This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തലപ്പുലം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

07:01, 24 ജൂണ്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

തലപ്പുലം

കോട്ടയം ജില്ലയില്‍, മീനച്ചില്‍ താലൂക്കില്‍, ഈരാറ്റുപേട്ട ബ്ളോക്കില്‍ ഉള്‍പ്പെടുന്ന ഒരു ഗ്രാമ പഞ്ചായത്ത്. 1953-ല്‍ നിലവില്‍ വന്ന ഈ പഞ്ചായത്തില്‍ ഈരാറ്റുപേട്ട, തലപ്പുലം എന്നീ വില്ലേജുകള്‍ ഉള്‍പ്പെടുന്നു. വിസ്തീര്‍ണം: 29.92 ച.കി.മീ. അതിര്‍ത്തി പഞ്ചായത്തുകള്‍: പ.ഭരണങ്ങാനം; തെ.ഈരാറ്റുപേട്ട; കി.തീക്കോയി; വ. മേലുകാവ്. ഭൂമിശാസ്ത്രപരമായി കി.-ഉം, തെ.-ഉം, പ.-ഉം മീനച്ചില്‍ ആറ് അതിര്‍ത്തികള്‍ നിര്‍ണയിക്കുന്ന തലപ്പുലം ഗ്രാമ പഞ്ചായത്തിന് പൊതുവേ കുന്നിന്‍ പ്രദേശങ്ങളും സമതലപ്രദേശങ്ങളും ഇടകലര്‍ന്ന ഭൂപ്രകൃതിയാണ്. മീനച്ചില്‍ ആറും ചെറുതോടുകളുമാണ് ഈ പ്രദേശത്തെ മുഖ്യ ജലസ്രോതസ്സുകള്‍.

പശ്ചിമഘട്ടത്തിലെ ഇടനാട് മേഖലയില്‍ ഉള്‍പ്പെടുന്ന ഒരു കാര്‍ഷിക ഗ്രാമമാണ് തലപ്പുലം. 'തല' ശബ്ദം പ്രാധാന്യത്തേയും 'പുലം' എന്നത് മേച്ചില്‍പ്പുറം, കൃഷിയിടം എന്നിവയേയും സൂചിപ്പിക്കുന്നു. മുന്‍കാലത്ത് ഈ പ്രദേശത്തിനുണ്ടായിരുന്ന കാര്‍ഷിക പ്രാധാന്യത്തെയാണ് ഗ്രാമനാമം വ്യക്തമാക്കുന്നത്. ഫലഭൂയിഷ്ഠമായ ഈ ഭൂഭാഗം കൃഷിക്ക് തികച്ചും അനുയോജ്യമാണ്. റബ്ബറാണ് പ്രധാന കൃഷി. ഇടവിളയായി കുരുമുളക്, കവുങ്ങ്, വാഴ, കൊക്കോ, ജാതി, ഗ്രാമ്പൂ, കൈതച്ചക്ക, ഇഞ്ചി, കാപ്പി, മരച്ചീനി, മഞ്ഞള്‍, കശുമാവ്, കിഴങ്ങുവര്‍ഗങ്ങള്‍ തുടങ്ങിയവയും കൃഷി ചെയ്യുന്നു. കേവലം 10 ഹെക്ടര്‍ സ്ഥലത്തു മാത്രമേ ഇപ്പോള്‍ നെല്‍കൃഷിയുള്ളൂ. വന്‍ വ്യവസായശാലകള്‍ ഒന്നുമില്ലാത്ത ഇവിടത്തെ ചെറുകിട വ്യവസായ സംരംഭങ്ങളില്‍ 9 എണ്ണം ഉത്പാദനക്ഷമമാണ്. സ്കൂളുകള്‍, ആരോഗ്യസ്ഥാപനങ്ങള്‍, സഹകരണബാങ്കുകള്‍, സഹകരണസംഘങ്ങള്‍, പോസ്റ്റ് ഓഫീസ്, വില്ലേജ് ഓഫീസ്, പഞ്ചായത്ത് ഓഫീസ് തുടങ്ങിയവ ഇവിടത്തെ പ്രധാന സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍പ്പെടുന്നു. ചെറുതും വലുതുമായ 28 റോഡുകള്‍ ഈ പഞ്ചായത്തിലൂടെ കടന്നു പോകുന്നുണ്ട്.

