This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തുണിവ്യവസായം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

07:23, 5 ജൂലൈ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

തുണിവ്യവസായം

സമ്പദ്ഘടനയില്‍ നിര്‍ണായക സ്ഥാനമുള്ള ഒരു വ്യവസായം. തുണിവ്യവസായത്തിന് അതിസമ്പന്നവും സുദീര്‍ഘവുമായ ഒരു ചരിത്രമുണ്ട്. ഇന്ന് ലോകത്ത് അവശേഷിച്ചിട്ടുളള കരകൗശല വിദ്യകളില്‍ ഏറ്റവും പ്രാചീനമായ ഒന്നാണ് തുണി നെയ്ത്ത്. ഏതാണ്ട് പന്ത്രണ്ടായിരം കൊല്ലങ്ങള്‍ക്കു മുമ്പ് നവീന ശിലായുഗത്തിലാണ് നെയ്ത്തുവിദ്യ ആരംഭിച്ചതെന്ന് സാമ്പത്തികചരിത്രകാരന്മാര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ചെറിയ വൃക്ഷങ്ങളുടേയും ചെടികളുടേയും ശിഖരങ്ങളും ചില്ലകളും കൂട്ടിപ്പിരിച്ച് വേലികള്‍, കുട്ടകള്‍ എന്നിവ നിര്‍മ്മിച്ചിരുന്നതായി ചരിത്രകാരന്മാര്‍ പറയുന്നു. ഈ വസ്തുക്കള്‍ കൂട്ടിപ്പിരിക്കുന്നതിന്റെ സാങ്കേതികവിദ്യയും പ്രായോഗികതയും ഉപയോഗിച്ചുകൊണ്ട്, മറ്റു പദാര്‍ഥങ്ങളില്‍ നിന്ന് വസ്ത്രങ്ങള്‍ക്കാവശ്യമായ നാരുകളും നൂലുകളും നിര്‍മിക്കുന്ന രീതി പില്ക്കാലത്ത് പ്രചാരത്തില്‍ വന്നു.

തുണിവ്യവസായത്തിലെ ഏറ്റവും പ്രാചീനമായ അസംസ്കൃത പദാര്‍ഥം ചെമ്മരിയാടിന്റെ രോമമാണ്. കമ്പിളിനാരുകള്‍ നെയ്തുണ്ടാക്കുന്ന നൂലിഴകള്‍ ഉപയോഗിച്ചുകൊണ്ടുള്ള തുണികളാണ് ഏറ്റവും ആദ്യം പ്രചാരത്തില്‍ വന്നത്. കമ്പിളിനൂലുകള്‍ ഇഴപിരിച്ചുണ്ടാക്കുന്ന നൂലിഴകള്‍ ആദ്യം വൃത്താകൃതിയില്‍ ചുരുട്ടുന്നു. തുടര്‍ന്ന് അത് ഒരു മരക്കമ്പില്‍ കെട്ടുന്നു. ഈ കമ്പിനു ചുവട്ടില്‍, കറങ്ങുന്ന ഒരു ചക്രം ഘടിപ്പിച്ചിട്ടുണ്ടാകും. ഇതാണ് തക്ലി അഥവാ നൂല്‍ പിരിക്കുന്ന യന്ത്രത്തിന്റെ പ്രാഗ്രൂപം. ഈ പ്രാചീന സാങ്കേതികവിദ്യയില്‍ നിന്നാണ് ചര്‍ക്ക അഥവാ നൂല്‍നൂല്‍പ്പു ചക്രം വികസിപ്പിക്കുന്നത്. നെയ്ത്തുയന്ത്രം അഥവാ തറി കണ്ടുപിടിച്ചത് ഇന്ത്യയിലാണ്. 14-ാം ശ.-ത്തിന്റെ അവസാന വര്‍ഷങ്ങളിലാണ് ഈ സാങ്കേതികവിദ്യ യൂറോപ്പിലും ഇംഗ്ലണ്ടിലും എത്തുന്നത്. ഈ തറിയുടെ ഊടും പാവുമുപയോഗിച്ച് വളരെ പരുക്കനായ തുണിയാണ് നെയ്തിരുന്നത്. പില്ക്കാലത്ത് ലംബാകൃതിയിലുള്ള ഒരു ചട്ടക്കൂട് ആവിഷ്കരിച്ചിരുന്നു. ഇതു പിന്നീട് തിരശ്ചീന ചട്ടക്കൂടായി പരിവര്‍ത്തിപ്പിക്കുകയുണ്ടായി. ഊടും പാവുമുപയോഗിച്ച് നെയ്യാനുള്ള ഓടം (shuttle) കണ്ടുപിടിച്ചത് പ്രാചീന ഈജിപ്തിലാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.

