This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തുര്‍ക്കി നാടകവേദി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:56, 5 ജൂലൈ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

തുര്‍ക്കി നാടകവേദി

ഒരു നാടകവേദി. 16-ാം ശ.-ത്തിലെ മംഗോള്‍ ആക്രമണത്തെത്തുടര്‍ന്ന് തുര്‍ക്കിയില്‍ ഒട്ടോമന്‍ സാമ്രാജ്യം നിലവില്‍ വന്നു. ഇക്കാലത്തെ സുല്‍ത്താന്മാര്‍ കലകളെ പ്രോത്സാഹിപ്പിക്കുന്നതില്‍ അതീവ താത്പര്യം പ്രദര്‍ശിപ്പിച്ചിരുന്നു. പാവനാടകമാണ് ഇക്കാലത്ത് ഏറെ പ്രചരിച്ചത്. ഇതിലെ ഹാസ്യകഥാപാത്രമായ കരഗോസ് കാണികളെ ഏറെ ആകര്‍ഷിച്ചിരന്നു. 17-ാം ശ.-ത്തിലെ തുര്‍ക്കി സഞ്ചാരിയായ എവ്ലിയ ചെലബി രചിച്ച ബുക്ക് ഒഫ് ട്രാവല്‍സ് എന്ന കൃതിയില്‍ കരഗോസിന്റെ വിശദമായ വിവരണം നല്‍കുന്നു. പ്രസിദ്ധ പാവനാടകകാരനായ മെഹ്മെദ് ചെലബിയെക്കുറിച്ചും പരാമര്‍ശമുണ്ട്. സുല്‍ത്താന്‍ മുറാദ് നാലാമന്റെ കൊട്ടാരത്തില്‍ ചെലബി പാവനാടക പ്രദര്‍ശനം നടത്തിയിരുന്നു. സുല്‍ത്താന്‍ ഇബ്രാഹിമിന്റെ ഭരണകാലത്താണ് (1640-48) പാവനാടകം ഏറ്റവുമധികം പ്രചാരം നേടിയത്. പില്ക്കാലത്ത് കോഫി ഹൗസുകളിലും മറ്റും പ്രദര്‍ശിപ്പിക്കാനാരംഭിച്ച പാവ നാടകം ബഹുജനങ്ങളുടെ കലാരൂപമായി മാറി.

ഹാസ്യത്തിലും അനുകരണത്തിലും മുന്നിട്ടു നിന്ന മെഡാസുകളാണ് നാടകവേദിയെ പരിപോഷിപ്പിച്ച മറ്റൊരു കൂട്ടര്‍. രാഷ്ട്രീയ സംഭവങ്ങളെ പരിഹാസ വിധേയമാക്കിയതിനാല്‍ ഇവര്‍ക്ക് ഭരണകൂടത്തിന്റെ സെന്‍സറിങ് നേരിടേണ്ടി വന്നു. സുല്‍ത്താന്‍ എന്ന പദം ഉപയോഗിക്കാനോ കലഹങ്ങള്‍ അവതരിപ്പിക്കാനോ അവരെ അനുവദിച്ചിരുന്നില്ല. മതപുരോഹിതരെ കളിയാക്കുന്നതില്‍ നിന്നും അവരെ വിലക്കിയിരുന്നു. വലിയ പട്ടണങ്ങളിലെ കോഫി ഹൌസുകളിലാണ് മെഡാസുവിന്റെ പ്രദര്‍ശനം നടന്നിരുന്നത്.

ഒട്ടോമന്‍ സാമ്രാജ്യകാലത്ത് രൂപംകൊണ്ട ഒര്‍ട്ടാഒയ്നു എന്ന നാടകരൂപം സാമൂഹിക പ്രശ്നങ്ങള്‍ പ്രതിഫലിപ്പിച്ചിരുന്നു. വിവിധ വിഭാഗങ്ങളുടെ സംഭാഷണ ശൈലിയും പെരുമാറ്റ രീതിയുമെല്ലാം അനുകരിച്ച് അവരെ കളിയാക്കുന്നതില്‍ പ്രഗല്ഭരായിരുന്നു ഒര്‍ട്ടാഒയ്നു അഭിനേതാക്കള്‍. വിശേഷ വേളകളില്‍ നാടകം നടത്തുവാനായി സുല്‍ത്താന്‍ ഒരു നാടകട്രൂപ്പിനെ കൊട്ടാരത്തില്‍ തന്നെ താമസിപ്പിച്ചിരുന്നു. യുദ്ധം നടക്കുന്ന വേളകളില്‍ പിരിമുറുക്കം ഇല്ലാതാക്കുവാനായി ഇവരെ ഉപയോഗപ്പെടുത്തിയിരുന്നു.

