This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
താജിക് ഭാഷയും സാഹിത്യവും
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
താജിക് ഭാഷയും സാഹിത്യവും
Tadjik language and literature
ഇന്ത്യോ-യൂറോപ്യന്‍ ഗോത്രത്തിലെ ഉപസമൂഹമായ ഇന്ത്യോ- ഇറാനിയനിലെ ഇറാനിയന്‍ ശാഖയില്‍പ്പെടുന്ന ഒരു ഭാഷ. തജി കിസ്താന്‍, ഉസ്ബെക്കിസ്താന്‍, കിര്‍ഗിസ്താന്‍, കസാഖ്സ്താന്‍ എന്നീ റിപ്പബ്ലിക്കുകളിലും ഉത്തര അഫ്ഗാനിസ്താനിലുമായി ഏകദേശം 300 ലക്ഷം പേര്‍ ഈ ഭാഷ സംസാരിക്കുന്നു.
ഭാഷ. താജിക് ഭാഷയ്ക്ക് പ്രധാനമായും നാലു ഭാഷാഭേദങ്ങളുണ്ട്. (1) ഉത്തരവിഭാഗം (2) മധ്യവിഭാഗം അഥവാ അപ്പര്‍സെറാവ്ഷാന്‍ (3) ദക്ഷിണ വിഭാഗം (4) ദക്ഷിണ പൂര്‍വ വിഭാഗം അഥവാ ദര്‍വാസാ വിഭാഗം. ആധുനിക താജിക് ഭാഷയ്ക്ക് അടിത്തറ പാകിയതും സമര്‍കന്ദ്, ബുഖാറ എന്നീ പ്രദേശങ്ങളില്‍ പ്രചാരത്തിലിരിക്കുന്നതുമായ ഭാഷാഭേദമാണ് ഉത്തര വിഭാഗം. കുലിയബ്-കരാ തേഗിന്‍സ്തി, ബദഗ്ഷാന്‍ എന്നീ പ്രദേശങ്ങളില്‍ മധ്യഭേദവും കുലിയാസ്-കരാതേഗിന്‍സ്തി എന്നിവിടങ്ങളില്‍ ദക്ഷിണ ഭാഷാഭേദവുമാണ് സംസാരിക്കുന്നത്.
താജിക് ഭാഷയില്‍ ആറ് സ്വരാക്ഷരങ്ങളും 24 വ്യഞ്ജനാക്ഷര ങ്ങളുമുണ്ട്. അപഗ്രഥനാത്മക (analytic) പ്രത്യയ പ്രധാന (inflectional) ഭാഷയാണിത്. നാമങ്ങളില്‍ ചേര്‍ത്തുവന്നിരുന്ന പ്രത്യയ രൂപങ്ങള്‍ ലോപിച്ച് ഇപ്പോള്‍ വിഭക്തി-ലിംഗ പ്രത്യയങ്ങള്‍ ചേര്‍ക്കാതെതന്നെ നാമങ്ങള്‍ ഉപയോഗിക്കുന്നു. ഒരു വാചകത്തിലെ നാമത്തിന്റെ പ്രയോഗാര്‍ഥം അനുസരിച്ചാണ് വിഭക്തിബന്ധങ്ങള്‍ മനസ്സിലാക്കുന്നത്. അനുപ്രയോഗരൂപേണയുള്ള വിശേഷണങ്ങള്‍ നാമങ്ങളെ സംയോജിപ്പിക്കുന്നു. അപഗ്രഥനാത്മക സ്വഭാവമുള്ള ധാരാളം രൂപങ്ങള്‍ ക്രിയകളില്‍ കാണാം. ക്രിയകളുടെ വിവിധ സ്വഭാവങ്ങള്‍ വിവരിക്കുന്ന നാലു വികാരങ്ങള്‍ (moods) പ്രയോഗത്തിലുണ്ട് - ഇന്‍ഡിക്കേറ്റീവ് (indicative), ഇംപെരറ്റീവ് (imperative), സബ്ജക്റ്റീവ് (subjective), സപ്പോസിഷനല്‍ സബ്ജക്റ്റീവ് (suppositional subjective). സങ്കീര്‍ണമായ കാലസൂചകങ്ങള്‍, പ്രകാര വ്യവസ്ഥ, വ്യത്യസ്ത അര്‍ഥങ്ങളുള്ള സമാസ ക്രിയകള്‍ എന്നിവ താജിക് ക്രിയകളുടെ സവിശേഷതകളാണ്. ഇറാനിയന്‍ ഭാഷകളില്‍ പൊതുവില്‍ ഉപയോഗിക്കുന്ന മൂലപദങ്ങളും അറബിക്, ഉസ്ബെക്, റഷ്യന്‍ എന്നീ ഭാഷകളില്‍ നിന്നു കടമെടുത്തവയുമാണ് ഈ ഭാഷയിലെ പദസമ്പത്ത്.