ശതകങ്ങളോളം നൂല്‍നൂല്‍പ്പും നെയ്ത്തും നടത്തിയിരുന്നത് മനുഷ്യര്‍ തങ്ങളുടെ കൈകള്‍ കൊണ്ടു തന്നെയായിരുന്നു. ആദ്യകാല തുണിവ്യവസായം വളരെ ലളിതമായ കുടില്‍വ്യവസായമായിട്ടാണ് പ്രവര്‍ത്തിച്ചിരുന്നത്. നൂല്‍നൂല്‍പ്പ് സ്ത്രീകളും നെയ്ത്ത് പുരുഷന്മാരുമായിരുന്നു നിര്‍വഹിച്ചിരുന്നത്. തുണിവ്യവസായ രംഗത്തെ സാങ്കേതിക പരിവര്‍ത്തനങ്ങള്‍ക്ക് ആധുനിക വ്യവസായ വിപ്ലവത്തില്‍ നിര്‍ണായക പങ്കുണ്ട്. 17-ാം ശ.-ത്തിന്റെ ആരംഭത്തില്‍ നെയ്ത്തുവിദ്യയിലും തുണിവ്യവസായ രംഗത്തുമുണ്ടായ വമ്പിച്ച മാറ്റങ്ങള്‍ യൂറോപ്യന്‍ രാജ്യങ്ങളുടെ സാമ്പത്തിക ഘടനയില്‍ ദൂരവ്യാപകമായ ഫലങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. ഈ കാലയളവില്‍, ലോക തുണിവ്യവസായത്തില്‍, പ്രത്യേകിച്ചും പരുത്തിത്തുണി നിര്‍മാണ രംഗത്ത് ആധിപത്യം ഇന്ത്യയ്ക്കായിരുന്നു. യൂറോപ്യന്‍ രാജ്യങ്ങള്‍ക്കാവശ്യമായ തുണിയുടെ വലിയൊരളവും ഇറക്കുമതി ചെയ്തിരുന്നത് ഇന്ത്യയില്‍ നിന്നായിരുന്നു. എന്നാല്‍, വ്യവസായ വിപ്ലവത്തെത്തുടര്‍ന്ന് ഇന്ത്യന്‍ വ്യവസായത്തിന്റെ പ്രാധാന്യം കുറയുകയും യൂറോപ്യന്‍ തുണിനിര്‍മാതാക്കള്‍ ലോക തുണിവിപണിയില്‍ പ്രാമുഖ്യം നേടുകയും ചെയ്തു. നെയ്ത്തുവിദ്യ യന്ത്രവത്കരിച്ചുകൊണ്ടും ആഭ്യന്തര നൂലുത്പാദനം ഗണ്യമായി വര്‍ധിപ്പിച്ചുകൊണ്ടുമാണ് യൂറോപ്യന്‍ തുണിവിപണി ആധിപത്യത്തിലേക്കുയര്‍ന്നത്.