19-ാം ശ.-ത്തില്‍ പാശ്ചാത്യ സംസ്കാരത്തിന്റെ സ്വാധീനം തുര്‍ക്കി നാടകവേദിയിലും പ്രകടമായി. 18-ാം ശ.-ത്തില്‍ യൂറോപ്പില്‍ പര്യടനം നടത്തിയ മധ്യപൂര്‍വേഷ്യക്കാരാണ് അവിടത്തെ നാടകവേദിയില്‍ ആകൃഷ്ടരായത്. യൂറോപ്യന്‍ രീതിയിലുള്ള നാടകങ്ങള്‍ സ്വന്തം നാട്ടിലും അവതരിപ്പിക്കാനുള്ള ശ്രമം അവര്‍ നടത്തി. 1846-ല്‍ ഇറ്റലി സന്ദര്‍ശിച്ച മറൂണ്‍മിഖയേല്‍ അല്‍നക്കാഷ് എന്ന കലാകാരന്‍ ഇറ്റാലിയന്‍ മാതൃകയിലുള്ള ഒരു നാടകം അറബി ഭാഷയില്‍ അവതരിപ്പിച്ചു. അല്‍ ബവില്‍ (പിശുക്കന്‍) എന്ന പേരില്‍ 1847-ലാണ് ഈ നാടകം തുര്‍ക്കിയില്‍ അവതരിപ്പിച്ചത്. മോളിയെയുടെ ഒരു നാടകത്തെ ആധാരമാക്കിയായിരുന്നു ഇതിന്റെ രചന. ഈ നാടകത്തിന്റെ വിജയത്തെത്തുടര്‍ന്ന് അബുഅല്‍ ഹസന്‍ അന്‍മുഖഫല്‍ ദ ഹാറൂണ്‍ അല്‍ റഷീദ് എന്ന പേരില്‍ മറ്റൊരു നാടകം കൂടി ഇദ്ദേഹം അവതരിപ്പിക്കുകയുണ്ടായി. ആയിരത്തി ഒന്നു രാവുകളിലെ ഒരു കഥയാണ് ഇതിനുവേണ്ടി സ്വീകരിച്ചത്. സാങ്കേതികത്തികവില്ലെങ്കിലും കലാമൂല്യമേറിയ ഒരു നാടകമാണിതെന്ന് അന്നത്തെ ബ്രിട്ടിഷ് സഞ്ചാരിയായ ഡേവിഡ് അര്‍ക്ക്ഹാര്‍ട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. ഈ നാടകങ്ങളുടെ വിജയത്തെത്തുടര്‍ന്ന് സ്വന്തമായ ഒരു നാടകവേദി ഒരുക്കിയ നക്കാഷ് 1851-ല്‍ മൂന്നാമത്തെ നാടകമായ അല്‍സലീറ്റ് അല്‍ഹസൂദ് അവതരിപ്പിച്ചു. തനിമയാര്‍ന്ന നാടകമായി വിശേഷിപ്പിക്കാമെങ്കിലും മോളിയെയുടെ ടര്‍ടൂഫ് എന്ന നാടകത്തിന്റെ സ്വാധീനം ഇതില്‍ പ്രകടമാണ്.

