This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

താരാട്ടുപാട്ട്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

07:29, 30 ജൂണ്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

താരാട്ടുപാട്ട്

കുട്ടികളെ തൊട്ടിലാട്ടി ഉറക്കുന്നതിനുള്ള പാട്ടുകള്‍. സാധാരണയായി ഉറക്കുപാട്ടുകളെയെല്ലാം താരാട്ട് എന്നു പറയാറുണ്ട്. കുട്ടികളെ ഉറക്കുന്നതിനായി പരമ്പരാഗതമായി പാടിവരുന്ന (വാമൊഴി) ഗാനങ്ങളെയാണ് താരാട്ടെന്ന് പറഞ്ഞുവരുന്നതെങ്കിലും എഴുതപ്പെട്ടിട്ടുള്ള പാട്ടുകളും താരാട്ടായി പരിഗണിക്കപ്പെടുന്നുണ്ട്. പരമ്പരാഗത താരാട്ടുകള്‍ അധികവും അര്‍ഥത്തേക്കാള്‍ താളപ്രധാനമാണ്. ആധുനിക സാഹിത്യരചനകളായ താരാട്ടുകളാണ് ഇന്ന് പൊതുവേ പാടിവരുന്നത്. താരാട്ടുകളുടെ ഉപയോഗം ഇന്നത്തെ സമൂഹത്തില്‍ കുറഞ്ഞുവരുന്നതായി പറയപ്പെടുന്നു.

പരമ്പരാഗത താരാട്ടുപാട്ടുകള്‍. പരമ്പരാഗത താരാട്ടുകള്‍ കാതോടുകാത് പകര്‍ന്നാണ് നിലനില്ക്കുന്നത്. ഇവയില്‍ മിക്കതിനും രാ-രീരം, വാവാവോ, തുടങ്ങിയ തരത്തിലുള്ള വ്യത്യസ്തമായ വായ്താരികള്‍ ഉണ്ടാകാം. അന്നത്തെ സാമൂഹിക ജീവിതവുമായി ബന്ധപ്പെട്ടതും ചരിത്രപരവുമായ ഒട്ടേറെ വിഷയങ്ങള്‍ ഇവയില്‍ നിഴലിക്കാറുണ്ട്. പല നാടന്‍ താരാട്ടുകളും സാമൂഹിക വ്യവസ്ഥയുമായി ബന്ധപ്പെട്ട വ്യഥകള്‍ പറയുന്നവയാണ്. പാടങ്ങളില്‍ പണിയെടുത്തിരുന്നവരുടേയും അടിമവേല ചെയ്തിരുന്നവരുടേയും താരാട്ടുപാട്ടുകള്‍ അവരുടെ ജീവിതാനുഭവങ്ങള്‍ പ്രതിഫലിപ്പിക്കുന്നവയാണ്.

ഉദാഹരണത്തിന് മധ്യകേരളത്തിലെ ഒരു താരാട്ട്:

'രാരിക്കം രാരാരോ

രേരിക്കം രേരേരേ

മാമ്പറപ്പാടത്തേ നമുക്ക്

പുഞ്ചേ കാവലുണ്ട്

വല്യമാമന്‍ പറഞ്ഞേ

നമ്മള്‍ കൊയ്യാന്‍ ചെല്ലാനേ

മഴ പെയ്യുമ്പോഴേ നമ്മുടെ

കുഞ്ഞുങ്ങളെങ്ങനാടി

ഇടി വെട്ടുമ്പോഴോ നമ്മുടെ

കുഞ്ഞുങ്ങളെങ്ങനാടി'

പഴയകാല സാംസ്കാരികനായകരില്‍ ഒരാളായ പൊയ്കയില്‍ യോഹന്നാന്‍ പാടിയ ഒരു പാട്ടില്‍ കേരളത്തിലെ അധഃകൃത വിഭാഗങ്ങള്‍ അനുഭവിച്ചിരുന്ന ദുഃഖവും ദുരിതവും ദാരിദ്യ്രവും സംബന്ധിച്ച സൂചനകള്‍ ഉള്ളതായി കാണാം.

