This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
തഹീതി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
തഹീതി
Tahiti
ദക്ഷിണ പസിഫിക് സമുദ്രത്തിലെ ഒരു ദ്വീപ്. ഫ്രഞ്ച് പോളിനേഷ്യയുടെ ഭാഗമായ വിന്‍ഡ്വേഡ് ദ്വീപുകളിലെ ഏറ്റവും വലിയ ദ്വീപാണ് തഹീതി. 56 കി.മീറ്ററോളം നീളമുള്ള തഹീതിയുടെ വിസ്തീര്‍ണം: 1,042 ച.കി.മീ.
മനോഹരമായ ഭൂപ്രകൃതിയും പ്രസന്നമായ കാലാവസ്ഥയും കൊണ്ട് ശ്രദ്ധേയമാണ് തഹീതി. ഭൂമിശാസ്ത്രപരമായി സമുദ്രത്തില്‍ നിന്ന് എഴുന്നു നില്ക്കുന്ന രണ്ട് അഗ്നിപര്‍വതാഗ്രങ്ങളാണ് യഥാര്‍ഥത്തില്‍ തഹീതി. ഒരു കരയിടുക്കിനാല്‍ പരസ്പരം ബന്ധിപ്പിക്കപ്പെട്ട അവസ്ഥയിലുള്ള ഈ അഗ്നിപര്‍വതങ്ങളില്‍ പ്രധാനമായും രണ്ട് ഭൂപ്രദേശങ്ങള്‍ ഉള്‍പ്പെടുന്നു; വിസ്തൃതമായ തഹീതി-നൂയിയും വിസ്തൃതി കുറഞ്ഞ തയ് അരപു അഥവാ തഹീതി-ഇറ്റിയും. ദ്വീപിന്റെ മധ്യഭാഗത്ത് സു.2,238 മീ. ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഓറോഹിന ആണ് ഏറ്റവും ഉയരം കൂടിയ പര്‍വതം. തീരപ്രദേശത്തിനടുത്ത താരതമ്യേന വീതി കുറഞ്ഞ സമതലമാണ് ദ്വീപിലെ ഏറ്റവും ഫലഭൂയിഷ്ഠവും ജനസാന്ദ്രവുമായ മേഖല. ദ്വീപിനെ വലയം ചെയ്ത് കാണുന്ന പവിഴപ്പുറ്റുകളുടെ ശൃംഖലയാണ് ഭൂപ്രകൃതിയിലെ മറ്റൊരു സവിശേഷത.
ഉഷ്ണമേഖലാ കാലാവസ്ഥ അനുഭവപ്പെടുന്ന ഇവിടെ തെ. കിഴക്കന്‍ വാണിജ്യവാതങ്ങള്‍ കാലാവസ്ഥയില്‍ നിര്‍ണായക സ്വാധീനം ചെലുത്താറുണ്ട്. സമതല പ്രദേശങ്ങളില്‍ വര്‍ഷത്തില്‍ 1,800 മി.മീറ്ററോളം മഴ ലഭിക്കുന്നു. വാതാഭിമുഖങ്ങളായി വര്‍ത്തിക്കുന്ന മലഞ്ചരിവുകളിലാണ് മഴയുടെ തോത് താരതമ്യേന കൂടുതല്‍. ഉഷ്ണമേഖലാ മഴക്കാടുകളാണ് ദ്വീപിലെ നൈസര്‍ഗിക സസ്യജാലം. സുലഭമായി ലഭിക്കുന്ന മഴയില്‍ രൂപംകൊണ്ട് കൂലംകുത്തിയൊഴുകുന്ന ചെറു നദികളിലെ ജലപാതങ്ങള്‍ നയനമോഹനങ്ങളാണ്. കൃഷിയും മത്സ്യബന്ധനവുമാണ് ജനങ്ങളുടെ മുഖ്യ ഉപജീവനമാര്‍ഗങ്ങള്‍. വിനോദസഞ്ചാരത്തിനും സമ്പദ്ഘടനയില്‍ നിര്‍ണായക പങ്കുണ്ട്. മുഖ്യവിളകളില്‍ തെങ്ങ്, പന, വാഴ, ഓറഞ്ച്, പപ്പായ എന്നിവ ഉള്‍പ്പെടുന്നു. കയറ്റുമതി ഉത്പന്നങ്ങളില്‍ കൊപ്ര, വാനില, കരകൗശല വസ്തുക്കള്‍ മുതലായവ മുന്‍പന്തിയില്‍ നില്ക്കുന്നു. കൃത്രിമ രത്നമായ 'മദര്‍ ഒഫ് പേള്‍' ആണ് മറ്റൊരു വിപണന ഉത്പന്നം.
