This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടാഗൂര്‍, ദേവേന്ദ്രനാഥ് (1817 - 1905)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:03, 26 സെപ്റ്റംബര്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ടാഗൂര്‍, ദേവേന്ദ്രനാഥ് (1817 - 1905)

ബംഗാളി സാഹിത്യകാരനും ബ്രഹ്മസമാജം പ്രവര്‍ത്തകനും. 'മഹര്‍ഷി' ദേവേന്ദ്രനാഥ് എന്നറിയപ്പെട്ടിരുന്ന ഇദ്ദേഹത്തിന്റെ പതിനാലാമത്തെ പുത്രനാണ് രബീന്ദ്രനാഥ ടാഗൂര്‍.

  ദേവേന്ദ്രനാഥ് ടാഗൂര്‍ 1817 മെയ് 15-ന് കല്‍ക്കത്ത (കൊല്‍ക്കൊത്ത)യില്‍ ജനിച്ചു. അച്ഛന്‍ 'രാജകുമാരന്‍' എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്ന ദ്വാരകാനാഥ് ടാഗൂര്‍. പല മഹത്സ്ഥാപനങ്ങളിലൂടെ പത്തൊമ്പതാം നൂറ്റാണ്ടിന്റെ പൂര്‍വാര്‍ധത്തില്‍ ബംഗാളി സമൂഹത്തില്‍ വലിയ പ്രഭാവം ചെലുത്തിയ ദേഹമാണ് ദ്വാരകാനാഥ് ടാഗൂര്‍. പ്രസിദ്ധമായ ജൊറാഷെങ്കൊ തറവാട്ടില്‍ ജനിച്ച ദേവേന്ദ്രനാഥ് റാം മോഹന്‍ റായിയുടെ സ്കൂളിലാണ് പ്രാഥമിക വിദ്യാഭ്യാസം നേടിയത്. പിന്നീട് ഹിന്ദു കോളജില്‍ ചേര്‍ന്നു ബിരുദമെടുത്തു. പഠിത്തം കഴിഞ്ഞയുടനെ പിതാവിന്റെ 'കാര്‍ ടാഗോര്‍ ആന്‍ഡ് കമ്പനി'യില്‍ ജോലിക്ക് ചേര്‍ന്നു. അക്കാലത്ത് ദേവേന്ദ്രനാഥ് ഈശോപനിഷത്തിലെ ഒരു ശ്ളോകം വായിക്കാനിടയായി. സമ്പത്തിനോടുള്ള ആര്‍ത്തി ഉപേക്ഷിച്ച് ദൈവത്തെ തേടാന്‍ ഉപദേശിക്കുന്ന ആ ശ്ളോകം ദേവേന്ദ്രനാഥിനെ ചിന്തിപ്പിച്ചു. അച്ഛന്റെ കമ്പനിയിലെ ജോലി ഉപേക്ഷിച്ച് അദ്ദേഹം മതവും തത്ത്വശാസ്ത്രവും പഠിക്കാന്‍ തുടങ്ങി. ബ്രഹ്മസമാജത്തിലെ അധ്യാപകനായിരുന്ന രാമചന്ദ്ര വിദ്യാവാഗീശനുമായും രാജാ റാം മോഹന്‍ റായിയുമായുമുള്ള അടുപ്പം ദേവേന്ദ്രനെ ബ്രഹ്മസമാജത്തിന്റെ പ്രവര്‍ത്തകനാക്കി മാറ്റി. 1839-ല്‍ ഇദ്ദേഹം 'തത്ത്വബോധിനിസഭ' എന്ന പേരില്‍ ഒരു പ്രസ്ഥാനത്തിനു തുടക്കം കുറിച്ചു. തത്ത്വ ബോധിനി പത്രിക എന്ന ഒരു പത്രവും തുടങ്ങി. 1843-ലാണ് ദേവേന്ദ്രനാഥ് ബ്രഹ്മസമാജത്തില്‍ ഔദ്യോഗികമായി അംഗമായത്. ഹിന്ദുമതശാസ്ത്രത്തില്‍ കത്തോലിക്കാസഭയുടെ പ്രമാണങ്ങള്‍ അവതരിപ്പിക്കുന്ന 'ബ്രാഹ്മിക് കവനന്റ്' ആ വര്‍ഷം തന്നെ അദ്ദേഹം അവതരിപ്പിച്ചു. നാലു ബ്രാഹ്മണയുവാക്കളെ കാശിയില്‍ അയച്ച് നാലു വേദങ്ങളും പഠിക്കാന്‍ സൌകര്യം ഏര്‍പ്പെടുത്തുകയും ചെയ്തു. വേദങ്ങളോ ഉപനിഷത്തുകളോ വീഴ്ചകള്‍ക്ക് അതീതമല്ലെന്ന വിപ്ളവകരമായ പ്രമേയം ദേവേന്ദ്രനാഥിന്റെ നേതൃത്വത്തില്‍ സമാജം അവതരിപ്പിച്ചതോടെ ബ്രഹ്മസമാജത്തിന്റെ ചരിത്രത്തില്‍ ഒരു വലിയ വഴിത്തിരിവുണ്ടായി. 1850-ല്‍ ഇദ്ദേഹം തന്റെ പ്രസിദ്ധമായ 'ബ്രഹ്മോധര്‍മ' എന്ന സംഹിത പ്രസിദ്ധീകരിച്ചു. ഏകദൈവ വിശ്വാസത്തിനും വിഗ്രഹങ്ങളെ തിരസ്കരിച്ചുള്ള ആരാധനയ്ക്കും ഉപോദ്ബലകമായ ഹിന്ദുമത പഠനങ്ങളും ദര്‍ശനങ്ങളും അടങ്ങുന്നതാണിത്. 