1733-ല്‍ ഇംഗ്ലണ്ടുകാരനായ ജോണ്‍ കെയ് 'ഫ്ളൈയിങ് ഷട്ടില്‍' (Flying Shuttle) എന്ന നെയ്ത്തു യന്ത്രം കണ്ടുപിടിച്ചു. പാവുനൂലിന്റെ ഇടയിലൂടെ ഊടുനൂല്‍ ഓടിക്കുന്നതിനുള്ള ഒരു ഉപകരണമാണിത്. ഈ യന്ത്രത്തിന്റെ കണ്ടുപിടിത്തത്തോടെ നെയ്ത്തിന്റെ വേഗത വര്‍ധിക്കുകയും തുണിയുത്പാദനം ഇരട്ടിയായി വര്‍ധിക്കുകയും ചെയ്തു. എന്നാല്‍, നൂലിഴയുടെ പ്രദാനത്തില്‍ വര്‍ധനയുണ്ടായില്ല. ഇത് തുണി ഉത്പാദനത്തെ പ്രതികൂലമായി ബാധിച്ചു. നൂല്‍നൂല്‍പ്പിന്റെ രംഗത്തും സാങ്കേതികമായ പരിവര്‍ത്തനങ്ങള്‍ ആവശ്യമാണെന്ന ധാരണ പ്രബലമായി. അങ്ങനെയാണ് 1737-ല്‍ ലൂയി പോളും ജോണ്‍ വ്യാറ്റും (Lewis Paul and John Wyatt)ചേര്‍ന്ന്, കൈവിരലുകള്‍ ഉപയോഗിക്കാതെ തന്നെ നൂല്‍നൂല്‍ക്കാവുന്ന സംവിധാനം കണ്ടുപിടിച്ചത്. തുടര്‍ന്ന് ഇംഗ്ലീഷ് നെയ്ത്തുകാരനും ആശാരിയുമായിരുന്ന ജെയിംസ്ഹര്‍ഗ്രീവ്സ് (James Hargreaves) 1764-ല്‍ 'സ്പിന്നിങ് ജെന്നി'ക്ക് (spinning jenny) രൂപം നല്കി. 1766 ആയപ്പോഴേക്കും 100 തക്ലികള്‍ ഉപയോഗിക്കാന്‍ പാകത്തില്‍ സ്പിന്നിങ് ജെന്നി പരിഷ്കരിക്കുകയും നൂല്‍നൂല്‍പ്പ് വേഗതയാര്‍ജിക്കുകയും ചെയ്തു. സര്‍ റിച്ചാര്‍ഡ് ആര്‍ക്ക്റൈറ്റ് ( Sir Richard Arkwright) ജലോര്‍ജം (ആവി) ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന ഒരു യന്ത്രചട്ടക്കൂടിന് രൂപം നല്കി. ഈ സ്പിന്നിങ് യന്ത്രം ജലചട്ടക്കൂട് എന്നാണ് അറിയപ്പെട്ടിരുന്നത്. 1799-ല്‍ നൂല്‍നൂല്‍പ്പുകാരനായ സാമുവല്‍ ക്രോംപ്ടണ്‍ പഞ്ഞി പിരിക്കുന്ന യന്ത്രമായ സ്പിന്നിങ് മ്യൂള്‍ (spinning mule) കണ്ടുപിടിച്ചു. സ്പിന്നിങ് ജെന്നിയുടേയും ജല ചട്ടക്കൂടിന്റേയും സാങ്കേതികവിദ്യകളെ സമന്വയിപ്പിക്കുന്ന ഒരു സംവിധാനമാണിത്. എന്നാല്‍ നൂല്‍നൂല്‍പ്പിലെ സാങ്കേതിക മുന്നേറ്റങ്ങള്‍ക്കനുസൃതമായി നെയ്ത്തില്‍ പുരോഗതി ഉണ്ടായില്ല. ഈ പ്രതിസന്ധി മറികടക്കാനുള്ള മാര്‍ഗമെന്ന നിലയ്ക്കാണ് ആവി കൊണ്ടു പ്രവര്‍ത്തിക്കുന്ന നെയ്ത്തുയന്ത്രം വികസിപ്പിച്ചത്.