അറബിക് ലിപിയെ ആധാരമാക്കിയുള്ള ലിപി വ്യവസ്ഥയാണ് ഈ ഭാഷയില്‍ ഉപയോഗിക്കുന്നത്. മുന്‍ സോവിയറ്റ് റഷ്യയില്‍ 1930 മുതല്‍ ലത്തീന്‍ ലിപിയും 40-നുശേഷം സിറിലിക് ലിപിയും പ്രാവര്‍ത്തികമാക്കി. 19-ാം ശ.-ത്തിലാണ് താജിക് ലിഖിതരൂപം ആദ്യമായി പ്രചാരത്തില്‍ വന്നത്.
സാഹിത്യം. പ്രാചീന നാടോടി കവിതകളാണ് താജിക് സാഹിത്യത്തിന് അടിസ്ഥാനം. ഇറാന്‍, അഫ്ഗാനിസ്ഥാന്‍, മധ്യ ഏഷ്യ എന്നിവിടങ്ങളിലെ ലിഖിതങ്ങളില്‍ നാടോടിക്കവിതകളുടെ സ്വാധീനം പ്രകടമാണ്. താജിക്-പേര്‍ഷ്യന്‍ ജനതയ്ക്ക് പൊതുവിലുണ്ടായിരുന്ന ചരിത്രപശ്ചാത്തലം 9-ാം ശ.-ത്തിനും 15-ാം ശ.-ത്തിനുമിടയ്ക്ക് ഫാര്‍സി(ദാരി)യില്‍ എഴുതപ്പെട്ട ക്ലാസിക്കല്‍ സാഹിത്യം, പേര്‍ഷ്യന്‍ - താജിക് അഥവാ പേര്‍ഷ്യന്‍ ഭാഷാസാഹിത്യം എന്ന ഏക വിവക്ഷയ്ക്ക് കാരണമായി.
നാടോടിസാഹിത്യം. 19-ാം ശ.-ത്തിലാണ് നാടോടി സാഹിത്യം ലിഖിതരൂപത്തിലായത്. ഈ കാലയളവില്‍ വളരെ പ്രാചീനമല്ലാത്ത നാടോടിസാഹിത്യത്തെ ആസ്പദമാക്കിയാണ് കൃതികള്‍ രചിക്കപ്പെട്ടതെങ്കിലും പ്രാചീന ഇറാനിയനും മധ്യകാല പേര്‍ഷ്യന്‍-താജിക് സാഹിത്യങ്ങളും താജിക് ജനതയുടെ നാടോടി സാഹിത്യ പാരമ്പര്യം തെളിയിക്കുന്നു. ബി.സി. 1-ാം ശ.-ത്തില്‍ ബാക്ട്രിയന്‍, സോഗ്ദിയന്‍, ഖ്വാറസ്മൈറ്റ്, പാര്‍ഥിയന്‍, സായെക് തുടങ്ങിയ ഇറാനിയന്‍ ജനവിഭാഗങ്ങള്‍ വിശ്വോത്പത്തിയും ദേവോത്പത്തിയും പ്രതിപാദ്യവിഷയമാക്കി മഹാകാവ്യങ്ങള്‍ രചിച്ചു.