  ബ്രഹ്മോധര്‍മ (1850), ആത്മതത്ത്വ വിദ്യ (1852), ബ്രഹ്മോ ധര്‍മേര്‍ മത് ഒ ബിസ്വാസ് (1890), ബ്രഹ്മ ധര്‍മോ വ്യാഖ്യാന്‍ (1866), ബ്രഹ്മ് ധര്‍മേര്‍ അനുഷ്ഠാന്‍ പദ്ധതി (1895), ജ്ഞാന്‍ ഒ ധര്‍മേര്‍ ഉന്നതി (1893) പരലോക് ഒ മുക്തി (1895) എന്നിവയാണ് ദേവേന്ദ്രനാഥിന്റെ പ്രശസ്ത കൃതികള്‍. 
  ദേവേന്ദ്രനാഥിന്റെ വാഗ്മിത്വവും സന്ന്യാസതുല്യമായ ജീവിതവും ബംഗാളിന് ആകെയൊരു വിസ്മയമായിരുന്നു. ആത്മജീവിനി എന്ന ഇദ്ദേഹത്തിന്റെ ആത്മകഥ ആ രംഗത്തെ പ്രകൃഷ്ട കൃതിയാണ്. പതിനഞ്ചു മക്കള്‍ ഉണ്ടായിരുന്ന ഇദ്ദേഹത്തിന്റെ പല മക്കളും ലോകപ്രശസ്തരുമായി. മൂത്തമകന്‍ ദ്വിജേന്ദ്രനാഥ് കവിയും സംഗീതജ്ഞനും തത്ത്വചിന്തകനും ഗണിതജ്ഞനുമായിരുന്നു. ഇദ്ദേഹത്തിന്റെ കാവ്യപരീക്ഷണങ്ങള്‍ രബീന്ദ്രനാഥ ടാഗൂറിനെയും സ്വാധീനിച്ചു. രണ്ടാമത്തെ മകന്‍ സത്യേന്ദ്രനാഥ ടാഗൂര്‍ ഇന്ത്യന്‍ സിവില്‍ സര്‍വീസിലെ ആദ്യത്തെ ഇന്ത്യാക്കാരനായി. സംസ്കൃതത്തിലും ബംഗാളിയിലും ഇംഗ്ളീഷിലും ഇദ്ദേഹം മികവു കാട്ടി. ഗീതയുടെയും മേഘദൂതിന്റെയും ബംഗാളി പരിഭാഷ നിര്‍വഹിച്ച സത്യേന്ദ്രനാണ് അച്ഛന്റെ ആത്മകഥ ഇംഗ്ളീഷിലേക്കു പരിഭാഷപ്പെടുത്തിയത്. അഞ്ചാമത്തെ മകന്‍ ജ്യോതീന്ദ്രനാഥാകട്ടെ സംഗീതജ്ഞനും സംവിധായകനും കവിയും നാടകകൃത്തും ദേശീയവാദിയുമായിരുന്നു. മൂത്തമകള്‍ സൌദാമിനിയും അഞ്ചാമത്തെ മകള്‍ സ്വര്‍ണകുമാരിയും രബീന്ദ്രനാഥ ടാഗൂറും ബംഗാളിയില്‍ പ്രതിഭാവിലാസം പ്രകടമാക്കി. 
  1905 ജനുവരി 19-നു ദേവേന്ദ്രനാഥ് ടാഗൂര്‍ അന്തരിച്ചു.
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