1780-കളുടെ മധ്യത്തില്‍ ആവിശക്തികൊണ്ടു പ്രവര്‍ത്തി ക്കുന്ന ആദ്യത്തെ നെയ്ത്തു യന്ത്രം ഉപയോഗിച്ചു തുടങ്ങി. നൂല്‍ നൂല്‍പ്പിലും നെയ്ത്തിലുമുണ്ടായ സാങ്കേതിക പരിവര്‍ത്തനങ്ങള്‍ തുണിവ്യവസായത്തിന്റെ ഘടനയില്‍ത്തന്നെ വമ്പിച്ച മാറ്റങ്ങള്‍ക്കിടയാക്കി. ആവിയന്ത്രത്തിന്റെ കണ്ടുപിടിത്തത്തോടെ ഇംഗ്ലണ്ടിലെ പരമ്പരാഗത തുണിവ്യവസായ കേന്ദ്രങ്ങളായിരുന്ന യോര്‍ക്ക്ഷെയര്‍, ലങ്കാഷെയര്‍, മാഞ്ചെസ്റ്റര്‍ എന്നീ നഗരങ്ങളിലെ കുടില്‍വ്യവസായമേഖല തകരുകയുണ്ടായി. വ്യവസായ വിപ്ലവത്തിന്റെ ഫലമായി സാമ്പത്തിക, സാമൂഹിക രംഗങ്ങളിലുണ്ടായ മാറ്റങ്ങള്‍ സാധാരണ ജനങ്ങള്‍ ഭീഷണിയായിട്ടാണ് കണ്ടത്. പരമ്പരാഗത വ്യവസായങ്ങളുടെ തകര്‍ച്ച തൊഴിലില്ലായ്മ രൂക്ഷമാക്കി. നെയ്ത്തുകാരുള്‍പ്പെടെയുള്ള സാധാരണ ജനങ്ങള്‍ക്കിടയില്‍ വ്യവസായ വിപ്ലവത്തോട് വമ്പിച്ച പ്രതിഷേധത്തിന് ഇത് കാരണമായിട്ടുണ്ട്. 1811-13 വര്‍ഷങ്ങളില്‍ തൊഴിലാളി പ്രക്ഷോഭങ്ങള്‍ അക്രമാസക്തമാവുകയും 'ലുഡൈറ്റ്സ്' (Luddites) എന്ന പേരില്‍ രൂപംകൊണ്ട തൊഴിലാളി പ്രസ്ഥാനം തുണിമില്ലുകളും ഫാക്റ്ററികളും തകര്‍ക്കുന്ന പ്രക്ഷോഭങ്ങളാരംഭിക്കുകയും ചെയ്തു. പക്ഷേ, ഈ പ്രക്ഷോഭങ്ങള്‍ക്ക് വ്യവസായ വിപ്ലവത്തിന്റെ ഗതിവേഗത്തെ തടഞ്ഞു നിറുത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് കൃത്രിമ ചായങ്ങള്‍ ഉപയോഗിക്കുന്നതും സങ്കീര്‍ണമായ മാതൃകകളില്‍ നെയ്യുന്നതുമായ ജാക്വാര്‍ഡ് ലൂമുകള്‍ (jacquard loom) പ്രചാരത്തില്‍ വന്നു. ഈ മാറ്റങ്ങളുടെ ഫലമായി 19-ാം ശ.-ത്തിന്റെ മധ്യമായപ്പോഴേക്കും ഇംഗ്ലണ്ട് ലോകത്തിലെ ഏറ്റവും വലിയ തുണിവ്യവസായ രാജ്യമായി വളര്‍ന്നു.

തുണിവ്യവസായം ഇന്ത്യയില്‍. ഇന്ത്യന്‍ പരുത്തിത്തുണിക്ക് ലോക തുണിവ്യവസായത്തിന്റെ ചരിത്രത്തില്‍ സുപ്രധാന സ്ഥാനമുണ്ട്. ഇന്ത്യന്‍ പരുത്തി അറിയപ്പെട്ടിരുന്നത് 'വിളകളുടെ രാജാവ്'എന്ന പേരിലാണ്. 'വെള്ള സ്വര്‍ണ'മെന്നും ഇതറിയപ്പെടുന്നു. അതിപുരാതന കാലത്തുതന്നെ ഇന്ത്യന്‍ പരുത്തിത്തുണി ലോകപ്രശസ്തമായിരുന്നു. പരുത്തിത്തുണി ഉത്പാദിപ്പിക്കുന്ന ഏകരാജ്യം ഇന്ത്യ ആയിരുന്നു. മോഹന്‍ജൊദാരൊയില്‍ നടത്തിയ പുരാവസ്തു ഖനനങ്ങളില്‍ നിന്ന് കണ്ടെടുത്ത വസ്ത്രാവശിഷ്ടങ്ങള്‍ തെളിയിക്കുന്നത്, പരുത്തിത്തുണി നിര്‍മാണത്തില്‍ 5000 കൊല്ലങ്ങള്‍ക്കു മുമ്പു തന്നെ ഇന്ത്യ അതിവൈശിഷ്ട്യം പ്രദര്‍ശിപ്പിച്ചിരുന്നു എന്നാണ്. ബി.സി. 1500 മുതല്‍ എ.ഡി. 1700 വരെയുള്ള മൂന്നു സഹസ്രാബ്ദക്കാലം പരുത്തിത്തുണി വ്യവസായത്തിന്റെ കളിത്തൊട്ടിലായി ഇന്ത്യ അംഗീകരിക്കപ്പെട്ടിരുന്നു. ഋഗ്വേദത്തില്‍ പരുത്തിയെക്കുറിച്ച് പരാമര്‍ശമുണ്ട്. ഫലത്തിനു പകരം കമ്പിളിനാരുകള്‍ ഉത്പാദിപ്പിക്കുന്ന ഒരു വിശേഷച്ചെടി ഇന്ത്യയിലുണ്ടെന്നും അത് ചെമ്മരിയാടിന്റെ നാരുകളേക്കാള്‍ ഗുണനിലവാരമുള്ളതാണെന്നും ഗ്രീക്ക് ചരിത്രകാരനായ ഹെറോഡോട്ടസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഗ്രീസ്, ഈജിപ്ത്, പേര്‍ഷ്യ, റോം തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ഇന്ത്യന്‍ പരുത്തിത്തുണിക്ക് വിപണിയുണ്ടായിരുന്നു. ഇന്ത്യന്‍ നെയ്ത്തുകാരുടെ കരവിരുത് ലോകമെമ്പാടും അംഗീകരിക്കപ്പെട്ടിരുന്നു. ഇന്ത്യയില്‍ നിന്നുള്ള പരുത്തി ഉത്പന്നങ്ങളോടു മത്സരിച്ച് വിപണിയില്‍ പിടിച്ചുനില്ക്കാന്‍ യൂറോപ്യന്‍ വ്യവസായികള്‍ വളരെയേറെ പ്രയാസപ്പെട്ടു.