പാശ്ചാത്യ മാതൃകയിലുള്ള നാടകവേദി തുര്‍ക്കിയില്‍ ആദ്യമായി സ്ഥാപിച്ചത് അര്‍മേനിയന്‍ സമൂഹമാണ്. ഇവര്‍ക്ക് തുര്‍ക്കികളോടുള്ളതിനേക്കാള്‍ അടുപ്പം യൂറോപ്പുകാരോടായിരുന്നു. പാശ്ചാത്യ മാതൃകയിലുള്ള നാടകവേദിയുടെ ഉപജ്ഞാതാവായി അറിയപ്പെടുന്നത് അഗോപ് വര്‍ടോവ്യന്‍ എന്ന അര്‍മേനിയക്കാരനാണ്. ഗുല്ല അഗോപ് എന്ന പേരിലാണ് പില്ക്കാലത്ത് ഇദ്ദേഹം അറിയപ്പെട്ടത്. ഒട്ടോമന്‍ തിയെറ്റര്‍ കമ്പനിക്ക് അഗോപ് രൂപം നല്‍കി. ഫ്രഞ്ച് ഭാഷയില്‍ നിന്ന് തുര്‍ക്കി ഭാഷയിലേക്ക് പരിഭാഷപ്പെടുത്തിയ സീസര്‍ ബോര്‍ഗിയ (1868) ആയിരുന്നു ആദ്യമായി അവതരിപ്പിച്ച നാടകം. ഇതേത്തുടര്‍ന്ന് മുസ്തഫ എഫെന്‍റ്റി രചിച്ച ഒരു ദുരന്തനാടകം 1869-ല്‍ അവതരിപ്പിച്ചു. മധ്യപൂര്‍വേഷ്യന്‍ സാഹിത്യത്തിലെ പ്രസിദ്ധിയാര്‍ജിച്ച ലെയ്ലാവിമെക്നന്‍ എന്ന കാല്പനിക കഥയാണ് ഈ നാടകത്തിലെ പ്രതിപാദ്യം. ഈ നാടകം വമ്പിച്ച വിജയമായിരുന്നു. ഇസ്താന്‍ബൂളിലെ നാടകവേദി ഒരു ദശകക്കാലം ഗുല്ലയുടെ കുത്തകയായിരുന്നതിനാല്‍ മറ്റൊരു ഗ്രൂപ്പും ശക്തമായി മുന്നോട്ടു വന്നില്ല. ബര്‍സാനാടകവേദിക്ക് രൂപം നല്‍കിയ അഹ്മദ് വെഫിക്പഷ അക്കാലത്ത് മോളിയെയുടെ മിക്ക നാടകങ്ങളും തുര്‍ക്കി ഭാഷയിലേക്ക് പരിഭാഷപ്പെടുത്തി രംഗത്ത് അവതരിപ്പിച്ചു. 20-ാം ശ.-ത്തില്‍ പരമ്പരാഗത നാടകരൂപങ്ങള്‍ക്ക് പ്രസക്തി കുറഞ്ഞുവെങ്കിലും മധ്യപൂര്‍വേഷ്യയിലേയും ഉത്തര ആഫ്രിക്കയിലേയും നാടകവേദികളുടെ വളര്‍ച്ചയെ അവ സ്വാധീനിച്ചിട്ടുണ്ട്.

ഇസ്ളാം മതത്തില്‍ അധിഷ്ഠിതമായ എവിക് തിയെറ്ററാണ് തസിയ. ഇറാനിലാണ് ഏറെ പ്രചരിച്ചതെങ്കിലും തുര്‍ക്കിയിലും തസിയ ജനശ്രദ്ധ ആകര്‍ഷിച്ചു. ഹൊസിനി എന്നറിയപ്പെടുന്ന പ്രത്യേക മന്ദിരങ്ങളിലാണ് തസിയ അവതരിപ്പിക്കുന്നത്. മുഹറം മാസവുമായി ബന്ധപ്പെട്ടാണ് ഈ നാടകം അവതരിപ്പിക്കാറുള്ളത്. ഒരു വിലാപകര്‍മമായി അവതരിപ്പിക്കുന്ന തസിയ ചിലപ്പോള്‍ പകല്‍സമയം മുഴുവന്‍ നീണ്ടുനില്‍ക്കാറുണ്ട്. അത്തരം സന്ദര്‍ഭങ്ങളില്‍ കാണികള്‍ക്ക് ഉച്ചഭക്ഷണം നല്‍കുന്നു. നല്ല കഥാപാത്രങ്ങള്‍ പച്ചവേഷത്തിലും ദുഷ്ടകഥാപാത്രങ്ങള്‍ ചുവന്നവേഷത്തിലുമാണ് പ്രത്യക്ഷപ്പെടുന്നത്. ഇമാം ഹുസൈന്റെ ബന്ധുക്കളായ നല്ല കഥാപാത്രങ്ങള്‍ ക്ളാസ്സിക്കല്‍ പേര്‍ഷ്യനിലാണ് ആശയവിനിമയം നടത്തുന്നത്. സ്ത്രീകളുടെ ഭാഗം പുരുഷന്മാരാണ് അഭിനയിക്കുന്നത്. പില്ക്കാലത്ത് തസിയയുടെ പ്രതിപാദ്യമായി രാഷ്ട്രീയസംഭവങ്ങളും ഉള്‍പ്പെടുത്തി. മോസസിന്റേയും ഷീബാരാജകുമാരിയുടേയും മറ്റും കഥകളും തസിയകളില്‍ അവതരിപ്പിക്കപ്പെട്ടു. എങ്കിലും 20-ാം ശ.-ത്തില്‍ തസിയയുടെ പ്രസക്തി നഷ്ടപ്പെടുകയാണുണ്ടായത്.