'മാനത്ത് ചുറ്റിപറക്കുന്ന പരുന്തേ

എന്റെ കുഞ്ഞിന്റെ കണ്ണിലൊരു

കുഞ്ഞുറക്കം തരണേ

തന്നാന്നോ താനാ തിനന്തിനം താരോ

തന്നാന്നോ താനാ തിനന്തിനം താരോ

എരിതാഹമടക്കാന്‍ ഒരു വഴിയില്ല പരുന്തേ

കൂവാതെ കരയാതെയിരിയോ എന്റെ കുഞ്ഞേ

നീ പോകണ ദിക്കുദേശത്തെന്റെപ്പനെ-

യെങ്ങാന്‍ കണ്ടാല്‍

ഒരു വാമൊഴി കേട്ടേക്കണമമ്മയും പോയ് തിന്താരാ'

കേരളത്തിലെ ആദിവാസി ഗോത്രങ്ങള്‍ക്കിടയില്‍ ഒട്ടേറെ താരാട്ടുപാട്ടുകള്‍ നിലവിലുണ്ട്. അവയുടെ ഭാഷയിലും ഈണത്തിലും സാഹിത്യത്തിലും ആദിവാസി ജീവിതത്തിന്റെ പ്രതിഫലനം കാണാന്‍ കഴിയും. വയനാട്ടിലെ അടിയാന്‍ എന്ന ഗോത്രത്തിന്റെ ഒരു താരാട്ടുപാട്ട് ഇതിനുദാഹരണമാണ്:

'ഉറാങ്കിക്കോഗു മോളേ നീയു

ഉറാങ്കിക്കോഗു മോളേ

അപ്പെനിലാമാ തോക്കുകാറെ

ബെടിക്കാറെനോ

അമ്മേലാമാ കരിഞണ്ടിന്റെ

കൊമ്പു കുണ്ടാവോ

മോളു നീയു ഉറാങ്കിക്കോത്താമാ

തിരുവാളതന്റ തോശ്ശെണ

പുള്ളെക്കുമൊന്റു അമ്മേകുണ്ടാവോ

മോളേ നീയു ഉറാങ്കിക്കോത്താമാ

അപ്പെനിലാമാ കാട്ടിക്കുളചന്തേക്കു

അണ്ടിമു തൂക്കിക്കോണ്ടു പോളാനു

നാളെലാമ ബെള്ളിയാച്ചെ

ശനിയാച്ചെ അന്തിനേരലാവാ

അപ്പനുമുബരുവോ

മോളേ നീയു ഉറാങ്കിക്കോഗു'

കശുവണ്ടി വില്ക്കാന്‍ ചന്തയ്ക്കു പോയിരിക്കുന്ന അച്ഛന്‍ കരിഞണ്ടും കൊണ്ട് ഉടനെയെത്തുമെന്ന് കുട്ടിയെ ആശ്വസിപ്പിച്ച് ഉറക്കാന്‍ അമ്മ ശ്രമിക്കുന്നതാണ് ഈ പാട്ടിന്റെ ഉള്ളടക്കം. ബ്രാഹ്മണസ്ത്രീ തരുന്ന ദോശ ഒന്ന് കുട്ടിക്കു കൊണ്ടു കൊടുക്കാമെന്നും അമ്മ പാടുന്നു. അടിയാന്മാരുടെ ജീവിതം പ്രതിഫലിപ്പിക്കുന്ന ഒന്നാണ് ഈ താരാട്ട്.

കേരളത്തില്‍ നിലനിന്നിരുന്ന താരാട്ടുകളില്‍ പന്ത്രണ്ട് താരാട്ടുകള്‍ പറമ്പില്‍ കുഞ്ഞിക്കുട്ടി സമ്പാദിച്ചു പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവയിലൊന്ന് ഇങ്ങനെയാണ്:

'എന്‍ മകനൊറൊങ്ങങ്ങൊറങ്ങ്

കണ്‍മണി യൊറൊങ്ങൊറങ്ങ്

നേരമൊട്ട് പാതിരായീ

ഭൂത സഞ്ചാരവുമായി

പക്ഷികളൊറക്കമായി

പൊന്‍മകനൊറങ്ങൊറങ്ങൂ'.