നൂല്‍നൂല്‍പ്പിന്റേയും നെയ്ത്തിന്റേയും രംഗത്തുണ്ടായ സാങ്കേതിക പരിവര്‍ത്തനങ്ങളാണ് ഇംഗ്ലണ്ടില്‍ വ്യവസായ വിപ്ളവത്തിനു മുന്നോടിയായത്. ഇംഗ്ലണ്ടിലെ വ്യവസായ വിപ്ളവവും ഇന്ത്യയ്ക്കുമേലുള്ള കൊളോണിയല്‍ അധീശത്വവും സമകാലികമായിരുന്നു. ഇംഗ്ലണ്ടില്‍ നിന്ന് വിലകുറഞ്ഞ പരുത്തിത്തുണി ഇന്ത്യയിലേക്കു ഇറക്കുമതി ചെയ്തുകൊണ്ട്, ബ്രിട്ടിഷ് ഭരണാധികാരികള്‍ ഇന്ത്യയുടെ പരമ്പരാഗത പരുത്തിത്തുണി വ്യവസായത്തെ തകര്‍ക്കുന്ന നടപടികളാണ് അനുവര്‍ത്തിച്ചത്. പരുത്തിത്തുണിയുടെ രംഗത്ത് ഇന്ത്യയ്ക്കുണ്ടായിരുന്ന കുത്തക, ബ്രിട്ടിഷ് ആധിപത്യത്തെത്തുടര്‍ന്ന് തകര്‍ന്നു. മാഞ്ചസ്റ്ററിലേയും ലങ്കാഷെയറിലേയും യോര്‍ക്ക്ഷെയറിലേയും മറ്റും വളര്‍ന്നുകൊണ്ടിരുന്ന തുണിമില്ലുകള്‍ക്കാവശ്യമായ പരുത്തിയുടെ ഗണ്യമായ ഭാഗവും ഇറക്കുമതി ചെയ്തിരുന്നത് ഇന്ത്യയില്‍ നിന്നായിരുന്നു. അമേരിക്കയിലുണ്ടായ സിവില്‍ യുദ്ധത്തിന്റെ കാലത്ത് അവിടെനിന്ന് അസംസ്കൃത പരുത്തി ഇറക്കുമതി ചെയ്യാന്‍ ബ്രിട്ടനു കഴിഞ്ഞില്ല. അതുണ്ടാക്കിയ പരുത്തിക്ഷാമം നേരിടാനാണ് ബ്രിട്ടന്‍ ഇന്ത്യയിലേക്കു ശ്രദ്ധ തിരിച്ചത്. എന്നാല്‍, അതിവേഗം വളര്‍ന്നുകൊണ്ടിരുന്ന ആധുനിക തുണിമില്ലുകള്‍ക്കാവശ്യമായ പരുത്തി ഇന്ത്യയില്‍ ഉത്പാദിപ്പിച്ചിരുന്നില്ല. അതിനാല്‍, ഇന്ത്യയില്‍ പരുത്തി കൃഷി പ്രോത്സാഹിപ്പിക്കുകയും അസംസ്കൃത വസ്തു എന്ന നിലയില്‍ പരുത്തിയുടെ കയറ്റുമതിക്ക് അനുകൂല സാഹചര്യമുണ്ടാക്കുകയും ചെയ്തു. ഈ നടപടികള്‍ ഇന്ത്യയെ ലോകത്തെ ഏറ്റവും വലിയ പരുത്തിത്തുണി ഉത്പാദകന്‍ എന്ന സ്ഥാനത്തുനിന്നു പിന്തള്ളുകയും അസംസ്കൃത പരുത്തിയുടെ ഉത്പാദക രാജ്യമാക്കി മാറ്റുകയും ചെയ്തു.