ബി.സി. ഒന്ന്, എ.ഡി. ഒന്ന് എന്നീ ശതകങ്ങളുടെ മധ്യത്തില്‍ നാടോടി സാഹിത്യങ്ങള്‍ ചരിത്രയാഥാര്‍ഥ്യങ്ങള്‍ക്ക് പ്രാധാന്യം നല്കിയിരുന്നു. നീതിമാനായ ഒരു ഭരണാധികാരിയുടെ അധീനതയില്‍ ലോകനന്മയും സമത്വവും വിഭാവനം ചെയ്യുന്ന മഹാകാവ്യങ്ങള്‍ രചിക്കപ്പെട്ടു. ഇക്കാലത്ത് ചോമോസ് (Chomos) എന്ന ലഘു കഥാഗാനങ്ങള്‍, അനുഷ്ഠാനഗാനങ്ങള്‍, സാരോപദേശങ്ങള്‍, പഴഞ്ചൊല്ലുകള്‍, സംബോധനാഗീതങ്ങള്‍ തുടങ്ങിയ പുതിയ സാഹിത്യസൃഷ്ടികള്‍ ഉണ്ടായി. 7, 8 എന്നീ ശതകങ്ങളിലെ കാലിഫേറ്റ് ആക്രമണത്തെ തുടര്‍ന്ന് ഇറാനിയന്‍ ലിഖിതസാഹിത്യത്തിന് മങ്ങലേറ്റു. 9-ാം ശ . -ത്തില്‍ വാമൊഴി നാടോടി സാഹിത്യത്തിന്റേയും താജിക് ക്ളാസിക് സാഹിത്യത്തിന്റേയും സംയോജനം ഇരു സാഹിത്യങ്ങളുടേയും പുരോഗതിക്ക് കാരണമായി. പേര്‍ഷ്യന്‍ കവിതകളുടെ പിതാവായി കണക്കാക്കപ്പെടുന്ന അബു അബ്ദുള്ള റുദാക്കി(860-941)യും സമകാലികരും നാടോടിക്കവിതകളില്‍ നിന്ന് ബിംബാവലികള്‍, യക്ഷിക്കഥകള്‍, മഹാകാവ്യങ്ങള്‍, മുഖ്യ പ്രമേയങ്ങള്‍, വിവിധ സാഹിത്യരൂപങ്ങള്‍ എന്നിവ സ്വീകരിച്ച് കൃതികള്‍ രചിച്ചു. പദ്യസാഹിത്യത്തെ മാത്രമല്ല, ഗദ്യസാഹിത്യത്തേയും നാടോടിസാഹിത്യങ്ങള്‍ വളരെ സ്വാധീനിച്ചു.
ബോബോ, യൂറസ്, ഖുദോയോദ്-സൗദേ (1870-1945), ഖിഗ് മത്, റിസോ (1896), യൂസഫ് വഥോ (1882-1945), സയ്ദാലി വാലി-സാദേ (1900-71), ഖമീദ് സയ്ദ് എന്നിവര്‍ 20-ാം ശ.-ത്തിലെ നാടോടികാവ്യ രചയിതാക്കളില്‍ പ്രമുഖരാണ്.
പ്രാചീന സാഹിത്യം. 3-ാം ശ.-ത്തിനുമുമ്പ് ഇറാനിയന്‍ സാഹിത്യത്തിനു സ്വന്തമെന്ന് അവകാശപ്പെടാനുണ്ടായിരുന്ന ലിഖിത സാഹിത്യങ്ങളാണ് 'അക്കെമെനിദ് ക്യൂനിഫോം' ശാസന ങ്ങളും സൊരാഷ്ട്രീയരുടെ വിശുദ്ധ ഗ്രന്ഥമായ അവെസ്തയും. 3-ാം ശ.-ത്തിനും 9-ാം ശ.-ത്തിനുമിടയ്ക്ക് മധ്യപേര്‍ഷ്യന്‍ സാഹി ത്യമായ പഹ്ലവിയും മധ്യ ഇറാനിയന്‍ (പാന്‍ഥിയന്‍, സോഗ്ദിയന്‍, ഖ്വാര്‍ സ്മൈറ്റ്) സാഹിത്യവും പുഷ്ടി പ്രാപിച്ചു. ഈ കാലയളവിലെ രചനകളായ കലീല ആന്‍ഡ് ദിംമ്ന, ഖ്വാതയ് - നമക്, യാദ്ഗര്‍ സറ്റോന്‍, ദ്രാഖ്തി അസുറിക്, ദ് ബുക്ക് ഒഫ് ദ് ഡീഡ്സ് ഒഫ് അര്‍ദാഷിര്‍ പാപകന്‍ എന്നിവ ശ്രദ്ധേയങ്ങളാണ്.