എസ്.കെ.പൊറ്റക്കാട് കേരളത്തിലെ പ്രകൃതിഗാനങ്ങള്‍ എന്ന ലേഖനത്തില്‍ ഉദ്ധരിച്ചിരിക്കുന്ന മലബാറിലെ ഒരു താരാട്ട് ഇങ്ങനെ:

'കരയേണ്ട മോളേ വിളിക്കേണ്ട മോളേ

നിന്നെക്കെട്ടും കല്യാണത്തിന്

പന്ത്രണ്ടാന ചമഞ്ഞുവരും പിന്നെ

പിത്തളത്താക്കോലോടി വരും.'

മിക്ക ഭാഷകളിലും സമൂഹങ്ങളിലും താരാട്ടു പാട്ടുകള്‍ ഉണ്ട്. ഉത്തരേന്ത്യയിലെ നാടോടി പാരമ്പര്യത്തില്‍ ഒട്ടേറെ പാട്ടുകള്‍ ഉണ്ട്. പഞ്ചാബി നാടോടി സംഗീതത്തിലെ 'ലോരി'കള്‍ ഈ കൂട്ടത്തിലുള്ളവയാണ്. 'ലോരി'കള്‍ക്ക് പല തരത്തിലുള്ള ഈണങ്ങളുണ്ടെങ്കിലും അവ വളരെ പതിഞ്ഞ താളത്തിലാണ് പാടി വരുന്നത്. സാഹിത്യത്തേക്കാളും ഈണത്തിനാണ് പ്രാധാന്യം കല്പിക്കപ്പെടുന്നത്. കുട്ടികള്‍ ഉറക്കത്തിലേക്കു വീഴുന്നതിനുള്ള അന്തരീക്ഷം സൃഷ്ടിക്കുന്ന ഈണങ്ങളാണ് അവയ്ക്കുള്ളത്. ലോരികളുടെ അവസാനം ഓ.........എന്നോ ഈ...........എന്നോ സ്വരങ്ങള്‍ മൂളാറുണ്ട്.

മലയാള സാഹിത്യത്തിലെ താരാട്ടുകള്‍. മലയാള സാഹിത്യത്തില്‍ ഒട്ടേറെ താരാട്ടുകള്‍ പ്രചാരത്തിലുണ്ടെങ്കിലും ഇരയിമ്മന്‍ തമ്പിയുടെ 'ഓമനത്തിങ്കള്‍ കിടാവോ....' എന്ന താരാട്ടാണ് ഏറ്റവും ജനസമ്മതി നേടിയത്. തിരുവിതാംകൂര്‍ രാജകുടുംബവുമായി ദീര്‍ഘനാളത്തെ ബന്ധമുണ്ടായിരുന്ന ഇരയിമ്മന്‍ തമ്പി കൊട്ടാരത്തില്‍ ജനിച്ച രാജകുമാരനെ പാടിയുറക്കാന്‍ വേണ്ടി രചിച്ചതാണ് ഇതെന്നു കരുതപ്പെടുന്നു. മലയാള സാഹിത്യ ചരിത്രത്തില്‍ സംഗീതമാധുരി കൊണ്ടും കാവ്യഭംഗികൊണ്ടും ഏറെ ശ്രദ്ധേയമായ കവിത എന്ന നിലയില്‍ പരക്കെ അംഗീകാരം നേടിയിട്ടുള്ളതാണ് ഈ രചന:

'ഓമനത്തിങ്കള്‍ കിടാവോ - നല്ല

കോമളത്താമരപ്പൂവോ

പൂവില്‍ നിറഞ്ഞ മധുവോ - പരി

പൂര്‍ണേന്ദു തന്റെ നിലാവോ

പുത്തന്‍ പവിഴക്കൊടിയോ - ചെറു

തത്തകള്‍ കൊഞ്ചും മൊഴിയോ

ചാഞ്ചാടിയാടും മയിലോ - മൃദു

പഞ്ചമം പാടും കുയിലോ

തുള്ളുമിളമാന്‍ കിടാവോ - ശോഭ

കൊള്ളുന്നൊരന്നക്കൊടിയോ

ഈശ്വരന്‍ തന്ന നിധിയോ - പര

മേശ്വരിയേന്തും കിളിയോ.........'

