപ്പെടുത്തുവാന്‍ ശ്രമിച്ചുകൊണ്ടിരുന്ന കാലമായിരുന്നു ഇത്. മൈസൂര്‍ കടുവ' എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്ന ടിപ്പുവിന്റെ രാജകീയ ചിഹ്നവും കടുവ ആയിരുന്നു. തലസ്ഥാനം ശ്രീരംഗപട്ടണം.
മൈസൂറിലെ രാജാവിന്റെ സൈനികോദ്യോഗസ്ഥനായിരുന്ന ഹൈദര്‍ അലി, രാജാവിനെ സ്ഥാനഭ്രഷ്ടനാക്കി അധികാരം പിടിച്ചെടുക്കുകയുണ്ടായി. ഇപ്രകാരം മൈസൂര്‍ ഭരണാധികാരിയായിത്തീര്‍ന്ന ഹൈദര്‍ അലിയുടെ മകനായി ടിപ്പു 1750 ന. 10-ന് കോലാര്‍ ജില്ലയിലെ ദേവനഹള്ളിയില്‍ ജനിച്ചു. (ജനനം 1753-ല്‍ ആയിരുന്നു എന്നും രേഖപ്പെടുത്തി കാണുന്നുണ്ട്.) ഹൈദറുടെ രണ്ടാം ഭാര്യയായിരുന്ന ഫക്ര്-ഉന്‍-നിസ ആയിരുന്നു ടിപ്പുവിന്റെ അമ്മ. ടിപ്പു മസ്താന് അലി' എന്ന ദിവ്യന്റെ കബറിടത്തിലെത്തി തനിക്കൊരു ആണ്‍കുഞ്ഞ് പിറക്കണമെന്ന് ടിപ്പുവിന്റെ അമ്മ പ്രാര്ഥിച്ചതിന്റെ ഫലമായാണ് ഈ മകന് ജനിച്ചതെന്നും ദിവ്യനോടുള്ള ബഹുമാനാര്‍ഥം മകന് ടിപ്പു എന്നു പേരു നല്‍കിയെന്നും ഒരു ഐതിഹ്യം പ്രചാരത്തിലുണ്ട്. പിതാമഹന് (ഹൈദറുടെ പിതാവ്) ഫത്തേ മുഹമ്മദിന്റെ പേരിനെ ആസ്പദമാക്കി ഫത്തേഹ് അലി' എന്ന മറ്റൊരു പേരുകൂടി ഇദ്ദേഹത്തിനുണ്ടായിരുന്നു.
പതിനഞ്ചാം വയസ്സുമുതലേ ടിപ്പു യുദ്ധകാര്യങ്ങളില്‍ പിതാവിനെ സഹായിച്ചു പോന്നിരുന്നു. ഇതുമൂലം ഇദ്ദേഹത്തിന്റെ
വിദ്യാഭ്യാസകാര്യങ്ങള്‍ക്ക് തടസ്സമുണ്ടായി. എങ്കിലും കന്നഡ, ഉര്‍ദു, പേര്‍ഷ്യന്‍ എന്നീ ഭാഷകള്‍ വശമാക്കാന്‍ ടിപ്പുവിനു കഴിഞ്ഞു. ശാസ്ത്രം, മതം, കല തുടങ്ങിയ വിഷയങ്ങളിലും പഠനം നടത്തി. ഇതോടൊപ്പം സൈനികപരിശീലനം നേടുവാനും പ്രത്യേകം പ്രയത്നിച്ചു. യുദ്ധകാര്യങ്ങളില്‍ പിതാവിനെ സഹായിച്ചിരുന്നതുമൂലം ഈ മേഖലയില്‍ അസാമാന്യപരിചയം നേടുവാനും സാധിച്ചു. ഭരണകാര്യങ്ങളിലും ടിപ്പു പരിജ്ഞാനം നേടി.