തഹീതിയിലെ ജനങ്ങളില്‍ ബഹുഭൂരിഭാഗവും തെ.കി.ഏഷ്യയിലേയും യൂറോപ്പിലേയും രാജ്യങ്ങളില്‍ നിന്നു കുടിയേറിയവരുടെ പിന്‍ഗാമികളാണ്. സങ്കരവിഭാഗത്തിനും ഗണ്യമായ അംഗബലമുണ്ട്. ചൈനീസ് വംശജരാണ് പ്രധാന ന്യൂനപക്ഷം. ഫ്രഞ്ച്, ബ്രിട്ടിഷ്, അമേരിക്കന്‍ ജനവിഭാഗങ്ങളും ഇവിടെ വസിക്കുന്നു. ഫ്രഞ്ച് പോളിനേഷ്യയുടെ ഭരണകേന്ദ്രവും തഹീതിയുടെ തലസ്ഥാനവുമായ പപ്പീറ്റിയാണ് മുഖ്യ ജനാധിവാസകേന്ദ്രം. തീരപ്രദേശങ്ങളില്‍ ഗ്രാമീണര്‍ തിങ്ങിപ്പാര്‍ക്കുന്നു. പോളിനേഷ്യന്‍ ഭാഷാ ഗോത്രത്തില്‍പ്പെട്ട തഹീതിന്‍ ആണ് പ്രധാനമായും വ്യവഹാരത്തിലുള്ളത്. ഔദ്യോഗിക-വാണിജ്യാവശ്യങ്ങള്‍ക്ക് ഫ്രഞ്ചും, വിനോദസഞ്ചാര മേഖലയില്‍ ഇംഗ്ലീഷും വ്യാപകമായി ഉപയോഗിക്കുന്നു. ജനങ്ങളില്‍ ഭൂരിപക്ഷം ക്രൈസ്തവരാണ്. ചൈനീസ് വംശജരില്‍ ഏറിയപേരും കണ്‍ഫ്യൂഷ്യന്‍-ബുദ്ധമത ആചാരങ്ങള്‍ പിന്‍തുടരുന്നു. തഹീതിയിലെ പ്രധാന തുറമുഖമാണ് പപ്പീറ്റി. ചരക്കുകപ്പലുകള്‍ക്കും യാത്രക്കപ്പലുകള്‍ക്കും നങ്കൂരമിടാന്‍ ഇവിടെ വിപുലമായ സൌകര്യങ്ങളുണ്ട്. തഹീതിയിലെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പാരിസ്, ഹോണോലുലു, ലോസ് ഏഞ്ചലസ്, സാന്റിയാഗോ, സാന്‍ഫ്രാന്‍സിസ്കോ, സിഡ്നി, ടോക്യോ തുടങ്ങിയ വന്‍നഗരങ്ങളിലേക്കും മറ്റു പസിഫിക് ദ്വീപുകളിലേക്കും വിമാന സര്‍വീസുകളുണ്ട്.
1960 മുതല്‍ വിനോദ സഞ്ചാരവികസനത്തിന് തഹീതി പ്രത്യേക പരിഗണന നല്കി. പ്രശസ്ത യു.എസ്. സാഹിത്യകാരന്‍മാരായ ഹെര്‍മന്‍ മെല്‍വില്‍ (Herman Melville), ജയിംസ് മിഷനര്‍ (James Michener), സ്കോട്ടിഷ് എഴുത്തുകാരനായ റോബര്‍ട്ട് ലൂയി (Robert Louis) തുടങ്ങിയവരുടെ കൃതികളില്‍ തഹീതിയുടെ മനോഹാരിത വര്‍ണിക്കപ്പെട്ടിട്ടുണ്ട്. 1890-കളില്‍ ഫ്രഞ്ച് ചിത്രകാരന്‍ പോള്‍ ഗോഗിന്‍ (Paul Gaugin) ദ്വീപിനെ ആസ്പദമാക്കി വരച്ച ചിത്രങ്ങള്‍ ദ്വീപിന്റെ പ്രശസ്തി വര്‍ധിപ്പിച്ചു. റോയല്‍ സൊസൈറ്റിയുടെ നിര്‍ദേശപ്രകാരം ബ്രിട്ടിഷ് പര്യവേക്ഷകനായിരുന്ന ജെയിംസ് കുക്ക് ശുക്രന്റെ സംക്രമണങ്ങള്‍ നിരീക്ഷിച്ചു രേഖപ്പെടുത്തിയത് തഹീതിയിലെ പോര്‍ട്ട് വീനസ്സില്‍ നിന്നായിരുന്നു (1769). പപ്പീറ്റിക്കു കിഴക്കായി സ്ഥിതിചെയ്യുന്ന പോര്‍ട്ട് വീനസ്സില്‍ ഇപ്പോഴും ഇതിന്റെ സ്മാരകം കാണാം. നോ: പപ്പീറ്റി