This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
തീയ്ര് ലൂയി അഡോള്‍ഫ് (1797 - 1877)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
തീയ് ര്‍ ലൂയി അഡോള്‍ഫ് (1797 - 1877)
Thiers,Louis Adolphe
ഫ്രഞ്ച് രാജ്യതന്ത്രജ്ഞന്‍. ചരിത്രകാരന്‍ എന്ന നിലയിലും ഖ്യാതി നേടി. 1797 ഏ. 16-ന് മാര്‍സെയിലില്‍ ജനിച്ചു. നിയമത്തില്‍ ബിരുദമെടുത്ത ശേഷം തീയ് ര്‍ പത്രപ്രവര്‍ത്തനരംഗത്തേക്കാണ് ശ്രദ്ധ തിരിച്ചത്. തീയ്റിന്റെ ഹിസ്റ്ററി ഒഫ് ദ് ഫ്രഞ്ച് റവല്യൂഷന്‍ എന്ന ഗ്രന്ഥമാണ് ഫ്രഞ്ച് ചരിത്രശാഖയില്‍ ഇദ്ദേഹത്തിന് പ്രധാന സ്ഥാനം നേടിക്കൊടുത്തത്. ബോര്‍ബോണ്‍ രാജവംശത്തിനെതിരെ പരോക്ഷ വിമര്‍ശനങ്ങള്‍ അടങ്ങിയ ഈ ഗ്രന്ഥം ജനശ്രദ്ധ ആകര്‍ഷിച്ചു. 1830-ല്‍ ഇദ്ദേഹം സ്ഥാപിച്ച നാഷണല്‍ പത്രം ബോര്‍ബോണ്‍ രാജാവായ ചാള്‍സ് X-ന്റെ ജനാധിപത്യവിരുദ്ധ നയങ്ങള്‍ക്കെതിരെ ജനവികാരം രൂപപ്പെടുത്തുന്നതില്‍ സുപ്രധാന പങ്കാണ് വഹിച്ചത്. ചാള്‍സ് X-നെ പുറത്താക്കിയ ജൂല. വിപ്ലവത്തിനു വേണ്ട എല്ലാ ബൗദ്ധിക പിന്തുണയും ഈ പത്രം നല്കുകയുണ്ടായി. ചാള്‍സ് X-ന്റെ ബന്ധുവായ ലൂയി ഫിലിപ്പിനെ അടുത്ത രാജാവായി അവരോധിച്ചതില്‍ തീയ്റിന് നിര്‍ണായക പങ്കുണ്ടായിരുന്നു. ലൂയി ഫിലിപ്പിന്റെ ക്യാബിനറ്റില്‍ ചേര്‍ന്ന ഇദ്ദേഹം 1836-ല്‍ പ്രധാനമന്ത്രിയായി. എന്നാല്‍ ഫിലിപ്പിന്റെ വിദേശ നയത്തോടുള്ള വിയോജിപ്പുമൂലം പ്രധാനമന്ത്രിപദത്തില്‍ നിന്നു രാജിവച്ച (1840) തീയ് ര്‍ കുറച്ചുകാലം ചരിത്രരചനയില്‍ മുഴുകി. ഈ കാലയളവില്‍ ഇദ്ദേഹം രചിച്ച ഹിസ്റ്ററി ഒഫ് ദ് കണ്‍സുലേറ്റ് ആന്‍ഡ് ദി എമ്പയര്‍ എന്ന ഗ്രന്ഥം നെപ്പോളിയനെ അതുല്യനായി ചിത്രീകരിച്ചു. 1848-ലെ വിപ്ലവത്തിനു ശേഷം അധികാരത്തിലേറിയ നെപ്പോളിയന്‍ മൂന്നാമനനുകൂലമായി പൊതുജനാഭിപ്രായം ഉരുത്തിരിയുന്നതിന് ഈ ഗ്രന്ഥം ഏറെ സഹായകമായി.
1848-ലെ വിപ്ലവത്തെത്തുടര്‍ന്ന് ലൂയി ഫിലിപ്പ് രാജിവയ്ക്കുകയും 'രണ്ടാം റിപ്പബ്ലിക്' നിലവില്‍ വരുകയും ചെയ്തു. രണ്ടാം റിപ്പബ്ലിക്കിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട നെപ്പോളിയന്‍ III-നെ തീയ് ര്‍ പിന്തുണച്ചെങ്കിലും 1851-ല്‍ അട്ടിമറിയിലൂടെ ഭരണഘടനാനുസൃതമായ ഗവണ്‍മെന്റിനെ നെപ്പോളിയന്‍ പുറത്താക്കിയതിനെ ഇദ്ദേഹം ശക്തമായി എതിര്‍ത്തു. ഇതിന്റെ പേരില്‍ ഇദ്ദേഹം നാടുകടത്തപ്പെട്ടു. 1852-ല്‍ ഇദ്ദേഹം പാരിസില്‍ മടങ്ങിയെത്തി വീണ്ടും രാഷ്ട്രീയത്തില്‍ സജീവമായി പ്രവര്‍ത്തിച്ചു.
1870-ല്‍ ഫ്രാന്‍സ് പ്രഷ്യയുമായി യുദ്ധത്തിനൊരുമ്പെട്ടതിനെ തീയ് ര്‍ ശക്തമായി എതിര്‍ക്കുകയുണ്ടായി. പ്രഷ്യയുമായുള്ള യുദ്ധത്തില്‍ ഫ്രാന്‍സിനുണ്ടായ അപമാനകരമായ തോല്‍വി നെപ്പോളിയന്റെ പതനത്തിലാണ് കലാശിച്ചത്. തുടര്‍ന്നു സ്ഥാപിതമായ നാഷണല്‍ അസംബ്ലിയുടെ ഡെപ്യൂട്ടി എന്ന നിലയില്‍ തീയ്ര്‍ പ്രഷ്യയുമായി സന്ധിക്കു മുതിര്‍ന്നു (1871 മാര്‍ച്ച്). പ്രഷ്യയുമായി സന്ധി ചെയ്ത നാഷണല്‍ അസംബ്ലിയുടെ നടപടിയില്‍ അതൃപ്തരായ ഒരു വിഭാഗം രൂപവത്കരിച്ച പാരിസ് കമ്യൂണ്‍ എന്ന വിപ്ലവ ഗവണ്‍മെന്റിനെ ഇദ്ദേഹം സൈനികമായി അടിച്ചമര്‍ത്തി (1871 ജൂല.). ആഗ.-ല്‍ ഇദ്ദേഹം റിപ്പബ്ലിക്കിന്റെ പ്രസിഡന്റായി. 1873-ലെ തെരഞ്ഞെടുപ്പില്‍ മൊണാര്‍ക്കിസ്റ്റുകള്‍ ഭൂരിപക്ഷം നേടിയ സാഹചര്യത്തില്‍ ഇദ്ദേഹം രാജിവച്ചു. 1877 സെപ്. 3-ന് ഇദ്ദേഹം അന്തരിച്ചു.