This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
തിരുനന്തിക്കര ശാസനങ്ങള്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
തിരുനന്തിക്കര ശാസനങ്ങള്‍
തിരുനന്തിക്കരയെ സംബന്ധിക്കുന്ന ചെമ്പു പട്ടയവും ശിലാശാസനങ്ങളും. ഇവയില്‍ ആദ്യത്തേത് വിക്രമാദിത്യ വരഗുണന്‍ എന്ന ആയ് രാജാവ് തന്റെ എട്ടാം ഭരണ വര്‍ഷത്തില്‍ (992) തെങ്ങനാട്ടു കിഴവന്‍ ചാത്തന്‍ മുരുകന്റെ മകള്‍ മുരുകന്‍ ചേന്തിയെ 'തിരുവടിച്ചാര്‍ത്തിയ' ശേഷം അവളുടെ ചെലവിനായി ഒട്ടേറെ കൃഷിഭൂമി ദാനമായി നല്കുന്ന ചെപ്പേടാണ്. തിരുവടിച്ചാര്‍ത്തുക എന്നത് ഭാര്യയായി സ്വീകരിച്ചുവെന്നോ തിരുനന്തിക്കര ദേവന്റെ ദാസിയായി നിയമിച്ചുവെന്നോ അര്‍ഥമാകാം. തെങ്ങനാട് നെയ്യാറിനും കരമനയാറിനും ഇടയ്ക്കുള്ള ഭൂവിഭാഗമാണ്. കിഴവന്‍ എന്നത് ഭരണാധികാരിയാണ്.
ക്ഷേത്ര ശിലാശാസനമാണ് രണ്ടാമത്തേത്. കുലശേഖരദേവന്റെ മകളും വിജയരാഗദേവന്റെ ഭാര്യയുമായ കിഴാനടികള്‍ തിരുനന്തിക്കര ഭട്ടാരകന് കെടാവിളക്കിനുവേണ്ടി മുപ്പതു കഴഞ്ച് നല്ല സ്വര്‍ണം നല്കിയതായി രേഖപ്പെടുത്തുന്നതാണ് ലിഖിതം. പൌരജനങ്ങളും തളിയാഴ്വാനും ക്ഷേത്ര ഭരണാധികാരികളും ക്ഷേത്രത്തിന്റെ മാടക്കോവിലില്‍ കൂടിയിരുന്നതായി പ്രസ്താവമുണ്ട്. കൊടുങ്ങല്ലൂരെ ചേര രാജാവാണ് കുലശേഖരന്‍. താണുരവിപ്പെരുമാളുടെ കാലത്ത് വിജയരാഗദേവന്‍ കോയിലധികാരികളായിരുന്നുവെന്ന് കൊല്ലം തരിസ്സാപ്പള്ളി ശാസനത്തില്‍ പറയുന്നുണ്ട്. വിജയരാഗദേവന്റെ മകള്‍ ഇരവിനീലി 936-ല്‍ മദ്രാസിനു സമീപത്തുള്ള തിരുവൊറ്റിയൂര്‍ ശിവക്ഷേത്രത്തിന് വാടാവിളക്കിന് മുപ്പതു കഴഞ്ചു സ്വര്‍ണം നല്കിയതായി ആ ക്ഷേത്രത്തില്‍ ലിഖിതമുണ്ട്. കിഴാനടികളുടെ തിരുനന്തിക്കര ശാസനം 10-ാം ശ.-ത്തിന്റെ ആദ്യ ദശകത്തിലേതായിരിക്കാമെന്നു കരുതപ്പെടുന്നു.
രാജരാജ ചോളന്റെ 18-ാം ഭരണ വര്‍ഷത്തിലുള്ള(1003)താണ് തിരുനന്തിക്കര ക്ഷേത്രത്തിലെ മറ്റൊരു ശിലാശാസനം. ആണ്ടുതോറും അല്പശി മാസത്തിലെ ചതയ നക്ഷത്രത്തില്‍ ആറാട്ടോടുകൂടി അവസാനിക്കുന്ന ഉത്സവം നടത്തുവാനും രാജരാജന്റെ പേരില്‍ ഒരു വാടാവിളക്ക് കത്തിക്കുവാനും ആവശ്യമായ ചെലവിനുവേണ്ടി കന്യാകുമാരിക്കു സമീപമുള്ള മുട്ടം എന്ന ഗ്രാമം ദേവദാനമായി നല്‍കുന്നതുമാണ് ശാസനവിഷയം. അല്പശി മാസത്തിലെ ചതയമാണ് രാജരാജന്റെ ജന്മനക്ഷത്രം. ദേവദാനമായി നല്കിയ മുട്ടം ഗ്രാമത്തിന് മമ്മുടി ചോളനല്ലൂര്‍ എന്ന പേരു നല്കി. രാജരാജന്റെ അപദാനങ്ങള്‍ ശാസനത്തില്‍ വിവരിച്ചിട്ടുണ്ട്. രാജരാജന്റെ അതിവിശാലമായ സാമ്രാജ്യത്തില്‍ ധാരാളം ക്ഷേത്രങ്ങളുള്ളപ്പോള്‍ അദ്ദേഹത്തിന്റെ ജന്മദിനം ആഘോഷിക്കുവാന്‍ കുഗ്രാമത്തിലുള്ള തിരുനന്തിക്കര ക്ഷേത്രം എന്തിനു തിരഞ്ഞെടുത്തു എന്ന് ചോദ്യം ചെയ്യപ്പെടുന്നുണ്ട്. രാജരാജന്റെ മാതാവ് ചേരവംശജയാണ്. ചേരവംശത്തിലെ കിഴാനടികള്‍ തിരുനന്തിക്കര ക്ഷേത്രത്തിനു വാടാവിളക്കു കത്തിക്കുവാന്‍ സ്വര്‍ണം ദാനം ചെയ്തു എന്നതില്‍ നിന്നും തെക്കന്‍ തിരുവിതാംകൂറില്‍ ഒരു ചേര ശാഖ ഉണ്ടായിരുന്നു എന്ന വസ്തുത തെളിയുന്നു.