17-ാം ശ.-ത്തിന്റെ മധ്യത്തില്‍, സസ്സാനിദ് ഭരണത്തിനു ശേഷം അറബിക് ഭാഷയുടെ സ്വാധീനം ക്രമാതീതമായി വര്‍ധിക്കുകയും രണ്ടു ശതാബ്ദത്തോളം സാഹിത്യഭാഷയായി അറബിക് ഉപയോഗിക്കാന്‍ ജനങ്ങള്‍ നിര്‍ബന്ധിതരാകുകയും ചെയ്തു. ഇറാനിയന്‍ പ്രാചീന പാരമ്പര്യവും പ്രാദേശിക പ്രശ്നങ്ങളും പ്രതിപാദ്യ വിഷ യമാക്കിയ കൃതികള്‍ പ്രകാശനം ചെയ്യപ്പെട്ടു. അല്‍-ഖുറയ്മി, അല്‍-ബഷാര്‍ ബിന്‍ ബുര്‍ദ് (ചരമം 787), അബൂനുവാസ് (762-815) എന്നിവരുടെ സംഭാവനകള്‍ പ്രശംസ നേടിയിരുന്നു. അറബിക് മൂലഘടകങ്ങള്‍ ഉള്‍ക്കൊള്ളുന്ന മധ്യ ഇറാനിയന്‍ ഭാഷാഭേദത്തെ ആധാരമാക്കി 9-ാം ശ.-ത്തില്‍ ഫാര്‍സി സാഹിത്യഭാഷ ഉണ്ടാകുകയും ഈ സാഹിത്യഭാഷ പാര്‍സി-ദാരി എന്നറിയപ്പെടുകയും ചെയ്തു.
ക്ലാസ്സിക്കല്‍ സാഹിത്യം. താജിക് ക്ലാസ്സിക്കല്‍ സാഹിത്യത്തെ മൂന്നു കാലഘട്ടങ്ങളായി തിരിക്കാം:
1. 10-ാം ശ. മുതല്‍ 15-ാം ശ. വരെയുള്ള ഇറാനിയന്‍ - താജിക് സങ്കരസാഹിത്യം.
2. 16-ാം ശ.-ത്തിന്റെ ആദ്യപകുതി വരെ മധ്യ ഏഷ്യയില്‍ പുഷ്ടിപ്രാപിച്ച ക്ലാസ്സിക്കല്‍ സാഹിത്യം.
3. 19-ാം ശ.-ത്തിന്റെ അവസാന പകുതി മുതല്‍ 20-ാം ശ.വരെ ഉദ്ബുദ്ധമായ താജിക് ക്ലാസ്സിക്കല്‍ സാഹിത്യം.
9, 10 ശതകങ്ങള്‍ ക്ലാസ്സിക്കല്‍ താജിക് കവിതയുടെ സുവര്‍ണ കാലമായിരുന്നു. പുതിയ ആശയങ്ങളും പ്രമേയങ്ങളും സാഹിത്യ സൃഷ്ടികളില്‍ പരാമൃഷ്ടമായി. ആധുനിക സംസ്കാരത്തിന്റെ ഉറവിടങ്ങളായിരുന്നത് മധ്യ ഏഷ്യ, ഖുറാസന്‍, സമര്‍കന്ദ്, മെര്‍വ് എന്നീ പ്രദേശങ്ങളാണ്. ഇസ്ലാമിക വാദഗതികളെ പുനഃപരിശോധിച്ച് പദ്യ-ഗദ്യ പ്രബോധനാത്മക രചനകള്‍ നടത്തിയവരില്‍ പ്രമുഖരാണ് റുദാക്കി, അബൂഷക്കൂര്‍ (915), അബു അല്‍-ഹസന്‍ കിസായ് (953-1002), ദക്വിക്വി (ചരമം 977) ആദിയായവര്‍. 10-ാം ശ.-ത്തിന്റെ അവസാനത്തിലും 11-ാം ശ.-ത്തിന്റെ ആരംഭത്തിലുമായി രചിക്കപ്പെട്ട മഹാകാവ്യമാണ് ഫിര്‍ദൗസിയുടെ ഷാഹ് - നാമ. 10-ാം ശ.-ത്തിന്റെ അവസാനത്തില്‍ പ്രതിഭാധനരായ ഒരു സംഘം ഉപദേഷ്ടാക്കളുടെ ശ്രമഫലമായി സാഹിത്യപ്രവര്‍ത്തനങ്ങള്‍ ദക്ഷിണ അഫ്ഗാനിസ്ഥാനിലെ ഘസ്നിയെ കേന്ദ്രീകരിച്ച് തുടങ്ങി. ഒന്‍സുരി (ചരമം 1039), ഫറൂഖി (ചരമം 1038), മനു ചേഹ്രി (ചരമം 1041), മസുദ്-എ-സദ്-എ-സാല്‍മാന്‍ (ചരമം 1121) എന്നീ പ്രമുഖ കവികളുടെ സംഭാവനകള്‍ സാഹിത്യത്തെ സമ്പന്നമാക്കി. മതപരവും ദാര്‍ശനികവുമായ പല കൃതികളും ഈ കാലഘട്ടത്തില്‍ രചിക്കപ്പെട്ടു. കവിയും തത്ത്വചിന്തകനുമായ നാസര്‍-എ-ഖുസ്റോവ് (1004-1072) ഇസ്ളാമിക ആശയങ്ങളോട് അനുഭാവം പുലര്‍ത്തിയിരുന്നു.