പിതാവിന്റെ മരണത്തെത്തുടര്‍ന്ന് 1782-ഡി.-ല്‍ ടിപ്പു മൈസൂറിലെ ഭരണാധിപനായി. 1786-ല്‍ ഇദ്ദേഹം പാദുഷ' അഥവാ രാജപദവി സ്വീകരിച്ചു. ബ്രിട്ടിഷുകാരോടും അവരോടു സഖ്യം സ്ഥാപിച്ച ഇന്ത്യയിലെ നാട്ടുരാജാക്കന്മാരോടും മറ്റ് അയല്‍ രാജ്യങ്ങളോടും ടിപ്പു യുദ്ധം ചെയ്തു. കേരളത്തില്‍ മലബാറിലും കൊച്ചിയിലും തിരുവിതാംകൂറിലും ടിപ്പു ആക്രമണം നടത്തിയിട്ടുണ്ട്. ബ്രിട്ടിഷുകാരുമായുണ്ടായ രണ്ടാം മൈസൂര്‍ യുദ്ധത്തിനുശേഷം 1784-ലെ മംഗലാപുരം ഉടമ്പടിയനുസരിച്ച് മലബാര്‍ പ്രദേശം ടിപ്പുവിന്റെ രാജ്യത്തോടു ചേര്‍ക്കുവാന്‍ സാധിച്ചു. എന്നാല്‍ മൂന്നാം മൈസൂര്‍ യുദ്ധത്തില്‍ 1792-ലുണ്ടായ ശ്രീരംഗപട്ടണം ഉടമ്പടി
പ്രകാരം മലബാര്‍ ടിപ്പുവിന്റെ അധീനതയില്‍ നിന്നും വേര്‍പെടുത്തുകയും ബ്രിട്ടീഷുകാരുടെ അധികാരസീമയില്‍ വരുത്തുകയും ചെയ്തു. നാലാം മൈസൂര്‍ യുദ്ധത്തില്‍ (1799) ടിപ്പു പരാജയമടഞ്ഞു. പരിതാപകരമായി പരുക്കുകളേറ്റ ടിപ്പു യുദ്ധരംഗത്തുവച്ചുതന്നെ അന്ത്യശ്വാസം വലിച്ചു.
യുദ്ധരംഗത്തെന്നപോലെ ഭരണരംഗത്തും നയതന്ത്ര രംഗത്തും ടിപ്പു പ്രഗല്ഭനായിരുന്നു. ഫ്രാന്‍സ്, തുര്‍ക്കി, അഫ്ഗാനിസ്ഥാന് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും സൈനികസഹായം ലഭ്യമാക്കാനുള്ള തന്ത്രങ്ങള്‍ ടിപ്പു ആവിഷ്ക്കരിച്ചിരുന്നു. യൂറോപ്പില്‍ ഫ്രഞ്ചുകാരും ഇംഗ്ളീഷുകാരും തമ്മിലുള്ള ശിഥിലബന്ധത്തെപ്പറ്റി നല്ല പരിജ്ഞാനം നേടിയ ടിപ്പു അന്താരാഷ്ട്ര ഗതിവിഗതികളെക്കുറിച്ചും വിജ്ഞേയനായിരുന്നു. രാജ്യത്ത് കൃഷിയും വ്യവസായവും വികസിപ്പിക്കാനാവശ്യമായ നടപടികളും ടിപ്പു കൈക്കൊണ്ടിരുന്നു. നാട്ടില്‍ മറ്റു വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുകയും സ്വന്തമായി നാണയമിറക്കുകയും അളവുകളും തൂക്കവും പരിഷ്കരിക്കുകയും ചെയ്തു. ചെറു നാട്ടുരാജ്യങ്ങളായി വിഭജിച്ചുകിടന്നിരുന്ന മലബാറിനെ ഏകീകൃത ഭരണത്തിന്‍കീഴില്‍ കൊണ്ടുവരാന്‍ ടിപ്പുവിനു കഴിഞ്ഞു. മലബാറില്‍ ഭൂപരിഷ്കരണവും സാമൂഹിക പരിഷ്കാരങ്ങളും നടപ്പിലാക്കി. ടിപ്പുവിന്റെ സാമൂഹികപരിഷ്കാരങ്ങള്ക്കെതിരായ യാഥാസ്ഥിതിക നീക്കവും മലബാറിലുണ്ടായിരുന്നു. ഇപ്രകാരം എതിര്‍പ്പിനു നേതൃത്വം നല്കിയവര് ടിപ്പുവിനെ ഭയന്ന് തിരുവിതാംകൂറിലേക്ക് പലായനം ചെയ്തു. തിരുവിതാംകൂറിലെ ധര്‍മരാജാവ് അവര്‍ക്ക് അഭയം നല്കി. ഇത് ടിപ്പുവും തിരുവിതാംകൂറും തമ്മിലുള്ള വിദ്വേഷത്തിനു വഴിയൊരുക്കി. ടിപ്പു ഗ്രന്ഥകാരന്മാരെയും ഗ്രന്ഥരചനയെയും പ്രോത്സാഹിപ്പിച്ചിരുന്നു. വിപുലമായ ശേഖരമുള്ള ഒരു ഗ്രന്ഥശാലയും ഇദ്ദേഹം സ്ഥാപിച്ചു. ടിപ്പുവിന്റെ മരണശേഷം ബ്രിട്ടിഷുകാര്‍ ഈ ഗ്രന്ഥശേഖരം കല്ക്കത്തയിലേക്കുമാറ്റി.