ഇന്ത്യയിലെ പരമ്പരാഗത വ്യവസായങ്ങളോട് ബ്രിട്ടിഷ് അധികൃതര്‍ അനുവര്‍ത്തിച്ച സമീപനങ്ങളില്‍ പ്രതിഷേധിക്കുന്നതിനു വേണ്ടിയാണ് സ്വദേശിപ്രസ്ഥാനം രൂപം കൊണ്ടത്. ഇതര സാമ്പത്തിക ഘടകങ്ങള്‍ക്കൊപ്പം ഇത് ഇന്ത്യന്‍ പരുത്തിത്തുണി വ്യവസായത്തിന്റെ പുനരുജ്ജീവനത്തിന് സഹായകമായിട്ടുണ്ട്. 20-ാം ശ.-ത്തില്‍ പരുത്തിക്കൃഷിയില്‍ വന്‍തോതിലുള്ള വളര്‍ച്ചയുണ്ടായി. 1916-17-ല്‍ ജപ്പാനിലേക്കുള്ള കയറ്റുമതിയില്‍ സര്‍വകാല റെക്കോഡുണ്ടായി. 1920-കള്‍ വരെയും ഇന്ത്യന്‍ തുണിവ്യവസായഘടനയില്‍ നെയ്ത്തിനേക്കാള്‍ പ്രാധാന്യം നല്കിയിരുന്നത് നൂല്‍നൂല്‍പ്പിനായിരുന്നു. ലോക തുണിവിപണിയിലുണ്ടായ മാറ്റങ്ങളുടേയും യൂറോപ്പില്‍നിന്നുള്ള മത്സരത്തിന്റേയും ഫലമായി നൂല്‍നൂല്‍പ്പിനും നെയ്ത്തിനും പ്രാധാന്യം നല്കുന്ന അനവധി തുണിമില്ലുകള്‍ രൂപീകൃതമായി. 1914-ല്‍ തുണിമില്ലുകളുടെ എണ്ണം 214 ആയി ഉയര്‍ന്നു. 1921-22-ല്‍ ഈസ്റ്റ് ഇന്ത്യാ കോട്ടണ്‍ അസോസിയേഷന്‍ രൂപംകൊണ്ടു. പരുത്തിത്തുണിമില്ലുകളുടെ എണ്ണം 271 ആയി ഉയര്‍ന്നു. എല്ലാ മില്ലുകളിലും കൂടി 70 ലക്ഷം നൂല്‍ പിരിയന്ത്രങ്ങളും (തക്ലി) 1,25,000 നെയ്ത്തു യന്ത്രങ്ങളും (തറി) ഉണ്ടായിരുന്നു. പരുത്തിക്കൃഷി ചെയ്യുന്ന ഭൂമിയുടെ വിസ്തീര്‍ണം 100 ലക്ഷം ഹെ. ആയി വര്‍ധിച്ചു. മൊത്തം ഉത്പാദനത്തിന്റെ മൂന്നില്‍ രണ്ടു ഭാഗവും കയറ്റുമതി ചെയ്തു.

സ്വതന്ത്ര ഇന്ത്യയുടെ സമ്പദ്ഘടനയില്‍ തുണിവ്യവസായത്തിന് സുപ്രധാന സ്ഥാനമുണ്ട്. വ്യാവസായികോത്പാദനത്തിന്റെ 20 ശതമാനവും തുണി വ്യവസായ മേഖലയില്‍ നിന്നുള്ളതാണ്. മൊത്തം വ്യാവസായികോത്പന്ന കയറ്റുമതിയുടെ 30 ശതമാനവും തുണിത്തരങ്ങളാണ്. കാര്‍ഷിക മേഖല കഴിഞ്ഞാല്‍, ഇന്ത്യയിലെ ഏറ്റവും വലിയ തൊഴില്‍ മേഖല തുണിവ്യവസായമാണ്. ഏതാണ്ട് 350 ലക്ഷം പേരാണ് ഈ രംഗത്ത് തൊഴിലെടുക്കുന്നത്. ഇന്ത്യയിലെ സംഘടിത തുണിവ്യവസായ മേഖലയുടെ മാത്രം വാര്‍ഷിക വിറ്റുവരവ് ഏതാണ്ട് 1,25,000 കോടി രൂപയാണെന്നാണ് കണക്കാക്കപ്പെടുന്നത്.