12-ാം ശ.-ത്തില്‍ താജിക് ഭാവഗീത സാഹിത്യരൂപങ്ങളായ കസീദയും ഗസലും പരിപക്വാവസ്ഥയില്‍ എത്തിയിരുന്നു. സമകാലിക പ്രശ്നങ്ങളായിരുന്നു ഇവയിലെ പ്രതിപാദ്യവിഷയം. ഒമര്‍ഖയാമിന്റെ (1048-1122) സ്വതന്ത്ര മതചിന്തയും ആനന്ദാത്മക ഭാവഗീതങ്ങളും ജനകീയ രൂപമായ ചതുഷ്പദിയിലാണ് രചിക്കപ്പെട്ടത്.
13-ാം ശ.-ത്തിലെ ഗെനിക്സ്ഖാന്റെ ആക്രമണം, പ്രധാനമായും മധ്യേഷ്യയിലെ സാഹിത്യപുരോഗതി രണ്ടു ശതാബ്ദക്കാലത്തോളം സ്തംഭിപ്പിച്ചു. തത്ഫലമായി ഉത്തരേന്ത്യയില്‍ അമീര്‍ഖുസ്റോ, ദക്ഷിണ ഇറാനില്‍ മുസലിഹുദ്ദീന്‍ സഅ്ദിയും സമകാലികരും, ഏഷ്യാമൈനറില്‍ ജലാലുദ്ദീന്‍-റൂമി എന്നിവരുടെ നേതൃത്വത്തില്‍ പേര്‍ഷ്യന്‍ ഭാഷാസാഹിത്യം വികാസം പ്രാപിക്കാന്‍ തുടങ്ങി. മംഗോളിയന്‍-താമെര്‍ലെയിന്‍ ആധിപത്യകാലത്ത് മാനുഷിക മൂല്യങ്ങള്‍ക്ക് പ്രാധാന്യം നല്കിക്കൊണ്ടുള്ള ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ ഈ സാഹിത്യം ശ്രദ്ധേയമായ പങ്കുവഹിച്ചു.
15-ാം ശ. മധ്യേഷ്യയെ സംബന്ധിച്ചിടത്തോളം സാഹിത്യ നവോത്ഥാന കാലഘട്ടമായിരുന്നു. പ്രധാന സാംസ്കാരിക- സാഹിത്യ കേന്ദ്രം ഹെറാത് ആയിരുന്നു. ഹെറാത്, മധ്യേഷ്യയിലെയെന്നു മാത്രമല്ല ഇറാന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളിലേയും സാഹിത്യകാരന്മാരുടെ ആകര്‍ഷണ കേന്ദ്രമായിത്തീര്‍ന്നു. സംസ്കാര സമ്പന്നരായ താജിക് കവി അബ്ദ് അല്‍-റഹ്മാന്‍ ജാമിഈ (1414-92), ഉസ്ബെക് കവി അലി ഷേര്‍ നവായി (1441-1501) എന്നിവര്‍ സമകാലിക പ്രശ്നങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയ എഴുത്തുകാരാണ്.
16-ാം ശ. മുതലാണ് താജിക് സാഹിത്യം സ്വതന്ത്രമായി വികാസം പ്രാപിച്ചു തുടങ്ങിയത്. 17,18 ശ.-ങ്ങളില്‍ താജിക്-പേര്‍ഷ്യന്‍ സാഹിത്യങ്ങള്‍ക്ക് പരസ്പര സ്വാധീനം ഉണ്ടായിരുന്നെങ്കിലും കവികളില്‍ അഗ്രഗണ്യനായ മിര്‍സ അബ്ദുല്‍കാദിര്‍ ബേദില്‍ (1644-1721) താജിക് സാഹിത്യത്തെ വളരെയേറെ സ്വാധീനിച്ചു. ഏകാധിപത്യ ഭരണത്തിലെ തിന്മകളെ വിഷയമാക്കി കവിതകള്‍ രചിച്ചവരാണ് സായിദോ നസാഫി (1650-1711), ഫിത്രാത് സാര്‍ദൂസ് (1657- ?), മിര്‍സ സാദിക് (ചരമം 1819) എന്നിവര്‍. 19-ാം ശ.-ത്തിലെ റഷ്യന്‍ സ്വാധീനത്താല്‍ താജിക് സാഹിത്യം ഉദ്ബുദ്ധമായി. അഹമ്മദ്ഖാന്‍ (1827-97), റഹ്മത്തുള്ള വൊസേഖ് (1818-94), ഷംസിദ്ദിന്‍ ഷഖിന്‍ (1859-93), മുഹമ്മദ് ഖയ്റാത് (1878-1902) എന്നിവര്‍ ശ്രദ്ധേയരാണ്. താജിക് പദ്യ-ഗദ്യ സാഹിത്യങ്ങളില്‍ നൂതന പ്രവണതകള്‍ ദൃശ്യമായി. 20-ാം ശ.-ത്തിലെ എഴുത്തുകാരില്‍ ശ്രദ്ധേയരാണ് സദിമുദ്ദിന്‍ ഐനി (1878-1954), തോഷ് ഖോദ്ഴ അസിരി (1864-1916), മിര്‍സ സിറാദ്ഴ (1877-1913) ആദിയായവര്‍.
മുന്‍ സോവിയറ്റ് താജിക് സാഹിത്യം. ഒക്ടോബര്‍ വിപ്ലവം താജിക് സാഹിത്യത്തെ സംബന്ധിച്ചിടത്തോളം പരിവര്‍ത്തന കാലഘട്ടമായിരുന്നു. തജികിസ്താനെ ഇതര ശക്തികളില്‍ നിന്ന് മോചിപ്പിക്കാനും സോവിയറ്റ് ആധിപത്യത്തില്‍ കൊണ്ടുവരാനുമുള്ള ശ്രമങ്ങള്‍ വിപ്ലവത്തിന്റെ ആദ്യനാളുകളില്‍ത്തന്നെ ആരംഭിച്ചു. താജിക് സാഹിത്യത്തിന് അടിത്തറ പാകിയ ഐനിയുടെ മാര്‍ച്ച് ഒഫ് ഫ്രീഡം ഇതിനുദാഹരണമാണ്. ഇതിനെത്തുടര്‍ന്ന് പൈറാവ് സുലൈമാനി (1891-933), മുഹമ്മദ് ഷാന്‍ റഖിമി (1901-68), ദ്ഥലോല്‍ ഇക്രാമി, സുഖയ്ലി (1904-66) എന്നിവര്‍ 1920-ലെ സാമൂഹികപരിവര്‍ത്തനത്തെ ആധാരമാക്കി കൃതികള്‍ രചിച്ചു. വിപ്ലവാത്മക ചിന്താഗതി അടിസ്ഥാനമാക്കി കൃതികള്‍ രചിച്ചവരില്‍ പ്രമുഖനാണ് അബുര്‍കാസിം ലഖുതി (1887-1957). ഈ കാലയളവില്‍ രചിച്ച കൃതികളെല്ലാം തന്നെ വിദേശാധിപത്യത്തിനെതിരെയുള്ള ജനരോഷവും സ്വാതന്ത്ര്യ തൃഷ്ണയും പ്രകടമാക്കിയിരുന്നു. ഐനിയുടെ ആദ്യ ഗദ്യകൃതിയായ നോ വെല്ല ഒദീനയും നോവലായ ദോഖുന്ദ(1930)യും ഇതിനുദാഹരണമാണ്. 1924-ല്‍ ഒദീന ദി അഡ്വെഞ്ചേഴ്സ് ഒഫ് എ പൂവാര്‍ താജിക് എന്ന പേരില്‍ പ്രസിദ്ധീകൃതമായി.
1930-ല്‍ തജിക്സ്താനിലുണ്ടായ പരിവര്‍ത്തനങ്ങളുടെ ഫലമായി സാഹിത്യസൃഷ്ടികളില്‍ കമ്യൂണിസം പരാമര്‍ശവിഷയമായി. ഇക്കാലത്തെ ഭാവനാസമ്പന്നരായ സാഹിത്യകാരന്മാരാണ് മിര്‍സോ തുര്‍സണ്‍-സാദേ (1911-77), അബ്ദുല്‍സലോം ദെഖോതി (1911-62), റഖിം ദ്ഴാലില്‍ (1909), ഖാകിം കരിം (1905-42), മിര്‍സെയ്ദ് മിര്‍ഷാകര്‍ (1912- ), ഉലൂഗ്സോദ (1911- ) ആദിയായവര്‍. സാഹിത്യസൃഷ്ടികളില്‍ സാമൂഹ്യ യഥാതഥവാദ(socialist realism)ത്തിന് ഗണനീയമായ സ്ഥാനമുണ്ടായി. ദേശസ്നേഹ യുദ്ധകാലത്ത് (1941-45) മുന്‍ സോവിയറ്റ് യൂണിയനിലെ ഇതര സാഹിത്യങ്ങളെപ്പോലെ തന്നെ താജിക് സാഹിത്യവും ഏകാധിപത്യത്തിനെതിരായി ശബ്ദമുയര്‍ത്തി. ഖബീബുള്ളഉസൂഫി (1914-45), കരീം, ലിഉത്കഫുല്ലോ ബുസര്‍ഗ്-സാദേ (1909-43), ഫതേഖ് നിയാസി (1916), ബോകുറഖിം-സാദേ (1910) തുടങ്ങിയവര്‍ ഏകാധിപത്യത്തിനെ എതിര്‍ത്തവരാണ്. രാജ്യത്തിന്റെ പൂര്‍വകാല വീരചരിത്രം, മൈത്രീഭാവം, ദേശസ്നേഹം എന്നിവ കൃതികളില്‍ നിറഞ്ഞുനിന്നിരുന്നു. ഐനി, ലഖൂതി (താനിയാസ് വിക്ടറി, 1942), തുര്‍സണ്‍ സാദേ (ദ് സണ്‍ ഒഫ് ഹിസ് മദര്‍ ലാന്‍ഡ് - 1942), ദഖോതി, മിര്‍ഷാകര്‍, റഖിമി എന്നിവരുടെ സംഭാവനകള്‍ ശ്രദ്ധേയമാണ്. യുദ്ധാനന്തര കാലഘട്ടത്തില്‍ കവിതയ്ക്കു പ്രാധാന്യം ഏറിയിരുന്നെങ്കിലും ഗദ്യം, നാടകം എന്നിവയും വികസിതമായി. 1940-കളില്‍ ജനനവോത്ഥാനവും കമ്യൂണിസവും പ്രധാന പ്രമേയങ്ങളായിരുന്നു. തര്‍സുന്‍-സാദേയുടെ ഇന്ത്യന്‍ ബല്ലാസ് (1947-48), ഖാസന്‍ - അര്‍ബാകേഷ് (1954), മിര്‍ഷാകറുടെ ദ് ടര്‍ബുലന്റ് വിയാന്ദ് (1949), ലെനിന്‍ ഇന്‍ ദ് പാമിര്‍സ് (1955), നിയാസിന്റെ വന്യൂഡ് ലാന്‍ഡ് (1949-53), ദ്ഴാലിലിന്റെ നോവല്‍ ഷുറാബ് (1959-65), ഐനിയുടെ റിമെംബറന്‍സ് എന്നിവ യുദ്ധാനന്തരകാലത്തെ രചനകളാണ്.
1960-70 കാലഘട്ടങ്ങളില്‍ അന്തര്‍ദേശീയ തലത്തില്‍ പൗരസ്ത്യ സ്വാധീനം അനുഭവപ്പെട്ടു. ത്രൂസന്‍-സാദേയുടെ ഫ്രം ദ് ഗാഞ്ജസ് റ്റു ദ് ക്രംലിന്‍ (1969-70) എന്ന മഹാകാവ്യം ഇന്ത്യയില്‍ നിന്ന് മോസ്കോയിലേക്കും ലെനിനിലേക്കും സത്യം, നീതി എന്നിവയുടെ അന്വേഷണാര്‍ഥം വളരെ ദൂരം സഞ്ചരിക്കുന്നു. ഈ കാലഘട്ടത്തിലെ എഴുത്തുകാര്‍ ചരിത്രപരവും സമകാലികവുമായ പ്രശ്നങ്ങള്‍ പ്രമേയമാക്കുന്നു. ഇക്രാമിയുടെ ദ് ട്വല്‍വ് ഗേറ്റ്സ് ഒഫ് ബുഖാറാ (1967-68), ഉലുഗ്-സോദയുടെ വോസ് (1967) എന്നീ നോവലുകളും റസൂല്‍ ഖാദി - സോദേ (1928- ) യുടെ കഥകളും ഉദാഹരണങ്ങളാണ്. യുദ്ധകാലത്തും അനന്തര കാലഘട്ടങ്ങളിലും ധാരാളം കവികളും എഴുത്തുകാരും രംഗപ്രവേശം ചെയ്തു.