തിരുനന്തിക്കരയിലെ പൌരമുഖ്യന്മാരും തളിയാഴ്വാനും ചേര്‍ന്ന് തിരുനന്തിക്കര ഗണപതിക്ക് ഭൂദാനം ചെയ്യുന്നതാണ് മറ്റൊരു ശാസനം. ഭൂമിയുടെ അതിരുകള്‍ പറയുന്നുണ്ട്. ഭൂമിക്ക് ശ്രീ നന്ദിമംഗലം എന്ന് പേരും നല്കുന്നു. നാഞ്ചിനാട്ടുവേക്കോട്ടുമലയില്‍ ശിത്തുക്കുട്ടി അമ്പി എന്ന അഞ്ഞൂറ്റുവ മുത്തരയന്‍ വാടാവിളക്കിനായി ഒരു വിളക്കും അതു ദിവസവും നെയ്യില്‍ കത്തിക്കുവാന്‍ ഒമ്പതു വലിയ എരുമകളേയും നല്കുന്നതാണ് മറ്റൊരു ശാസനം. ഈ രണ്ടു ശാസനങ്ങളുടേയും കാലം പറഞ്ഞിട്ടുള്ളത് പ്രത്യേക രീതിയിലാണ്. ആദ്യത്തേത് 'തലക്കുളത്തുകലമറ്റയാണ്ട്' എന്നും രണ്ടാമത്തേത് 'കരകണ്ഠീശ്വരത്തു കലമറ്റയാണ്ട്' എന്നുമാണ് പറഞ്ഞിട്ടുള്ളത്. തലക്കുളത്തിലേയും കരകണ്ഠീശ്വരത്തേയും ചാലകള്‍ക്ക് (വിദ്യാപീഠങ്ങള്‍ക്ക്) നല്കിയിരുന്ന ധനസഹായം നിറുത്തിവച്ച വര്‍ഷം എന്നാണ് വിവക്ഷ. 'കല'ത്തിന് 'ശാല' (വിദ്യാപീഠം) എന്നു മാത്രമല്ല, കപ്പല്‍ എന്നുകൂടി അര്‍ഥമുണ്ട്. രാജരാജ ചോളന്‍ കാന്തളൂര്‍ശാല കലമറുത്തതായി 992-ലെ ദര്‍ശനംകോപ്പു ശാസനത്തിലുണ്ട്. കരകണ്ഠീശ്വരത്തേയും തലക്കുളത്തേയും ചാലകളുടെ കലമറുത്തതും ഒരു പക്ഷേ ഇതോടൊപ്പം ആയിരിക്കാം. ആ ചാലകള്‍ക്കു നല്കിയിരുന്ന ഭൂമിയായിരിക്കാം തിരുനന്തിക്കര ക്ഷേത്രത്തിനു നല്കിയത്.
തിരുനന്തിക്കര ക്ഷേത്രത്തിനു സമീപത്തുള്ള ഗുഹാക്ഷേത്രത്തിലാണ് മറ്റൊരു ശിലാശാസനമുള്ളത്. ശാസനകാലം 800-ന് അടുപ്പിച്ചാണെന്നു ഭാഷാരൂപത്തില്‍ നിന്നു മനസ്സിലാക്കാം. മംഗലച്ചേരി നാരായണന്‍ ശിവാകരന്‍ എന്നയാള്‍ തിരുവല്ലാ ഭട്ടാരകനും തിരുനന്തിക്കര ഭട്ടാരകനും ദാനമായി നല്കുന്ന ഭൂമിയുടെ പട്ടികയാണ് ശാസനത്തില്‍. ക്ഷേത്ര ജീവനക്കാരുടെ ശമ്പളം, ബലി, കെടാവിളക്ക് തുടങ്ങിയ കാര്യങ്ങള്‍ക്കുവേണ്ടിയാണ് ധാരാളം ഭൂമി നല്കിയിരിക്കുന്നത് എന്ന് അനുമാനിക്കാം.
(കെ. ശിവശങ്കരന്‍ നായര്‍)