ഇന്ത്യന്‍ തുണിവ്യവസായത്തെ പ്രധാനമായും രണ്ട് മേഖലകളായി തരം തിരിക്കുന്നു. ഒന്ന്, ഉത്പാദനരീതിയുടേയും തോതിന്റേയും അടിസ്ഥാനത്തില്‍. കൈത്തറിരംഗം, പവര്‍ലൂം മേഖല, മില്‍ മേഖല എന്നിവ ഈ വിഭാഗത്തില്‍പ്പെടുന്നു. രണ്ട്, നൂലിന്റെ അടിസ്ഥാനത്തില്‍. പ്രകൃതിദത്ത നൂല്‍ (പരുത്തി, കമ്പിളി, ചണം) ഉപയോഗിക്കുന്ന മേഖല, കൃത്രിമ നൂല്‍ (സെല്ലുലോസ് നാര്, റയോണ്‍, ടെറീന്‍) ഉപയോഗിക്കുന്ന മേഖല. സമീപകാലത്ത് തുണിവ്യവസായത്തിന്റെ ഘടനയില്‍ പല മാറ്റങ്ങളും ഉണ്ടായിട്ടുണ്ട്. ഇക്കൂട്ടത്തില്‍, ഏറ്റവും പ്രധാന മേഖല പരുത്തിയുടേതാണ്.

2002 മുതല്‍ 2007 വരെയുള്ള അഞ്ചുവര്‍ഷങ്ങളിലേക്കു വേണ്ടി ആവിഷ്കരിച്ചിട്ടുള്ള കയറ്റിറക്കുമതി നയം, (എക്സിം പോളിസി- EXIM POLICY) തമിഴ്നാട് സംസ്ഥാനത്ത് സ്ഥിതിചെയ്യുന്ന തിരുപ്പൂര്‍ കയറ്റുമതി വികസന മേഖലയ്ക്ക് ഒട്ടേറെ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കയറ്റുമതി ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന എല്ലാ യൂണിറ്റുകള്‍ക്കും ലോകനിലവാരത്തിലുള്ള വിപണന സൌകര്യവും വിപണി പരിചയവും നല്കുന്നതിനുള്ള സംവിധാനവും ആവിഷ്കരിച്ചിട്ടുണ്ട്. തിരുപ്പൂരില്‍ നിന്നുള്ള കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി, ഒരു വിഭവ കേന്ദ്രവും ലൈബ്രറിയും തുടങ്ങാന്‍ അപ്പാരല്‍ എക്സ്പോര്‍ട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ (Apparel Export Promotion Council-AEPC) തീരുമാനിച്ചിട്ടുണ്ട്. അതുപോലെ തുണിവ്യവസായ മേഖലയ്ക്കുവേണ്ടി ടെക്നോളജി അപ്ഗ്രഡേഷന്‍ ഫണ്ട് സ്കീം (Technology Up gradation Fund Scheme-TUFS ) തുടങ്ങിക്കഴിഞ്ഞു. തുണിവ്യവസായത്തിന്റെ പശ്ചാത്തല വികസന സ്കീമിന്റെ ചെലവ് മുഴുവന്‍ വഹിക്കാന്‍ കേന്ദ്ര ഗവണ്‍മെന്റ് തീരുമാനിച്ചിട്ടുണ്ട്.

1997-98 മുതല്‍ 2002-03 വരെയുള്ള വര്‍ഷങ്ങള്‍ക്കുള്ളില്‍ കയറ്റുമതി രംഗത്തുണ്ടായ പുരോഗതി ഗ്രാഫില്‍ രേഖപ്പെടുത്തുന്നു.

