This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
താണ്ഡവനൃത്തം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
താണ്ഡവനൃത്തം
ഭാരതീയമായ ശാസ്ത്രീയ നൃത്തത്തിന്റെ രണ്ട് രൂപങ്ങളില്‍ ഒന്ന് (രണ്ടാമത്തേത് ലാസ്യം). താണ്ഡവം പുരുഷന്മാരുടേതും ലാസ്യം സ്ത്രീകളുടേതുമായി കണക്കാക്കപ്പെടുന്നു. ഇവ രണ്ടും ഉള്‍പ്പെ ടുന്ന നൃത്തകല സൃഷ്ടിച്ചത് ബ്രഹ്മാവാണെന്നാണ് പരമ്പരാഗതമായ ഭാരതീയ മതം. ബ്രഹ്മാവ് ഈ സവിശേഷമായ കല ശിവന് ഉപദേശിച്ചു കൊടുത്തു. ശിവന്‍ അതിന്റെ ഒരു രൂപം തന്റെ പാര്‍ഷദനായ നന്ദികേശ്വരന്‍ അഥവാ തണ്ഡുവിനും രണ്ടാമത്തെ രൂപം പാര്‍വതിക്കും ഉപദേശിച്ചു. തണ്ഡുവിന് ശിവനില്‍ നിന്ന് ഉപദേശിച്ചു കിട്ടിയ നൃത്തം താണ്ഡവം എന്നും പാര്‍വതിക്ക് പകര്‍ന്നു കിട്ടിയ നൃത്തം ലാസ്യമെന്നും പറയപ്പെടുന്നു. അതിനാല്‍ താണ്ഡവനൃത്തം പൗരുഷം തുളുമ്പുന്നതും പുരുഷോചിതവുമാണ്. അതിശക്തവും പെട്ടെന്ന് ശ്രദ്ധ പിടിച്ചുപറ്റുന്നതുമാണ് താണ്ഡവത്തിലെ നൃത്തചലനങ്ങള്‍.
താളാനുസൃതമായ അംഗചലനങ്ങളില്‍ നിന്നാണ് എല്ലാത്തരം നൃത്തങ്ങളും ഉണ്ടാകുന്നത്. ശിരസ്സുതൊട്ട് കാലിലെ വിരലുകള്‍ വരെയുള്ള ശരീരാവയവങ്ങളുടെ പരസ്പര സമന്വയത്തോടു കൂടിയുള്ള പ്രയോഗത്തില്‍ നിന്ന് നൃത്തമുണ്ടാകുന്നു. ഒരു നര്‍ത്തകനോ നര്‍ത്തകിയോ നൃത്തം ചെയ്യുമ്പോള്‍ ആ വ്യക്തിയുടെ ശിരസ്സും കണ്ണുകള്‍, പുരികങ്ങള്‍, നാസിക, കവിളുകള്‍ തുടങ്ങിയുള്ള മുഖാവയവങ്ങളും കഴുത്തും മാറും കൈയുടെ വിവിധ ഭാഗങ്ങളും വിരലുകളും അരക്കെട്ടും തുടകള്‍, ജാനുക്കള്‍, കണങ്കാലുകള്‍, പാദങ്ങള്‍ തുടങ്ങിയവയും താളാനുസൃതമായി ചലിക്കുന്നു. വിവിധ താളങ്ങളുടെ സമ്മേളനത്തിലൂടെ ആ അംഗചലനങ്ങള്‍ക്ക് വൈവിധ്യം വരുത്താനും അവയെ ഉചിതമായി കോര്‍ത്തിണക്കി ഭാവോദ്ദീപകമായ രൂപംനല്കാനും സാധിക്കും. അതിനാല്‍ ശരീരത്തിലെ അംഗങ്ങളുടെ ചലനങ്ങള്‍ ചേര്‍ന്നതാണ് നൃത്തകലയുടെ പ്രയോഗോപാധി.