ടിപ്പു ദുഷ്ടനും ക്രൂരനും അന്യമത വിദ്വേഷിയുമായ ഒരു
ഭരണാധികാരിയായിരുന്നു എന്നൊരഭിപ്രായം ബ്രിട്ടിഷ് ഭരണാധികാരികള്‍ പ്രചരിപ്പിച്ചിരുന്നു. ഒരുറച്ച ഇസ്ലാംമത വിശ്വാസിയായ ഇദ്ദേഹം മതസാഹോദര്യം പുലര്‍ത്തുവാന്‍ ശ്രദ്ധിച്ചു പോന്നു എന്നും, ഇദ്ദേഹത്തിന്റെ ഭരണത്തില്‍ ജനങ്ങള്‍ പൊതുവേ തൃപ്തരായിരുന്നുവെന്നും പില്ക്കാല ഗവേഷണം വ്യക്തമാക്കുന്നുണ്ട്.
യുദ്ധങ്ങളും ജീവിതാന്ത്യവും. നന്നേ ചെറുപ്പത്തില്‍ത്തന്നെ പിതാവുമൊത്ത് യുദ്ധത്തില്‍ പങ്കെടുക്കുവാന്‍ ടിപ്പുവിന് അവസരമുണ്ടായി. ഹൈദര്‍ 1763-ല്‍ നടത്തിയ മലബാര്‍ ആക്രമണത്തിലൂടെ ടിപ്പു യുദ്ധരംഗവുമായി പരിചയത്തിലായി. ഒന്നാം മൈസൂര്‍
യുദ്ധകാലത്ത് ഹൈദരാബാദിലെ നിസാമുമായി കൂടിയാലോചന നടത്താന്‍ ഹൈദര്‍ ടിപ്പുവിനെയാണ് നിയോഗിച്ചത്. ഈ ദൌത്യം ടിപ്പു വിജയകരമായി നിര്‍വഹിക്കുകയും ചെയ്തു. ഈ യുദ്ധത്തിലെ മദ്രാസ് ആക്രമണത്തില്‍ ടിപ്പുവിന്റെ സാന്നിധ്യമുണ്ടായിരുന്നതായി കാണുന്നു. 1769-72-ലെ മൈസൂര്‍-മറാത്ത യുദ്ധത്തിലും ടിപ്പുവിന്റെ ഭാഗഭാഗിത്വമുണ്ടായി. രണ്ടാം മൈസൂര്‍ യുദ്ധം തുടങ്ങിയപ്പോഴേക്കും ഇദ്ദേഹം യുദ്ധകാര്യത്തില്‍ ഏറെ പരിചയം നേടിക്കഴിഞ്ഞിരുന്നു. 1780 സെപ്.-ല്‍ കേണല്‍ ബെയ്ലിയെയും 1782 ഫെ.-ല്‍ കേണല്‍ ബ്രെയ്ത്ത് വെയ്റ്റിനെയും പരാജയപ്പെടുത്തി ടിപ്പു തന്റെ അന്യാദൃശ്യ യുദ്ധവൈഭവം പ്രകടമാക്കി.