വന്‍കിട തുണിവ്യവസായ മേഖലയിലെ പ്രധാന കമ്പനികള്‍ ഇന്തോ-രമ സിന്തറ്റിക്സ്, അരവിന്ദ് മില്‍സ്, ബോംബേ ഡയിങ് ആന്‍ഡ് മാനുഫാക്ച്ചറിങ് കമ്പനി, ഗ്രാസിം എന്നിവയാണ്. തുണിവ്യവസായ രംഗത്ത് കേന്ദ്ര സര്‍ക്കാര്‍ ആവിഷ്കരിച്ച പുതിയ നയങ്ങളുടെ ഫലമായി പവര്‍ലൂം മേഖല അതിവേഗം വളരുകയും ഫാക്റ്ററി മേഖലയില്‍ തളര്‍ച്ചയുണ്ടാവുകയും ചെയ്തിട്ടുണ്ട്. തുണിവ്യവസായത്തിന്റെ ഘടനയെ നിര്‍ണയിക്കുന്ന കൈത്തറി, പവര്‍ലൂം, ഫാക്റ്ററിമേഖല എന്നിവ തമ്മിലുള്ള ശാസ്ത്രീയ അനുപാതം കണക്കിലെടുത്തുകൊണ്ടുവേണം ഈ രംഗത്തെ ആധുനികവത്ക്കരണ നയങ്ങള്‍ ആവിഷ്കരിക്കേണ്ടത് എന്നാണ് ഇത് സൂചിപ്പിക്കുന്നത്.

ലോകവ്യാപാര സംഘടന നിലവില്‍ വന്നതോടെ ലോകതുണി വ്യവസായ മേഖലയില്‍ നിലനിന്ന ക്വോട്ട സമ്പ്രദായം പടിപടിയായി അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഇത് പുതിയ വിപണികള്‍ തുറക്കുന്നതോടൊപ്പം ആഭ്യന്തര വിപണിയിലെ അന്തര്‍ദേശീയമത്സരം വര്‍ധിപ്പിക്കുകയും ചെയ്യും. ആഗോളവത്ക്കരണത്തിന്റേയും സാമ്പത്തിക ഉദാരവത്ക്കരണത്തിന്റേയും ഫലമായി, ഇന്ത്യന്‍ തുണിവിപണിയിലേക്ക് വിദേശ ബഹുരാഷ്ട്ര കമ്പനികള്‍ വന്‍തോതില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. റെഡിമെയ്ഡ് വിപണിയില്‍ അനവധി വിദേശ ബ്രാന്‍ഡുകള്‍ രംഗപ്രവേശം ചെയ്തിട്ടുണ്ട്. ഇത് ആഭ്യന്തര റെഡിമെയ്ഡ് നിര്‍മാതാക്കളെ ലോകനിലവാരത്തിലുള്ള മത്സരത്തിന് നിര്‍ബന്ധിതരാക്കിയിരിക്കുകയാണ്. അനവധി ഇന്ത്യന്‍ കമ്പനികള്‍ വിദേശ കമ്പനികളുമായി സംയുക്ത സംരംഭങ്ങളില്‍ ഏര്‍പ്പെടുകയും വിദേശ ബ്രാന്‍ഡുകള്‍ ആഭ്യന്തരമായി നിര്‍മിച്ചു വില്ക്കുകയും ചെയ്യുന്നുണ്ട്. ഇന്ത്യയുടെ പരുത്തിത്തുണിയുത്പന്നങ്ങള്‍ക്ക് ലോകവിപണിയില്‍ ഇപ്പോഴും നല്ല ചോദനമാണുള്ളത്. ആഭ്യന്തര വിപണിയിലും പരുത്തിത്തുണി ഉത്പന്നങ്ങളുടെ ചോദനം ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്. ഇതിന്റെയൊക്കെ ഫലമായി ഇന്ത്യന്‍ നിര്‍മിത വസ്ത്രങ്ങള്‍ക്ക്, പ്രത്യേകിച്ചും ഹോസിയറി ചരക്കുകള്‍ക്ക് ആഗോള വിപണിയില്‍ പ്രിയം കൂടിവരുന്നു.

വന്‍കിട നിര്‍മാതാക്കള്‍ക്കു പുറമേ, ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ചിതറിക്കിടക്കുന്ന കൈത്തറി മേഖലയ്ക്ക് തുണിവ്യവ സായമേഖലയില്‍ നിര്‍ണായക പങ്കുണ്ട്. തുണിവ്യവസായ മേഖലയില്‍ ജോലി ചെയ്യുന്നവരില്‍ ഭൂരിഭാഗവും ചെറുകിട-കൈത്തറി മേഖലകളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. കൈത്തറിമേഖലയില്‍ ഖാദി ഉത്പന്നങ്ങള്‍ക്ക് നല്ല വിപണിയാണുള്ളത്. ഈ മേഖലയ്ക്ക് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ വന്‍തോതിലുള്ള പ്രോത്സാഹനം നല്കുന്നുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