സ്വരവും ഈണവും താളവും സംഗീത ശബ്ദാലങ്കാരങ്ങളും മറ്റും താളാനുസൃതമായി ഇടകലര്‍ത്തി പ്രയോഗിക്കുമ്പോള്‍ സംഗീതകല രൂപംകൊള്ളുന്നതുപോലെ അംഗചലനങ്ങള്‍ വിവിധതരത്തില്‍ കൂട്ടി ഇണക്കുമ്പോഴാണ് നൃത്തകല ഉണ്ടാകുന്നത്. ആ നൃത്തകല പല ശൈലികളുടെ അടിസ്ഥാനത്തില്‍ ഉള്ള വ്യത്യാസങ്ങളോടെയാണ് പ്രത്യക്ഷപ്പെടുന്നത്. നൃത്തത്തിനുള്ള ഉപാധികളായ കരചരണാദി അവയവങ്ങളുടെ പ്രയോഗത്തിലുള്ള ശൈലീഭേദങ്ങളില്‍നിന്ന് നൃത്തഭേദങ്ങളും ഉണ്ടാകുന്നു. അതിനാല്‍ താണ്ഡവനൃത്തമാടുമ്പോള്‍ ശിരസ്സും മുഖത്തെ മാംസപേശികളും കണ്ഠവും ബാഹുക്കളും കാലുകളുമെല്ലാം വളരെ ശക്തമായി ഉയര്‍ത്തി ചലിപ്പിക്കുന്നു. സ്ത്രീകളുടേതായ ലാസ്യനൃത്തം മൃദുലവും ശാലീനവും സൗമ്യവുമായ ചലനങ്ങള്‍ ചേര്‍ന്നുണ്ടാകുന്നതാണ്. ലാസ്യനൃത്തങ്ങളില്‍ കരചരണാദികള്‍ ചലിപ്പിക്കുന്നത് അന്ദോളനരൂപത്തില്‍, അതായത് ഏറെക്കുറെ വര്‍ത്തുളാകൃതിയില്‍ ആണ്.
പരമ്പരാഗത ഭാരതീയ ശാസ്ത്രീയ നൃത്തങ്ങളില്‍ കഥകളിയി ലേയും യക്ഷഗാനത്തിലേയും മറ്റും പുരുഷകഥാപാത്രങ്ങളുടെ ചലനങ്ങള്‍ താണ്ഡവരൂപത്തിലുള്ളതാണ്. കഥകളിയിലെ കലാശം ചവിട്ടല്‍ തികച്ചും താണ്ഡവ സ്വഭാവമുള്ളതാണ്. നേരേമറിച്ച് കേരളത്തിലെ മോഹിനിയാട്ടവും ഒറീസയിലെ ഒഡീസിയും കഥകളിയിലെ സ്ത്രീകഥാപാത്രങ്ങളുടെ നൃത്തങ്ങളും പൊതുവേ ലാസ്യ രൂപത്തിലുള്ളതാണ്. കഥകളിയിലെ സ്ത്രീകഥാപാത്രങ്ങളുടെ സാരീനൃത്തം തീര്‍ത്തും ലാസ്യ രൂപത്തിലുള്ളതാണ്. ഭരതനാട്യത്തിന് പൊതുവേ ലാസ്യ സ്വഭാവമാണുള്ളതെങ്കിലും താണ്ഡവത്തിന്റെ ഛായയുള്ള സന്ദര്‍ഭങ്ങളും ഭരതനാട്യ പ്രയോഗത്തിലുണ്ട്. താണ്ഡവനൃത്തം ചെയ്യുന്ന നര്‍ത്തകന്‍ അണിയുന്ന വസ്ത്രങ്ങളും ആ നൃത്തത്തിന് അകമ്പടി സേവിക്കുന്ന വാദ്യഘോഷങ്ങളും താണ്ഡവോചിതമായിരിക്കും. അതിന് ഉപയോഗിക്കുന്ന വാദ്യങ്ങളുടെ നാദം വളരെ മുഴക്കമുള്ളതും ആയിരിക്കും. മിക്കപ്പോഴും ആസുരവാദ്യങ്ങളായിരിക്കും താണ്ഡവത്തോടൊപ്പം ഉപയോഗിക്കുന്നത്.