മലബാറില്‍ കേണല്‍ ഹംബേഴ്സ്റ്റനുമായി യുദ്ധത്തില്‍ ഏര്‍പ്പെട്ടിരുന്നപ്പോഴാണ് 1782 ഡി. 7-ന് ഹൈദര്‍ അലി മരണമടഞ്ഞതായ വാര്‍ത്ത ടിപ്പു അറിഞ്ഞത്. തുടര്‍ന്ന് അധികാരമേറ്റെടുക്കാനായി ഇദ്ദേഹം ശ്രീരംഗപട്ടണത്തേക്കു പോയി. 1782 ഡി. 29-ന് ടിപ്പു അധികാരമേറ്റു. ഇതോടെ രണ്ടാം മൈസൂര്‍ യുദ്ധം തുടര്‍ന്നു നടത്തേണ്ട ചുമതല ടിപ്പുവില്‍ നിക്ഷിപ്തമായി. അധികാരമേല്‍ക്കാന്‍ പോയതോടെ അസാന്നിധ്യമുണ്ടായ വേളയില്‍ മലബാര്‍ തീരത്ത് മേധാവിത്വം സ്ഥാപിച്ചുവന്ന ബ്രിട്ടിഷുകാരോട് തിരിച്ചെത്തിയ ടിപ്പു ശക്തമായ ചെറുത്തുനില്പു നടത്തുകതന്നെ
ചെയ്തു. ഒട്ടും വൈകാതെ മലബാര്‍ പ്രദേശങ്ങള്‍ ഇദ്ദേഹം തിരിച്ചു പിടിച്ചു. ബദ്നൂരും മംഗലാപുരവും കരസ്ഥമാക്കുകയും ചെയ്തു. ഇത്രയും സാധ്യമാക്കിക്കൊണ്ട് 1784-ഓടെ ടിപ്പു തന്റെ അസാമാന്യശക്തിയും വീറും വീണ്ടും തെളിയിക്കുകയാണുണ്ടായത്. ഇതോടെ ബ്രിട്ടിഷുകാര്‍ ടിപ്പുവുമായി അനുരഞ്ജനത്തിനു തയ്യാറായി. 1784 മാ. 11-ന് മംഗലാപുരം സന്ധി ഒപ്പുവയ്ക്കുകയും രണ്ടാം മൈസൂര്‍ യുദ്ധം അവസാനിക്കുകയും ചെയ്തു. മലബാറിലെ എല്ലാ പ്രദേശങ്ങളും ഈ സന്ധിയിലൂടെ ടിപ്പുവിന്റെ കൈവശമെത്തി. മലബാറില്‍ മൈസൂറിന്റെ ആധിപത്യത്തിന് അംഗീകാരവും ലഭിച്ചു. ടിപ്പുവിന്റെ യശസ്സ് വര്ധിപ്പിക്കുവാനുതകുന്നതായിരുന്നു മംഗലാപുരം സന്ധി. പിന്നീട് 1786-ല്‍ മൈസൂര്‍-മറാത്ത യുദ്ധമുണ്ടായി. ഈ യുദ്ധം ടിപ്പുവിന് അനുകൂലമാവുകയും 1787-ലെ സമാധാനസന്ധിയോടെ ഇതിനു പരിസമാപ്തി കുറിക്കുകയും ചെയ്തു. ഇക്കാലത്ത് മലബാറില്‍ ടിപ്പുവിന്റെ അധീശത്വത്തിനെതിരായ പ്രക്ഷോഭങ്ങളുണ്ടായിരുന്നു. ഇത് അമര്‍ച്ച ചെയ്യാനായി ടിപ്പു 1788 ജനു.-ല്‍ മലബാറിലെത്തി. തിരിച്ചുപോയ ടിപ്പു, തന്റെ നയങ്ങള്‍ക്കെതിരായി മലബാറില്‍ പ്രതിഷേധം വ്യാപകമായപ്പോള്‍, 1789 ഫെ. -ല്‍, വീണ്ടും മലബാറില്‍ മടങ്ങിവന്നു.
ഇതിനിടയ്ക്ക് ഇന്ത്യയില്‍ പുതിയ ബ്രിട്ടിഷ് ഗവര്‍ണര്‍ ജനറലായി നിയമിതമനായ കോണ്‍വാലീസ് പ്രഭു ടിപ്പുവിനെതിരായി ഒരു വിപുലയുദ്ധത്തിനു തയ്യാറെടുത്തു. അപകടം മനസ്സിലാക്കിയ ടിപ്പു ഫ്രാന്‍സ്, തുര്‍ക്കി എന്നീ വിദേശരാജ്യങ്ങളുമായി ബ്രിട്ടിഷുകാര്‍ക്കെതിരായ ബന്ധം സ്ഥാപിക്കുവാന്‍ ദൂതന്മാരെ അയച്ചു. ഇവര്‍ ടിപ്പുവിനോട് സൌഹൃദം കാട്ടിയെങ്കിലും ടിപ്പുവിന് ഇവരില്‍ നിന്ന് ഫലപ്രദമായ സൈനികസഹായം ലഭിച്ചില്ല. ബ്രിട്ടിഷുകാര്‍ ഇതു ഗൌരവമായെടുക്കുകയും, ടിപ്പുവിനെതിരായി തിരുവിതാംകൂര്‍ രാജാവുമായും നിസ്സാമുമായും മറ്റും സൈനികസഖ്യമുണ്ടാക്കുകയും ചെയ്തു.