കലാസാംസ്കാരിക രംഗങ്ങളില്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ നിരവധി വ്യക്തികള്‍ക്ക് തലപ്പുലം ജന്മം നല്‍കിയിട്ടുണ്ട്. ശ്രീയേശു വിജയം മഹാകാവ്യത്തിന്റെ കര്‍ത്താവും പാലായില്‍ നിന്നു പ്രസിദ്ധീകരിച്ചിരുന്ന വിജ്ഞാന രത്നാകരം (1913) മാസികയുടെ പത്രാധിപരുമായിരുന്ന കട്ടക്കയം ചെറിയാന്‍ മാപ്പിളയുടെ ജന്മദേശം തലപ്പുലമാണ്.

കുതിരനൃത്തം അഥവാ കുതിരയാട്ടം എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഒരു പ്രാചീന ദ്രാവിഡ കലാരൂപം തലപ്പുലം പ്രദേശത്ത് നിലനിന്നിരുന്നു. പ്രദേശത്തെ പ്രമുഖ കുടുംബക്കാരുടെ വകയായി നെല്‍ക്കതിര്‍കൊണ്ട് കുതിരരൂപങ്ങള്‍ നിര്‍മിച്ച് പാട്ടും വാദ്യഘോഷവുമായി ക്ഷേത്രങ്ങളിലെത്തിക്കുന്നത് പുലയസമുദായക്കാരുടെ അവകാശമായിരുന്നു. അധഃസ്ഥിതര്‍ക്ക് അക്കാലത്ത് ക്ഷേത്രപ്രവേശനം വിലക്കപ്പെട്ടിരുന്നതിനാല്‍ ക്ഷേത്രാങ്കണത്തിനുപുറത്ത് നിശ്ചിത അകലത്തില്‍ കുതിരയോട്ടം അവസാനിപ്പിക്കേണ്ടിവന്നിരുന്നു. ഈ അതിര്‍ത്തി 'കുതിരക്കളം' എന്ന പേരില്‍ അറിയപ്പെട്ടിരുന്നു. വൃശ്ചികം ഒന്നു തുടങ്ങിയാണ് കെട്ടി ആടിയിരുന്നത്. വൃശ്ചികം ഒന്നു മുതലുള്ള മണ്ഡലകാലത്ത് ഇവിടത്തെ ഭഗവതി ക്ഷേത്രത്തില്‍ കളമെഴുത്തും പാട്ടും നടത്തുന്നതും പതിവായിരുന്നു; ഇതിനോടനുബന്ധിച്ച് സംഘടിപ്പിച്ചിരുന്ന 'കുംഭകുടം' ഇന്നും തുടരുന്നു. ഓട്ടന്‍തുള്ളല്‍, പറയന്‍തുള്ളല്‍, തിരുവാതിരക്കളി, കോല്‍ക്കളി തുടങ്ങിയവയും അരങ്ങേറാറുണ്ട്. തലപ്പുലത്തെ അന്യംനിന്നുപോയ കലാരൂപങ്ങളാണ് പള്ളിപ്പാന, ഓണക്കളി എന്നിവ. വേലന്‍ സമുദായക്കാരാണ് ഇവ നടത്തിയിരുന്നത്. പഞ്ചായത്തിലുള്‍പ്പെട്ട മുങ്ങുമലയിലെ അതി പ്രാചീന ശിലാഗുഹയും ഇഞ്ചോലിക്കാവിലെ പുരാതന ക്ഷേത്രവും വിനോദസഞ്ചാര പ്രാധാന്യമുള്ള സ്ഥലങ്ങളാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