1930-കളില്‍ നാടകരംഗം പുഷ്ടിപ്പെട്ടു. ഇക്രാമിയുടെ ദി എനിമി(1933)യും തര്‍സൂണ്‍ സോദേയുടെ വെര്‍ഡിക്ടും (1934) നാഷണല്‍ തിയെറ്ററില്‍ അവതരിപ്പിക്കപ്പെട്ടു. ഉലുഗ്-സോദയുടെ റഡ് സ്റ്റിക്സ് (1941), ഇന്‍ ദ് ഫയര്‍ (1944), ഇക്രാമിയുടെ എ മദേഴ്സ് ഹാര്‍ട്ട് (1942), ഇതിന്റെ അനുബന്ധമായ നാദിര്‍സ് ഹൗസ് (1943) ആദിയായവ ശ്രദ്ധേയമായ നാടകങ്ങളാണ്. 1950 മുതല്‍ വൈവിധ്യമാര്‍ന്ന പ്രമേയങ്ങളാണ് നാടകകൃതികളില്‍ അവതരിപ്പിക്കപ്പെട്ടത്. മിര്‍ഷാകറുടെ മൈ സിറ്റി (1951), ഉലുഗ്-സോദയുടെ റുഡാ കി (1958), ഗനി അബ്ദുള്ള(1942)യുടേയും ഷംസി കീമോവിന്റേ(1920)യും ഹറികേയിന്‍, അബ്ദുള്ളോയുടെ ദ് ഫ്ളെയിം ഒഫ് ഫ്രീഡ(1964)വും സോള്‍ജേഴ്സ് ഒഫ് ദ റവലൂഷ(1970)നും പ്രാധാന്യമര്‍ഹിക്കുന്നു.
1920-കളില്‍ ഐനി, ലഖൂതി എന്നിവര്‍ ബാലസാഹിത്യ കൃതികള്‍ക്കു തുടക്കം കുറിച്ചു. പില്ക്കാലത്ത് മിര്‍ഷാകര്‍, അബ്ദു മാലിക് ബഖോരി (1927), ഗുല്‍ഛേത്ര സുലെയ്മനോവ (1928- ) തുടങ്ങിയവരും ഈ രംഗത്തു ശ്രദ്ധേയരായി. വിമര്‍ശനാത്മകമായ പല ലേഖനങ്ങളും ഐനി പ്രകാശനം ചെയ്തു. താജിക് ക്ലാസ്സിക്- ആധുനിക സാഹിത്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചവരാണ് എ.എന്‍. ബോള്‍ദിറേവ് (1909- ), ഐ.എസ്. ബ്രാഗിന്‍സ്കി (1905-), അബ് ദുള്‍ഗാനി മിര്‍സോവ് (1908- ), ഷാറീഫ് ഖുസെയ്ന്‍- സാദേ (1907- ), ഖാലിദ് മിര്‍സോ സാദേ (1911- ), സഖീബ് തബ റോവ് (1924- ), മുഹമ്മദ് ഷുകുറോഖ് (1926- ), ഷവ്കത്-നിയാസി
(1928- ), അതഖോന്‍ സയ്ഫുല്ലേവ് (1933- ) ആദിയായവര്‍. റുദാക്കി ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ലാങ്ഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഓറിയന്റല്‍ സ്റ്റഡീസ്, താജിക് സര്‍വകലാശാല എന്നിവിടങ്ങളില്‍ താജിക് സാഹിത്യഗവേഷണങ്ങള്‍ നടന്നുവരുന്നു.
മുന്‍ സോവിയറ്റ് സാഹിത്യവുമായും ഇതര ലോകസാഹിത്യ ങ്ങളുമായും താജിക് സാഹിത്യം ബന്ധപ്പെട്ടിരിക്കുന്നു. താജിക് ക്ലാസ്സിക് കവിതകള്‍ പല ഭാഷകളിലേക്കും വിവര്‍ത്തനം ചെയ്തിട്ടുണ്ട്. മുന്‍ സോവിയറ്റ് സാഹിത്യകാരന്മാരായ ഐനി, ത്രൂസണ്‍- സാദേ, ഇക്രാമി, മിര്‍ഷാകര്‍ എന്നിവര്‍ രാജ്യത്തിനകത്തും പുറത്തും പ്രശസ്തി നേടിയവരാണ്. 1934-ല്‍ ആദ്യ കോണ്‍ഗ്രസ് സ്ഥാപിതമായപ്പോള്‍ തന്നെ താജിക് സാഹിത്യകാര യൂണിയനും രൂപീകൃതമായി. വിവിധ വര്‍ഷങ്ങളിലായി അനേകം സാഹിത്യകാര കോണ്‍ഗ്രസ് സമ്മേളനങ്ങള്‍ നടക്കുകയുണ്ടായി.