ടിപ്പുവും ബ്രിട്ടിഷുകാരും തമ്മില്‍ നടന്ന മൂന്നാം മൈസൂര്‍ യുദ്ധത്തിലേക്കു വഴിയൊരുക്കിയ സംഭവ പരമ്പരകളാണു പിന്നീടുണ്ടായത്. ടിപ്പുവിന്റെ ആശ്രിതനായിരുന്ന കൊച്ചി രാജാവിന്റെ ഭൂപ്രദേശത്തുകൂടി തിരുവിതാംകൂര്‍ രാജ്യം അതിര്‍ത്തിമതില്‍ നിര്‍മിച്ചിരുന്നത് ഒഴിവാക്കണമെന്ന് ടിപ്പു ആവശ്യപ്പെട്ടു. ഈ ആവശ്യം
തിരുവിതാംകൂര്‍ നിരാകരിച്ചത് ടിപ്പുവിനെ ചൊടിപ്പിച്ചു. മലബാറില്‍ നിന്നു പലായനം ചെയ്ത ടിപ്പുവിരുദ്ധര്‍ക്ക് തിരുവിതാംകൂറില്‍ അഭയം നല്കിയതും ടിപ്പുവിന് ഹിതകരമായില്ല. ഡച്ചുകാരുടെ പക്കല്‍ നിന്നു കൊടുങ്ങല്ലൂര്‍ കോട്ടയും ആയക്കോട്ടയും തിരുവിതാംകൂര്‍ വിലയ്ക്കു വാങ്ങിയതും ടിപ്പുവിനെ ഏറെ ക്ഷുഭിതനാക്കി. 1789 ഡി. 29-ന് ടിപ്പു തിരുവിതാംകൂറിനെതിരെ ആക്രമണം നടത്തി. ബ്രിട്ടിഷുകാരോട് സഖ്യം ചേര്‍ന്നിരുന്ന തിരുവിതാംകൂര്‍ രാജ്യത്തെ ആക്രമിച്ചതോടെ കോണ്‍വാലീസ് പ്രഭു ടിപ്പുവിനെതിരായി യുദ്ധത്തിനൊരുങ്ങി. മറാത്തക്കാരുമായും നിസ്സാമുമായും ബ്രിട്ടിഷുകാര്‍ സഖ്യമുണ്ടാക്കി. 1790 മേയില്‍ മൂന്നാം മൈസൂര്‍ യുദ്ധമുണ്ടായി. ബ്രിട്ടിഷ് സേനയെ നേരിടാനായി തിരുവിതാംകൂറിലെ ആക്രമണപരിപാടി നിര്‍ത്തിവച്ച് ടിപ്പു മൈസൂറിലേക്കു പോയി. ഈ
യുദ്ധത്തില്‍ ബ്രിട്ടിഷുകാര്‍ മറാത്തകളുമായും നിസ്സാമുമായും ടിപ്പുവിനെതിരായി സഖ്യമുണ്ടാക്കിയിരുന്നു. ആദ്യവര്‍ഷത്തെ യുദ്ധം കൊണ്ട് ബ്രിട്ടിഷുകാര്‍ക്ക് ടിപ്പുവിനെ തളര്‍ത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്നുള്ള വര്‍ഷത്തെ യുദ്ധത്തോടെ 1792 ഫെ.-ല്‍ ടിപ്പു പരാജയത്തോടടുത്തു. യുദ്ധം അവസാനിപ്പിച്ചുകൊണ്ട് ശ്രീരംഗപട്ടണം ഉടമ്പടിയുണ്ടായി. ഇതനുസരിച്ച് രാജ്യത്തിന്റെ പകുതിയും മൂന്നുകോടി രൂപയും ടിപ്പു ബ്രിട്ടിഷുകാര്‍ക്കു നല്‍കേണ്ടിവന്നു. തുക മുഴുവനായി ഉടന്‍ നല്കാന് കഴിയാത്തതിനാല്‍ തന്റെ രണ്ടു പുത്രന്മാരെ ടിപ്പു ജാമ്യം നല്കി. ഈ ഉടമ്പടിയിലൂടെ വയനാട് ഒഴികെയുള്ള മലബാര്‍ പ്രദേശം മുഴുവനും ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ വകയായിത്തീര്‍ന്നു. ഇതോടെ കേരളത്തില്‍ മൈസൂറിന്റെ ഭരണം അവസാനിച്ചു. ഉടമ്പടിപ്രകാരമുള്ള ബാധ്യത തീര്‍ക്കുന്നതില്‍ ടിപ്പു
കൃത്യത പാലിച്ചു. രണ്ടു വര്‍ഷംകൊണ്ട് അവശേഷിച്ച തുകയും നല്‍കാനായി. 1794 മാ.-ല്‍ പുത്രന്മാരെ ജാമ്യത്തിനിന്നും വിടുതല്‍ ചെയ്യിക്കുവാന്‍ ടിപ്പുവിനു സാധിച്ചു.