ഒന്നാം ലോകയുദ്ധത്തിനു ശേഷം തുര്‍ക്കിയില്‍ പരമ്പരാഗത നാടകവേദി തകര്‍ച്ച നേരിടുകയും നാഷണല്‍ തിയെറ്ററുകള്‍ ഉടലെടുക്കുകയും ചെയ്തു. പാശ്ചാത്യ സ്വാധീനമാണ് നാഷണല്‍ തിയെറ്ററുകളുടെ വളര്‍ച്ചക്ക് കളമൊരുക്കിയത്. ജനവികാരം പ്രതിഫലിപ്പിക്കുന്ന രാഷ്ട്രീയ നാടകങ്ങള്‍ക്ക് പ്രാമുഖ്യം ലഭിച്ചു തുടങ്ങി. ജനഹൃദയങ്ങളില്‍ രാഷ്ട്രീയ ബോധം ഉണര്‍ത്തണമെന്ന ഉദ്ദേശ്യത്തോടെ നാടകരചന നടത്തിയ നമിക് കെമാല്‍ (1840-88) വതന്‍ യഹുത് സിലിസ്ത്രെ (ഫാദര്‍ ലാന്റ് ഓര്‍ സിലിസ്ത്രെ) എന്ന നാടകം അവതരിപ്പിച്ചു. സുല്‍ത്താനെതിരെ ജനവികാരം തിരിച്ചുവിട്ട ഈ നാടകത്തെത്തുടര്‍ന്ന് കെമാല്‍ തടവുകാരനാക്കപ്പെട്ടു. നാടകം നിരോധിക്കുകയും ചെയ്തു. നയതന്ത്രജ്ഞനും കവിയുമായ അബ്ദുല്‍ഹക്ക് ഹമിദ് (1852-1937) ഇരുപതോളം നാടകങ്ങള്‍ രചിച്ചുവെങ്കിലും അവയുടെ രാഷ്ട്രീയസ്വഭാവം കാരണം അവതരിപ്പിക്കപ്പെടുകയുണ്ടായില്ല. സാമൂഹികപരിഷ്കരണം മുന്‍നിര്‍ത്തി പല നാടകകൃത്തുകളും ഇക്കാലത്ത് നാടകം രചിക്കുകയുണ്ടായി. അഹ്മദ് മിതാത്തിന്റെ എയ് വ (1873), സെങ്കി (ഡാന്‍സിങ് ഗേള്‍, 1884) എന്നീ നാടകങ്ങള്‍ ബഹുഭാര്യാത്വത്തിനും അന്ധവിശ്വാസങ്ങള്‍ക്കുമെതിരെ ശബ്ദമുയര്‍ത്തുന്നവയാണ്.

1908-ലെ യുവതുര്‍ക്കി വിപ്ളവത്തിനുശേഷം ദരുല്‍ബദായെ എന്ന പേരില്‍ നാഷണല്‍ തിയെറ്റര്‍ സ്ഥാപിക്കപ്പെട്ടു. യുവകലാ കാരന്മാര്‍ക്ക് പരിശീലനം നല്‍കുന്ന ഒരു സ്ഥാപനമായിരുന്നു ഇത്. 1918-ല്‍ ആദ്യത്തെ വനിതാവിദ്യാര്‍ഥിക്ക് പ്രവേശനം നല്‍കി. നാടകവേദിയില്‍ വനിതകള്‍ പ്രവേശിക്കുന്നതിനെ ജനങ്ങള്‍ എതിര്‍ത്തിരുന്നുവെങ്കിലും ക്രമേണ എതിര്‍പ്പ് കുറയുകയും 1920-കളില്‍ വനിതകള്‍ക്ക് അഭിനയിക്കുവാന്‍ അവസരം ലഭിക്കുകയും ചെയ്തു.

ആധുനിക തുര്‍ക്കി നാടകവേദിയുടെ പിതാവായി അറിയപ്പെ ടുന്ന മുഹ്സിന്‍ എര്‍ത്തുഗുല്‍ 1908-ലാണ് രംഗപ്രവേശം ചെയ് തത്. ജര്‍മന്‍ സിനിമാ വ്യവസായരംഗത്ത് പരിശീലനം ലഭിച്ച മുഹ്സിന്‍ 1920-ല്‍ നാഷണല്‍ തിയെറ്ററിന്റെ തലവനായി. 1925-ല്‍ റഷ്യയില്‍ പഠനം നടത്തിയശേഷം തുര്‍ക്കിയിലെത്തിയ മുഹ്സിന്‍ തുര്‍ക്കി നാടകവേദിയില്‍ ആധുനികതയ്ക്ക് കളമൊരുക്കി. നാടക സംവിധാനത്തിലും മറ്റും പുതിയ പരീക്ഷണങ്ങള്‍ നടത്തിയ മുഹ്സിന്‍ തുര്‍ക്കിനാടകങ്ങള്‍ക്കു പുറമേ പാശ്ചാത്യ ക്ളാസിക് നാടകങ്ങള്‍ക്കും രംഗമൊരുക്കി. പുതിയ നാടകരചയിതാക്കളായ മുസാ ഹിപ്സദെ സെലാന്‍, വേദത് നദിംതോര്‍, നസിം ഹിക്മത് മുതലായവരുടെ നാടകങ്ങള്‍ രംഗത്ത് അവതരിപ്പിക്കപ്പെട്ടു.