സരസകവിയെന്നറിയപ്പെടുന്ന മൂലൂര്‍ എസ്. പദ്മനാഭപ്പണിക്കര്‍ ചില താരാട്ടുകള്‍ രചിച്ചിട്ടുണ്ട്. ഈശ്വരപ്രാര്‍ഥനയെന്ന നിലയിലുള്ള ഒരു താരാട്ട് ഇങ്ങനെയാണ്:

'ദൈവമേ നിന്റെ കാരുണ്യം - മേന്മേല്‍

കൈവരണം ജഗദീശാ

സര്‍വജഗത്തും രചിച്ചും പിന്നെ

സര്‍വവും കാത്തു സൂക്ഷിച്ചും - നിത്യ

നിര്‍വൃതി തേടുന്ന ദേവാ

അന്നവസ്ത്രാദികളെല്ലാം - ഞങ്ങള്‍

ക്കന്നന്നു നല്‍കിയീവണ്ണം

എന്നുമൊരുപോല്‍ വളര്‍ത്തും - ലോക

മന്നവനങ്ങൊരാള്‍ തന്നെ'

വെണ്‍മണിക്കവികളും താരാട്ടുകള്‍ രചിച്ചിട്ടുണ്ട്. പണ്ഡിറ്റ് കറുപ്പന്‍ രചിച്ച താരാട്ടും പ്രസിദ്ധമാണ്.

ഇരയിമ്മന്‍ തമ്പി

മാപ്പിളസാഹിത്യത്തിലും ഒട്ടേറെ താരാട്ടുപാട്ടുകള്‍ പ്രചാരത്തിലുണ്ട്. ടി.എ.റാബിയയുടെ ഒരു താരാട്ട് ഇങ്ങനെയാണ്:

'എന്നോമ്മല്‍ കുഞ്ഞേ നീ എന്നോമല്‍

കുഞ്ഞേ നീ

എന്നോമല്‍ കുഞ്ഞേയുറങ്ങൂ

താരാട്ടി താലോലം കൊള്ളാം സരസമായ്

നീരാട്ടിച്ചോമനിച്ചുമ്മവെക്കാം

ആരാലണഞ്ഞുപുണര്‍ന്ന നിന്‍ പൂമേനി

നീരാകം പൂണ്ടിങ്ങുറങ്ങികൊള്‍ക.'

കുചേലവൃത്തം, ബാലലീല, രാമായണം തുടങ്ങിയ പല താരാട്ടുകളും പണ്ട് കേരളത്തില്‍ പ്രചാരത്തിലുണ്ടായിരുന്നു. നാടന്‍ താരാട്ടു പാട്ടുകളിലെ ലളിതമായ പദപ്രയോഗത്തിന്റെ സ്ഥാനത്ത് ആധുനിക സാഹിത്യത്തിലെ താരാട്ടുകളില്‍ കുറച്ചു കൂടി സങ്കീര്‍ണമായ പദഘടനയും പ്രാസഭംഗിയും ഉള്ളതായി കാണപ്പെടുന്നു.

താരാട്ടുകള്‍ സിനിമാഗാനങ്ങളില്‍. മലയാള സിനിമാഗാനങ്ങളില്‍ വളരെയധികം താരാട്ടുകള്‍ ഉണ്ട്. വി.ദക്ഷിണാമൂര്‍ത്തി സംഗീതം നല്കിയ സീതയിലെ 'പാട്ടുപാടിയുറക്കാം ഞാന്‍ താമരപൂംപൈതലേ'എന്ന ഗാനം വളരെ പ്രചാരം നേടിയ ഒന്നാണ്.

'ഉണ്ണിയാരാരിരോ, തങ്കമാരാരിരോ,'

'ആരാരോ ആരിരാരോ അച്ഛന്റെ മോനാരാരോ'

'രാരീരാരിരം രാരോ പാടി രാക്കിളിപ്പാടി'

തുടങ്ങിയവ ഉദാഹരണങ്ങളാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