മൂന്നാം മൈസൂര്‍ യുദ്ധത്തിലെ പരാജയത്തോടെ ബ്രിട്ടിഷുകാരെ പരാജയപ്പെടുത്താനായി ടിപ്പു പല തയ്യാറെടുപ്പുകളും നടത്തി. മറാത്തകളുമായും അഫ്ഗാനിസ്ഥാനിലെ ഭരണാധികാരിയായ സമന്‍ഷായുമായും ഫ്രഞ്ചുകാരുമായും സഖ്യമുണ്ടാക്കാനുള്ള നീക്കത്തില്‍ ടിപ്പു ഏര്‍പ്പെട്ടു. മറാത്തരുടെ പ്രതികരണം ടിപ്പുവിന് അനുകൂലമായിരുന്നില്ല. ഇന്ത്യയില്‍ ബ്രിട്ടിഷ് ശക്തി വിപുലീകരിക്കുന്നതില്‍ തത്പരനായിരുന്ന വെല്ലസ്ളിപ്രഭു ടിപ്പുവിനോടു യുദ്ധം ചെയ്യാന്‍ ഇതെല്ലാം മതിയായ കാരണമായി കണക്കാക്കി. സമന്‍ഷായും നെപ്പോളിയനും സഹായിക്കാന്‍ തയ്യാറായെങ്കിലും അതു ഫലപ്രാപ്തിയിലെത്തിയില്ല. ബ്രിട്ടിഷുകാരെ ടിപ്പുവിന് തനിച്ചു നേരിടേണ്ടിവന്നു. 1799-ല്‍ നാലാം മൈസൂര്‍ യുദ്ധത്തിലേക്കുള്ള സന്നാഹങ്ങള്‍ ശക്തമായി. നിസ്സാമും മറാത്തരും ബ്രിട്ടിഷുകാരോടൊപ്പം ചേര്‍ന്നു. ബ്രിട്ടീഷ് സേന 1799 ഏ.-ല്‍ ശ്രീരംഗപട്ടണത്തിനടുത്ത് എത്തിയതോടെ ടിപ്പു കോട്ട സംരക്ഷിക്കാനുള്ള ശ്രമത്തില്‍ വ്യാപൃതനായി. കോട്ടയുടെ വടക്കേ കവാടത്തിലുണ്ടായിരുന്ന ടിപ്പു മേയ് 4-ാം തീയതിയിലെ യുദ്ധത്തില്‍ മാരകമായി പരുക്കേറ്റ് മരണമടഞ്ഞു. പിതാവിന്റെ കബറിനരികിലായി ടിപ്പുവിനെയും കബറടക്കി. ഇതോടെ മൈസൂര്‍ ഇംഗ്ളീഷുകാരുടെ വകയായി മാറി. ടിപ്പുവിന്റെ കുടുംബാംഗങ്ങളെ വെല്ലൂരില്‍ തടവില്‍ പാര്‍പ്പിച്ചു. പിന്നീട് 1806-ല്‍ ഇവരെ കല്‍ക്കത്ത (കൊല്‍ക്കത്ത)യിലേക്കു കൊണ്ടുപോയി. ബ്രിട്ടിഷ് താത്പര്യങ്ങള്‍ക്കു വഴങ്ങിയ പഴയ വാഡിയാര്‍ രാജകുടുംബത്തെ ബ്രിട്ടിഷുകാര്‍ മൈസൂരില്‍ പുനഃപ്രതിഷ്ഠിച്ചു. നോ: ആയാസ് ഖാന്; ആലങ്ങാട്; കണ്ണൂര്‍; ആംഗ്ളോ-മൈസൂര്‍ യുദ്ധങ്ങള്‍; കൃഷ്ണരാജ ഉടയാര്; കോഴിക്കോട്; കേരളം; കേരളവര്‍മ പഴശ്ശിരാജ; കേശവദാസന്, രാജാ.