ശിവന്‍ നടത്തുന്ന പ്രാപഞ്ചികനൃത്തം താണ്ഡവ രൂപത്തിലു ള്ളതാണ്. ശിവതാണ്ഡവം (ലോകസംഹാരകമായ ശിവനൃത്തം) എന്ന പദപ്രയോഗം സാധാരണവുമാണ്. ശിവന്‍ സംഹാരരുദ്രനാ കുമ്പോള്‍ അതിചടുലമായ ചലനങ്ങളോടുകൂടിയ താണ്ഡവനൃത്തമാടുന്നു എന്ന വിശ്വാസം പ്രാബല്യത്തിലുണ്ട്. പരമശിവന്‍ താണ്ഡവനൃത്തമാടുമ്പോള്‍ ബ്രഹ്മാണ്ഡം മുഴുവന്‍ അതനുസരിച്ച് ചലിക്കുമെന്നാണ് വിശ്വാസം. ശിവന്റെ മാനസസൃഷ്ടികളായ പൗരാണിക കഥാപാത്രങ്ങള്‍ സംഹാരക്രിയ നടത്തുമ്പോള്‍ താണ്ഡവനൃത്തം ചെയ്യുന്നതായി പുരാണകഥകള്‍ പറയുന്നു. താണ്ഡവനൃത്തവും പരമശിവനുമായുള്ള ബന്ധം കാരണം ശിവന്‍ താണ്ഡവമൂര്‍ത്തി, താണ്ഡവപ്രിയന്‍ എന്നീ പേരുകളിലും അറിയപ്പെടുന്നു. കഥകളിയിലെ കലാശങ്ങളും സന്ദര്‍ഭോചിതമായ താണ്ഡവ സ്വഭാവം ഉള്ളവയാണ്. അഷ്ടകലാശം അതിനൊരു മുഖ്യ ദൃഷ്ടാന്തമാണ്.
താണ്ഡവത്തെ മുഖ്യമായും ഏഴ് തരമായി തിരിച്ചിട്ടുള്ളതായി ക്കാണുന്നു. സന്ധ്യാതാണ്ഡവം, ആനന്ദതാണ്ഡവം, കാളീതാണ്ഡവം, ത്രിപുരതാണ്ഡവം, സതി-ശിവതാണ്ഡവം, സംഹാരതാണ്ഡവം, അര്‍ധനാരീതാണ്ഡവം എന്നിവയാണ് ഈ ഏഴു തരം താണ്ഡവം.
താണ്ഡവം, ലാസ്യം എന്നീ രണ്ടുതരം നൃത്തങ്ങളും പല കരണങ്ങള്‍ അടങ്ങിയവയാണ്. നൃത്തത്തിലെ ഒരൊറ്റ ചലനത്തെയാണ് കരണം എന്നു പറയുന്നത്. നര്‍ത്തകന്റെ കൈയോ കാലോ പൂര്‍ണ ശരീരമോ ഒരൊറ്റ ചലനം പ്രദര്‍ശിപ്പിക്കുമ്പോള്‍ അതിനെ കരണം എന്നു പറയാം. അപ്രകാരമുള്ള പരസ്പര സംയുക്തമായ ചലനങ്ങളുടെ ഒരു സമഗ്രരൂപത്തെ നൃത്ത ശാസ്ത്രത്തില്‍ അംഗ ഹാരം എന്നു വിശേഷിപ്പിക്കുന്നു. പല അംഗഹാരങ്ങള്‍ കൂടിച്ചേര്‍ ന്നതായിരിക്കും സമ്പൂര്‍ണമായ ഒരു നൃത്തചലനം. തുടര്‍ച്ചയായി നടക്കുന്ന ഏതൊരു നൃത്തവും പല അംഗഹാരങ്ങളുടെ സംയോഗം ആയിരിക്കും. അംഗഹാരത്തേയും കരണത്തേയും താണ്ഡവത്തേയും നാട്യശാസ്ത്രത്തിന്റെ ആധികാരിക വ്യാഖ്യാതാവായ അഭിനവഗുപ്തന്‍ തന്റെ ഗ്രന്ഥമായ അഭിനവഭാരതിയില്‍ വിശദീകരിച്ചിട്ടുണ്ട്. നാട്യശാസ്ത്ര തത്ത്വങ്ങളെ ധ്വനിസിദ്ധാന്തത്തോട് ഘടിപ്പിച്ചുകൊണ്ട് ഏറ്റവും ആധികാരികമായി വ്യാഖ്യാനിച്ചത് അഭിനവഗുപ്തനാണ്. തില്ലൈ വനത്തിലെ ദൈവനിന്ദകരായ ഋഷികളെ ധ്വംസിച്ചതിനുശേഷം പ്രപഞ്ചത്തിന്റെ മധ്യകേന്ദ്രമായ ചിദംബരത്ത് ആദ്യമായി ശിവന്‍ നടത്തിയ നൃത്തമാണ് താണ്ഡവം എന്നും ഒരു വിശ്വാസം നിലവിലുണ്ട്. ശിവതാണ്ഡവത്തിലെ നൃത്ത ചലനങ്ങള്‍ 108 കരണങ്ങളുടെ രൂപത്തില്‍ പല ക്ഷേത്രങ്ങളിലും കൊത്തിവച്ചിട്ടുണ്ട്. ചിദംബരം ക്ഷേത്രത്തിലെ ചുവരുകളില്‍ കൊത്തിവച്ചിട്ടുള്ള രൂപങ്ങള്‍ ഇതിനു തെളിവാണ്. ഈ ക്ഷേത്രമാണ് ഐതിഹാസികമായ നടരാജ താണ്ഡവത്തിന്റെ രംഗമെന്ന് തദ്ദേശവാസികള്‍ വിശ്വസിക്കുന്നു. മഹാത്മാവായ തണ്ഡു ഭരതനെ പലതരം കരണങ്ങളോടും രേചകങ്ങളോടും കൂടെ അംഗഹാരങ്ങള്‍ അഭ്യസിപ്പിച്ചു. ആകെയുള്ള 108 കരണങ്ങളെ അവലംബിച്ചുള്ള 32 അംഗഹാരങ്ങളാണ് നിര്‍ദേശിക്കപ്പെട്ടിട്ടുള്ളത്. കഥകളിയിലെ കലാശത്തില്‍ നടന്‍ ഒരു പാദം ഒരു പ്രത്യേക ആകൃതിയിലൂന്നി മറ്റൊരു പാദം അതിനൊത്തവണ്ണം ചലിപ്പിച്ച് കൈകളും അരക്കെട്ടും മാറും ശിരസ്സും ഈ പാദചലനങ്ങള്‍ക്കനുരൂപമായി ഇളക്കുമ്പോഴാണ് പല കരണങ്ങള്‍ കൂടിച്ചേര്‍ന്ന ഒരു അംഗഹാരമായിത്തീരുന്നത്. പരമ്പരാഗത ഭാരതീയ നൃത്താചാര്യന്മാര്‍ എല്ലാ പ്രധാനപ്പെട്ട ശാസ്ത്രീയ നൃത്തങ്ങളിലുമുള്ള വിഭിന്ന കരണങ്ങളേയും അംഗഹാരങ്ങളേയും സൂക്ഷ്മമായി നിര്‍വചിച്ചിട്ടുണ്ട്. കഥകളിയിലെ നൃത്തത്തില്‍ പാദങ്ങളുടെ അടിസ്ഥാനപരമായ നില, ആ നിലയില്‍ നിന്ന് ഏതെങ്കിലും ഒരു പാദം ചലിപ്പിക്കുകയാണെങ്കില്‍ ആ ചലനം, അരക്കെട്ടിന്റെ ചലനം, തോളിന്റെ ചലനങ്ങള്‍, കഴുത്തിന്റേയും മുഖത്തിന്റേയും ചലനങ്ങള്‍ എന്നിവയെല്ലാം ഉള്‍പ്പെട്ടതായിരിക്കും ഒരംഗഹാരം. കരണങ്ങളുടെ അടിസ്ഥാനപരമായ സ്വഭാവമനുസരിച്ചാണ് നൃത്തം താണ്ഡവമായോ ലാസ്യമായോ മാറുന്നത്. കരണങ്ങളുടെ സ്വഭാവത്തിന് ലാസ്യത്തിന്റേതില്‍ നിന്ന് താണ്ഡവത്തിന്റേതായ വ്യത്യാസം വന്നാല്‍ നൃത്തത്തിന്റെ സാമാന്യ സ്വഭാവം തന്നെ വ്യത്യസ്തമാകും. അതനുസരിച്ചാണ് ഒരേതരം അംഗചലനങ്ങള്‍ ഉള്‍പ്പെടുന്ന ഒരു കഥകളിയടവ് സ്ത്രൈണമാകുമ്പോള്‍ ലാസ്യമായും പുരുഷോചിതമാകുമ്പോള്‍ താണ്ഡവമായും മാറുന്നത്. അങ്ങനെ ഓരോ ഭാരതീയ നൃത്തത്തിന്റേയും വകഭേദങ്ങളായി താണ്ഡവ സ്വഭാവമുള്ള നൃത്തശൈലിയും ലാസ്യ സ്വഭാവമുള്ള നൃത്തശൈലിയും ഉണ്ടാകാറുണ്ട്. ഭരതനാട്യത്തില്‍ പരസ്പര സാമ്യമുള്ള കരണങ്ങള്‍ അടങ്ങുന്ന താണ്ഡവവും ലാസ്യവും സമ്മേളിക്കുന്ന സന്ദര്‍ഭങ്ങള്‍ ഇതിന് ഉദാഹരണമാണ്. പൂതനാമോക്ഷം കഥകളിയില്‍ രാക്ഷസിയായ പൂതന ശിശുവായ കൃഷ്ണനെ കൈകളിലെടുത്ത് ഓമനിക്കുകയും മുലയൂട്ടാന്‍ തുടങ്ങുകയും ചെയ്യുമ്പോഴുള്ള പാത്രചലനങ്ങള്‍ ലാസ്യസ്വഭാവമുള്ളവയായിരിക്കും. പൂതനയുടെ മുലക്കണ്ണിലൂടെ കൃഷ്ണന്‍ ആ രാക്ഷസ സ്ത്രീയുടെ ജീവചൈതന്യം വലിച്ചൂറ്റിക്കുടിക്കുമ്പോള്‍ അവള്‍ പ്രകടിപ്പിക്കുന്ന പ്രാണവേദനയോടുകൂടിയ ചലനങ്ങള്‍ സ്വാഭാവികമായിത്തന്നെ താണ്ഡവച്ഛായയുള്ളതായി മാറുകയും ചെയ്യും. ഇപ്രകാരം ഭാരതീയ നൃത്തങ്ങളുടെ അവതരണത്തില്‍ താണ്ഡവത്തിന്റേയും ലാസ്യത്തിന്റേയും അംശങ്ങള്‍ കൂടിക്കലരുക എന്നത് സാധാരണമാണ്.
രാമായണകഥയില്‍ ശിവപാര്‍വതിമാര്‍ വിശ്രമിക്കുന്ന കൈലാസപര്‍വതം തന്റെ കൈകളിലെടുത്ത് രാവണന്‍ പന്താടുമ്പോള്‍ ആ രാക്ഷസനെ അമര്‍ച്ച ചെയ്യാനായി ശിവന്‍ സംഹാര താണ്ഡവത്തിന്റെ ആദ്യത്തെ ചുവടുകള്‍ വച്ച് പര്‍വതത്തെ ഉറപ്പിച്ചു നിര്‍ത്തിയെന്നും അതിന്റെ അടിയില്‍പ്പെട്ട രാവണന്‍ ഭയപ്പെട്ട് തന്റെ ആരാധനാമൂര്‍ത്തിയായ ശിവനെ ധ്യാനിച്ച് രക്ഷപ്രാപിച്ചു എന്നുമുള്ള കഥയ്ക്ക് പൗരാണികരുടെ ഇടയില്‍ പ്രചാരമുണ്ടായിരുന്നു.
പ്രപഞ്ചം അവസാനത്തോടടുക്കുമ്പോള്‍ ശിവന്‍ സംഹാരരുദ്ര നായി സ്വയം രൂപം കൊണ്ട് സകല തേജോഗോളങ്ങളേയും ഭൂമണ്ഡലത്തേയും ഭസ്മീകരിക്കുന്ന രീതിയിലുള്ള ശിവതാണ്ഡവം ആടുമെന്നുള്ള വിശ്വാസം പരാണിക കാലംതൊട്ട് ഭാരതത്തില്‍ പ്രചരിച്ചു പോരുന്നുണ്ട്.
ഭാരതീയ നൃത്തകലയിലെ താണ്ഡവ ലാസ്യഭേദങ്ങള്‍ മറ്റു ഭാരതീയ കലകളിലെ രൂപഭേദങ്ങള്‍ക്കു സമാന്തരമായ ശൈലീഭേദങ്ങളെയാണ് സാമാന്യമായി പ്രതിനിധാനം ചെയ്യുന്നത്. നൃത്തമൊഴിച്ചുള്ള കലകളിലെ ശൈലീഭേദങ്ങള്‍ അതതു കലയുടെ മാധ്യമങ്ങളോടു ബന്ധപ്പെട്ടിരിക്കുന്നതുപോലെ നൃത്തകലയിലെ ശൈലീഭേദങ്ങള്‍ അതിന്റെ മാധ്യമമായ ശരീരത്തിലെ അവയവങ്ങളുടെ പ്രയോഗഭേദങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്നു.
(ഡോ. എസ്. മാലിനി)