1930-കളില്‍ പല സ്വകാര്യ നാടകക്കമ്പനികളും രംഗത്തു വന്നു. മില്പിസാഹ്നെ (ദ് നാഷണല്‍ സ്റ്റേജ്), ടര്‍ക്ക് തിയാട്രൊസ (ദ് ടര്‍ണിഷ് തിയെറ്റര്‍), ടര്‍ക്ക് അക്കാദമി തിയട്രൊസു (ദ് ടര്‍ക്കിഷ് അക്കാദമി തിയെറ്റര്‍) എന്നിവ ഇവയിലുള്‍പ്പെടുന്നു. രണ്ടാം ലോകയുദ്ധത്തിനുശേഷം പല ചെറുകിട കമ്പനികളും അരങ്ങേറി. 1951-ല്‍ മുഹ്സിന്‍ നാഷണല്‍ തിയെറ്ററില്‍ നിന്ന് രാജിവയ്ക്കുകയും കു ചുക് സാഹ്നെ (ദ് ലിറ്റില്‍ തിയെറ്റര്‍) എന്ന പേരില്‍ പുതിയ ഒരു കമ്പനി ആരംഭിക്കുകയും ചെയ്തു. 1970-കളില്‍ ഇസ്താന്‍ബൂളില്‍ മാത്രമായി ആറ് മുനിസിപ്പല്‍ തിയെറ്ററുകളും 20 സ്വകാര്യ മുനിസിപ്പല്‍ തിയെറ്ററുകളും നിലവിലുണ്ടായിരുന്നു. തുര്‍ക്കി ഭാഷയില്‍ രചിക്കപ്പെടുന്ന തനതായ നാടകങ്ങള്‍ അവതരിപ്പിക്കുന്നതിലാണ് ഈ കമ്പനികള്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. ലോകയുദ്ധത്തിനു ശേഷമുള്ള കാലയളവില്‍ ഇരുന്നൂറോളം നാടകങ്ങള്‍ തുര്‍ക്കി ഭാഷയില്‍ രചിക്കപ്പെട്ടു. പ്രതിപാദ്യത്തിലും അവതരണത്തിലും വ്യത്യസ്തത പുലര്‍ത്തുന്നവയാണിവ.

ആധുനിക തുര്‍ക്കി നാടകങ്ങളില്‍ പരമ്പരാഗത നാടകങ്ങളുടെ സ്വാധീനം വളരെയേറെ പ്രകടമാണ്. സംഗീതവും നൃത്തവും സമന്വയിപ്പിക്കുന്ന നാടകവേദിയ്ക്കാണ് മുന്‍തൂക്കം ലഭിച്ചിരിക്കുന്നത്. ഓപ്പറൈറ്റ് എന്ന പേരില്‍ ഉടലെടുത്ത സംഗീത നാടകവേദി ഇതിന് ഉദാഹരണമാണ്. ഈ വേദിക്കുവേണ്ടി നാടകരചന നടത്തിയവരില്‍ എക്രം റെഷിദ് റേ, സിമല്‍ റെഷിദ് റേ എന്നിവര്‍ ശ്രദ്ധേയരാണ്. ഈ സഹോദരന്മാര്‍ രചിച്ച ഉക് സാത് (ത്രീ അവേഴ്സ്) ദെലി ദൊലു (ക്രേസി) ലുക്സ് ഹയത് (ഹൈ ലൈഫ്) എന്നീ സംഗീത നാടകങ്ങള്‍ ഏറെ പ്രചാരം നേടി. തുര്‍ക്കിയിലെ സിനിമാവ്യവസായവും ടെലിവിഷനും തുര്‍ക്കിനാടകവേദിയുടെ വളര്‍ച്ചയ്ക്ക് വിഘാതമായിത്തീര്‍ന്നുവെങ്കിലും ആധുനിക തുര്‍ക്കി നാടകവേദിയുടെ മുന്നേറ്റത്തിന് അനുയോജ്യമായ ഘടകങ്ങള്‍ ഏറെയാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